Flash News

ശബരിമലയില്‍ ബിജെപി പ്രക്ഷോഭങ്ങള്‍ നിര്‍ത്തുന്നു

November 29, 2018

sabarimala-8സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്കെതിരെ ശബരിമലയില്‍ ബിജെപി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് ഉപേഷിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നും വ്യാപക വിമര്‍ശനങ്ങള്‍ സമരത്തിനെതിരെ ഉണ്ടാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയുമാണ് ബിജെപി നീക്കം. ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ആചാരലംഘനം ഉണ്ടായാല്‍ മാത്രമേ ഇനി സമരം ചെയ്യുകയുള്ളൂവെന്നും ബിജെപി വിലയിരുത്തുന്നു. തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ യോഗം അൽപസമയത്തിനകം കൊച്ചിയിൽ ചേരും. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലാണ് യോഗം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നേരത്തെ തന്നെ നിശ്ചയിച്ച യോഗമായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ ശബരിമല സമരം മാത്രം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരും സംഘടനാ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശബരിമലയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയത്. സമരത്തിന്റെ മുന്നോട്ടുപോക്കിനിടെ ബിജെപിക്ക് പല ഘട്ടങ്ങളിലും രാഷ്ട്രീയമായ തിരിച്ചടികളും ഏറ്റിരുന്നു.

newsrupt2018-116288bd81-f72c-48b3-b7c7-3e468cb08de6ps_sreedharanpillai1നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നിട്ടും ഇന്നും തിരക്കൊഴിഞ്ഞാണ് ശബരിമല. മണ്ഡലകാലം തുടങ്ങി പത്തുദിവസത്തിലധികം പിന്നിട്ടിട്ടും മുന്‍വര്‍ഷങ്ങളിലെ മണ്ഡലകാല തിരക്കിലേക്ക് ശബരിമല മാറിയിട്ടില്ല. മലകയറിവരുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായി പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തി മടങ്ങാം. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ സ്ഥിതിയും സമാനമാണ്. ശബരിമലയിലെ നിരോധനാ‍ഞ്ജ നാളെ രാത്രിവരെ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ തുടരുകയാണ്. നാളെ ചുമതലയേല്‍ക്കുന്ന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ഇന്ന് ശബരിമലയിലെത്തും.

എന്നാല്‍ പ്രതീകാത്മകമായി ഒരാഴ്ചയില്‍ ഒരു ദിവസമോ മറ്റോ പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് പരിപാടിയെന്നും മാര്‍ച്ച് റദ്ദാക്കിയത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്നുമാണ് ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള വ്യക്തമാക്കിയത്.

ബിജെപി സമരത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ല. ഇതുവരെയുളള സമരങ്ങള്‍ പൂങ്കാവനത്തിന് പുറത്താണ് നടത്തിയിട്ടുളളത്. ശബരിമല കര്‍മ്മ സമിതി നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ബിജെപി ചെയ്തിരുന്നത്.

ഡിസംബര്‍ അഞ്ച് മുതല്‍ പത്ത് വരെ ഗ്രാമങ്ങളില്‍ ശബരിമല സദസുകള്‍ നടത്തും. കൂടാതെ കേന്ദ്രതലത്തില്‍ പരിശോധിച്ച് സമരം ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ കളളക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. അത് ഒഴിവാക്കണം.

ബിജെപി ദേശീയ അധ്യക്ഷന്റെ നിര്‍ദേശമനുസരിച്ച് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനമടക്കമുളള കാര്യങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി; നടപ്പന്തലില്‍ വിരിവയ്ക്കാന്‍ അനുമതി

sabarimala-11സന്നിധാനം: ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. സംഘര്‍വാസ്ഥ ഉണ്ടായാല്‍ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ രാത്രി പത്ത് മണിയോടെ പുറത്തു വന്നു തുടങ്ങി. ഇതാദ്യമായാണ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ അറിയിക്കുന്നത്. എന്നാല്‍ വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവെക്കാനുള്ള കാര്യത്തില്‍ മാത്രമാണ് ഇളവെന്നും വാവര് നടയിലടക്കം മറ്റ് നിയന്ത്രണങ്ങള്‍ തുടരുമെന്നും പൊലീസ് അറിയിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ മുഖ്യമന്ത്രി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്രമസമാധാനപാലനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഹൈക്കോടതി നീക്കിയിരുന്നു. തീര്‍ഥാടനം എത്രയും വേഗം സാധാരണ നിലയിലെത്തിക്കണമെന്നും അയ്യപ്പഭക്തരോ മറ്റുള്ളവരോ ധര്‍ണയും പ്രകടനവും പോലെയുള്ള പ്രതിഷേധങ്ങള്‍ നടത്തരുതെന്നും കോടതി ഉത്തരവിട്ടു. സുഗമ തീര്‍ഥാടനം ഉറപ്പാക്കാന്‍ മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ നിയോഗിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top