അയ്യപ്പനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തോന്നിച്ചത് അയ്യപ്പനാണെന്ന് കടകം‌പള്ളി

kadakampallyതിരുവനന്തപുരം: അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുതെന്ന് ബിജെപിയോടും സംഘപരിവാര്‍ നേതാക്കളോടും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനോടാണ് ഇപ്പോള്‍ അവരുടെ കളി. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എല്ലാ അമ്പലങ്ങളിലും പ്രത്യേക പൂജ നടത്തിയെന്നും കടകംപള്ളി നിയമസഭയിലെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

‘ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍’ പ്രാര്‍ഥിച്ചാല്‍ കോടതി വിധികള്‍ അനുകൂലമാകുമെന്നാണ് വിശ്വാസം. ആ ക്ഷേത്രത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒരു ദിവസം മുഴുവന്‍ ഉപവാസം നടത്തി. എന്നിട്ടും സുപ്രീംകോടതി വിധി അനുകൂലമായില്ല. യുവതികളെ പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. താന്‍ കരുതുന്നത് ഇതെല്ലാം അയപ്പന്റെ ശക്തിയാണെന്നാണ്. അയ്യപ്പനെ സാധാരണ ദൈവമായി കാണരുത്. അയ്യപ്പനുണ്ടായിട്ടും മറ്റുള്ള 1,280 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തിയത് അയ്യപ്പന് ഇഷ്ടമായി കാണില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്ലാന്‍ സി ആണ് ബിജെപി ഇപ്പോള്‍ ശബരിമലയില്‍ നടപ്പിലാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ജാതി പറഞ്ഞും ആക്രമിച്ചും മാനസികമായി തകര്‍ക്കാനാണ് ശ്രമം. തന്നോട് തല്ലുണ്ടാക്കിയ സഹപാഠിയെ തല്ലാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി നാലാം ക്ലാസുകാരന്റെ സഹായം തേടുന്നതുപോലെയാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷണന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയത്. കേന്ദ്രമന്ത്രിയെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് എ.എന്‍.രാധാകൃഷ്ണന്‍ ചെയ്തത്. കേന്ദ്രമന്ത്രിപദം എത്രയോ വലിയ പദവിയാണ്. ഒരു പഞ്ചായത്ത് അംഗത്തോടുപോലും എസ്പിമാര്‍ മോശമായി പെരുമാറാറില്ല.

സന്നിധാനത്ത് ശാന്തിമാര്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടിവരും. ദേവസ്വം ബോര്‍ഡ് ജീവനക്കാരായതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ട്. പ്രളയം തകര്‍ത്ത പമ്പയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. പോരായ്മകള്‍ പെരുപ്പിച്ചു കാട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News