- Malayalam Daily News - https://www.malayalamdailynews.com -

സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ (അവലോകനം)

review banner-1സുധീര്‍ പണിക്കവീട്ടിലിന്റെ “അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍” എന്ന പുസ്തകം എനിക്ക് അയച്ചു തന്നിരുന്നു. മൂന്നു നാലു മാസങ്ങള്‍ക്കു മുമ്പ് പുസ്തകം എന്റെ പക്കല്‍ ലഭിച്ചിരുന്നെങ്കിലും അതിനുള്ളിലെ താളുകള്‍ മറിക്കാന്‍ ആരംഭിച്ചത് ഈ അടുത്ത ദിവസങ്ങളില്‍ മാത്രമാണ്. പുസ്തക വായന തുടങ്ങിയപ്പോഴാണ് ശ്രീ പണിക്കവീട്ടിലിന്റെ ലേഖനങ്ങള്‍ എല്ലാം എത്രയോ ഗാംഭീര്യവും പണ്ഡിതോചിതമെന്നും മനസ്സിലായത്. സരസവും ലോലവുമായ ഭാഷയില്‍ വായനക്കാരന് കൗതുകമുളവാക്കുന്ന രീതിയിലാണ് ഓരോ അദ്ധ്യായവും രചിച്ചിരിക്കുന്നത്. ഗവേഷണ കുതുകികളായ വായനക്കാര്‍ക്കു വേണ്ടി ഇങ്ങനെ ഒരു ഗ്രന്ഥം രചിച്ച ശ്രീ പണിക്കവീട്ടിലിന് അനുമോദനങ്ങളുടെ പൂച്ചെണ്ടുകളുമുണ്ട്. അഞ്ചു വള്ളിക്കൂസകളുടെ പടങ്ങള്‍ സഹിതം അതിമനോഹരമായി ആവരണം ചെയ്ത കവര്‍ പേജോടെ അച്ചടിച്ച ഈ പുസ്തകം തീര്‍ച്ചയായും അമേരിക്കയില്‍ വളരുന്ന തലമുറകള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ മലയാള സാഹിത്യത്തെപ്പറ്റി ഒരു നിരൂപണം തയ്യാറാക്കാന്‍ സുധീര്‍ തീവ്രമായ ഗവേഷണങ്ങള്‍ തന്നെ നടത്തി കാണും. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റ കാവല്‍ക്കാരായ അനേകം സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ഗ്രന്ഥകാരന്‍ ശരിയാംവിധം വിലയിരുത്തിയിട്ടുണ്ട്. സാഹിത്യ സമുദ്രത്തില്‍ മുങ്ങിത്തപ്പി അതിലെ പവിഴമുത്തുകളായ സാഹിത്യകാരന്മാരെ നല്ലവണ്ണം വിലയിരുത്തിയാണ് ഓരോ അദ്ധ്യത്തിലെയും താളുകളില്‍ നിറച്ചിരിക്കുന്നത്. നിരവധി സാഹിത്യ പുസ്തകങ്ങളും കവിതാസമാഹാരങ്ങളും സസൂക്ഷ്മം പരിശോധിച്ച ശേഷമാണ് ഈ പുസ്തകത്തിന്റെ സൃഷ്ടികര്‍മ്മം നിര്‍വഹിച്ചിരിക്കുന്നതെന്നും മനസിലാക്കുന്നു.

bookഅമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ അനുകരണ ചിന്തകള്‍ വര്‍ദ്ധിക്കുന്ന കാരണം മലയാള സാഹിത്യത്തിന് നാളിതുവരെ കാര്യമായ വളര്‍ച്ചയില്ലെന്നാണ് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറഞ്ഞിരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും പോരായ്മകള്‍ ഇത്രമാത്രം വിശകലനം ചെയ്യാന്‍ ശ്രീ സുധീര്‍ പണിക്കവീട്ടിലിനെപ്പോലെ മനോധര്‍മ്മം ഉള്ളവര്‍ക്ക് മാത്രമേ സാധിക്കുള്ളൂ. അക്ഷരങ്ങളുടെ ലോകത്തില്‍ അദ്ദേഹം കവിയും ലേഖകനും സാഹിത്യകാരനുമെല്ലാമാണ്. അതിന്റെ ഗാംഭീര്യത മുഴുവന്‍ ഈ പുസ്തകത്തില്‍ കര കവിഞ്ഞൊഴുകുന്നതും ഓരോ വായനക്കാരനും അനുഭൂതികളുണ്ടാക്കാം. അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ സാഹിത്യകാര്‍ക്കു വേണ്ടിയുള്ള ഒരു സാഹിത്യകാരന്‍ ഒരു പക്ഷെ സുധീര്‍ മാത്രമേ കാണാന്‍ സാധ്യതയുള്ളൂ. അമേരിക്കന്‍ അഴീക്കോടനെന്നും അദ്ദേഹത്തെ വിളിക്കുന്നതില്‍ അപാകതകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, വിമര്‍ശനലോകത്ത് സുകുമാര്‍ അഴീക്കോട് ഒരു ഭീമാകായനായ ഇതിഹാസമായിരുന്നു.

ഒരു നാടകത്തില്‍ നാടകം അവതരിപ്പിക്കുമ്പോള്‍ അതിലെ സ്‌റ്റേജിലെ തിരശീല ഉയരുമ്പോലെയാണ്, വിമര്‍ശനങ്ങളോടെയുള്ള ഈ പുസ്തകത്തിന്റെ തുടക്കം കുറിക്കുന്നത്. നാടകത്തിലെ അഭിനേതാക്കളെ രംഗത്തു അവതരിപ്പിക്കുന്നപോലെ എഴുത്തുകാരെയും പുസ്തകത്തിനുള്ളില്‍ നിരനിരയായി നിര്‍ത്തിയിരിക്കുന്നത് കാണാം. അവരില്‍ നിന്നു സാഹിത്യ ലോകത്ത് നേട്ടങ്ങള്‍ കൊയ്തിട്ടുള്ള പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികള്‍ പഠിച്ച ശേഷം പല അദ്ധ്യായങ്ങളായി ഈ പുസ്തകത്തില്‍ വിമര്‍ശനാത്മകമായി ചേര്‍ക്കപ്പെട്ടിരിക്കുന്നു. നിരവധി എഴുത്തുകാരെ ഇവിടെ അണിനിരത്തുമ്പോള്‍ ഗ്രന്ഥകാരന്റെ തീക്ഷ്ണമായ അമേരിക്കന്‍ സാഹിത്യത്തെപ്പറ്റിയുള്ള ഗവേഷണങ്ങളെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല.

അമേരിക്കയില്‍ വായനക്കാരെക്കാളും കൂടുതല്‍ എഴുത്തുകാരാണ് എന്നുള്ള സുധീറിന്റെ ശൈലിയും പ്രതിഫലിക്കുന്നത് കാണാം. ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രചാരങ്ങളില്‍ക്കൂടി എഴുത്തുകാരുടെ എണ്ണം കൂടുകയും അതുമൂലം അമേരിക്കന്‍ സാഹിത്യ നിലവാരം വളരെയധികം താണു പോയെന്നും ഗ്രന്ഥകാരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തിലെ കുതികാല്‍ വെട്ടുപോലെ എഴുത്തുലോകത്തിലും എഴുത്തുകാര്‍ മറ്റൊരു എഴുത്തുകാരനെ താഴ്ത്തി കെട്ടുകയും പരസ്പ്പരം ചെളി വാരിയെറിയുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഇവിടുത്തെ ഓണ്‍ലൈന്‍ പത്രങ്ങളായ ഇ-മലയാളി, മലയാളം ഡെയ്‌ലി ന്യൂസ്, ജോയിച്ചന്‍ പുതുക്കുളം എന്നീ പത്രങ്ങളുടെ മികച്ച നിലവാരവും ഈ പത്രങ്ങള്‍ സാഹിത്യ ലോകത്തു നല്‍കുന്ന സംഭാവനകളും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എങ്കിലും ഓണ്‍ലൈന്‍ പത്രങ്ങളില്‍ ഏതു ചപ്പു ചവറുകള്‍ എഴുതിയാലും പ്രസിദ്ധീകരിക്കുന്ന പ്രവണതയോട് ഗ്രന്ഥകാരന് യോജിപ്പില്ല.

a4അമേരിക്കന്‍ മലയാളികളില്‍ ആഗോളതലത്തില്‍ പ്രസിദ്ധരും നിരവധി അവാര്‍ഡ് നേടിയവരുമായ രതി ദേവി, ജോണ്‍ മാത്യു എന്നിവരെയും പരിചയപ്പെടുത്തുന്നു. അമേരിക്കന്‍ മലയാള സാഹിത്യം ഇന്ന് ലോക നിലവാരത്തിലേക്ക് കുതിച്ചു ചാടുന്നുണ്ടെങ്കിലും പലരുടെയും അനുകരണ കൃതികള്‍ മറ്റു സാഹിത്യകാരന്മാരുടെ കൃതികളെ വിലയിടിക്കുന്നതിനു കാരണമാകുന്നു. ചിലര്‍ പണം കൊടുത്ത് എഴുതിക്കുന്നുവെന്നും നാട്ടില്‍നിന്നും അവാര്‍ഡുകള്‍ പോലും കരസ്ഥമാക്കുന്നത് സ്വാധീനം ചെലുത്തിയാണെന്നുമുള്ള വിമര്‍ശനങ്ങളെ ഗ്രന്ഥകാരന്‍ ഖണ്ഡിച്ചിരിക്കുന്നു. വിമര്‍ശനങ്ങളെ ഗ്രന്ഥകാരന്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പേരുവെക്കാതെ പ്രതികരണ കോളത്തില്‍ എഴുതുന്നവരെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായമില്ല. പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ കൂടി അവര്‍ എഴുത്തുകാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. പ്രതികരണ കോളത്തില്‍ സ്ഥിരം എഴുതുന്ന വിദ്യാധരന്‍, അന്തപ്പന്‍, എന്നിവരുടെ സാഹിത്യ സംഭാവനകളെയും അവരുടെ ശക്തിയായ വിമര്‍ശന ചിന്താഗതികളെയും പരാമര്‍ശിക്കാത്തത് പുസ്തകത്തിന്റെ പോരായ്മയല്ലേയെന്നും തോന്നിപ്പോവുന്നു.

ഒരു ഭാഷയുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം എഴുത്തുകാര്‍, ഭാഷാ പ്രേമികള്‍, പുസ്തക ശാലകള്‍, മാദ്ധ്യമങ്ങള്‍, സാഹിത്യ സംഘടനകള്‍ മുതലായ ഉപാധികളെല്ലാം ആവശ്യമാണ്. സുധീറിന്റെ ഗ്രന്ഥത്തില്‍ അമേരിക്കയില്‍ ആദ്യകാല സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയെപ്പറ്റി ഒരു അദ്ധ്യായം തന്നെ ഉണ്ട്. സംഘടനക്കുള്ളിലെ വിചിത്രമായ രാഷ്ട്രീയവും തൊഴുത്തില്‍ കുത്തും പുസ്തകത്തില്‍ വായിക്കാം. സര്‍ഗ്ഗവേദിയുടെ സഹായത്താല്‍ അമേരിക്കയില്‍ പ്രസിദ്ധനായ കവിയും സാഹിത്യകാരനുമായ ശ്രീ ചെറിയാന്‍ കെ ചെറിയാന്റെ വില കുറഞ്ഞ ധാര്‍മ്മിക നിലവാരത്തെയും പരാമര്‍ശിക്കുന്നുണ്ട്. അതുവരെ നിശബ്ദനായി ആരുമറിയാതെ ഇരുന്ന ഈ കവിയെ സര്‍ഗവേദി പൊന്നാട കൊടുത്ത് സ്വീകരിച്ചു. പിന്നീട് സര്‍ഗ്ഗവേദിയെ തകര്‍ക്കാന്‍ കവി മുന്‍കൈ എടുത്തതും ലേഖനത്തില്‍ വിവരിച്ചിരിക്കുന്നു. സര്‍ഗ്ഗവേദിക്കെതിരായി ‘സാഹിത്യാദി’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കാലക്രമേണ ശ്രീ ചെറിയാന്‍ ടെക്‌സാസില്‍ താമസം മാറിയ ശേഷം അദ്ദേഹം സ്ഥാപിച്ച സംഘടന ഇല്ലാതാവുകയും ചെയ്തു. യാതൊരു ധാര്‍മ്മികതയും പുലര്‍ത്താതെ സര്‍ഗ്ഗവേദിയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്ന മലയാള പത്രത്തെപറ്റിയും ഗ്രന്ഥകാരന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ മലയാള ഭാഷയെപ്പറ്റി ഗവേഷണം നടത്തുന്ന ഭാവി വിജ്ഞാനകുതുകികള്‍ക്ക് ഗ്രന്ഥകാരന്‍ കുറിച്ച ഈ ചരിത്രക്കുറിപ്പുകള്‍ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സര്‍ഗ്ഗവേദിയുടെ പ്രവര്‍ത്തനങ്ങളെ നിര്‍ലോഭം സഹായിക്കുകയും സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന കൈരളി പത്രത്തെ ഗ്രന്ഥകാരന്‍ അഭിനന്ദിക്കുന്നുമുണ്ട്.

a1ഡോ. എ.കെ. ബി പിള്ളയുടെ “അതുല്യ ധീഷണാവിലാസവിസ്മയം” എന്ന വിമര്‍ശന ലേഖനം വായിച്ചപ്പോള്‍ നിരവധി വിജ്ഞാന മേഖലയില്‍ പ്രവര്‍ത്തിച്ച സുധീര്‍ പണിക്കവീട്ടിലെന്ന വിമര്‍ശന സാമ്രാട്ടില്‍ അത്യധികമായ ആഹ്ലാദവും അഭിമാനവുമുണ്ടായി. ലോക മലയാളികള്‍ക്കുതന്നെ ശ്രീ എ.കെ.ബി ഒരു അഭികാമ്യനായ വ്യക്തിയാണെന്നുള്ളതില്‍ അതിശോയോക്തിയില്ല. പതിനാറാം വയസില്‍ എഴുത്തുകള്‍ ആരംഭിച്ച അദ്ദേഹം അനസ്യൂതം തന്റെ അറിവുകള്‍ പുസ്തകരൂപേണയും, ദൃശ്യമാധ്യമങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡിയയില്‍ കൂടിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥ, ലേഖനം, നിരൂപണം, സഞ്ചാര സാഹിത്യം എന്നീ മേഖലകളുടെ അധിപന്‍ കൂടിയാണ് അദ്ദേഹം. ബാല്യം മുതല്‍ സാഹിത്യകാരനായി അറിയപ്പെട്ടിരുന്നു. സാമൂഹിക നന്മയെ ലക്ഷ്യമാക്കികൊണ്ടുളള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നുണ്ട്. മലയാള സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഡോ. പിള്ളയെപ്പോലുള്ളവര്‍ സാഹിത്യ ലോകത്ത് ചുരുക്കമായിരിക്കും. ലോകം മുഴുവന്‍ സഞ്ചരിച്ച് അവരുടെ സാമൂഹിക പശ്ചാത്തലം ശരിയായി പഠിച്ച ഒരു പണ്ഡിതനും കൂടിയാണ് ഡോ. പിള്ള. കൂടാതെ, മാനവ ശാസ്ത്രം, മാനസിക ശാസ്ത്രം എന്നീ മേഖലകളിലും പാണ്ഡിത്യം നേടി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരു കടലാസു നിറയെ അക്കാദമിക്ക് ബിരുദങ്ങളുമുണ്ട്. വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദേഹം കൈ വെക്കാത്ത മേഖലകള്‍ ചുരുക്കം. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരനായ ഈ വലിയ മനുഷ്യനെ അമേരിക്കന്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സുധീറിനെയും അനുമോദിക്കണം. സുധീറിന്റെ വിമര്‍ശന ഗ്രന്ഥത്തിലെ പവിഴമുത്ത് എവിടെയെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഡോ. പിള്ളയുടെ സാഹിത്യകൃതികളെപ്പറ്റിയുള്ള ഈ ലേഖനം ഉത്തരം നല്‍കും.

a2“ഈ ലോകത്തിനൊരു കത്ത്” എന്ന തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രൊഫ. ചെറുവേലിയുടെ ‘എ പാസ്സേജ് ടു അമേരിക്ക’ (A passage to America) എന്ന ആത്മഗ്രന്ഥ പുസ്തകത്തെപ്പറ്റിയുള്ള വിമര്‍ശന ലേഖനമാണ്. പ്രൊഫ. ചെറുവേലിയുടെ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും ചെറുവേലിയുടെ ഗ്രന്ഥത്തിലെ ചില പ്രസക്തഭാഗങ്ങള്‍ സുധീര്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നത് വളരെ ഹൃദ്യമായിരിക്കുന്നു. കുട്ടനാട്ടിലെ പ്രകൃതി രമണീയമായ ഭൂമിയില്‍ വളര്‍ന്ന ചെറുവേലി എന്ന ബാലന്‍ ഉയരങ്ങള്‍ കീഴടക്കി വിശ്വപ്രസിദ്ധമായ ഒരു യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസറായി സേവനം ചെയ്ത ശേഷം വിരമിച്ച കഥകളാണ് ഈ ആത്മകഥ ഗ്രന്ഥത്തിലുള്ളത്. അമേരിക്കന്‍ പൗരത്വം ഏറ്റെടുത്ത ശേഷം രണ്ടു സംസ്‌ക്കാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിത രേഖകളും ചെറുവേലി മധുരമായ ഭാഷയില്‍ വിവരിച്ചിട്ടുണ്ടെന്നും സുധീര്‍ പറയുന്നു. കുട്ടനാടിന്റെ പ്രകൃതിയും വര്‍ണ്ണ നിറങ്ങളും പുഞ്ചകൃഷികളും നെല്‍പ്പാടങ്ങളും വര്‍ണ്ണിക്കുമ്പോള്‍ അത് ഇംഗ്ലീഷ് ഭാഷയെക്കാളും മനസിന്റെ ആഴങ്ങളില്‍ പതിക്കുന്നത് മലയാള ഭാഷയില്‍ എഴുതുമ്പോഴായിരിക്കും. എന്റെ അമ്മവീടു കുട്ടനാടായിരുന്നതു കൊണ്ടും കുട്ടനാടന്‍ നെല്‍പ്രദേശങ്ങളുമായി ബാല്യത്തില്‍ കളിച്ചു നടന്നിരുന്നതുകൊണ്ടും അത്തരം ഭാവനകള്‍ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ കുട്ടനാടന്‍ തനിമ ഒട്ടും മങ്ങിയിട്ടില്ലെന്നും സുധീറിന്റെ ഭാഷാശൈലിയില്‍നിന്നും മനസിലാക്കുന്നു.

ആദ്യകാലങ്ങളില്‍ എത്ര ഉന്നത വിദ്യാഭ്യാസം നേടിയവരും ഈ നാടിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ പിന്നീടുള്ള ജീവിതത്തില്‍ അയാള്‍ തന്നെ ഈ മണ്ണിന്റെ വളര്‍ത്തുമകനാകുകയും പിന്നീട് വെറും അജ്ഞാതമായ ചരിത്രവിശേഷമായി മാറുകയും ചെയ്യും. ചിലര്‍ ചരിത്രത്തിലും ഇടം പ്രാപിക്കും. 750 പേജുള്ള ബൃഹത്തായ ചെറുവേലിയുടെ ആത്മകഥയില്‍ ഒരു കുടിയേറ്റക്കാരന്റെ ജീവിത തരംഗങ്ങള്‍ കരകവിഞ്ഞൊഴുകി ആത്മാവില്‍ തട്ടുന്ന പ്രതിബിംബങ്ങള്‍ നിറഞ്ഞതായിരിക്കാം. അത് അമേരിക്കയിലെ ബുദ്ധിജീവികളുടെ ഗവേഷണശാലകളിലെ പണിപ്പുരയിലും പുസ്തകപ്പുരകളിലും ഭദ്രമായി സൂക്ഷിച്ചിരിക്കാം. ശ്രീ ചെറുവേലിയുടെ പുസ്തകത്തില്‍ നിന്നും സുധീര്‍ പരിഭാഷപ്പെടുത്തിയ ഹൃദ്യമായ ഒരു പ്രസക്ത ഭാഗം ഇവിടെ ചേര്‍ക്കുന്നു. “എന്റെ മനസിന്റെ ശ്രീകോവിലില്‍ എപ്പോഴും പ്രകാശിക്കുന്നു ഗാന്ധിയും നെഹ്രുവും ജോര്‍ജ് വാഷിംഗ്ടണും ജെഫേഴ്‌സണും. എന്റെ ഹൃദയത്തിന്റെ ആരാധനാലയത്തില്‍ സുവിശേഷങ്ങളും ഗീതയും മുഴങ്ങുന്നു. എന്റെ ഉപബോധ മനസുകളുടെ മഹാസാഗരത്തിലേക്ക് ഗംഗയും മിസ്സിസിപ്പിയും പമ്പയും ഹട്‌സനും ഒഴുകിച്ചേരുന്നു. എന്റെ ചെവികളില്‍ വിധിയുമായുള്ള കൂടിക്കാഴ്ചയുടെയും ഗെറ്റിസ് ബെര്‍ഗിലെയും പ്രസംഗങ്ങള്‍ അലയടിക്കുന്നു.” എത്ര മനോഹരമായി ചെറുവേലി അവതരിപ്പിച്ച ആശയ സമ്പുഷ്ടത നിറഞ്ഞ വൈകാരിക ഭാവങ്ങള്‍ സുധീര്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നതെന്നും ചിന്തിക്കണം. ചെറുവേലിയില്‍ ദൃശ്യമായ ആ വിശ്വപൗരത്വം തന്മയത്വത്തോടെ മലയാളി മനസുകളില്‍ പ്രചോദനം നല്‍കാന്‍ സുധീറിനു കഴിഞ്ഞുവെന്നതാണ് കൂടുതല്‍ യാഥാര്‍ഥ്യം. ആഗോള ചിന്തകളും വിശ്വദര്‍ശനവും ചെറുവേലിയുടെ ഗ്രന്ഥത്തില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ടെന്നും വിചാരിക്കണം.

a7ശ്രീ വേറ്റത്തിന്റെ പുസ്തകങ്ങളെപ്പറ്റി രണ്ടു അദ്ധ്യയങ്ങളിലായി സുധീറിന്റെ ഗ്രന്ഥത്തില്‍ അവലോകനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതനായ ഒരു സാഹിത്യകാരനാണ് ശ്രീ വേറ്റം. വളരെ ചെറുപ്പം മുതല്‍ തന്നെ ചെറുകഥകള്‍, ഗാനങ്ങള്‍, ചരിത്രം, നോവല്‍ എന്നീ വിഷയങ്ങളെ ആധാരമാക്കി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെയെന്നാണ്” ലേഖനത്തിന് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. ‘അമേരിക്ക’ എന്ന സ്വപ്നഭൂമിയില്‍ അഞ്ചു മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ പിന്നെ പള്ളിപ്പണിയുടെ പണിപ്പുരയില്‍ പ്രവേശിക്കുകയായി. ഓരോ കാലത്തും വന്നെത്തുന്നവര്‍ പള്ളി യോഗമായി, പള്ളി പൊളിച്ചു പണിയലായി, കലഹമായി, വ്യവഹാരങ്ങളായി ഒടുവില്‍ പള്ളിതന്നെ രണ്ടായി വിഭജിക്കുന്ന സ്ഥിതി വിശേഷമാണ് നാളിതുവരെ കാണപ്പെടുന്നത്. ഒരേ ബൈബിള്‍, നൂറു കണക്കിന് വചനങ്ങള്‍, ഓരോ വചനത്തിനും ഓരോ സഭകള്‍, സഭയ്ക്കുള്ളില്‍ സഭകള്‍, ചേരി തിരിഞ്ഞുള്ള പള്ളികള്‍ ഇന്ന് അമേരിക്കന്‍ നാടുകളില്‍ സുലഭമാണ്. പള്ളിതിരിച്ചു വഴക്കുണ്ടാക്കാന്‍ പട്ടക്കാരും അതിനു കൂട്ടുനില്‍ക്കാന്‍ വിശ്വാസികളും സാധാരണമാണ്. പൗരാഹിത്യം ഒരു തൊഴിലായി സ്വീകരിച്ച് ഇവിടെയെത്തുന്ന പട്ടക്കാര്‍, കുടുംബങ്ങളിലും സമൂഹങ്ങളിലും കുത്തിത്തിരിപ്പുണ്ടാക്കാനും അതിസമര്‍ത്ഥരാണ്. പള്ളിപണിയും പള്ളിവഴക്കും അമേരിക്കയില്‍ വന്ന കുടിയേറ്റക്കാരുടെ ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്വാര്‍ത്ഥ താല്പര്യം മുമ്പില്‍ കാണുന്ന ചില പുരോഹിതരും പള്ളിക്കമ്മിറ്റിക്കാരും പള്ളി പണികളുടെ ആരംഭം മുതല്‍ കുടിലതന്ത്രങ്ങള്‍ നിറഞ്ഞ പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കും. ആരംഭകാലം മുതല്‍ ശ്രീ വേറ്റവും കൂടി ഉള്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഉള്ള ഒരു പള്ളിയും അതിനോടനുബന്ധിച്ചുള്ള പള്ളിവഴക്കുകളും പള്ളി രണ്ടാകുന്ന ചരിത്രവും കോടതിക്കേസുകളും ശ്രീ വേറ്റം എഴുതിയത്, സുധീര്‍ ക്രിയാത്മകമായി വിശദീകരിച്ചിട്ടുണ്ട്. ‘അനുഭവ തീരങ്ങള്‍’ എന്ന വേറ്റത്തിന്റെ പുസ്തകത്തില്‍ക്കൂടി പെര്‍സെപ്ഷന്‍ (perception) എന്ന ആവിഷ്‌ക്കാര ശൈലിയില്‍ എഴുതിയ പുസ്തകം തികച്ചും ഒരു മതവിശ്വസിയുടെ വേദനകള്‍ നിറഞ്ഞതാണെന്നു സുധീര്‍ എഴുതിയിരിക്കുന്നു. സഭാതലങ്ങളിലുള്ള സകല കുഴപ്പങ്ങള്‍ക്കും കാരണം അധികാര സ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള മോഹങ്ങളാണെന്നും കാണാം.

a3അന്തരിച്ച പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. ആന്റണിയുടെ ഗ്രന്ഥത്തെപ്പറ്റിയുള്ള സുധീറിന്റെ ലേഖനം ഒരു താത്വിക ദാര്‍ശനികന്റെ എഴുത്തോലപോലെയാണ്. അതില്‍ ബ്രഹ്മവും ആത്മവും മായയും എല്ലാം കലര്‍ത്തിയിരിക്കുന്നു. വേദക്രാന്ത ദാര്‍ശനികനും കവിയുമായിരുന്ന ആന്റണിയുടെ മരണം അമേരിക്കന്‍ സാഹിത്യ ലോകത്തുള്ളവരെ ഒന്നാകെ കരയിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റ ‘അമ്മണി കവിതകളെ’ അടിസ്ഥാനമാക്കിയാണ് സുധീര്‍ തന്റെ ലേഖനം രചിച്ചിരിക്കുന്നത്. പ്രൊഫ. എം.ടി. ആന്റണിയാണ് ‘അമ്മിണി കവിതകള്‍’ വികസിപ്പിച്ചെടുത്തതെന്നും മനസിലാക്കുന്നു. ആന്റണി ഒരു ചിന്തകനും സാമൂഹികവും സാഹിത്യപരവുമായ കൃതികളുടെ വിമര്‍ശകനുമായിരുന്നു. ജീവിച്ചിരുന്ന കാലത്ത് ആകാശത്തിനു താഴെയുള്ള ഏതു വിഷയങ്ങളെയും പറ്റി സംസാരിക്കാനും കഴിയുമായിരുന്ന അദ്ദേഹം നല്ലൊരു പ്രഭാഷകനും കൂടിയായിരുന്നു. ഇംഗ്ലീഷും ചരിത്രവും ഭാരതീയ സാഹിത്യവും രാഷ്ട്രീയവും ദൈവശാസ്ത്രവും എന്നിങ്ങനെ സകലവിധ വിഷയങ്ങളും ആധികാരികമായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. പ്രഭാഷണം തുടങ്ങിയാല്‍ സദസു മുഴുവന്‍ കയ്യടക്കാനുള്ള ശക്തി വിശേഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെ അതുല്യനായ ഒരു വ്യക്തിപ്രഭാവത്തെ പരിചയപ്പെടുത്തിയതു കൊണ്ടായിരിക്കാം സുധീരന്‍ അദ്വൈത താത്വിക ചിന്തകളെ ഈ ലേഖനവുമായി ബന്ധപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ‘അമ്മിണി കവിത’കളെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.

‘മായ’ എന്ന സംസ്‌കൃത പദത്തിന്റെ വിശാലമായ അര്‍ത്ഥവും സുധീര്‍ ഉദാഹരണ സഹിതം വിവരിക്കുന്നു. ‘വേശ്യയെ കണ്ടു ഭാര്യയെന്ന് ഒരുവന്‍ ചിന്തിച്ചാല്‍’ അവന്റെ മനസ്സില്‍ മായാവലയം പടര്‍ന്നു പിടിച്ചിരിക്കുന്നുവെന്നുളളതാണ് സത്യം. അതുപോലെയാണ് അമ്മിണി കവിതകളും. ഓരോ കവിതയുടെയും ആന്തരികാര്‍ത്ഥം തപ്പിയെടുക്കാന്‍ മികച്ച വായനാ ശീലവും വേണ്ടി വരും. ‘മായ’ എന്നുള്ളത് ഹിന്ദുമതത്തിന്റെ അടിസ്ഥാന വാക്കാണ്. പ്രത്യേകിച്ച് വേദാന്ത സ്‌കൂളിലെ അദ്വൈതത്തില്‍ ‘മായ’ തത്വങ്ങള്‍ ഊന്നി നില്‍ക്കുന്നു. ‘മായ’ ഒരു പ്രപഞ്ച ശക്തിയായി നിലകൊള്ളുന്നു. ‘നിത്യം ബ്രഹ്മന്‍’ അതാണ് പ്രപഞ്ച ശക്തി. വ്യക്തിപരമായി ‘മായ’ മനുഷ്യനുള്ളില്‍ അജ്ഞനായി നിലകൊള്ളുന്നു. അവനില്‍ അഹംബോധത്തില്‍ അഹങ്കാരം ഉണ്ടാകുന്നു. ‘ഈഗോ’യായി രൂപപ്പെടുന്നു. ഹിന്ദുമതം പോലെ വൈവിദ്ധ്യമാര്‍ന്ന മറ്റൊരു മതം ലോകത്തിലില്ല. ഇന്ന് ഹിന്ദുമതം അമേരിക്കയിലും യൂറോപ്പിലും ലോകമാകെയും വ്യാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ മഹാകോവിലാണ് ഹിന്ദുമതം. നാനാത്വത്തില്‍ ഏകത്വം’ എന്നതും, ‘വസുദൈവകുടുംബകം’ ‘ലോകാ സമസ്താ സുഖിനോ ഭവന്തു:’ തുടങ്ങിയ ആപ്തവാക്യങ്ങള്‍ ലോകത്തിന് മുന്നില്‍ വെച്ചത് ഹിന്ദുമതം തന്നെ.

a5‘ചൈനീസ് കവിത മലയാളത്തില്‍’ എന്ന തലക്കെട്ടോടെ ഡോ. പി.സി.നായര്‍ എഴുതിയ കവിതകളുടെ പരിഭാഷ വളരെ മാധുര്യം നിറഞ്ഞ ഭാഷയില്‍ സുധീര്‍ പുസ്തകത്തില്‍ വിമര്‍ശന രൂപേണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുമ്പോള്‍ മൂല കൃതിയുടെ തന്മയത്വം നഷ്ടപ്പെടുമെന്നുള്ള ധാരണയുണ്ട്. ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കുമെന്ന പ്രമാണം മലയാളത്തിലെ ഒരു ചൊല്ലാണ്. ഒരു കവി ഒരു കവിത രചിക്കുമ്പോള്‍ അത് അയാളുടെ ഭാവനയില്‍ രചിച്ചതാണ്. താന്‍ രചിച്ച കവിത തനിക്കു ജനിച്ച പുത്രിയെപ്പോലെ താലോലിച്ചു കൊണ്ടിരിക്കും. പെറ്റമ്മയുടെ അത്തരം കാഴ്ചപ്പാടിലുള്ള സൗന്ദര്യം രണ്ടാനമ്മയ്ക്ക് വരാന്‍ പ്രയാസമാണ്. അത് മൂന്നാനമ്മ കാണുന്ന സൗന്ദര്യമാണെങ്കില്‍ പറയുകയും വേണ്ട. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനീസ് കവികള്‍ രചിച്ച കവിതകള്‍ ആരോ ഇംഗ്‌ളീഷില്‍ തര്‍ജ്ജിമ ചെയ്തത് വീണ്ടും മലയാളത്തിലേക്ക് ഡോ. പി.സി. നായര്‍ ‘മരതക വീണ’ എന്ന കവിതാ സമാഹാരത്തിലൂടെ തര്‍ജ്ജിമ ചെയ്തിരിക്കുന്നു.

പി.സി. നായരുടെ കവിതകള്‍ വളരെ സുന്ദരമാണെന്നാണ് സുധീര്‍ കുറിച്ചിരിക്കുന്നത്. വൈവിദ്ധ്യമാര്‍ന്ന രണ്ടു സംസ്‌കാരങ്ങളെ തമ്മില്‍ അടുപ്പിക്കുകയാണ് ഈ കവിതാ സമാഹാരത്തില്‍ക്കൂടിയെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കാലഘട്ടത്തിലെ കഥകളടങ്ങിയ വ്യത്യസ്ത ജനങ്ങളുടെ ചിന്തകളും കവിതകളില്‍ പ്രതിഫലിക്കുന്നുണ്ടാകാം. ശ്രീ നായരുടെ തര്‍ജ്ജിമ ചെയ്ത കവിതകള്‍ സുധീരന് ആസ്വദിക്കാന്‍ സാധിക്കുന്നുവെങ്കില്‍ തര്‍ജിമയില്‍ നായരുടെ ഭാവനകളും അങ്ങേയറ്റം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകണം. വ്യത്യസ്തങ്ങളായ രണ്ടു സംസ്‌കാരങ്ങളുടെ മെല്‍റ്റിംഗ് പോയിന്റ് സുധീര്‍ തന്റെ സാഹിത്യ വിമര്‍ശന കൃതിയില്‍ക്കൂടി വായനക്കാരന്റെ മുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ശ്രീ നായരുടെ തര്‍ജ്ജിമ ചെയ്ത കവിതയില്‍! ചൈനയിലെ ഷാങ് തടാകവും ഉഷസും സൂര്യാസ്തമയവും തുഷാര ബിന്ദുക്കളും പൗര്‍ണ്ണിമ ചന്ദ്രനും മിന്നാമിനുങ്ങിന്റെ തിളക്കവും സുധീരന്റെ അവലോകന ഗ്രന്ഥത്തിലും വായിക്കാം.

അമേരിക്കന്‍ പ്രശസ്ത കവിയായ അബ്ദുല്‍ പുന്നയൂര്‍ക്കുളം, ജോണ്‍ ഇളമതയുടെ സഞ്ചാര സാഹിത്യ കൃതികള്‍ (Bouquet of emotions), എല്‍സി യോഹന്നാന്‍ ശങ്കരത്തിന്റെ കവിതകള്‍, എന്നിങ്ങനെ നിരവധി എഴുത്തുകാരുടെ പ്രസിദ്ധമായ കൃതികളുടെ വിമര്‍ശനങ്ങളും ഓരോ അദ്ധ്യങ്ങളിലായി സുധീര്‍ തന്റെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

ഗ്രന്ഥത്തിലുടനീളം ഈ നാട്ടില്‍ വന്നെത്തിയ ആദി മലയാള കുടിയേറ്റക്കാരുടെ ചരിത്രവും വിശകലനം ചെയ്തിട്ടുണ്ട്. അവരുടെ വേദനകള്‍ ഓരോ കവിതയിലും സാഹിത്യത്തിലും മുഴങ്ങി കേള്‍ക്കാം. ഒന്നാം തലമുറ ഈ പുണ്യ ഭൂമിയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരത്തെ കണ്ടില്ലെന്നു നടിച്ചു കടന്നുപോയാല്‍ അത് രണ്ടാം തലമുറയോട് ചെയ്യുന്ന ഒരു അനീതിയായിരിക്കും. പിന്നീട് മൂന്നാം തലമുറ തങ്ങളുടെ പൂര്‍വികരുടെ ജനിച്ചു വീണ സംസ്‌ക്കാരത്തെയും അവരുടെ നേട്ടങ്ങളെയും പ്രതിപാദിച്ചാല്‍, അവരുടെ വേരുകള്‍ തേടിപ്പോയാല്‍ അതില്‍ തന്മയത്വമുണ്ടായിരിക്കില്ല. കുടിയേറ്റ ചരിത്രവും അവര്‍ക്ക് ലഭിച്ച പുതിയ സംസ്‌ക്കാരവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആദ്യതലമുറയുടെ വൈകാരിക ഭാവങ്ങള്‍ പിന്നീടു വരുന്ന തലമുറകള്‍ക്ക് ആവിഷ്‌ക്കരിക്കാന്‍ സാധിക്കില്ല. പൂര്‍വിക വേരുകള്‍ തേടുമ്പോള്‍ സമ്മിശ്രമായ ഒരു സംസ്‌ക്കാരത്തിന്റെ ചിത്രമായിരിക്കും പുതിയതായി വരുന്ന തലമുറകളുടെ മനസിലുദിക്കുന്നത്.

കുടിയേറ്റക്കാരില്‍ തന്നെ പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരും കവികളും സാഹിത്യകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും ആരുമാരുമറിയാതെ കടന്നുപോവുന്നുണ്ട്. അവരെപ്പറ്റി, അവരുടെ നേട്ടങ്ങളെപ്പറ്റി തികച്ചും അജ്ഞതയില്‍ പിന്നീടു വരുന്നവര്‍ തേടേണ്ടി വരുന്നു. ഓരോ കുടിയേറ്റക്കാരനും അമേരിക്കയുടെ മണ്ണിലെ ഇംഗ്ലീഷ് ഭാഷ പഠിച്ചതും അപരിചിതരുമായി ജോലി ചെയ്തതും അറിയപ്പെടാത്ത കാര്യങ്ങള്‍ ഈ രാജ്യത്തില്‍ നിന്ന് പകര്‍ത്തിയെടുത്തതും പറയാനുണ്ടാവും. മതപാരമ്പര്യങ്ങളും വൈരുദ്ധ്യങ്ങളും ഓണം ദീപാവലി മുതലായ ആഘോഷങ്ങളും ഡാന്‍സും പാട്ടും കൂത്തുമെല്ലാം കുടിയേറ്റക്കാരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്ന ഭാവാദികളാണ്. മാതൃരാജ്യത്തിലെ വാര്‍ത്തകള്‍ അറിയാനായി പത്രങ്ങള്‍ തിരയുന്ന ഇന്നലെകളും ഈ സ്വപ്നഭൂമിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. സൈബര്‍ ലോകത്തിലെ സാമൂഹിക മാദ്ധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ വിജ്ഞാന കോശം ഇന്ന് വിരല്‍ത്തുമ്പുകളില്‍ ഒതുങ്ങുകയും ചെയ്തു.

അമേരിക്കന്‍ പ്രവാസികളായ എഴുത്തുകാര്‍ യാതനകളില്‍ക്കൂടി ജീവിതം തള്ളി നീക്കുന്നതിനിടയില്‍ കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി രചിച്ച കൃതികളുടെ വിലയിരുത്തലുകളാണ് ഈ പുസ്തകത്തിലുടനീളം പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയില്‍ പിറക്കുന്ന രചനകളില്‍ ഒന്നും തന്നെ ആരും പ്രതിഫലം മോഹിച്ചെഴുതിയതല്ല. ഓരോരുത്തരുടെയും കൃതികളില്‍ സന്തോഷത്തിലും ദുഖത്തിലും തങ്ങളുടെ കുടുംബം പടുത്തയര്‍ത്തിയ യാതനകളുടെയും കഠിനാധ്വാനങ്ങളുടെയും ചരിത്രവും വായിക്കാം. ഇന്നലെയുടെ കൊഴിഞ്ഞു പോയ കാലങ്ങളില്‍ ഇവിടെ കുടിയേറിയ കുടിയേറ്റക്കാരുടെ ജീവിത സ്പന്ദനങ്ങളുടെ ആവിഷാക്കാരവുംകൂടിയാണ് ഈ ഗ്രന്ഥം. ഈ പുസ്തകം അമേരിക്കന്‍ മലയാള സാഹിത്യത്തിലെ പ്രഥമ വിമര്‍ശന ഗ്രന്ഥമെന്നും ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നു. വിമര്‍ശന ഗ്രന്ഥങ്ങളില്‍ക്കൂടി, കവിതാ സമാഹാരങ്ങളില്‍ക്കൂടി അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ പ്രിയങ്കരനായ ശ്രീ സുധീര്‍ പണിക്കവീട്ടിലിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധ വിജയശംസകളും നേരുന്നു.’ അച്ഛനെ ഓര്‍ക്കുമ്പോള്‍’ എന്ന അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനവും ഓര്‍മ്മവരുന്നു.

സുധീരന്റെ ‘അമേരിക്കന്‍ മലയാള സാഹിത്യ നിരൂപങ്ങണ’ളെപ്പറ്റി അവലോകനം ചെയ്തുകൊണ്ടുള്ള എന്റെ ഈ ലേഖനം വിസ്താര ഭയത്താല്‍ അവസാനിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ ലേഖനവും ഒന്നിനൊന്ന് മെച്ചമായതുകൊണ്ട് മുമ്പോട്ടുള്ള മറ്റ് അദ്ധ്യായങ്ങള്‍ വായനക്കാര്‍ തന്നെ വിലയിരുത്തട്ടെ. വിജ്ഞാനകുതുകികളായ വായനക്കാര്‍ക്ക് ഈ പുസ്തകം ഒരു അമൂല്യനിധി തന്നെയാണ്. ഭാവിതലമുറകളുടെ ഒരു ഗവേഷണ ഗ്രന്ഥവും. തങ്ങളുടെ പൂര്‍വികരുടെ സാമൂഹിക സാംസ്‌ക്കാരിക ചിന്തകളെ വിലയിരുത്താന്‍ ഈ ഗ്രന്ഥം വളര്‍ന്നു വരുന്ന ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]