Flash News

ദീപ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണ-വിവാദത്തെക്കുറിച്ച് മുരളി തുമ്മാരുകുടി

December 1, 2018 , .

imageദീപ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദീപ നിശാന്തും കവിത നൽകിയ ശ്രീചിത്രനും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമ ചർച്ചയുടെ തുടർച്ചയായ കളിയാക്കലുകൾക്കും തരംതാഴ്ത്തലുകൾക്കും മൂർച്ച കൂടിയപ്പോൾഴാണ് മുരളി തുമ്മാരുകുടി രംഗത്ത് വന്നത്. കുത്തി മുറിവേൽപ്പിക്കുന്ന സാമൂഹിക മാധ്യമ വിചാരണകൾക്കെതിരെ ചെറിയൊരു തമാശ രീതിയിലാണ് മുരളി തുമ്മാരുകുടി മറുപടി പറഞ്ഞത്.

ഒരിക്കലും ഒരു തെറ്റും ചെയ്യാത്ത പുണ്യാളന്മാരും പുണ്യാളത്തിമാരും മാത്രമുള്ള ഒരു ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. കുശുമ്പില്ല, പരദൂഷണം ഇല്ല, അഫയേഴ്‌സ് ഇല്ല, അസത്യം ഇല്ല. എത്ര ബോറായിരിക്കും ആ ലോകം ?. ആ ലോകത്തേക്ക് ഞാനില്ല. എന്ന വാക്കോടുകൂടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഫേയ്സ്ബുക് പോസ്റ്റ് ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരുപാട് പേര് ഈ അഭിപ്രായം അംഗീകരിച്ചുകൊണ്ട് കമന്‍റ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ഫെയ്സ്ബുക്ക് പോസ്റ്റ്:

തെറ്റ് ചെയ്യാത്തവരുടെ ലോകം….

സാഹിത്യ മോഷണത്തിന്റെയും സമൂഹമാധ്യമ വിചാരണയുടെയും ഒക്കെ സമയത്ത് മുൻപ് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഒരിക്കൽ കൂടി പറയാം..

1.ഞാൻ എഴുതുന്ന എന്തും, കഥകളോ ലേഖനങ്ങളോ ഒക്കെ, ആർക്ക് വേണമെങ്കിലും പേര് വച്ചോ വക്കാതെയോ പ്രസിദ്ധീകരിക്കുകയോ ഫോർവേഡ് ചെയ്യുകയോ ഒക്കെ ചെയ്യാമെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ഏറെ പേർ അത് ചെയ്യുന്നും ഉണ്ട്. ഒട്ടും വിഷമം ഇല്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ആളുകൾ അറിയുക എന്നതാണ് എനിക്ക് പ്രധാനം. ഇത്തവണ പ്രളയകാലത്ത് അബുദാബിയിൽ ഇരുന്ന് ടി വി കാണുമ്പോൾ എൻ്റെ നിർദേശങ്ങൾ ഒക്കെ ടി വി യിൽ സ്ക്രോൾ ആയി വരുന്നു, ഒരു കടപ്പാടും ഉണ്ടായിരുന്നില്ല. അതെന്നെ വിഷമിപ്പിച്ചില്ല.എൻ്റെ ഫേസ്ബുക്കിൽ ഞാൻ പറഞ്ഞാൽ പതിനായിരം ആളുകൾ അറിയും, സ്ക്രോൾ ചെയ്‌താൽ പത്തുലക്ഷവും. അതാണ് എനിക്ക് പ്രധാനം.

2. എന്ന് വച്ച് കോപ്പിയടിയെ ഞാൻ നിസ്സാരമായി കാണുന്നു എന്നല്ല. അത് വലിയ തെറ്റാണ്, ഒറിജിനൽ എഴുത്തുകാരനോട് ചെയ്യുന്ന കുറ്റമാണ്, വായനക്കാരോട് ചെയ്യുന്ന വിശ്വാസവഞ്ചനയും. എനിക്ക് ഇപ്പോൾ ഇതൊന്നും ഒരു വിഷയം അല്ല, എന്നേ ഞാൻ പറഞ്ഞുള്ളൂ. കാശിനും പ്രശസ്തിക്കും കൂടുതൽ ആവശ്യം വരുന്ന കാലത്ത് ഞാൻ ചിലപ്പോൾ ഈ പോളിസി ഒക്കെ മാറ്റിയേക്കും. തൽക്കാലം എങ്കിലും എൻ്റെ കഥയോ ലേഖനങ്ങളോ അടിച്ചു മാറ്റുന്നവർ ആത്മഹത്യ ഭീഷണി മുഴക്കേണ്ട സാഹചര്യം ഇല്ല.

3. തെറ്റ് ചെയ്തിട്ടാണെങ്കിലും അല്ലാതെ ആണെങ്കിലും സമൂഹമാധ്യമത്തിൻ്റെ കൂട്ടായ ആക്രമണത്തിന് ഇരയാവുക എന്നാൽ ഏറെ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒന്നാണ്. സമൂഹമാധ്യമത്തിലെ ഊർജ്ജം കൊണ്ട് വളർന്നവർക്ക് അത് കൂടുതൽ വലിയ അടിയായി തോന്നും. ഇനി ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല എന്ന് വരെ തോന്നും. ഇത്തരം സാഹചര്യങ്ങളിൽ പെടുന്നവരെ അറിഞ്ഞു സഹായിക്കാൻ ഒരു സപ്പോർട്ട് സിസ്റ്റത്തിന്റെ ആവശ്യം ഉണ്ട്, മാനസികമായി, നിയമപരമായി, സാങ്കേതികമായി ഒക്കെ. ചില രാജ്യങ്ങളിൽ ഇതൊരു ബിസിനസ്സ് ആയി വളർന്നിട്ടുണ്ട്. ആളുകൾ വലിയ തോതിൽ സംഘം ചേർന്നും ആശയപരമായി പിരിഞ്ഞും ഇടക്കിടെ പൊങ്കാല ആഘോഷിക്കുന്ന കേരളത്തിൽ ഈ ദുരന്ത നിവാരണ ശാഖക്ക് വലിയ ഒരു സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരു കൈ നോക്കണം. കുറച്ചു പൊങ്കാല കിട്ടി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയം ഉണ്ട്.

4. സമൂഹമാധ്യമ വിചാരണയിൽ വീണു കിടക്കുന്നവരെ കുത്തി രണ്ടു വാക്ക് പറഞ്ഞു വേദനിപ്പിക്കാൻ തോന്നുന്നത് സ്വാഭാവികം ആണ്. പ്രത്യേകിച്ചും അവർ മുൻകാലത്ത് നമ്മളോട് ഗിരി പ്രഭാഷണം നടത്തിയവരോ നമുക്ക് എതിരായ പൊങ്കാലയിൽ പങ്ക് ചേർന്നവരോ ഒക്കെ ആണെങ്കിൽ. പക്ഷെ വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടുന്നതിൽ വലിയ കാര്യം ഒന്നുമില്ല. അവർ തെറ്റുകൾ മനസ്സിലാക്കി വീണ്ടും സമൂഹത്തിലേക്ക് വരട്ടെ. ഒരു തെറ്റ് ചെയ്തു എന്നതിനാൽ അവർ അവരുടെ കർമ്മ മണ്ഡലത്തിൽ നിന്നും മാറി നിന്നാലോ എന്തിന് ആത്മഹത്യാ ചെയ്താലോ നമുക്കെന്ത് ലാഭം ?, സമൂഹത്തിന് എന്ത് ലാഭം ?. ഒരിക്കലും ഒരു തെറ്റും ചെയ്യാത്ത പുണ്യാളന്മാരും പുണ്യാളത്തിമാരും മാത്രമുള്ള ഒരു ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. കുശുമ്പില്ല, പരദൂഷണം ഇല്ല, അഫയേഴ്‌സ് ഇല്ല, അസത്യം ഇല്ല. എത്ര ബോറായിരിക്കും ആ ലോകം ?. ആ ലോകത്തേക്ക് ഞാനില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top