Flash News

ബി.ജെ.പി വാരിക്കുഴിയില്‍നിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക് (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

December 2, 2018

newsrupt2018-11b2d1f750-46c1-4202-a0d2-05e1d5106d28SABARIMALAശബരിമലയിലെ സമരം അവസാനിപ്പിച്ച് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റാനുള്ള ബി.ജെ.പി തീരുമാനം സമരം ശക്തിപ്പെടുത്താനല്ല. സംസ്ഥാന ഗവണ്മെന്റിനെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും വീഴ്ത്താന്‍ കുഴിച്ച വാരിക്കുഴിയില്‍ സ്വയം വീണേടത്തുനിന്ന് രക്ഷപെടാനുള്ള അടവാണ്.

ശബരിമലയില്‍ അപ്പയ്യഭക്തരോ മറ്റുള്ളവരോ ധര്‍ണ്ണയും പ്രകടനവും പോലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നതു നിരോധിച്ചും മണ്ഡലകാലംവരെ മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണസംഘത്തെ നിയോഗിച്ചും കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെ തുടര്‍ന്നാണ് ബി.ജെ.പി അടിയന്തര കോര്‍കമ്മറ്റി യോഗംചേര്‍ന്ന് ശബരിമലയിലെ സമരം പിന്‍വലിച്ചത്. അവരുടെ രാഷ്ട്രീയ അജണ്ടയനുസരിച്ച് ഡിസംബര്‍ 15 വരെ ശബരിമലയില്‍ സമരം തുടരേണ്ടതായിരുന്നു.

വിശ്വാസികളല്ല ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള അക്രമികളാണ് ശബരിമലയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും നിരോധനാജ്ഞയും പൊലീസ് നടപടിയും അതു തടയാനാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സന്നിധാനത്തും പതിനെട്ടാം പടിയിലും ബി.ജെ.പി സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള തീര്‍ത്ഥാടകരെ തടഞ്ഞതിന്റെ കൃത്യമായ സംഭവങ്ങളും കേസ് വിവരങ്ങളും ഹാജരാക്കിയിരുന്നു. പ്രവര്‍ത്തകരെയും നേതാക്കളെയും നിയോഗിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന കമ്മറ്റിയുടെ സര്‍ക്കുലറും.

കോടതിവിധി ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നമാക്കി മാറ്റുന്ന സ്ഥിതി തടയുന്നതില്‍ പൊലീസ് അഭിമുഖീകരിക്കുന്ന ഗുരുതരമായ ഈ പ്രശ്‌നങ്ങള്‍ സുപ്രിം കോടതിയുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് ഹൈക്കോടതി ശബരിമലയുടെ നിരീക്ഷണം നേരില്‍ ഏറ്റെടുത്തത്.

തീര്‍ത്ഥാടനം എത്രയും വേഗം സാധാരണനിലയില്‍ എത്തിക്കുക, പൊലീസിന്റെ ഭാഗത്തുനിന്ന് അതിരുവിട്ട നടപടികള്‍ ഒഴിവാക്കുക, ന്യായമായ നടപടികള്‍ തുടരുക എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതോടൊപ്പം പ്രതിഷേധമോ നിയമവിരുദ്ധ നടപടികളോ അതിനുള്ള പ്രേരണയോ ശബരിമലയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും.

newsrupt2018-12d08f2bb2-c232-48f1-99ef-7594449605f8bjp1ശബരിമല ഒരു സമസ്യയാണെന്നും ബി.ജെ.പി ഒരു വരവരച്ചാല്‍ അതിലൂടെതന്നെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ സാധിച്ചെന്നു വരില്ലെന്നും പുറത്തായ പ്രസംഗ വീഡിയോയില്‍ പി.എസ് ശ്രീധരന്‍പിള്ള ഓര്‍മ്മിപ്പിച്ചിരുന്നു. അവസാനം നമ്മളും സര്‍ക്കാറും ഭരിക്കുന്ന കക്ഷിയും മാത്രമേ ഉണ്ടാകൂ എന്നും അവകാശപ്പെട്ടിരുന്നു. അവിടേക്ക് ഹൈക്കോടതി കടന്നുവരികയും സുപ്രിം കോടതി ഇടപെടാനുള്ള സാധ്യത അടുത്തുവരികയും ചെയ്തതോടെ നിയമത്തിന്റെ മുറുകുന്ന പിടിയില്‍നിന്നും കോടതിയലക്ഷ്യത്തിന്റെ സാധ്യതയ്ക്കു മുമ്പിലായി ബി.ജെ.പിയും സംഘ് പരിവാര്‍ നേതാക്കളും. തല്‍ക്കാലം ഭാണ്ഡം മുറുക്കി മലയിറങ്ങാനും തിരുവനന്തപുരത്തുചെന്ന് സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിച്ച് മന:ശുദ്ധി നേടാനും അടിയന്തരമായി ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. ചിത്രത്തിലില്ലാതെ പോക്കിയെന്ന് കരുതിയ കോണ്‍ഗ്രസും യു.ഡി.എഫും നിയമസഭയില്‍ ശബരിമലവിഷയത്തില്‍ കേന്ദ്രീകരിച്ചതും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമുഖം തുറക്കാന്‍ പ്രേരിപ്പിച്ചു.

ഈ നെട്ടോട്ടത്തിനിടയിലും സത്യം തള്ളിപ്പറയാന്‍ മടിയില്ല എന്നതാണ് ബി.ജെ.പി സ്വയം തുറന്നുകാട്ടുന്ന ധാര്‍മ്മികത. സമരവേദിമാറ്റം പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പറയുന്നു: ‘ശബരിമലയിലെ സമരത്തിന് ഒരിക്കലും ബി.ജെ.പി നേതൃത്വം നല്‍കിയിട്ടില്ല. ഭക്തര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ചില നേതാക്കള്‍ പോയിരിക്കാം. ബി.ജെ.പിയുടെ സമരം എന്നും ശബരിമലയ്ക്കു പുറത്തായിരുന്നു.’

അതുവഴി പി.എസ് ശ്രീധരന്‍പിള്ളയെ പി.എസ് ശ്രീധരന്‍പിള്ളതന്നെ തള്ളിപ്പറയുന്നു: ‘ശബരിമലയില്‍ കഴിഞ്ഞ 11 മുതല്‍ 17 വരെയുള്ള (ഒക്‌ടോബര്‍) സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.’ നവംബര്‍ ആദ്യവാരത്തില്‍ കോഴിക്കോട്ട് യുവമോര്‍ച്ചാ നേതൃയോഗത്തില്‍ വെളിപ്പെടുത്തിയത് ശ്രീധരന്‍പിള്ള.

‘നമ്മുടെ സംസ്ഥാന സെക്രട്ടറിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു. ഐ.ജി ശ്രീജിത് രണ്ടു സ്ത്രീകളെ സംഘടിപ്പിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോയപ്പോള്‍ നമുക്കു തടയാന്‍ സാധിച്ചു. യുവമോര്‍ച്ചയുടെ നേതാക്കളാണ് ഭക്തജനങ്ങളെ സംഘടിപ്പിച്ച് പൊലീസിന്റെ നീക്കം പരാജയപ്പെടുത്തിയത്.’ യുവമോര്‍ച്ചാ നേതാക്കളെ ആവേശം കൊള്ളിച്ചത് ശ്രീധരന്‍പിള്ള.

‘അന്ന് സ്ത്രീകളെയുംകൊണ്ട് അവര്‍ അടുത്തെത്തിയ അവസരത്തില്‍ തന്ത്രി മറ്റൊരു ഫോണില്‍ എന്നെ വിളിച്ചു. അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. നടയടച്ചാല്‍ കോടതിയുത്തരവ് ലംഘിച്ചു എന്നുവരില്ലേ എന്നു ചോദിച്ചു. തിരുമേനി ഒറ്റയ്ക്കാവില്ല. കേസെടുക്കുകയാണെങ്കില്‍ ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരകണക്കിന് ആളുകളുണ്ടാകും കൂട്ടത്തില്‍. എനിക്കു സാറുപറഞ്ഞ ഒറ്റവാക്കുമതി എന്നുപറഞ്ഞ് അദ്ദേഹം ദൃഢമായ തീരുമാനമെടുക്കുകയായിരുന്നു.’ എന്ന് ആവേശപൂര്‍വ്വം വെളിപ്പെടുത്തിയതും ശ്രീധരന്‍പിള്ള. ‘ഇന്ന് അജണ്ട ബി.ജെ.പിയുടെ കയ്യിലാണ്….’ എന്ന് അഭിമാനപൂര്‍വ്വം അവകാശപ്പെട്ടതും.

ശബരിമലയില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട എന്താണെന്നതിന്റെ വിശ്വരൂപം പിന്നെയും പുറത്തുവന്നു: യുവതികള്‍ സന്നിധാനത്തെത്തിയാല്‍ കൈവെള്ള മുറിച്ച് അശുദ്ധമാക്കി നട അടപ്പിക്കാന്‍ ആളെ നിര്‍ത്തിയത്, സംഘ് പരിവാറിന്റെ അജണ്ട ബി.ജെ.പി നടപ്പാക്കുകയാണെന്ന സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17ന് സി/258/എസ്.ഒ നമ്പറായി പുറപ്പെടുവിച്ച സര്‍ക്കുലര്‍വരെ.

സര്‍ക്കുലറനുസരിച്ച് സംസ്ഥാനത്തെ 31 സംഘ് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന പരിവാര്‍ 28 ജില്ലകളിലെയും സംഘ് മണ്ഡലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരെ ശബരിമലയില്‍ അയക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഒരുദിവസം ഒരു സംഘ് ജില്ലയില്‍നിന്ന്. പ്രവര്‍ത്തകര്‍ എവിടെനിന്ന് ഏതുതീയതിക്ക് എവിടെപോകണമെന്ന് തീരുമാനിച്ചിരുന്നു. ചുമതലക്കാരന്റെ പേരും മൊബൈല്‍ നമ്പറുംവരെ രേഖപ്പെടുത്തിയിരുന്നു. അതത് സംഘ് ജില്ലയിലെ സംസ്ഥാന ഭാരവാഹികള്‍, മേഖലാ ഭാരവാഹികള്‍ നേതൃത്വപരമായ പങ്കുവഹിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. മൊത്തം ഏകോപനത്തിനു രണ്ടോമൂന്നോ പാര്‍ട്ടി സംസ്ഥാന നേതാക്കളെയും നിയോഗിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി സംഘ് ജില്ലകളുടെ മണ്ഡലങ്ങളില്‍നിന്നുളള പ്രവര്‍ത്തകരെ സംസ്ഥാന കമ്മറ്റി ഓഫീസില്‍നിന്നാണ് നിയോഗിക്കുകയെന്നും അറിയിച്ചിരുന്നു.

ഈ സര്‍ക്കുലര്‍ ശരിവെക്കുന്നതായിരുന്നു പൊലീസുകാരെ നേരിടാന്‍ പരിശീലനംകിട്ടിയവരെ ശബരിമലയില്‍ ഇറക്കിയിട്ടുണ്ടെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.

നവംബര്‍ 18ന് നടയടച്ചശേഷം സന്നിധാനത്ത് പൊലീസിനെ ഞെട്ടിച്ചുണ്ടായ ഭക്തരുടെ പേരിലുള്ള പ്രതിഷേധം ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു എന്നു പിന്നീടു തെളിഞ്ഞു. സര്‍ക്കുലറില്‍ നിശ്ചയിച്ചപ്രകാരം നെടുമങ്ങാട് സംഘ ജില്ലയിലെ അരുവിക്കര, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളില്‍നിന്നുള്ള എണ്‍പതോളം പേരെയാണ് അതേതുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്തത്. ആര്‍.എസ്.എസിന്റെ മൂവാറ്റുപുഴ കാര്യവാഹക് രാജേഷ് ഗൗരി നന്ദനായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതെന്നും വെളിപ്പെട്ടു. തങ്ങള്‍ സാധാരണ ഭക്തരാണെന്നും ഒരു സംഘടനയുടേയും പ്രവര്‍ത്തകരല്ലെന്നും പരസ്പരം അറിയുകപോലുമില്ലെന്നുമാണ് പൊലീസ് നടപടിയെ ചോദ്യംചെയ്ത രാജേഷ് പറഞ്ഞിരുന്നത്.

സമരം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റിയ തീരുമാനം വ്യാഴാഴ്ച അറിയിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മറ്റൊന്നുകൂടി പറഞ്ഞു: ബി.ജെ.പി ശബരിമല സമരത്തിനു പുറത്തായിരുന്നു എന്ന്. സാങ്കേതികമായി ശരിയാണ്. അശ്വധാമാ ഹത… എന്ന് കുരുക്ഷേത്രയുദ്ധം നടക്കവെ ധര്‍മ്മപുത്രര്‍ ദ്രോണാചാര്യരോട് പറഞ്ഞതുപോലെ. പരിവാറിന്റെ 31 സംഘ് ജില്ലകളില്‍നിന്നുള്ള ഗറില്ലാ സംഘങ്ങളാണ് ശബരിമലയില്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്നത്. ഒന്നോ രണ്ടോ ബി.ജെ.പി നേതാക്കള്‍ മാത്രമാണ് ഓരോദിവസവും ശബരിമലയില്‍ കേന്ദ്രീകരിച്ചത്. അങ്ങനെ തീര്‍ത്ഥാടനം ഒരു ഒളിപ്പോരാക്കി നടത്തുകയായിരുന്നു. അതാണ് ബലംപ്രയോഗിച്ചും നിരോധനമേര്‍പ്പെടുത്തിയും സര്‍ക്കാറും പൊലീസും ചേര്‍ന്ന് തടഞ്ഞത്. സഞ്ചാരസ്വാതന്ത്ര്യ നിഷേധവും ജയിലും തടവും അതുവഴി മനുഷ്യാവകാശ ലംഘനവും സ്വാഭാവികം.

ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തള്ളിപ്പറയുന്നത് അദ്ദേഹംതന്നെ മുമ്പുപറഞ്ഞ കാര്യങ്ങള്‍. യുവമോര്‍ച്ചാ നേതാക്കളുടെ യോഗത്തില്‍ നടത്തിയ ശബരിമല റിപ്പോര്‍ട്ടിംഗിന്റെ പ്രസംഗ വീഡിയോയ്ക്കു പുറമെ ബി.ജെ.പി സംസ്ഥാനകമ്മറ്റിയുടെതന്നെ സര്‍ക്കുലര്‍ – പൊലീസിന്റെയും വിവിധ കോടതി- ജയിലുകളിലെ രേഖകളും അവ ശരിവെക്കുന്നു.

രാജ്യത്തെ ഒരു ആരാധനാലയത്തിലും ഉണ്ടാകാത്ത കാര്യങ്ങള്‍ ശബരിമലയില്‍ സൃഷ്ടിക്കാന്‍ ബി.ജെ.പി അജണ്ടയ്ക്കായി. നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ തുടര്‍ച്ചയായ നിരോധനാജ്ഞ, മലകയറുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍നിന്നും സന്നിധാനത്തുനിന്നും ഒളിച്ചുകടന്ന പ്രക്ഷോഭക്കാരെ കരുതല്‍ അറസ്റ്റ്, പൊലീസിന്റെ അസാധാരണ സുരക്ഷാ സംവിധാനം, നാവികസേനാ ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ചുള്ള നിരീക്ഷണം, 24 മണിക്കൂറും ദൃശ്യമാധ്യമങ്ങള്‍ കണ്ണുചിമ്മാതെ പ്രവര്‍ത്തിക്കുന്ന സ്ഥിതി, കുട്ടികളും സ്ത്രീകളും വൃദ്ധരും അംഗവൈകല്യമുള്ളവരുമടക്കം ലക്ഷക്കണക്കായ അയ്യപ്പ ഭക്തര്‍ ദിവസവും ഏറ്റുവാങ്ങേണ്ടിവന്ന ദുരിതം, പ്രളയാന്തര അടിയന്തര വിഷയങ്ങളിലേര്‍പ്പെടേണ്ടിയിരുന്ന സര്‍ക്കാര്‍ സംവിധാനമാകെ ശബരിമല പ്രശ്‌നത്തില്‍ 24 മണിക്കൂറും കേന്ദ്രീകരിക്കുന്ന സ്ഥിതി, ജനങ്ങളെപോലും മുള്‍മുനയില്‍ നിര്‍ത്താന്‍ ബി.ജെ.പി നേതൃത്വംനല്‍കിയ ശബരിമല കര്‍മ്മസമിതിയുടെ പേരിലുള്ള സംഘ്പരിവാര്‍ സമരത്തിനു കഴിഞ്ഞെന്ന് അവര്‍ക്കഭിമാനിക്കാം.

മാത്രമല്ല ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 45 കോടിരൂപ കൂടിയിരുന്നത് ഇത്തവണ 25 കോടി കുറയ്ക്കാന്‍ വിശ്വാസികള്‍ക്കുവേണ്ടി സമരത്തിന്റെ മുന്നിലിറങ്ങിയ ബി.ജെ.പിക്കായി. ശബരിമലയിലെ റവന്യൂ വരുമാനം 41 കോടിയില്‍നിന്ന് 16 കോടിയായും കുറക്കാനും. അരവണ വില്പനയിലെ വരുമാനംപോലും മുന്‍വര്‍ഷത്തെ 3 കോടിയില്‍നിന്ന് 60 ലക്ഷമായി കുറയ്ക്കാനായി. ശബരിമലയിലും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും കാണിക്ക ബഹിഷ്‌ക്കരണത്തിന് പരസ്യമായി ആഹ്വാനം ചെയ്തതും സംഘ് പരിവാര്‍ നേതാക്കളാണ്.

ആ അജണ്ടയുടെ വ്യാപ്തി ഹിന്ദുപരിഷത്തും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രവിശ്വാസികളുടെ കൂട്ടായ്മ ദേവസ്വം ബോര്‍ഡുകളില്‍നിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് വിശ്വാസികളുടെ കൈകളില്‍ എത്തിക്കണമെന്ന് ഹിന്ദുപരിഷത് ആഹ്വാനംചെയ്യുന്നു. ബി.ജെ.പിയുടെ അജണ്ട സ്ത്രീപ്രവേശം തടയാനല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്നും ശ്രീധരന്‍പിള്ളതന്നെ വ്യക്തമാക്കിയിരുന്നു.

ശബരിമല ഭക്തരുടെ പേരില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട ഒളിച്ചുകടത്തിയത് ശബരിമല ക്ഷേത്രസംരക്ഷണ സമിതി, അയ്യപ്പ സേവാസംഘം തുടങ്ങിയവയ്ക്കകത്തും ബി.ജെ.പിയില്‍തന്നെയും അതിശക്തമായ ഭിന്നിപ്പു രൂപപ്പെട്ടു. തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നും വരുന്ന ശബരിമല വിശ്വാസികളില്‍നിന്നുള്ള എതിര്‍പ്പും എല്ലാ ഭാഗങ്ങളില്‍നിന്നും ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവും കൂടുതല്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണെന്ന അവസ്ഥയും ചുവടുമാറ്റത്തിന് ബി.ജെ.പി നേതൃത്വത്തെ നിര്‍ബന്ധിച്ചെന്നുകൂടി കാണണം. ചുരുങ്ങിയത് ശബരിമലപോലുള്ള തന്ത്രപ്രധാനമായ ഒരിടത്ത് സംഘര്‍ഷവും രക്തച്ചൊരിച്ചിലും കൂട്ടമരണങ്ങളും സൃഷ്ടിക്കുന്ന, മതഭ്രാന്തിളക്കിവിടുന്ന ഒരു രാഷ്ട്രീയ ഹിഡന്‍ അജണ്ട ഏതായാലും തല്‍ക്കാലത്തേക്കെങ്കിലും സംഘ് പരിവാര്‍ മാറ്റിവെച്ചു. അതില്‍ കേരളത്തിന് ആശ്വസിക്കാം.

സ്വന്തം വീഴ്ചകള്‍ തിരുത്തി ശബരിമലവിഷയം വിശ്വാസികളുടെയും ജനങ്ങളുടെയും പിന്തുണ വീണ്ടെടുത്ത് അതിവേഗം പരിഹാരം കാണാന്‍ സംസ്ഥാന ഗവണ്മെന്റിന് കിട്ടുന്ന ഒരു സുവര്‍ണ്ണാവസരമാണ്. ഈ ഇടവേള ആ നിലയ്ക്ക് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാറിനു കഴിയണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top