Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 12): എച്മുക്കുട്ടി

December 2, 2018 , എച്മുക്കുട്ടി

Vyazhavattam 12smallഅയാള്‍ ഒടുവില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചു. മകന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അവന് അച്ഛന്റെ ഒപ്പം പാര്‍ക്കണം നാലു ദിവസം എന്ന് അവളോട് ആവശ്യപ്പെട്ടു. അവള്‍ക്ക് അവനെ ആ ഫ്‌ലാറ്റിലെത്തിക്കുകയല്ലാതെ പിടിച്ചു നിറുത്താന്‍ കഴിയുമായിരുന്നില്ല. അവന്‍ അവള്‍ക്ക് അടിക്കാനോ നിയന്ത്രിക്കാനോ പറ്റാത്ത വിധം വലുപ്പം വെച്ചു കഴിഞ്ഞിരുന്നു. പിന്നെ അവന്‍ അന്യായമാണ് ആവശ്യപ്പെട്ടതെന്ന് ആരും കേട്ടാല്‍ സമ്മതിക്കുകയുമില്ലല്ലോ. പക്ഷെ, പോയതിനു ശേഷം അവന്റെ ഫോണ്‍ വിളികള്‍ കുറഞ്ഞു. വിളിച്ചാല്‍ തന്നെ ജോലിക്ക് പോകുന്ന പെണ്ണുങ്ങളെപ്പോലെ വേലക്കാരെ ആശ്രയിക്കുന്നവനല്ല അവന്റെ അച്ഛന്‍ … എല്ലാ ജോലിയും സ്വയം ചെയ്യുന്നയാളാണ്, അമ്മയുടേ ഓഫീസ് ജോലി നഷ്ടപ്പെട്ടാല്‍ അമ്മയ്ക്ക് പിന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല.. എന്നാല്‍ അച്ഛനങ്ങനെയല്ല, അദ്ദേഹം ജോലിയില്ലാതെ ഇത്രയും കാലം ജീവിച്ചില്ലേ.. അമ്മയ്ക്ക് പെണ്ണുങ്ങളുടെ ജോലിയായ വീട്ടുപണി പോലും അറിയില്ല, അച്ഛനാണെങ്കില്‍ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ജോലികളെല്ലാം അറിയുന്ന സകലകലാവല്ലഭനാണ് എന്നും മറ്റും അവന്‍ പുലമ്പാന്‍ ആരംഭിച്ചു. എങ്കിലും അവന്‍ ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പം വന്ന് താമസിച്ചുകൊണ്ടിരുന്നു. വരുമ്പോഴെല്ലാം അമ്മയുടെ ഒന്നോ രണ്ടോ വസ്ത്രങ്ങളോ ഒരു മിക്‌സിയോ അവന്‍ ആ വീട്ടില്‍ നിന്ന് കൊണ്ടുവന്ന് അമ്മയ്ക്ക് സമ്മാനിച്ചു. അതു കണ്ട് നഷ്ടമായതെല്ലാം ഓരോന്നോരോന്നായി അവന്‍ തന്നെ നേടിക്കൊടുക്കുമെന്ന് പാവം മാതൃഹൃദയം അവളോട് മന്ത്രിച്ചു. അവള്‍ ആരോടും ഒരു വഴക്കിനും പോയില്ല. മോന്‍ വന്ന് കഴിഞ്ഞാല്‍ ആദ്യം കുറച്ചു നേരത്തെ പിണക്കത്തിനും വഴക്കുകള്‍ക്കും ശേഷം അവന്‍ അമ്മയുടെ പഞ്ചാരക്കുട്ടിയായി മാറുമായിരുന്നു. അതുകൊണ്ട് അവള്‍ ഡൊമസ്റ്റിക് വയലന്‍സ് കേസിനോ ഡൈവോഴ്‌സിനോ തുനിഞ്ഞില്ല. തന്നെയുമല്ല അയാള്‍ അവളുടെ ബാങ്കില്‍ നിന്നെടുത്ത രണ്ടരലക്ഷത്തിലധികം രൂപയേ മറക്കാനും അവള്‍ തയാറായി.

കോടതി നടപടികള്‍ മീഡിയേഷന്‍ ടോക്കുകളിലായിരുന്നു ആരംഭിച്ചത് . അയാള്‍ ചെയ്തതെല്ലാം തെറ്റാണെന്ന് മീഡിയേറ്റര്‍ തുറന്നു പറഞ്ഞു. എന്നാല്‍ അതെല്ലാം അയാള്‍ ചെയ്യാനുള്ള പ്രേരണ അവളുടെ പെരുമാറ്റമായിരുന്നുവെന്നും മീഡിയേറ്റര്‍ പറയാതിരുന്നില്ല. അതങ്ങനെയാണല്ലോ. മീഡിയേറ്റര്‍ക്ക് ഒരിയ്ക്കലും പക്ഷം പിടിയ്ക്കാന്‍ കഴിയില്ലല്ലോ. അവള്‍ അയാളെ നിര്‍ബന്ധിച്ച് ജോലിക്കയക്കണമായിരുന്നുവെന്നും വീട്ടുകാരെയും സുഹൃത്തുക്കളേയും അയല്‍പ്പക്കക്കാരേയും പോലീസിനേയുമൊക്കെ ആദ്യം മുതലേ ഗാര്‍ഹികപ്രശ്‌നത്തില്‍ ഇടപെടീക്കണമായിരുന്നുവെന്നും മറ്റും ആയിരുന്നു അവള്‍ക്ക് കിട്ടിയ വിലപ്പെട്ട ഉപദേശങ്ങള്‍ .

പണമാണ് അയാളുടെ യഥാര്‍ഥ പ്രശ്‌നമെന്ന് വെളിപ്പെടുത്താന്‍ മൂന്നാലു മീഡിയേഷനുകള്‍ക്ക് ശേഷം ഒടുവില്‍ അയാള്‍ നിര്‍ബന്ധിതനായി. അയാളെ വിവാഹം കഴിച്ചശേഷമാണ് അവള്‍ക്ക് സ്വത്തുണ്ടായത്. അതുകൊണ്ട് അതിന്റെ നേര്‍പകുതി അയാള്‍ക്ക് ഇപ്പോള്‍ കിട്ടണം. കുട്ടിയേയും കിട്ടണം. പിന്നെ ഡൈവോഴ്‌സ് അയാള്‍ തരികയുമില്ല.

മീഡിയേറ്റര്‍ ചിരിച്ചു.

കുട്ടിയുടെ അഭിപ്രായം അറിയണമെന്ന് മാത്രമേ പിന്നീട് മീഡിയേറ്റര്‍ പറഞ്ഞുള്ളൂ. കാരണം കേസ് കുട്ടിയുടെ കസ്റ്റഡിക്കാണല്ലോ .. അല്ലാതെ മറ്റൊന്നിനും കേസ് ഇല്ലല്ലോ. മോന് അച്ഛന്റൊപ്പം അഞ്ചു ദിവസവും അമ്മേടൊപ്പം രണ്ട് ദിവസവും കഴിഞ്ഞാല്‍ മതി എന്നവന്‍ പറഞ്ഞപ്പോള്‍ നെഞ്ചുപൊട്ടിക്കൊണ്ടാണെങ്കിലും അവള്‍ പിന്നീട് കേസുമായി മുന്നോട്ട് പോയില്ല. കുഞ്ഞിനെ കോടതിയില്‍ വലിച്ചിഴയ്‌ക്കേണ്ടെന്ന് അവളിലെ അമ്മ തീരുമാനിച്ചു. അവളുടെ ചേട്ടന്‍ ‘ എല്ലാം യുക്തം പോലെ ചെയ്യൂ ‘ എന്ന് വാക്കുകള്‍ അവസാനിപ്പിച്ചു. ചേട്ടത്തിയമ്മയും അവളുടെ അനിയത്തിയും തൃപ്തരായായിരുന്നില്ല എന്നത് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.

വക്കീല്‍ അവളെ ആവുന്നത്ര ഉപദേശിച്ചു.. ‘കുട്ടിയല്ല അത് തീരുമാനിക്കേണ്ടത്, കോടതിയാണ്. അയാള്‍ക്ക് കുട്ടിയെ വളര്‍ത്താനുള്ള കഴിവുണ്ടോ എന്ന് നിശ്ചയിക്കേണ്ടത് കോടതിയാണ്. ഈ മീഡിയേഷന്‍ അംഗീകരിക്കരുത് … ലെറ്റ് ദ കോര്‍ട്ട് ഡിസൈഡ് ‘എന്ന് അല്‍പം ദേഷ്യപ്പെടുകയും ഒടുവില്‍ ‘ മാഡത്തിനു എന്റെ പക്കലേക്ക് ഇനിയും മടങ്ങി വരേണ്ടി വരുമെന്ന് ‘ താക്കീതു ചെയ്യുകയും ചെയ്തു.

എന്തായാലും ആ മീഡിയേഷന്‍ തീരുമാനം ഒരു ഉത്തരവായി തുറന്ന കോടതിയില്‍ പ്രഖ്യാപിക്കാനാണ് വനിതാ ജഡ്ജി താല്‍പര്യപ്പെട്ടത്. അവളുടെ ഭര്‍ത്താവിന്റെ ഇടപെടലുകള്‍ അത്ര സുതാര്യമല്ലെന്ന് മീഡിയേഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് അവര്‍ക്ക് തോന്നിയിരിക്കണം. ‘മകനെ പറഞ്ഞ് പഠിപ്പിച്ചതായിരിക്കുമെന്നും അവന്‍ തിരിച്ചു വരുമെന്നും’ നെഞ്ചു പൊട്ടി നിന്ന അവളെ സമാധാനിപ്പിക്കാന്‍ ജഡ്ജി മനസ്സ് വെച്ചു. ഉത്തരവ് വായിച്ച ദിവസം അയാളാകട്ടെ കോടതിയില്‍ ഹാജരാകാന്‍ പോലും കൂട്ടാക്കിയില്ല.

ശനിയാഴ് ച വൈകീട്ട് അവള്‍ അയാള്‍ താമസിക്കുന്ന കോളനിയില്‍ പോയി മോനെ വിളിച്ചുകൊണ്ടുവരികയും തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിക്കുകയും വേണമെന്നായിരുന്നു മീഡിയേഷന്‍ തീരുമാനമെന്ന കോടതി ഉത്തരവ് ..

മോനെ അവന്‍ അച്ഛന്റെ അരികിലായിരിക്കുമ്പോള്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ ഒരു എന്‍ജിനീയറിംഗ് ഗ്രാജുവേറ്റിനെ ശമ്പളം കൊടുത്ത് അവള്‍ ഏര്‍പ്പാടു ചെയ്തു. ഗൌതമനെന്ന ആ എന്‍ജിനീയര്‍ക്ക് മോന്റെ ചേട്ടനാവാനുള്ള പ്രായമേ ഉണ്ടായിരുന്നുള്ളൂ. മുഴുവന്‍ സമയവും അച്ഛന്‍ അമ്മയെപ്പറ്റി പറഞ്ഞുകൊടുക്കുന്ന തിന്മകള്‍ മാത്രം കേട്ട് മോന്‍ ബോറടിക്കാതിരിക്കട്ടേ എന്നും അവള്‍ കരുതിയിരുന്നു. ഗൌതമനുമായി മോന്‍ നന്നായി അടുത്തു. അവന്റെ ഹോംവര്‍ക്കുകള്‍ ഗൌതമന്‍ ചേട്ടന്‍ നന്നായി ചെയ്യിക്കുന്നുണ്ടെന്നും അവന്‍ ചേട്ടനെ കാത്തിരിക്കാറുണ്ടെന്നും വന്നാല്‍ ചായ ഇട്ടുകൊടുക്കാറുണ്ടെന്നും ഒക്കെ മോന്‍ അവളോട് പറഞ്ഞിരുന്നു. ഗൌതമന്‍ അവന്റെ യൂണിഫോം വരെ തയാറാക്കി നാളേയ്ക്കുള്ള ബാഗും പാക്ക് ചെയ്യിച്ചേ പോകാറുള്ളൂ എന്ന് കൂടി അറിഞ്ഞപ്പോള്‍ അവള്‍ ഹൃദയം നിറഞ്ഞു സന്തോഷിച്ചു.

എന്നാല്‍ അവളും ഭര്‍ത്താവും കൂടി ഒന്നിച്ച് ഒപ്പിട്ട് തീരുമാനിച്ച മീഡിയേഷനു ശേഷമുള്ള ആ കോടതി ഉത്തരവ് ഒരിക്കലും നേരാം വണ്ണം പാലിക്കപ്പെട്ടില്ല. അവന്‍ മിക്കവാറും വന്നില്ല. ഫോണ്‍ ചെയ്താല്‍ അവന്‍ എടുക്കില്ല. മുപ്പതും നാല്‍പ്പതും തവണ വിളിക്കേണ്ട ഗതികേടിലേക്ക് ‘അമ്മയോട് ഒരു വാക്ക് പറയൂ സ്വത്തേ’ എന്ന് യാചിക്കേണ്ട അവസ്ഥയിലേക്ക് അവള്‍ പിന്നെയും തലകുത്തി വീണു.

‘അവന് അവളോട് സംസാരിക്കാന്‍ ഇഷ്ടമില്ല, അവള്‍ക്കൊപ്പം വരാന്‍ ഇഷ്ടമില്ല, മണ്ണാങ്കട്ടിച്ചേച്ചി വീടു വിട്ട് പോയാലേ അവന്‍ വരൂ, അമ്മ അവന്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ കയറി വന്നാലേ അവന്‍ വരൂ, അമ്മ അവനെയും കാത്ത് പാര്‍ക്കില്‍ ഒന്നര മണിക്കൂര്‍ ഇരുന്നാലേ അവന്‍ വരൂ, അമ്മ ഇപ്പോ പോയിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വരൂ, അമ്മാവനോടും അമ്മായിയോടും ഇന്ദുചേച്ചിയോടും മിണ്ടാന്‍ പാടില്ല, ചെറിയമ്മയ്ക്കും പിങ്കി മോള്‍ക്കും അമ്മൂമ്മയ്ക്കും ഫോണ്‍ ചെയ്യാന്‍ പാടില്ല’ എന്നൊക്കെയുള്ള അനവധി ഉപാധികള്‍ അവന്‍ ഓരോ തവണയും മുന്നോട്ട് വെച്ചു.അതിനൊന്നിനും അവള്‍ വഴങ്ങിയില്ല. എന്നാലും എല്ലാ ആഴ്ചയും അവിടെ ചെന്ന് അപമാനിതയായി, കലങ്ങിയ കണ്ണുകളോടെ അവള്‍ മടങ്ങി വന്നുകൊണ്ടിരുന്നു.

ഗൌതമനെ അവളുടെ ഭര്‍ത്താവ് അപമാനിച്ച് പറഞ്ഞയച്ചു. എങ്കിലും അവളുടെ വാക്കു കേട്ട് അയാള്‍ പിന്നെയും ആ ജോലിക്ക് പോയി. ഇത്തവണ ഒരിക്കലും അയാള്‍ക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ഒരു ഡിമാന്‍ഡാണ് അവളുടെ ഭര്‍ത്താവ് മുന്നോട്ട് വെച്ചത്. ആദ്യം രണ്ട് മൂന്നു ഉപന്യാസങ്ങള്‍ ഗൌതമനോട് എഴുതാന്‍ പറഞ്ഞു. എന്തിനു പഠിക്കണം? എന്തു പഠിക്കണം? എങ്ങനെ പഠിക്കണം ? എന്ന വിഷയങ്ങളിലായിരുന്നു ഉപന്യാസങ്ങള്‍. ഗൌതമന്‍ ക്ഷമയോടേ മോനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് അതെല്ലാം എഴുതി. അതെല്ലാം വായിച്ചിട്ട് ‘മോന്‍ രണ്ടര മണിയ്ക്ക് ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ എത്തിയാലേ ഗൌതമനു അവനെ പഠിപ്പിക്കാന്‍ കഴിയൂ’ എന്നയാള്‍ പ്രഖ്യാപിച്ചു. അത് ഗൌതമനു ഒരിയ്ക്കലും സാധിക്കുമായിരുന്നില്ല. കാരണം ഗൌതമന്റെ കമ്പനി ജോലി സമയം തീരുന്നത് അഞ്ചുമണിക്കായിരുന്നു.

ഗൌതമന്‍ അയാളുടേ നിസ്സഹായത അവളെ അറിയിച്ചു. മോനെ ഓര്‍ത്ത് ദു:ഖിക്കുകയും ചെയ്തു.

ദിവസങ്ങള്‍ ശൂന്യമായി കടന്നു പോയി.

എന്തുകൊണ്ടോ സെപ്തംബര്‍ മാസത്തിലെ ആ ശനിയാഴ്ചയും അവള്‍ മോന്‍ താമസിക്കുന്ന കോളനിയില്‍ എത്തിയതിനു ശേഷം അവന്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് എന്നത്തേയും പോലെ സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു ഭ്രാന്തിയായി അലമുറയിട്ട് കരഞ്ഞു. അവന്റെ കാല്‍ക്കല്‍ വീണു യാചിച്ചു. ഫ്‌ലാറ്റുകളുടെ കോമണ്‍ വരാന്തയില്‍ കിടന്നുരുണ്ടു, അവളുടെ ഉദ്യോഗപ്രൌഡിയും സ്ഥാനമാനങ്ങളുമെല്ലാം അവളില്‍ നിന്ന് യാത്ര പറഞ്ഞിരുന്നു അപ്പോള്‍. മോന്‍ നാലുകൊല്ലം കുടിച്ച അവളുടെ മുലകള്‍ കട്ടുകഴച്ചു. അവനെ ചുമന്ന അവളുടെ വയര്‍ വെന്തു നീറി. അയാള്‍ വിജയസ്മിതത്തോടെ അവളുടെ ആ ദൈന്യത്തെ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു അപ്പോള്‍. ‘എന്റെ മോനെ, എന്റെ മോനെ’ എന്ന് വിളിച്ച് അവളുടെ ചങ്ക് പൊട്ടി. അലമുറയിട്ട് കരഞ്ഞ് തളര്‍ന്ന അവളുടെ മുഖത്ത് നോക്കി ‘വരില്ല വരില്ല അമ്മേടെ ഒപ്പം വരില്ല ഒരു കോടതിയേയും പേടിയില്ല ഞാന്‍ ജുവനൈലാണ്, എന്നെ ആരും ശിക്ഷിക്കില്ല’ എന്ന് ഉറപ്പിച്ചു പറയാനുള്ള തന്റേടം അപ്പോള്‍ അവനില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

അയാള്‍ വളര്‍ത്തിയതാവണം ആ തന്റേടം. ആണ്മയുടെ തന്റേടം.

തികച്ചും തോറ്റ് , അലറി കരഞ്ഞുകൊണ്ട് അവള്‍ അവിടെ നിന്നിറങ്ങിപ്പോന്നു. പിന്നീടൊരിക്കലും മോനെ അവള്‍ ഫോണില്‍ വിളിച്ചില്ല. ഇനിയുള്ള കാലം തികച്ചും ഏകാകിനിയായി ജീവിക്കാന്‍ അന്ന് രാത്രി അവള്‍ തീരുമാനിച്ചു.

ആ തീരുമാനമെടുക്കാന്‍ അത്രയും നോവ് തിന്നിട്ടേ, അത്രയും നിരാകരിക്കപ്പെട്ടിട്ടേ, അത്രയും അപമാനിക്കപ്പെട്ടിട്ടേ അവള്‍ക്ക് സാധിച്ചുള്ളൂ. അത്രമേല്‍ വാല്‍സല്യപൂര്‍ണവും വെണ്ണ പോലെ മൃദുലവും സ്‌നേഹഭരിതവുമായിരുന്നു അവളിലെ പെറ്റമ്മമനം.

അവള്‍ ആത്മഹത്യ ചെയ്താല്‍ താന്‍ ഉത്തരവാദിയല്ലെന്ന് അറിയിക്കാനായി ആ വീഡിയോയും എടുത്ത് മോനെയും കൂട്ടി അയാള്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു. പോലീസുകാര്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്നും ഒരിക്കലും ചെയ്യാന്‍ തയാറല്ലെന്നും ഉറച്ചശബ്ദത്തില്‍ അവള്‍ പോലീസുകാര്‍ക്ക് മറുപടി നല്‍കി.

ജീവിതത്തെ അത് മുന്നിലേക്ക് വരും പോലെ നേരിടുവാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു.

അവള്‍ ഓഫീസിലെ എല്ലാ ഔട്ട് സ്‌റ്റേഷന്‍ പ്രോജക്ടുകളും ഏറ്റെടുത്തു. അവള്‍ കൂടെ കിടന്നില്ലെങ്കില്‍ മോന്‍ ഉറങ്ങുകയില്ല എന്ന അവസ്ഥയുണ്ടായിരുന്നത് ഇപ്പോള്‍ മാറിയല്ലോ. അവന് അവളെ വേണ്ട എന്നവന്‍ അറിയിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് അവള്‍ രാവിലെ ദൂരസ്ഥലങ്ങളിലെ സൈറ്റുകളില്‍ പോയി വൈകീട്ട് ഓടിപ്പിടച്ച് തിരികെ വരേണ്ട കാര്യമില്ലാതായി.

കല്‍ക്കത്തയിലും ബോംബയിലും അഹമ്മദാബാദിലും ബങ്കളൂരുവിലും ഹൈദ്രാബാദിലും ആസ്സാമിലും എന്നുവേണ്ട കമ്പനിയ്ക്ക് എത്ര സൈറ്റുണ്ടോ അവിടെല്ലാം അവള്‍ പോവാന്‍ തയാറായി. ആഴ്ചയില്‍ മൂന്നും നാലും ദിവസമെങ്കിലും അവള്‍ ടൂറിലായി.

കാണാനും തൊഴാനും ഒക്കെ ആഗ്രഹമുണ്ടായിരുന്ന അമ്പലങ്ങളില്‍ എല്ലാം പോയി ധാരാളം സമയം പ്രാര്‍ഥിച്ചു.

മണ്ണാങ്കട്ടിയേയും സ്വന്തം ചെലവില്‍ എല്ലായിടത്തും കൂട്ടിക്കൊണ്ടു പോയി. തമിഴ് സിനിമകളും മലയാളം സിനിമകളും ഹിന്ദി സിനിമകളുമൊക്കെ അവര്‍ ഒന്നിച്ച് കണ്ടു രസിച്ചു.

മാളുകളിലും പൂന്തോട്ടങ്ങളിലും പോയി. ഹില്‍സ്‌റ്റേഷനുകളും മരുഭൂമിയും ഹിമാലയന്‍ താഴ്വരകളും കണ്ടു.

രാത്രിയില്‍ കണ്ണീരിറ്റി വീഴാതിരിക്കാന്‍ അവള്‍ മണ്ണാങ്കട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു. മോന്റെ സ്പര്‍ശനത്തിനും ഓര്‍മ്മയ്ക്കും അവന്റെ ട്രൌസറും ബനിയനും ധരിച്ചു.

എങ്കിലും കരയാതിരിക്കാന്‍ അവള്‍ ശീലിച്ചു.

അവള്‍ ആരേയും അന്വേഷിച്ചില്ല.

ദീപാവലി വന്നപ്പോള്‍ അവള്‍ പഴയ വീട്ടിലാണ് താമസമെന്ന് കരുതി അവളുടെ പേരില്‍ അനവധി സമ്മാനങ്ങളും മധുരപ്പെട്ടികളും അവിടെ ചെന്നു. അച്ഛനും മകനും അതൊന്നും വേണ്ട എന്ന് പറഞ്ഞില്ല. അവളുടേ വരുമാനവും സമ്മാനങ്ങളും എല്ലാം എന്നും അവരുടേതാണല്ലോ. അത് സ്വീകരിക്കുന്നതില്‍ അവര്‍ക്ക് ലജ്ജിക്കാനായി ഒന്നും തന്നെ ഇല്ലല്ലോ.

അവള്‍ ദീപാവലിക്ക് അമ്മയെ കാണുവാന്‍ പോയി. പിങ്കി മോള്‍ക്ക് ഒത്തിരി സമ്മാനങ്ങള്‍ കൊണ്ടു കൊടുത്തു. ആദ്യമായിട്ടായിരുന്നു അത്. മോള്‍ക്ക് പതിനഞ്ചു തികഞ്ഞിരുന്നുവെങ്കിലും ഇഷ്ടം പോലെ ഒന്നും ആ കുഞ്ഞിനു സമ്മാനമായി നല്‍കാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. അവള്‍ക്ക് നല്ല പുസ്തകങ്ങളും നല്ല വസ്ത്രങ്ങളും കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയമ്മ എന്ന നിലയില്‍ അവള്‍ക്ക് ഒരു അഭിമാനമൊക്കെ തോന്നി.

പിങ്കിമോള്‍ അവളോട് വലിയ കൂട്ടായിരുന്നു. വലിയമ്മയുടെ ഹൃദയം പൊട്ടുന്നുണ്ടെന്ന് അറിയുന്നതുകൊണ്ട് അവള്‍ പാട്ടുപാടിയും ഡാന്‍സ് ചെയ്തും ബാഡ്മിന്റണ്‍ കളിച്ചും മനസ്സ് തുറന്ന് സംസാരിച്ചും അവളെ സ്‌നേഹംകൊണ്ട് പൊതിഞ്ഞു. ആ സ്‌നേഹമാധുര്യം അവളുടെ മനസ്സിനെ കുറച്ചൊക്കെ ആശ്വസിപ്പിക്കാതിരുന്നില്ല.

അമ്മയോട് അവള്‍ സത്യമൊന്നും പറഞ്ഞില്ല. തികഞ്ഞ അനാരോഗ്യവതിയും വൃദ്ധയുമായ അമ്മയ്ക്ക് താങ്ങാന്‍ കഴിയുന്ന സങ്കടങ്ങളല്ലല്ലോ അവള്‍ അനുഭവിക്കുന്നത്. അതു കേട്ടാല്‍ അമ്മയുടെ ആരോഗ്യം കൂടുതല്‍ മോശമായാലോ എന്ന സങ്കടം അവളെ ആധി പിടിപ്പിച്ചു. അമ്മ മനസ്സ് ചുട്ട് വല്ലതും പറഞ്ഞു പോയാല്‍ അത് അവളുടെ മകനു ഒരു ശാപമായി മാറരുതെന്ന ഭീതിയും അവളിലെ അമ്മക്കുണ്ടായിരുന്നു. അനിയത്തിക്കാകട്ടേ നിശ്ശബ്ദയായി അവള്‍ പറയുന്ന സങ്കടങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. എങ്കിലും എല്ലാംകേട്ടു കഴിഞ്ഞ് അനിയത്തി ഉറപ്പിച്ച് പ്രഖ്യാപിച്ചു. കോടതിയെ ധിക്കരിക്കുന്ന അയാളുടേ പ്രവൃത്തിയെ കോടതിക്കു മുന്നില്‍ വെളിപ്പെടുത്തണം.നിയമപരമായി അയാളില്‍ നിന്ന് വേര്‍പെടുകയും വേണം.

അകന്നിരിക്കുന്ന മക്കളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുക്കാന്‍ ആധിയുള്ള അമ്മ തേടിപ്പിടിക്കുന്ന വിവരങ്ങള്‍ ഈ ലോകത്തിലെ വലിയൊരു പാണ്ഡിത്യശാഖയാണെന്ന പാശ്ചാത്യ വിജ്ഞാനം ആദ്യമൊന്നും അവള്‍ കാര്യമായി കരുതീരുന്നില്ല. പിന്നീട് അവള്‍ക്ക് അത് സത്യമാണെന്ന് മനസ്സിലായി.. അവനെ മറക്കാന്‍ അവള്‍ക്ക് കഴിയില്ല. ദേഹത്തിലെ ഓരോ അണുവും അവനെ കാത്തിരിക്കുകയാണ്. അവന്റെ വിശ്വാസം വീണ്ടെടുക്കാന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചുകൊണ്ട് അവള്‍ കൌണ്‍സിലര്‍മാരെ പിന്നെയും പോയിക്കണ്ടു, വക്കീല്‍മാരോടു സംസാരിച്ചു, അവന്റെ സ്‌ക്കൂള്‍ ടീച്ചര്‍മാരെയും അവളുടെ കൂട്ടുകാരികളായ പഴയ അയല്‍പ്പക്കക്കാരികളേയും കണ്ടു, ജ്യോതിഷിയെ സമീപിച്ചു. അവന്റെ സ്‌നേഹം മടക്കിക്കിട്ടാന്‍ എന്തു ചെയ്യാനും അവളിലെ അമ്മ ഒരുക്കമായിരുന്നു. എങ്കിലും ഓരോരുത്തരുമായുള്ള ഓരോ കൂടിക്കാഴ്ചയ്ക്കും ശേഷം, മോന്റെ മുന്നിലും അയാളുടെ മുന്നിലും യാചനയുമായി പോകണ്ട എന്ന അവളുടെ തീരുമാനത്തിനു നല്ല കരുത്തുണ്ടായി. അനാവശ്യമായ ഇടത്ത് വിലപിടിപ്പുള്ള സ്‌നേഹം വിളമ്പരുതെന്ന് അവള്‍ തീരുമാനിച്ചു.

അപ്പോഴാണ് മണ്ണാങ്കട്ടിയുടെ വളരെ വളരെ അകന്ന ഒരു ബന്ധു അവള്‍ക്ക് ഒരു കല്യാണ ആലോചനയുമായി വന്നെത്തിയത്.

ഗള്‍ഫിലെ ജോലിക്കാരനായിരുന്നു പയ്യന്‍. വലിയ ആവശ്യങ്ങള്‍ ഇല്ല. പക്ഷെ, കല്യാണം കഴിച്ചാല്‍ മണ്ണാങ്കട്ടി അയാളുടെ വീട്ടില്‍ പാര്‍ക്കണം. അവിടെ വയസ്സായ അമ്മയും അച്ഛനും ഉണ്ട്. അവരെ നോക്കണം. അയാള്‍ക്ക് വര്‍ഷത്തില്‍ രണ്ട് മാസം ലീവ്കിട്ടും. അപ്പോഴേ വരാനൊക്കു.

അവള്‍ മണ്ണാങ്കട്ടിയ്ക്ക് വേണ്ടി അയാളുടെ വീടും ചുറ്റുപാടും ഒക്കെ പോയിക്കണ്ടു. മണ്ണാങ്കട്ടി എന്ന നന്മയെപ്പറ്റി അവരോടൊക്കെ ആവോളം പുകഴ്ത്തിപ്പറഞ്ഞു. അവളുടെ മകളാണ് മണ്ണാങ്കട്ടി എന്ന് പറഞ്ഞപ്പോള്‍ സത്യമായും അവരെല്ലാവരുടേയും കണ്ണു നിറഞ്ഞു. വരന്‍ ആ നിമിഷം കുനിഞ്ഞ് അവളുടെ കാല്‍ തൊട്ട് തൊഴുതു… എന്നിട്ട് ‘അമ്മ .. അമ്മ… ദൈവമാണമ്മ’ എന്ന് തൊണ്ടയിടറി.

അവളുടെയും കണ്ണുകള്‍ സജലങ്ങളായി.

അങ്ങനെ കല്യാണം തീരുമാനമാനിക്കപ്പെട്ടു. മണ്ണാങ്കട്ടിയ്ക്ക് നാലഞ്ചു നല്ല പട്ടുപുടവകളും മൂന്നാലു പാര്‍ട്ടി വെയര്‍ സല്‍വാര്‍ കമ്മീസുകളും ഒരു നീണ്ട മാലയും നെക്ലേസും അഞ്ചാറു വളകളും വരനുള്ള മോതിരവും കമ്മലും ജിമുക്കിയുമെല്ലാമവള്‍ വാങ്ങിക്കൊടുത്തു. താലിച്ചെയിനും മോതിരവും നല്ല ഘനമായി പണിതത് തന്നെയാണ് വരന്‍ മണ്ണാങ്കട്ടിയെ അണിയിച്ചത്.

കല്യാണം വന്നതിലും വധുവാകാന്‍ ഭാഗ്യമുണ്ടായതിലും ആരുടെയെങ്കിലും ആരെങ്കിലുമൊക്കെ ആവാനായതിലും മണ്ണാങ്കട്ടിയ്ക്ക് ആഹ്ലാദമുണ്ടായിരുന്നു. പക്ഷെ, അവളെ വിട്ടിട്ടു പോവുന്നതില്‍ പരമസങ്കടവുമായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് ചിരിക്കുകയും ചിരിച്ചുകൊണ്ട് കരയുകയും ചെയ്തു.

മണ്ണാങ്കട്ടിയ്ക്ക് നല്ല ജീവിതമുണ്ടാവാന്‍ പ്രാര്‍ഥിക്കുകയും വ്രതം നോല്‍ക്കുകയും ചെയ്ത് അമ്മയായി തന്നെ നിന്ന് അവള്‍ ആ അനാഥപ്പെണ്‍കുട്ടിയെ വരന്റെ കൈപിടിച്ച് ഏല്‍പ്പിച്ചു.

തിരികെ വീട്ടില്‍ വന്നപ്പോള്‍ ഇരുണ്ട് ഏകാന്തമായ ആ വാടക വീട് അവളെ കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ അന്നു മുതല്‍ ആ വീട്ടില്‍ തികച്ചും ഏകാകിനിയായി.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top