നോട്ടു നിരോധനം കൊണ്ട് കള്ളപ്പണമില്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്

imagesന്യൂഡല്‍ഹി: നോട്ടു നിരോധനം കൊണ്ട് കള്ളപ്പണമില്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ചയാണ് ഒ.പി.റാവത്ത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞത്. റാവത്ത് സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ഞായറാഴ്ച സ്ഥാനമേറ്റെടുത്തിരുന്നു.

നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് വേളകളില്‍ മുന്‍പത്തേക്കാള്‍ അധികമായി കള്ളപ്പണമാണ് ഞങ്ങള്‍ പിടിച്ചെടുത്തത്. ഇത് തെളിയിക്കുന്നത് നോട്ട് നിരോധനമടക്കമുള്ള നടപടികള്‍ കള്ളപ്പണം തടയാന്‍ ഒരു തരത്തിലും സഹായകരമായിട്ടില്ലെന്നാണ് എന്ന് റാവത്ത് വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ റെക്കോര്‍ഡ് തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. 200 കോടിയലധികം ഇതുവരെ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാത്തത് കൊണ്ടുതന്നെ വോട്ടിങ് മെഷീനുകള്‍ ഒരു തരത്തിലും ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. 99 ശതമാനം രാഷ്ട്രീയ പാര്‍ട്ടികളും ഇവിഎമ്മിനെ പിന്തുണക്കുന്നുണ്ട്. ആര്‍ക്കും പരിശോധനകള്‍ നടത്താന്‍ കമ്മീഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment