സവര്‍ണ്ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴങ്ങുകയാണ്; ശബരിമലയിലെ തന്ത്രിമാര്‍ക്ക് പമ്പയാറ്റില്‍ മുങ്ങിക്കിടക്കുന്ന കഴുതകളുടെ ചൈതന്യം പോലുമില്ല: മന്ത്രി സുധാകരന്‍

pinaryiആലപ്പുഴ: ശബരിമല തന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി ജി.സുധാകരനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന സുധാകരന്റെ പരാമര്‍ശമാണ് വേദിയിലിരുത്തി മുഖ്യമന്ത്രി തിരുത്തിയത്. തന്ത്രിമാര്‍ക്കെതിരല്ല സര്‍ക്കാരെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ 125 ആം വാര്‍ഷികത്തിന്റെ ഭാഗമായി ചേരമാന്‍ മഹാസഭ ആലപ്പുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജി.സുധാകരന്‍ തന്ത്രിമാരെ അധിക്ഷേപിച്ചത്.

സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്ക് വരാറില്ല. തന്ത്രിമാരും മനുഷ്യരാണ്. അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ട്. താത്പര്യക്കാരുടെ സ്വാധീനത്തില്‍ ചിലര്‍ വഴി തെറ്റി പോയേക്കാം. തന്ത്രിമാരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കില്ല. തന്ത്രിസമൂഹം മുഴുവന്‍ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയില്ല- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗ ശേഷം ഉടന്‍ പ്രസംഗിക്കാതെയാണ് ജി സുധാകരന്‍ സദസ്സ് വിട്ടത്.

തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ല. അമ്പലത്തെ സമര വേദിയാക്കാനാവില്ല. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണ് കേരളത്തിലെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

ശബരിമല പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് അയ്യപ്പനെ പൂജിക്കാനുള്ള ആത്മീയാംശമില്ല ധാര്‍മികമായി അധികാരമില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ആചാരപ്രകാരം നിങ്ങള്‍ക്ക് പൂജിക്കാം പക്ഷേ നാളെ അവിടെയും പട്ടികജാതിക്കാരെത്തും. വന്നേ പറ്റൂ. ഇവര്‍ (തന്ത്രിമാര്‍) ആന്ധ്രയില്‍ നിന്നും പത്തോ അഞ്ഞൂറോ വര്‍ഷം മുന്‍പ് വന്നവരാണ്… മലയാളികള്‍ പോലുമല്ല. ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും നമ്മളില്ല. നിങ്ങള്‍ തന്നെ നടത്തിക്കോ പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്.

തന്ത്രിക്ക് ഒരു പത്ത് പതിനെട്ട് അസിസ്റ്റന്‍ഡുമാര്‍ ഉണ്ട്. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ധര്‍ണ നടത്തിയത് ഈ ബ്രാഹ്മണ പൂജാരിമാരാണ്. അവിടുത്തെ ചുമടുതൊഴിലാളികള്‍ ഇതുവരെ സമരം നടത്തിയിട്ടില്ല. അത്രയേറെ ഭാരം ചുമന്ന് പമ്പയാറ്റില്‍ പോയി കിടക്കുന്ന കഴുതകള്‍ പോലും സമരം നടത്തിയിട്ടില്ല. സന്നിധാനത്ത് ധര്‍ണ നടത്തിയ പൂജാരിമാരേക്കാള്‍ ചൈതന്യമുണ്ട് ഈ പാവം കഴുതകള്‍ക്ക്. ഇതു പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് യാതൊരു ധാര്‍മികതയുമില്ല.

Print Friendly, PDF & Email

Related News

Leave a Comment