Flash News

20 കിലോ സ്വര്‍ണവുമായി 2 സ്ത്രീകള്‍ വിമാനത്താവളത്തില്‍ പിടിയില്‍

September 19, 2013 , സിന്ധു രാജീവ്

Cochi Airportകൊച്ചി: ദുബൈയില്‍ നിന്നും 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലാണ്  യുവതികള്‍ നെടുമ്പാശേരിയിലെത്തിയത്.

 

പര്‍ദക്കടിയില്‍ പ്രത്യേകം തയ്യാറാക്കിയ രണ്ട് ജാക്കറ്റുകളിലായി  പത്ത് കിലോവീതം വരുന്ന സ്വര്‍ണമാണ് യുവതികള്‍ ഒളിപ്പിച്ചുവെച്ചത്. ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കുമൊപ്പമായിരുന്നു യുവതികള്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയത്. സുരക്ഷാമേഖല കടന്ന് മുന്നോട്ടു നീങ്ങിയ യുവതികളെ  സംശയം തോന്നിയാണ് കസ്റ്റംസ് അധികൃതര്‍  പരിശോധനയ്ക്ക് വിധേയമാക്കിയത്.

 

സ്ത്രീകള്‍ വഴി സ്വര്‍ണം കടത്തുന്നതായി കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടയിലാണ് പര്‍ദയ്ക്കിടയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൃത്രിമ ഗര്‍ഭം ധരിച്ച് കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ചതിന്  യുവതിയെ കൊളംബോ വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനത്താവളത്തിലൂടെ എത്തുന്ന പുരുഷന്‍മാരെ കൂടാതെ സ്ത്രീകളെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

 

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 27.49 കിലോ സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് കൂടുതലായും സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടിയത്.  ടോര്‍ച്ച് ബാറ്ററിയുടെ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണബിസ്‌കറ്റ് കഷ്ണങ്ങളും കുഴലില്‍ ഒളിപ്പിച്ച 116 സ്വര്‍ണനാണയങ്ങളും ഷൂവില്‍ ഒളിപ്പിച്ച ബിസ്‌കറ്റുകളും പിടികൂടിയിരുന്നു.

 

എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്താതിരിക്കാനായി  ഈയം ഉരുക്കിയൊഴിച്ചു പെട്ടെന്ന് കണ്ടെത്താത്ത രീതിയിലാണ് ഇവ കടത്താന്‍ ശ്രമിക്കുന്നത്. സ്വര്‍ണത്തിന്റെ  ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെയാണ്  കള്ളക്കടത്ത് വീണ്ടും സജീവമായിത്തുടങ്ങിയത്. എന്നാല്‍ പിടിയിലായവരെല്ലാം കാരിയര്‍മാരാണെന്നാണ്   അധികൃതര്‍ പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top