മമ്മൂട്ടിയും മോഹന്‍ലാലും ഒരേ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവര്‍ തമ്മിലുള്ള അഭിനയ രസതന്ത്രം ആ ചിത്രത്തെ വിജയത്തിലേക്ക് നയിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ഒടിയന്’ അത്തരമൊരു രസതന്ത്ര മാഹാത്മ്യം എടുത്തു കാണിക്കുന്നതാണ്. ഒരു നാണയത്തിന്റെ ഇരുപുറമെന്ന പോലെ, കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇരുവരും. ഇവർ ഒന്നിക്കുമ്പോള്‍ മലയാളികൾക്ക് എന്നും അതൊരു ആഘോഷമാണ്. ‘ഒടിയനി’ല്‍ ഒരു ശബ്ദ സാന്നിദ്ധ്യമായി മമ്മൂട്ടി എത്തുന്നു എന്ന വാര്‍ത്ത ഇരു പക്ഷങ്ങളിലേയും ആരാധകര്‍ വലിയ ആവേശത്തിലാണ് വരവേറ്റത്.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടി വിദ്യ വശമുള്ള മാണിക്യന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഒടിയ’ന്റെ കഥയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്ന ശബ്ദമായാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി, മോഹലാലിന്റെ ഈ ക്രിസ്മസ് റിലീസില്‍ എത്തുന്നത്. ഞങ്ങളുടെ ഏട്ടന്/ഇക്ക എന്ന് ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെങ്കിലും അഭിനയത്തിനപ്പുറം ജീവിതത്തിലും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും. ‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.
പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്’ മുതൽ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ലും ‘നമ്പർ 20 മദ്രാസ് മെയിലി’ലും ‘നരസിംഹ’ത്തിലുമെല്ലാം ലാൽ കഥാപാത്രത്തിന്റെ ജീവിതത്തിലെ നിർണായകമായ സന്ദർഭങ്ങളിലാണ് മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ൽ സേതുവെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ജീവിതം പച്ചപിടിപ്പിക്കാൻ എത്തുന്ന ഗൾഫുകാരനാണ് മമ്മൂട്ടിയുടെ ബാലചന്ദ്രൻ എന്ന കഥാപാത്രം. ജീവിക്കാന്‍ വഴിയില്ലാതെ ഗൂര്‍ഖാ വേഷം കെട്ടേണ്ടി വരുന്ന സേതുവിനെ ചെയ്യാത്തെ കുറ്റത്തിന് നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴാണ് ബാലചന്ദ്രന്റെ നാടകീയമായ എന്‍ട്രി. അന്ന് കൈയയടിച്ചു തുടങ്ങിയതാണ് മലയാള സിനിമ… പിന്നീട് പല വട്ടം, പല തരത്തില്‍ അതാവര്‍ത്തിച്ചു.
‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലും ചെയ്യാത്ത കൊലപാതക കുറ്റത്തിന് പ്രതിയാവുന്ന മോഹൻലാൽ കഥാപാത്രം ടോണി കുരിശിങ്കലിന്റെ രക്ഷകനായാണ് മമ്മൂട്ടി എത്തിയത്. തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകവും അതിന്റെ പിറകിലെ സത്യം കണ്ടെത്തലുമൊക്കെയാണ് ജോഷി സംവിധാനം പറഞ്ഞ ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ മമ്മൂട്ടി എന്ന സിനിമാ താരമായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. മമ്മൂട്ടി എന്ന താരത്തെ കണ്ടു സന്തോഷിക്കുകയും കുറച്ചു വീമ്പു പറയുകയും ഒക്കെ ചെയ്യുന്ന കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍, നാട്ടിലെ കുറച്ചു പയ്യന്മാര് അബദ്ധത്തില്‍ ചെന്ന് പെട്ട ഒരു കേസില്‍ നിന്നും അവരെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഊരിയെടുക്കുന്ന ‘വല്യേട്ടന്’ആയി മമ്മൂട്ടിയും തകര്‍ത്തു.
മലയാളം കണ്ട എക്കാലത്തേയും വലിയ ഹിറ്റായ ‘നരസിംഹം’ പിന്നീട് ഈ കൂട്ടുകെട്ടില്‍ വന്ന എടുത്തു പറയാവുന്ന മറ്റൊരു ചിത്രം. ഇതിലും മോഹന്‍ലാല്‍ കഥാപാത്രത്തിനെ സഹായിക്കാനാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്ദുചൂഢന്റെ അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനാണ് അഡ്വക്കേറ്റായ നന്ദഗോപാൽ മാരാർ ആയി മമ്മൂട്ടി അവതരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം കൊണ്ട് തന്നെ ആരാധകരെ ത്രസിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടിയും കൂടി ചേര്‍ന്നപ്പോള്‍ അത് മലയാള സിനിമയില്‍ ചരിത്രം കുറിച്ച മുഹൂര്‍ത്തമായി.
ഈ മൂന്നു ചിത്രങ്ങളില്‍ ഒതുങ്ങുന്നവയല്ല മമ്മൂട്ടി-മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ചു മലയാള സിനിമയില്‍ തീര്‍ത്ത അഭിനയ മുഹൂര്‍ത്തങ്ങളുടെ കണക്കു. എങ്കിലും മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായ ‘ഒടിയനി’ല്‍ മമ്മൂട്ടിയ്കും ഒരു ചെറിയ പങ്കുണ്ട് എന്ന് ‘ഒടിയന്’ സംവിധായകന് ശ്രീകുമാര്‍ മേനോന് പറഞ്ഞപ്പോള്‍, എല്ലാ സിനിമാ പ്രേമികളുടേയും മനസ്സില്‍ ഈ രംഗങ്ങള്‍ മിന്നിമാഞ്ഞിട്ടുണ്ടാകും തീര്‍ച്ച. അത് കൊണ്ട് തന്നെ ‘ഒടിയന്’ കാത്തു വയ്ക്കുന്ന വിസ്മയങ്ങള്‍ക്കായി കാത്തിരിക്കാന്‍ മലയാളിയ്ക്ക് മറ്റൊരു കാരണം കൂടിയായി.
“നന്ദി മമ്മൂക്ക, ‘ഒടിയൻ’ എനിക്കും എന്റെ ടീമിനും ഒരു സ്വപ്നസാക്ഷാത്കാരമാണ്. ഇപ്പോൾ താങ്കളുടെ ഇടിമുഴക്കമാർന്ന ശബ്ദം കൂടിയായപ്പോൾ എന്റെ ‘ഒടിയൻ’ പൂർണ്ണമാകുന്നു,” എന്നാണ് ശ്രീകുമാർ മേനോൻ ട്വിറ്ററിൽ കുറിച്ചത്. മോഹൻലാലിന്റെ ആരാധകർക്കൊപ്പം തന്നെ മമ്മൂട്ടി ഫാൻസും ഈ വാർത്തയെ സന്തോഷപൂർവ്വമാണ് വരവേറ്റത്. മോഹൻലാൽ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ടുവരുന്ന ഭാഗ്യരാശി ‘ഒടിയനി’ലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news