വിശുദ്ധനാട്ടിലൂടെ എസ്.എം.സി.സി ഒരുക്കുന്ന എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം

SMCC_pic1മയാമി; രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യേശുക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ നേര്‍ക്കാഴ്ച ഓര്‍മ്മപ്പെടുത്തുന്ന, പലസ്തീനിയായിലും, ഇസ്രായേലിലും, ജോര്‍ദാനിലുമായി ദൈവപുത്രന്‍ നടത്തിയ അത്ഭുതങ്ങളുടേയും, അടയാളങ്ങളുടേയും ഇന്നും തുടിക്കുന്ന തിരുശേഷിപ്പുകളുടെ വഴിത്താരയിലൂടെ ഒരു പുണ്യതീര്‍ത്ഥാടനം.

ചിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയുടെ നേതൃത്വത്തില്‍ വലിയ നോമ്പ് ആചരണകാലത്ത്, വ്യക്തികളുടേയും കുടുംബങ്ങളുടേയും, നവീകരണത്തിനും ലോക സമാധാനത്തിനുമായി സമര്‍പ്പിച്ച് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2019 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ടാം തീയതി വരെ 12 ദിവസത്തെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം നടത്തുന്നു.

അനുതാപത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമായി തിരുസഭ അനുശാസിക്കുന്ന നോമ്പ് ദിനങ്ങളില്‍ വിശുദ്ധ നാട്ടിലൂടെയുള്ള ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം വഴി ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഐക്യവും, മത സമൂഹ അംഗങ്ങള്‍ക്കിടയില്‍ ഉരുത്തിരിയുന്ന സമഭാവനയുടേയും സാഹോദര്യത്തിന്റേയും ഇഴയടുപ്പങ്ങള്‍ കൂടുതല്‍ ദൃഢകരമാക്കാന്‍ കഴിയുമെന്നു ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം നയിക്കുന്ന രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി പ്രത്യാശിക്കുന്നു.

ആത്മനവീകരണത്തിനും, വിശ്വാസ സത്യങ്ങള്‍ നേരില്‍കണ്ട് മനംനിറയുന്നതിനുമായി നടത്തുന്ന ഈ പുണ്യതീര്‍ത്ഥാടനം ഏവര്‍ക്കും വലിയൊരു ആത്മനിര്‍വൃതിയും ദൈവാനുഭൂതിയും പ്രദാനം ചെയ്യുന്നതായിരിക്കുമെന്നു കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ വികാരിയും എസ്.എം.സി.സി ചാപ്ലെയിനുമായ ഫാ. തോമസ് കടുകപ്പള്ളി പറഞ്ഞു.

അമ്പത് നോമ്പിന്റെ അവസാന ആഴ്ചകളില്‍ നടത്തുന്ന ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തിന്റെ യാത്രാചെലവ്, ഭക്ഷണം, താമസം തുടങ്ങിയ എല്ലാ ചെലവുകളും ഉള്‍പ്പടെ ഒരാള്‍ത്ത് 2489 ഡോളറാണ് ചെലവുവരുന്നത്.

അമേരിക്കയിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന ട്രീയോ ട്രാവല്‍സ് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയാണ് എസ്.എം.സി.സിക്കുവേണ്ടി ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം ക്രമീകരിക്കുന്നതെന്നു എസ്.എം.സി.സി പ്രസിഡന്റ് മാത്യു പൂവനും, സെക്രട്ടറി ജിമ്മി ജോസും അറിയിച്ചു.

ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോളിന്‍ മാത്യു (925 678 0798) എന്ന നമ്പറിലോ, ടോള്‍ഫ്രീ നമ്പറായ 1- 844 483 0331 ലോ അല്ലെങ്കില്‍ info@triotravelsusa.com എന്ന ഈമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണെന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയ് കുറ്റിയാനി അറിയിച്ചു.

കൂടാതെ എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 12 മുതല്‍ 22 വരെ പത്തുദിവസത്തെ ആഫ്രിക്കന്‍ സഫാരി. കെനിയ – ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ പുതുമ നിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള ലിഷര്‍ ടൂറും നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment