ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019-ന്റെ ഭദ്രാസനതല കിക്ക്ഓഫ് ഡിസംബര്‍ എട്ടിനു ശനിയാഴ്ച ലോസ് ആഞ്ചലസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചു ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം തിരുമേനി നിര്‍വഹിക്കും.
ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാമിലി കോണ്‍ഫറന്‍സ് കിക്ക്ഓഫ് നടത്തണമെന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത ഇടവക വികാരിമാര്‍ക്ക് അയച്ച കല്പനയില് ആവശ്യപ്പെട്ടു.
മൂന്നുവര്‍ഷം കൂടുമ്പോള്‍ മാത്രം നടത്തുന്ന ഭദ്രാസന തല ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളും സംയുക്തമായി ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്ട്ടന് കണ്വന്ഷന് സെന്ററില്‍ നടക്കും. പ്രസ്തുത കോണ്‍ഫറന്‍സില്‍ ഭദ്രാസന മെത്രാപ്പോലീത്തകൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മഹനീയ സാന്നിധ്യം പ്രത്യേക അനുഗ്രഹമായിരിക്കും. സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ അപ്രേം തിരുമേനിയുടെ സജീവ നേതൃത്വത്തിലും ചിക്കാഗോയിലും സമീപ പ്രദേശങ്ങളിലെ ഇടവക വികാരിമാരുടേയും, ആദ്ധ്യാത്മിക സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം അറിയിച്ചു.
അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പ്രസിഡന്റും, ഫാ. ഡാനിയേല്‍ ജോര്‍ജ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഏബ്രഹാം വര്‍ക്കി എന്നിവര്‍ കണ്‍വീനേഴ്സും ആയും, ജിമ്മി പണിക്കര്‍ (സെക്രട്ടറി), കോശി ജോര്‍ജ് (ട്രഷറര്‍), സിബില്‍ ചാക്കോ (ജോയിന്റ് സെക്രട്ടറി), ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. ഫിലിപ്പ് ഏബ്രഹാം തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായി കോണ്‍ഫറന്‍സ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി ഭദ്രാസന പി.ആര്.ഒ എല്‍ദോ പീറ്റര്‍ ഔദ്യോഗികമായി അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news