Flash News

മുസ്ലിം പെണ്‍‌കുട്ടികള്‍ക്ക് ഹിജാബ് ധരിച്ചുകൊണ്ടു സ്കൂളില്‍ വരാം എന്ന് നിര്‍ദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

December 12, 2018 , .

imageമുസ്ലിം പെണ്‍‌കുട്ടികള്‍ ഹിജാബും ഫുള്‍ ഷര്‍ട്ടും മറ്റും ധരിച്ചുകൊണ്ട് സ്കൂളില്‍ വരുന്നത് വിലക്കിയതിനെതിരെ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമാണെന്ന കാരണത്താല്‍ ഹിജാബും സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിക്കാതിരുന്ന ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

ഹര്‍ജിക്കാര്‍ക്ക് തങ്ങളുടെ സ്വകാര്യ അവകാശങ്ങള്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസ്സില്‍ പങ്കെടുക്കാമോ എന്നത്‌ സ്‌കൂളിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ആ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും കോടതിക്ക് സ്‌കൂളിന് ഈ കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്‌ പറഞ്ഞു.

ഒരാള്‍ക്ക് അയാളുടെ ഇഷ്ടപ്രകാരം വസ്ത്രധാരണം നടത്താനുള്ള അവകാശമുണ്ടെന്നിരിക്കെ തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനും അവകാശമുണ്ട്. അതുകൊണ്ട് ഇത് രണ്ടും തമ്മിലുള്ള ഒരു ബാലന്‍സ് സൂക്ഷിക്കുന്ന ചുമതലയാണ് കോടതിക്കെന്നും ജസ്റ്റിസ് വിശദമാക്കി.

എല്ലാ വ്യക്തി ബന്ധങ്ങളിലും ഓരോ താത്പര്യങ്ങളുണ്ടാകും. ഈ താത്പര്യങ്ങള്‍ ഒന്നിച്ചു കൊണ്ടു പോകുന്നത് എങ്ങനെയെന്ന് നിയമപരമായി വ്യക്തമാക്കിയില്ലെങ്കില്‍ അതില്‍ കോടതിക്ക് ഇടപെടേണ്ടി വരും. അതുകൊണ്ട് കോടതിക്ക് അവ തമ്മിലുള്ള സന്തുലിത ഉറപ്പു വരുത്തുന്ന സാഹചര്യത്തില്‍ ചെറിയ താത്പര്യങ്ങളേക്കാള്‍ പൊതു താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. പൊതു താത്പര്യങ്ങള്‍ ഭൂരിപക്ഷ താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത് അതുപോലെ തന്നെ ചെറിയതാത്പര്യങ്ങള്‍ വ്യക്തികളുടെയും. പൊതു താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ചെറിയ താത്പര്യങ്ങള്‍ അവയക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും വ്യവസ്ഥകള്‍ തെറ്റുകയും ചെയ്യുന്ന അവസ്ഥ വരുകയും ചെയ്യും. ഈ കേസിലെ പൊതു താത്പര്യം എന്ന് പറയുന്നത് സ്ഥാപനം നടത്തുന്ന മാനെജ്‌മെന്റിന്റേതാണ്. സ്ഥാപന നടത്തിപ്പിനായി മൗലികാവകാശങ്ങളെ മാനെജ്‌മെന്റ് ഹനിക്കുകയാണെന്ന് പറയാന്‍ കഴിയില്ല. ഒരാളുടെ അവകാശം സംരക്ഷിക്കാനായി മറ്റൊരുകൂട്ടത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കണമെന്ന് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ വ്യാഖ്യാനിക്കാനാവില്ല.

സ്‌കൂളും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിന് വ്യക്തി താത്പര്യങ്ങള്‍ നിഷേധിച്ചു കൊണ്ടല്ല, മറിച്ച് പൊതുതാത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഹര്‍ജിക്കാര്‍ സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെടുകയാണെങ്കില്‍ കുറിപ്പുകളൊന്നുമില്ലാതെ മാനെജ്‌മെന്റ് നല്‍കണമെന്നും നിര്‍ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top