Flash News

ശുചിത്വത്തിന്റെ സന്ദേശവും കര്‍മപദ്ധതിയുമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ ‘അമലഭാരതം’

September 20, 2013 , ഷീജാ ശ്രീധരന്‍

Amala-Bharatam-Campaign-2

കൊല്ലം: ആശ്രമത്തിലെത്തുന്ന ഭക്തര്‍ക്ക് സ്ഥിരമായി നല്‍കിയിരുന്ന ദര്‍ശനത്തിന് മൂന്നുവര്‍ഷം മുമ്പ് ഒരു ദിവസം, മാതാ അമൃതാനന്ദമയീ ദേവി പതിവില്ലാതെ ഒരു മാറ്റം വരുത്തി. അന്ന്, മാനവികതയുടെ ആള്‍രൂപമായ അമ്മയെ കാണാനെത്തിയ ഒരു സംഘം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയായിരുന്നു പതിവുദര്‍ശനം അമ്മ മാറ്റിവച്ചത്. വിശ്വാസികളെ ആലിംഗനം ചെയ്ത് ആശ്വാസം പകര്‍ന്നിരുന്ന അമ്മ അന്ന് ആ കുട്ടികളുമായി കുറേസമയം ചെലവിട്ടു. ഇന്ത്യയുടെ പ്രകൃതിസൗന്ദര്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള രാജ്യവ്യാപകമായ പദ്ധതി ജനിച്ചത് ആ കൂടിക്കാഴ്ചയിലാണ്.

 

അടുത്തയാഴ്ച അമ്മയുടെ അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, അമലഭാരതം എന്നു പേരിട്ട ആ പ്രചരണ പരിപാടിക്ക് (അമലഭാരതം കാമ്പയിന്‍ എബിസി) മൂന്നുവയസ്സ് തികയുകയാണ്. അമ്മയുടെ 57ാം പിറന്നാള്‍ ആഘോഷിച്ച 2010 സെപ്റ്റംബര്‍ 27നായിരുന്നു അമലഭാരതത്തിന് തുടക്കമായത്. മാലിന്യം തരംതിരിച്ച് പുനചംക്രമണം നടത്തിയും നിര്‍മാര്‍ജനം ചെയ്തുമെല്ലാം പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാനും, വൃത്തിയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന സന്ദേശം പ്രചരിപ്പിക്കാനും രാജ്യവ്യാപകമായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഒന്നായി ഇന്നതു മാറിക്കഴിഞ്ഞു.

 

2010ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളെപ്പറ്റി അമൃതസര്‍വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ക്കായി അമ്മ നടത്തിയ പ്രഭാഷണമാണ് രാജ്യവ്യാപകമായ ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്ന്  മഠത്തിനു കീഴിലുള്ള അമൃത സര്‍വകലാശാലയിലെ എബിസി കോഓര്‍ഡിനേറ്ററായ ബ്രഹ്മചാരി സുദീപ് പറഞ്ഞു. മലിനീകരണത്തിന്റെ പേരില്‍ ഇന്ത്യയെ കണക്കറ്റു കളിയാക്കി ഒരു വിദേശി രചിച്ച പുസ്തകത്തെപ്പറ്റി അറിഞ്ഞ് അമ്മ വേദനിച്ച സമയമായിരുന്നു അത്. മഠത്തിനു കീഴിലുള്ള അനാഥാലയവുമായി ബന്ധപ്പെട്ട ചില പദ്ധതികളുമായി വന്ന വിദ്യാര്‍ഥികളോട്, കൊല്ലം ജില്ലയിലെ ചില നിര്‍ദിഷ്ടമേഖലകളിലേക്ക് ശുചീകരണത്തിനിറങ്ങാനാണ് അമ്മ നിര്‍ദേശിച്ചത്.

 

വൈകാതെ ആശ്രമത്തിനു സമീപമുള്ള കരുനാഗപ്പള്ളിയിലെ ചില മേഖലകളില്‍ ഈ വിദ്യാര്‍ഥികളേയും ആശ്രമവാസികളായി ചിലരേയും ചേര്‍ത്ത് മലിനീകരണവുമായി ബന്ധപ്പെട്ട ഒരു സര്‍വേ നടത്തി. അതിനുശേഷം, അത്തവണത്തെ സ്വാതന്ത്യദിനത്തില്‍ എഴുനൂറിലധികം വോളന്റിയര്‍മാര്‍ കയ്യുറകളും കാലുറകളും ധരിച്ച് ചാക്കുകളുമായി തെരുവിലേക്കിറങ്ങി. ഹൈവേയുടെ വശങ്ങളില്‍ കുന്നുകൂടിക്കിടന്ന ആറു ലോഡ് മാലിന്യമാണ് അന്ന് അവര്‍ നീക്കം ചെയ്തത്. ആശ്രമത്തിന്റെ മൈതാനത്തെത്തിച്ച ആ മാലിന്യം അവിടെ നിരത്തിയിട്ട് ഉണക്കിയതിനുശേഷം പുനചംക്രമണത്തിനായി വേര്‍തിരിച്ചെടുക്കുകയായിരുന്നു.

 

വൃത്തിയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും ‘ഡയപ്പറുകള്‍’ പോലെയാണെന്ന് അമ്മ പറയുന്നു. ഇന്ത്യയിലെ മലിനീകരണം രാജ്യാന്തരതലത്തിലുള്ള വിമര്‍ശനത്തിന് ഇനിയും കാരണമാകാന്‍ പാടില്ല. വീടുകളും പരിസ്ഥിതിയും പൊതുസ്ഥലങ്ങളും സംരക്ഷിക്കുന്നത് ഒരു വിശുദ്ധകര്‍മമായി നാം കാണണമെന്ന് അമ്മ കൂട്ടിച്ചേര്‍ക്കുന്നു.

Amala-Bharatam-Campaign

2010 ഓഗസ്റ്റ് 15ലെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ വിജയത്തിനുശേഷം ആശ്രമത്തിന്റെ മറ്റു ശാഖകളും അമൃത സര്‍വകലാശാലയും സമാനമായ ഉദ്യമങ്ങളുമായി രംഗത്തെത്തി. അങ്ങനെ ആ വര്‍ഷം സെപ്റ്റംബര്‍ 27ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അമലഭാരതം പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകുകയും ചെയ്തു.

 

ഒരു മാസത്തിനുശേഷം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനവ്യാപകമായി മാലിന്യം നീക്കം ചെയ്യല്‍ യജ്ഞത്തിന് മഠം തുടക്കമിട്ടു. എഴുപതോളം കേന്ദ്രങ്ങള്‍ കണ്ടെത്തി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് മാലിന്യനിര്‍മാര്‍ജനപരിപാടികള്‍ നടപ്പാക്കി. ദേശീയപാതയോരങ്ങളും ജംഗ്ഷനുകളും ബസ് സ്റ്റാന്‍ഡുകളും ചന്തകളും ആശുപത്രികളും കേന്ദ്രീകരിച്ചായിരുന്നു ഇത്.

 

അതിനുതുടര്‍ന്നാണ് ശബരിമലയിലേക്ക് ശുചീകരണപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. മലിനീകരണഭീഷണി ഏറെ നേരിടുന്ന  പമ്പയും ശബരിമലയും ഉള്‍പെടുന്ന തീര്‍ഥാടനസ്ഥലങ്ങള്‍ ശുചീകരിക്കാന്‍ 5000 വോളന്റിയര്‍മാരാണ് രംഗത്തിറങ്ങിയത്. 3000 പേര്‍ സന്നിധാനത്തും 2000 പേര്‍ പമ്പയിലും. ഇപ്പോള്‍ ഓരോ മണ്ഡലകാലത്തും ശബരിമലയും പമ്പയും ശുചീകരിക്കാനുള്ള ദൗത്യം മഠത്തിന്റെ വാര്‍ഷികപദ്ധതിയിലൊന്നായി മാറിക്കഴിഞ്ഞുവെന്ന് സുദീപ് പറഞ്ഞു.

 

2011 തുടക്കത്തില്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ യാത്രയിലൂടെ അമല ഭാരതം പ്രചാരണം കേരളത്തിനു പുറത്തേക്കു വ്യാപിപ്പിച്ചു. അമ്മയുടെ ഇന്ത്യയിലെ സഞ്ചാരത്തിനൊപ്പമുണ്ടാകാറുള്ള ആശ്രമത്തില്‍ താമസിക്കുന്ന വിദേശികളുള്‍പെടെയുള്ള രണ്ടു ഡസനോളം വരുന്ന അമല ഭാരതം വോളന്‍ിയര്‍മാര്‍ ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ശുചീകരണ യജ്ഞങ്ങളാണ് സംഘടിപ്പിച്ചത്.

Brahmachari-Sudeep

Brahmachari Sudeep

 

രാജ്യത്ത് അമ്മയുടെ ദര്‍ശനവും പ്രഭാഷണവും നടക്കുന്ന ഏതുഭാഗത്തും നേരത്തേയെത്തുന്ന ഈ വോളന്റിയര്‍മാര്‍ അവിടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. അവര്‍തന്നെ  മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഓരോന്നും അനുയോജ്യമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുകയോ പുനചംക്രമണം നടത്തുകയോ ചെയ്യും. കേരളത്തില്‍ പല ഭാഗങ്ങളിലും അമലഭാരതം പ്രചാരണം സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയുമായി കൈകോര്‍ത്തിട്ടുണ്ട്.

 

1990കളുടെ മധ്യത്തില്‍തന്നെ മഠം പൊതുസ്ഥലങ്ങളുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും അമലഭാരതം പ്രചാരണത്തോടെയാണ് ഇതിനൊരു വിശാലകാഴ്ചപ്പാടും കൃത്യമായ ദിശാബോധവുമുണ്ടായതെന്ന് ബ്രഹ്മചാരി സുദീപ് ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top