കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് വനിതകള്‍ ശബരിമലയിലേക്ക്; കൂടെ 500 പുരുഷന്മാരും; സുരക്ഷയൊരുക്കി സര്‍ക്കാര്‍

newsrupt_2018-12_089e6818-f470-424e-b31d-0dfedbd18348_sabarimala2കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് മനീതി സംഘടനയിലെ വനിതകള്‍ ശബരിമലയിലെത്തുന്നു. അഞ്ഞൂറോളം പുരുഷന്മാരും സംഘത്തിലുണ്ട്. വനിതാ സംഘത്തിന് ശബരിമലയില്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പുനല്‍കി സര്‍ക്കാര്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീസംഘടനയായ മനീതിയുടെ നേതൃത്വത്തിലാണ് മുപ്പത് യുവതികള്‍ ശബരിമലയിലെത്തുന്നത്. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരും കേരളത്തില്‍നിന്നുള്ള പത്തുപേരുമാണ് സംഘത്തിലുളളത്. ഡിസംബര്‍ 23നാണ് സംഘം ശബരിമലയിലെത്തുക.

കർണാടക, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ആൾ ഇന്ത്യ റാഡിക്കൽ വിമെൻ ഓർഗനൈസേഷനും (എ.ഐ.ആർ.ഡബ്ല്യു.ഒ) കേരളത്തിൽനിന്ന് ആദിവാസി സംഘടനകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പുരുഷന്മാരും സംഘത്തിലുണ്ടാകും.

രഹനാ ഫാത്തിമയോ തൃപ്തി ദേശായിയോ നടത്തിയ രീതിയിലുളള സന്ദര്‍ശനമല്ല ഉദ്ദേശിക്കുന്നത്. അവര്‍ക്ക് പിന്നിലുണ്ടായിരുന്ന സംഘ്പരിവാര്‍ ശക്തികളെക്കുറിച്ച് ബോധ്യമുണ്ട്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്നുള്ള ആഗ്രഹത്താലാണ് ശബരിമലയിലെത്തുന്നതെന്നും സുരക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചെന്നും മനീതി കമ്മറ്റി അംഗം സുശീല മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനീതി. ശബരിമല യുവതിപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നതുമുതല്‍ സംഘത്തിലെ ചിലര്‍ ശബരിമലയില്‍ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ സമയത്തെ സുരക്ഷാപ്രശ്‌നങ്ങളെത്തുടര്‍ന്ന് യാത്ര മാറ്റിവക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. ശനിയാഴ്ച ഇതിന് മറുപടി ലഭിച്ചെന്നും യാത്രക്ക് തയ്യാറെടുക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലും മുഖ്യമന്ത്രിയുടെ ഉറപ്പിലും വിശ്വാസമുണ്ടെന്നും മനീതി അംഗങ്ങള്‍ പറഞ്ഞു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകളും 23 ന് ശബരിമലയിലെത്തും. ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളെ പിന്തുണച്ച് നിരവധി പേരാണ് ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment