കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി

saseenതിരുവനന്തപുരം : ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും. 3861 ജീവനക്കാര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതോടെ ജോലി നഷ്ടമാവുന്നത്.

ജീവനക്കാരെ പിരിച്ചുവിടുന്നതിനുളള പട്ടികയും ഉത്തരവും നിശ്ചിത ഡിപ്പോകള്‍ക്ക് നല്‍കും. പിരിച്ചുവിടല്‍ ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. പത്ത് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകാത്ത 3861 താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് തന്നെ ഉത്തരവ് നല്‍കാന്‍ തീരുമാനമായത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുമ്പോള്‍ സ്ഥിരം നിയമനമുളളവര്‍ക്ക് ലീവ് നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് സര്‍വ്വീസുകളെ ബാധിക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് നിര്‍ദ്ദേശം. പിഎസ്.സി അഡ്വൈസ് നല്‍കിയ 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും കെ.എസ്.ആര്‍.ടി.സി ആരംഭിക്കും.

അതേ സമയം താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവീഴ്ത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധിയെ ധിക്കരിക്കാനോ വിമര്‍ശിക്കാനോ തയ്യാറാകുന്നില്ല. വിധിക്കെതിരെയുളള നിയമനടപടികള്‍ ആലോചിച്ച് വരുന്നതേയുളളു. വിധി അനുസരിച്ച് കൊണ്ടുളള നിലപാട് സ്വീകരിക്കുന്ന നടപടിക്രമങ്ങളായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

ആശങ്ക വേണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി

newsrupt_2018-12_cd3d4bda-d170-49c4-97df-394cd89684c6_md_ksrtcഎം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. ആദ്യം ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കും. അതിനൊപ്പം തന്നെ കോടതി വിധിക്കെതിരെ നിയമപരമായി നീങ്ങുകയും ചെയ്യും. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികള്‍ കോടതിയെ അറിയിക്കും.

പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ആശങ്ക വേണ്ട. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഇന്നലത്തെ ഡേറ്റില്‍ 93 യൂണിറ്റുകളിലുളള എം പാനലുകാര്‍ക്ക് നോട്ടീസ് നല്‍കി. ഇപ്പോഴുളളത് താത്കാലിക പിന്മാറ്റം മാത്രമാണ്. സര്‍ക്കാര്‍ പോസിറ്റീവായ നിര്‍ദേശമാണ് നല്‍കിയത്. സമാനമായ കേസുകളില്‍ മറ്റൊരു വിധിയാണ് ഉണ്ടായതെന്ന് അടക്കം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ ലോങ്മാര്‍ച്ചിന് ഒരുങ്ങുന്നതായി സൂചനകളുണ്ട്. ഇന്ന് ഇവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയതായും ഇവര്‍ക്ക് നോട്ടീസ് കൊടുത്തെന്നും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതി ചേര്‍ന്നയുടന്‍ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ ഇതുവരെ നടപ്പാക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇന്ന് വൈകുന്നേരത്തിനകം ഒരു താത്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഉണ്ടാകരുതെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവ് നടപ്പാക്കിയ ശേഷം കെഎസ്ആര്‍ടിസി എംഡി നാളെ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനും പകരം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനും ഹൈക്കോടതി 2018 ഡിസംബര്‍ ആദ്യം ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുളളില്‍ പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉളളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

വിധി നടപ്പാക്കാന്‍ രണ്ട് മാസത്തെ സമയം കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് മിനിറ്റ് സമയം പോലും നീട്ടി നല്‍കില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് ചെയ്തുതരില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment