മഹാപ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുന്നേ തന്നെ കേരളത്തിനെ കാത്തിരിക്കുന്നത് കൊടുംവരളര്ച്ചയെന്ന് റിപ്പോര്‍ട്ട്. ശാന്തസമുദ്രത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള എല്‍ നിനോ എന്ന പ്രതിഭാസമാണ് കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളെ വറുതിയിലാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഏജന്‍സിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്.
2019 ഫെബ്രുവരി മാസം മുതല്‍ ഈ പ്രതിഭാസം ആരംഭിക്കുമെന്നും ചില സ്ഥലങ്ങളില്‍ കടുത്ത വരളര്ച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍ നിനോ എന്ന് പറയുന്നത്.
ഇപ്പോഴത്തെ മഴക്കുറവിനും ചൂടിനും എല്‍ നിനോയുമായി ബന്ധമില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ എല്‍ നിനോ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. അതായത് വടക്കുകിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴയ്ക്ക് എല്‍ നിനോ വെല്ലുവിളിയായേക്കും. ഇതാകട്ടെ ഇപ്പോള്‍ തന്നെ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ഇതിന് 70 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
വന്‍ നാശനഷ്ടം വിതച്ച പ്രളയത്തിന് ശേഷം കൊടുംവരളര്ച്ചയിലേക്കാണ് സംസ്ഥാനം പോയി കൊണ്ടിരിക്കുന്നത് എന്ന സൂചനകള്‍ നല്കി മണ്ണിരകളും ഇരുതല മൂരികളും ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ ശാസ്ത്രലോകം ആശങ്കപ്പെട്ടിരുന്നു. ഈ ആശങ്ക ശരിയാണെന്ന് തന്നെയാണ് എല്‍ നിനോ എന്ന പ്രതിഭാസം ഉണ്ടാകുമെന്ന പ്രവചനത്തിലൂടെ ലോക കാലാവസ്ഥപഠന കേന്ദ്രവും പറയുന്നത്.
ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍ നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേ സമയം ഗള്‍ഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ടിച്ചിരുന്നു. മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് എല്‍ നിനോ പ്രതിഭാസം വര്‍ധിക്കുന്നതിനു കാരണമായതെന്നാണ് പൊതുവില്‍ ശാസ്ത്രലോകം വിലയിരുത്തുന്നത്. ഉത്തരേന്ത്യയില്‍ കടുത്ത ചൂടു കാറ്റിനും ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും വരള്‍ച്ചയ്ക്കും എല്‍ നിനോ കാരണമായേക്കാം എന്നുമാണ് മുന്നറിയിപ്പ്.
അതേസമയം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതിന് നേര്‍വിപരീതമായ പ്രശ്നമാണ് എല്‍ നിനോ ഉണ്ടാക്കുന്നത്. വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും കനത്ത മഴയാണ് എല്‍ നിനോ സൃഷ്ടിക്കുക. വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടങ്ങളാണ് ഈ മേഖലയിലുണ്ടാകുക. വടക്കേ അമേരിക്കയില്‍ ശക്തമായ കാറ്റിനും എല്‍ നിനോ കാരണമാകാറുണ്ട്. യൂറോപ്പില്‍ കനത്ത ചൂടിനും എല്‍ നിനോ കാരണമാകാറുണ്ട്.
മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍ നിനോ രൂപപ്പെടുക. യൂറോപ്പ് ഭൂഖണ്ഡത്തോളം വലിപ്പമുള്ള പസഫിക് സമുദ്രഭാഗത്തുണ്ടാകുന്ന എല്‍ നിനോ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥയെ ആകെ തകിടം മറിക്കാനാകും. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റമാണ് എല്‍ നിനോ പ്രതിഭാസത്തിനു കാരണമാകുന്നത്. സാധാരണനിലയില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി കിഴക്കു നിന്നും പടിഞ്ഞാറേക്കാണ് കാറ്റു വീശുക. എന്നാല്‍ എല്‍ നിനോ സമയത്ത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ ദുര്‍ബലമാകും.
പകരം എതിര്‍ദിശയിലേക്ക് കാറ്റു വീശും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. ഇതോടെ പ്രദേശത്തെ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും. എല്‍ നിനോയുടെ ദൂഷ്യഫലം ആദ്യം അനുഭവിക്കേണ്ടി വരിക അതുകൊണ്ടുതന്നെ പെറുവിലെ മുക്കുവര്‍ക്കാണ്.
ക്രിസ്മസ് കാലത്തെത്തുന്ന ഈ പ്രതിഭാസത്തിന് ‘ഉണ്ണിയേശു’ എന്നര്‍ഥം വരുന്ന എല്‍ നിനോ എന്നു പേരിട്ടതും അവര്‍ തന്നെയാണ്. ഏറ്റവും ശക്തമായ എല്‍ നിനോകള് രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. രേഖപ്പെടുത്തിയതില്‍വച്ച് വിനാശകാരിയായ എല്‍ നിനോ എന്നറിയപ്പെടുന്നത് 1997-98 കാലഘട്ടത്തിലാണ്. ഇതിനേക്കാള്‍ രൂക്ഷമായിരിക്കും വരാനിരിക്കുന്ന എല്‍ നിനോയെന്നാണ് കരുതപ്പെടുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news