Flash News

തോല്‍‌വിയുടെ രുചിയറിഞ്ഞ് ഇന്ത്യ; തീ പാറുന്ന പിച്ചീല്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിംഗിനു മുന്നില്‍ അടി പതറി

December 18, 2018

PERTHആരാധകരെ നിരാശയിലാഴ്ത്തി തോല്‍‌വിയുടെ രുചിയറിഞ്ഞ് ഇന്ത്യ. തീ പാറുന്ന പിച്ചീല്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിംഗിനു മുന്നില്‍ അടി പതറി ആദ്യ സെഷനില്‍ തന്നെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഓസീസ് ബൗളര്‍മാര്‍ 140 റണ്‍സിന് ചുരുട്ടിക്കെട്ടി. അഞ്ചിന് 112 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റെടുത്ത ഇന്ത്യയ്ക്ക് വെറും 28 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 30 റണ്‍സ് വീതമെടുത്ത അജിങ്ക്യ രഹാനെയും ഋഷഭ് പന്തും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇതോടെ 146 റണ്‍സിന്റെ ആധികാരിക ജയം ഓസീസ് സ്വന്തമാക്കി.

ഹനുമ വിഹാരി (28), മുരളി വിജയ് (20), ക്യാപ്റ്റന്‍ വിരാട് കോലി (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്നു പേര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി.

മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 11 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.

ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. വിഹാരിയുടെ വിക്കറ്റാണ് ചൊവ്വാഴ്ച ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വിഹാരിയെ സ്റ്റാര്‍ക്ക് ഹാരിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൈകാതെ ഋഷഭ് പന്ത് നഥാന്‍ ലിയോണിന് കീഴടങ്ങി. ഉമേഷ് യാദവിനെ സ്റ്റാര്‍ക്കും പുറത്താക്കി. പിന്നാലെ കമ്മിന്‍സ് ഒരേ ഓവറില്‍ ഇഷാന്തിനെയും ബുംറയേയും പുറത്താക്കിയതോടെ ഇന്ത്യന്‍ പതനം പൂര്‍ത്തിയായി.

ഇന്ത്യയ്ക്ക് രണ്ട് വാലുണ്ടെന്ന് തോന്നുന്നു. ഒന്നു തുടക്കത്തിലും മറ്റൊന്ന് ഒടുക്കത്തിലും. തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ഓപ്പണിങ് നിര പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ മുരളി വിജയ് ആണ് സംപൂജ്യനായി മടങ്ങിയതെങ്കില്‍ ഇത്തവണ ലോകേഷ് രാഹുലിനായിരുന്നു ആ നിയോഗം. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ രാഹുലിന്റെ കുറ്റി തെറിച്ചു. നാലാം ഓവറില്‍ ചേതേശ്വര്‍ പുജാരയെ (4) ടിം പെയ്‌നിന്റെ കൈകളിലെത്തിച്ച് ഹേസല്‍വുഡ് ഇന്ത്യയ്ക്ക് വീണ്ടും പരിക്കേല്‍പ്പിച്ചു.

വിരാട് കോലിയെ പുറത്താക്കുന്നത് ഒരു കലയാണെങ്കില്‍ അതിലെ പിക്കാസോയാണ് നഥാന്‍ ലിയോണ്‍. മൂന്നാം വിക്കറ്റില്‍ മുരളി വിജയും (20) വിരാട് കോലിയും (17) ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ലിയോണിനുമുന്നില്‍ കോലിക്ക് വീണ്ടും അടിതെറ്റി. ഒന്നാം സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയാണ് കോലിയുടെ ക്യാച്ചെടുത്തത്. ടെസ്റ്റില്‍ ഏഴാം തവണയാണ് ലയണിനുമുന്നില്‍ കോലിക്ക് അടിതെറ്റുന്നത്. കോലിയെ ഏറ്റവും കൂടുതല്‍ പുറത്താക്കിയതും മറ്റാരുമല്ല. സ്‌കോര്‍ ബോര്‍ഡില്‍ ഏഴുറണ്‍സ് കൂടി വന്നതോടെ വിജയ്യെ ഹേസല്‍വുഡ് പെയ്‌നിന്റെ കൈകളിലെത്തിച്ചു.

പ്രതിരോധമല്ല ആക്രമണമാണ് നല്ലത് എന്നായിരുന്നു രഹാനെയുടെ മനസ്സില്‍. വന്നയുടനെതന്നെ രഹാനെ അത് നടപ്പാക്കുകയും ചെയ്തു. 47 പന്ത് നേരിട്ട രഹാനെ 30 റണ്‍സെടുത്തു. ഇതില്‍ രണ്ട് ഫോറും ഒരു സിക്‌സും പിറന്നു. ഓസീസ് ബൗളര്‍മാരെ പ്രയാസംകൂടാതെ നേരിട്ട രഹാനെയെ ഹേസല്‍വുഡിന്റെ പന്തില്‍ ട്രാവിസ് ഹെഡ് ഗള്ളിയില്‍ പിടികൂടി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 98 റണ്‍സ് മാത്രം.

ആറു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യം കുറച്ചത്. തിങ്കളാഴ്ച വിക്കറ്റില്ലാത്ത ആദ്യ സെഷന് ശേഷം ഷമി ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നാശം വിതച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 4ന് 190 റണ്‍സെന്ന ശക്തമായ നിലയില്‍നിന്ന് 243 റണ്‍സില്‍ ഓസീസിനെ ചുരുട്ടിക്കെട്ടാന്‍ ബൗളര്‍മാര്‍ക്കായി. ഇതില്‍ ഷമിയുടെ മാത്രം സംഭാവന 4 വിക്കറ്റ്. വിട്ടുകൊടുത്തത് 26 റണ്‍സ് മാത്രം. ഷമിയുടെ പേസിനും ബൗണ്‍സിനും മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുത്ത ഷമി ഈ വര്‍ഷം ഇന്ത്യയ്ക്കു പുറത്തു നടന്ന ടെസ്റ്റുകളില്‍ നേടിയത് 42 വിക്കറ്റുകള്‍. ഒരു വര്‍ഷം 41 വിക്കറ്റെടുത്ത അനില്‍ കുംബ്ലെയുടെ റെക്കോഡും ഷമി മറികടന്നു.

നേരത്തെ ഓസീസിന്റെ 326 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. ഓസീസിനായി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ പെര്‍ത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ലിയോണിന്റെ പ്രകടനം.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു മൂന്നാം ദിനത്തിലെ പ്രത്യേകത. 81ാം ഓവറിലെ രണ്ടാം പന്തില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് കോലി തന്റെ 25ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയ വിരാട് കോലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. 257 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 123 റണ്‍സെടുത്ത കോലിയെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് പിടികൂടുകയായിരുന്നു. പന്ത് നിലത്ത് മുട്ടിയെന്ന സംശയത്തെ തുടര്‍ന്ന് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടുകയായിരുന്നു.

ഈ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും കോലിക്ക് കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരേ കോലി നേടുന്ന ഏഴാമത്തെ സെഞ്ചുറിയാണ് പെര്‍ത്തിലേത്. 216 പന്തുകളില്‍ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കോലി രണ്ടാമതെത്തി. 127ാം ഇന്നിങ്‌സിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. വെറും 68 ഇന്നിങ്‌സുകളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top