Flash News

നവോത്ഥാനവും വനിതാ മതിലും കേരളത്തെ എങ്ങോട്ട് നയിക്കും?: മൊയ്തീന്‍ പുത്തന്‍‌ചിറ

December 21, 2018

vanitha-mathil-3ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നിന് കേരളത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വനിതാ മതില്‍ ആശയം രൂപപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും, ഈ മതില്‍ കേരളത്തില്‍ വീണ്ടുമൊരു വിഭാഗീയത സൃഷ്ടിക്കാനിടവരില്ലേ? ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയ ശക്തികളാണ് വ്യാജ പ്രചരണങ്ങളുമായി തെരുവുകളെ അക്രമ കേന്ദ്രങ്ങളാക്കിയത്. ഈ സാഹചര്യത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ക്കായി പൊരുതിയ ഹിന്ദു സംഘടനകളുടെ വര്‍ത്തമാനകാല നേതാക്കളുടെ ഒരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്ന നാടിന്റെ താത്പര്യമാണ് അവിടെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നുവത്രേ വനിതാ മതിലെന്നത്. അപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കും വേണ്ടേ നവോത്ഥാനം? അവരിലുമില്ലേ വിഭാഗീയത?

കേരളത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന പാഠം നവോത്ഥാനം എന്നത് ഏറിയും കുറഞ്ഞും എല്ലാ ജനവിഭാഗങ്ങളെയും ആധുനികവത്കരിക്കാന്‍ നടത്തിയ മുന്നേറ്റമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യന്‍കാളി, വി.ടി. ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, സനാഹുള്ള മക്തി തങ്ങള്‍, പോയ്കയില്‍ യോഹന്നാന്‍ എന്നിവര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ വേര്‍തിരിച്ചല്ല നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. അവിടെ ലിംഗ സമത്വമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് പുതുവത്സര ദിനത്തില്‍ ഉയരാന്‍ പോകുന്ന വനിതാ മതില്‍ യഥാര്‍ത്ഥത്തില്‍ കേരളത്തെ ഒരു മുഴു മതഭ്രാന്താലയമാക്കുമെന്നുറപ്പാണ്.

ഹിന്ദു മതവിഭാഗങ്ങള്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ടവരിലാണ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച ജാതി വ്യവസ്ഥ നിലനിന്നിരുന്നത്. ആധുനിക മനുഷ്യനായി മാറണമെങ്കില്‍ ആ വ്യവസ്ഥ തിരുത്തേണ്ടത് അനിവാര്യമായിരുന്നു. ആധുനിക മനുഷ്യനെ സൃഷ്ടിക്കാനുള്ള നവോത്ഥാനം അതുകൊണ്ട് തന്നെ ജാതീയതയ്‌ക്കെതിരായുള്ള സമരമായിട്ടാണ് വികസിച്ചത്. ജാതി വ്യവസ്ഥ മറ്റു മത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഒന്നല്ല എന്നതിനാല്‍ അത്തരത്തിലുള്ള സമരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുമില്ല. നവോത്ഥാനത്തിലെ ആദ്യ നായകര്‍ തൊട്ട് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ഊന്നിയത് ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു. അതിന്റെ ഭാഗമായിരുന്ന മുദ്രാവാക്യങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നതും.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ മതപരമായ യോജിപ്പിന്റെ തലങ്ങളും ഇതോടൊപ്പം വികസിപ്പിച്ചിരുന്നു. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം തന്നെ ഇതിനുദാഹരണമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്ന് സമ്മേളന കവാടത്തില്‍ തന്നെ ശ്രീനാരയണ ഗുരു എഴുതിവച്ചിരുന്നു. ‘പല മത സാരമേകം’ എന്ന കാഴ്ചപ്പാട് തന്നെ ശ്രീനാരായണ ഗുരു അവിടെ അവതരിപ്പിക്കുകയും ചെയ്തു. നവോത്ഥാനം ജാതീയതയ്‌ക്കെതിരെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ചുകൊണ്ടാണ് ഇടപെട്ടത് എന്നര്‍ത്ഥം.

വനിതാ മതില്‍ എന്ന ആശയം കൊണ്ടുവന്നപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും പൊന്തിവന്നിരുന്നു. അതില്‍ പ്രധാനമായത് ജനുവരി ഒന്നിനു തന്നെ എന്തുകൊണ്ട് വനിതാ മതില്‍ തീര്‍ക്കണം എന്നതായിരുന്നു. തുടര്‍ന്ന് ആര്‍ക്കൊക്കെ അതില്‍ പങ്കെടുക്കാം, അതിന്റെ ചിലവുകള്‍ ആര് വഹിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളില്‍ പ്രധാനമായത് ചിലവിന്റെ കാര്യമായിരുന്നു. സര്‍ക്കാരിന്റെ ഒരു പൈസ പോലും ചിലവാക്കില്ല എന്നും സ്പോണ്‍സര്‍മാരുടെ ചിലവിലായിരിക്കുമെന്നും വനിതാ മതില്‍ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്. പക്ഷെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് വിഴുങ്ങി മറ്റൊരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. സ്ത്രീ സുരക്ഷിത്വത്തിന് വേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ 50 കോടി രൂപ മതിലിന് വേണ്ടി മുടക്കുമെന്നാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ ‘സത്യവാങ്മൂലം’ എന്നാല്‍ എന്താണെന്നറിയാത്തവരാണോ മന്ത്രിസഭയിലുള്ളത്? കോടതികളില്‍ നിത്യവും സത്യവാങ്മൂലം മാറ്റിപ്പറയുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും?

ഇനി 50 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ കൂടി അത് സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടിയാണെന്നും, സര്‍ക്കാര്‍ ഖജനാവിലെ പണമാണെന്നും ആ പണം നികുതിദായകരുടേതാണെന്നും അറിവില്ലാഞ്ഞിട്ടാണോ? സ്ത്രീ സുരക്ഷയ്ക്കെന്ന വകുപ്പില്‍ ഒരു വേറെ ഫണ്ട് ഖജനാവില്‍ ഉണ്ടാവാന്‍ വഴിയില്ല. എന്തുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നിയമസഭയില്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്? സത്യം പറഞ്ഞാല്‍ എന്താണ് കുഴപ്പം? ഏതെങ്കിലും വകുപ്പിനു വേണ്ടി ബജറ്റില്‍ തുക മാറ്റി വെച്ചാല്‍ ആ തുക നിശ്ചിത കാലയളവില്‍ തന്നെ ചെലവാക്കണമെന്നാണ് നിയമം. ഓഖി ദുരന്ത നിവാരണത്തിന് കേന്ദ്രം അനുവദിച്ച തുക ഇതുവരെ ചെലവാക്കാത്തതുകൊണ്ട് (ഏകദേശം 160 കോടിയോളം) ആ പണം കഴിച്ച് ബാക്കി മാത്രമേ പ്രളയദുരന്ത നിവാരണത്തിന് നല്‍കിയുള്ളൂ എന്നതും ഇവിടെ പ്രസക്തമാണ്. ഇപ്പോള്‍ സ്ത്രീ സുരക്ഷാ ക്രമീകരണത്തിനായി മാറ്റിവെച്ച 50 കോടി രൂപ ഇതുവരെ ചിലവാക്കാത്തതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം വിനിയോഗിക്കേണ്ടതാണത്രെ. സാമ്പത്തിക വര്‍ഷം അവസാനിക്കുക 2019 മാര്‍ച്ച് 31 ആണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. എന്നാല്‍ അത് ഡിസമ്പര്‍ 31 ന് തീരുമെന്നത് സര്‍ക്കാര്‍ പറയുമ്പോഴാണ് നികുതിദായകര്‍ മനസ്സിലാക്കുക. അമ്പമ്പോ ഫണ്ട് ചെലവാക്കുന്നതില്‍ എന്തോരു നിഷ്‌ക്കര്‍ഷ!

മഹാപ്രളയം വന്ന് കേരളത്തിന്റെ ഒരു ഭാഗം തകര്‍ന്നു തരിപ്പണമാകുകയും ആ മഹാദുരന്തത്തില്‍ കരകയറാനാവാതെ പതിനായിരങ്ങള്‍ ഒരു കൈ സഹായത്തിന്നായി സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണകള്‍ നിരങ്ങുമ്പോഴാണ് ഈ വഴിമാറി ചെലവാക്കല്‍. കിടപ്പാടം നഷ്ടപ്പെട്ട് അന്യന്റെ വരാന്തകളിലും സര്‍ക്കാര്‍ ഓഫീസുകളുടേയും സ്‌ക്കൂളുകളുടെയും എന്തിന് ആതുരാലയങ്ങളുടെയും മട്ടുപ്പാവുകളില്‍ കടലാസും ചാക്കും മറച്ചു അന്തിയുറങ്ങുന്ന എണ്ണമറ്റ കുടംബങ്ങളുടെ കഥ മാസങ്ങളായി മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അതൊന്നും കാണാറില്ലേ? കണ്ണീരും കൈയുമായി കഴിയുന്ന ആ പാവങ്ങളില്‍ പാവങ്ങളായ ആ കുടുംബങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കാന്‍ ഈ തുക വിനിയോഗിച്ചിരുന്നുവെങ്കില്‍ ഇടത് സര്‍ക്കാറിന് ഒരു പുണ്യമാവുമായിരുന്നു. പുണ്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും ഭരണ പക്ഷത്തുണ്ടല്ലൊ. ആരും തുണയില്ലാതെ ആയിരക്കണക്കിന് സഹോദരിമാരും അമ്മമാരും ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വഴികാണാതെ നരകിക്കുമ്പോഴാണ് പലരും ചികഞ്ഞു നോക്കി രാഷ്ട്രീയ മതിലെന്നും വര്‍ഗീയമതിലെന്നുമൊക്കെ ആക്ഷേപമുയരുന്ന ഈ സംരംഭത്തിന് സര്‍ക്കാര്‍ അമ്പത് കോടി മുടക്കി പെടാപ്പാട് നടത്തുന്നത്.

എത്ര ഉപദേശകരാണ് മുഖ്യമന്ത്രിക്കുള്ളത്? അവര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ ഉപദേശിക്കാമായിരുന്നല്ലോ. അല്ലെങ്കില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടല്ലോ. അദ്ദേഹത്തിനെങ്കിലും ഈ സര്‍ക്കാരിന് നേര്‍‌വഴി കാണിച്ചുകൊടുക്കാമായിരുന്നല്ലോ. സ്ത്രീ സുരക്ഷയ്ക്കായുള്ള ഫണ്ട് വകമാറ്റുന്നത് ശരിയോ എന്ന് ചോദിക്കാമായിരുന്നല്ലൊ. അതോ ഈ വകമാറ്റി ചിലവഴിക്കലും ഒരു തരത്തില്‍ ഭരണപരിഷ്‌ക്കാരത്തിന്റെ ഭാഗമാവുമോ?

അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ പ്രവാസികള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ടുകള്‍ ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചിരുന്നവര്‍ പിന്നീട് അത് മാറ്റി പ്രാദേശിക സഹായങ്ങള്‍ക്കായി നല്‍കുന്ന വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക സംഘടനകള്‍ വഴിയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ചര്‍ച്ചുകള്‍, വിവിധ മത സംഘടനകള്‍ എല്ലാം ഇങ്ങനെയുള്ള ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുമെന്ന ചിന്തയാണ് അതിനു കാരണം. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നര്‍ത്ഥം. ആ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു പോം‌വഴി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top