മുംബൈ നഗരത്തെ വെല്ലുന്ന അധോലോക സംഘം കൊച്ചിയിലുണ്ടെന്ന നിഗമനത്തില്‍ പോലീസ്

kochiഅധോലോക രാജാക്കന്മാരുടെ വിഹാരഭൂമിയായ മുംബൈ നഗരത്തെ വെല്ലുന്ന അധോലോക സംഘം കൊച്ചിയില്‍ പിടിമുറുക്കിയിട്ടുണ്ടെന്ന പോലീസിന്റെ സംശയം ബലപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എണ്‍പതുകളില്‍ ഗുണ്ടകളുടെയും അധോലോക സംഘങ്ങളുടെയും വിഹാരകേന്ദ്രമായിരുന്ന കൊച്ചി കാലക്രമേണ പുതിയ നാടായി മാറുന്ന കാഴ്ച്ചകളാണ് സമ്മാനിച്ചത്. വികസനകുതിപ്പുകളും ഐടി വികസനവും ആയതോടെ ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഇല്ലാത്ത അവസ്ഥയിലായിരുന്നു കൊച്ചി. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും ഇത്തരത്തിലുളള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുകയാണ്. ആയുധങ്ങളുടെയും ലഹരിമരുന്നുകളുടെയും അകമ്പടിയോടെയാണ് അധോലോകസംഘങ്ങള്‍ കൊച്ചിയില്‍ പിടിമുറുക്കുന്നത്. അടുത്ത കാലത്തായി കൊച്ചിയില്‍ നടന്ന ചില സംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഏറ്റവും ഒടുവിലത്തെ സംഭവമുണ്ടായത് സിനിമാ നടിയുടെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെപ്പാണ്. കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ പട്ടാപ്പകലാണ് നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് തോക്കുകളുമായെത്തി അക്രമികള്‍ തുരുതുരാ വെടി വെച്ച് നാടിനെ നടുക്കിയത്. അക്രമത്തിന് പിന്നില്‍ മുംബൈ അധോലോക നേതാവ് രവി പൂജാരയാണെന്ന തരത്തില്‍ പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലീന മരിയ പോളിനോട് 25 കോടി രൂപ നിരന്തരം ആവശ്യപ്പെട്ട് പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍ കോളുകള്‍. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയാറായില്ല. പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്ന് കരുതുന്നു. വെടിവയ്പിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു കടലാസ് സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടി ലീനയ്ക്ക് മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മാസവും കൊച്ചിയില്‍ സമാനമായ സാഹചര്യത്തില്‍ വെടിവെപ്പ് നടന്നിരുന്നു. കൊച്ചി അന്താരാഷ്ട്ര സ്്‌റ്റേഡിയത്തില്‍ ഐ എസ് എല്‍ ഫുട്‌ബോള്‍ മല്‍സരത്തിന് ശേഷം സുരക്ഷാ ഗാര്‍ഡുകള്‍ക്ക് കൂലി നല്‍കാത്തതുമായി ഉടലെടുത്ത തര്‍ക്കത്തിനിടെ അന്യസംസ്ഥാനക്കാരായ കമ്പനി ജീവനക്കാര്‍ തോക്കെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ലൈസന്‍സോ മറ്റു അനുമതികളോ ഉടമയോ ഇല്ലാതിരുന്ന ആയുധങ്ങളുമായി എട്ടോളം പേരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നത ഇടപെടല്‍ മൂലം കേസ് ദുര്‍ബലമാക്കുകയായിരുന്നു. അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും മുംബൈ, ഹരിയാന, പഞ്ചാബ് പോലെയുളള സ്ഥലങ്ങളിലുളളവരായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളുടെ ഉറവിടമോ അനുമതിയോ അന്വേഷിക്കാതെ പൊലീസ് കേസ് ഒതുക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

നേരത്തേ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് സുരക്ഷ ഒരുക്കാനായി എത്തിയ ഉത്തരേന്ത്യന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് ജീവനക്കാര്‍ തന്നെയാണ് ഈ കേസില്‍ പിടിയിലായത്. അന്നും വന്‍ ആയുധ സന്നാഹങ്ങളോടെയായിരുന്നു ഇവരുടെ കൊച്ചിയിലേക്കുളള വരവ്. എന്നാല്‍ പൊലീസുകാരെ കബളിപ്പിച്ച് ഇവര്‍ തിരിച്ച് പോവുകയായിരുന്നു. കേരളത്തിലെ ചലച്ചിത്ര രംഗത്തെ പ്രമുഖനും ഒരു മുന്‍ കരസേന മേധാവിയുമായ ഒരാളും, കേരളത്തിലെ മുന്‍ ഐ.പി.സ് പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ഏജന്‍സിയുടെ തലപ്പുത്തുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചുളള അനാശാസ്യങ്ങളുടെയും ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും സംബന്ധിച്ചുളള നിരവധി കേസുകളാണ് സമീപകാലത്ത് കൊച്ചിയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖരായ സിനിമാതാരങ്ങളുള്‍പ്പെടെയുളളവര്‍ക്ക് പോലും വിവിധ കേസുകളില്‍ ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചെങ്കിലും കൂടുതല്‍ അന്വേഷണങ്ങളോ നടപടികളോ ഉണ്ടായില്ല.

പെരുമ്പാവൂരിന് സമീപം വെങ്ങോലയിലുളള ഡിങ്കന്‍ ഉണ്ണി എന്ന ഗുണ്ടയെ ഇവിടെയെത്തി മംഗലാപുരത്തേക്ക് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലും അധോലോകബന്ധങ്ങള്‍ ഉളളതായാണ് വിവരം.

വിവിധ ഹവാല ഇടപാടുകളുടെയും ഹബ്ബായി മാറുകയാണ് കൊച്ചി നഗരവും പരിസരങ്ങളും. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ ഉറവിടങ്ങള്‍ തേടി ചെല്ലുന്ന പൊലീസിന് മഹാനഗരങ്ങളുടെ ഇരുളുകളില്‍ തമ്പടിച്ചിരിക്കുന്ന അധോലോകസംഘങ്ങളിലേക്ക് കയറി ചെല്ലാന്‍ പരിമിതികള്‍ ഉളളതിനാല്‍ കേസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. ഇതുമുതലെടുത്താണ് മെട്രോ നഗരമായി കൊച്ചിയിലേക്ക് ഇത്തരം സംഘങ്ങള്‍ എത്തുന്നത്.

 
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment