Flash News

സാഹിത്യത്തില്‍ ഭിന്ന ഭാഷകളുടെ സ്വാധീനം: ഡോ. നന്ദകുമാര്‍ ചാണയില്‍

December 20, 2018

sahithyathil-1

ഡിസംബര്‍ 16-ന് സര്‍ഗവേദിയില്‍ അവതരിപ്പിച്ചത്

മലയാള സാഹിത്യത്തിനു പാശ്ചാത്യ ഭാഷാ സമ്പര്‍ക്കം കൊണ്ടുണ്ടായ നേട്ടങ്ങളാണ് നോവല്‍, ചെറുകഥ എന്നീ സാഹിത്യശാഖകളുടെ ആവിര്‍ഭാവം. കച്ചവടത്തിനായി ഭാരതത്തിലെത്തിയ പാശ്ചാത്യര്‍, വിശിഷ്യാ ഇംഗ്ലീഷുകാര്‍ ‘തൂണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ട് പോയി’ എന്നു പറഞ്ഞത് പോലെ ഭാരതീയ നാട്ടു രാജാക്കന്മാരെ അന്യോന്യം ഭിന്നിപ്പിച്ച് ഭരണം കയ്യാളുക എന്ന തന്ത്രം പ്രയോഗിച്ച് ഭാരതത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കിയതോടെ, അവരുടെ ഭാഷയും സംസ്‌കാരവും പ്രചരിപ്പിച്ചു. പ്രലോഭനങ്ങളിലൂടെയോ, ബലം പ്രയോഗിച്ചോ ഒരു സങ്കര സന്തതികളിലൂടെ ഒരു സങ്കര വര്‍ഗ്ഗവും നമുക്ക് സമ്മാനിച്ചു. എങ്കിലും ഇംഗ്ലീഷ് ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രസരണം, മേല്‍ക്കോയ്മയുടെ പിടിമുറുക്കാനുള്ള മറ്റൊരു ഉപാധിയായി മാറ്റാമെന്ന സ്വപ്‌നം ഒരു സ്വയംകൃതാനതയായ പരിണമിക്കുമെന്ന് അവര്‍ സ്വപ്‌നേപി നിനച്ചിരിക്കില്ല.

Nandakumar photoപാശ്ചാത്യരുടെ ആധിപത്യംകൊണ്ട് ഭാരതീയ ഭാഷകള്‍ക്ക് വിദേശഭാഷാസാഹിത്യസമ്പര്‍ക്കം മുഖേന, നൂതനാശയങ്ങള്‍ കൈവരിക്കാനുള്ള അവസരം ലഭിച്ചു എന്നുള്ളത് നിസ്തര്‍ക്കമായ ഒരു വസ്തുതയാണ്. അങ്ങിനെ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രെഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളുടെ സമ്പര്‍ക്കത്താല്‍ ആ ഭാഷകളില്‍ നിന്നും ധാരാളം പദസമ്പത്ത് മലയാള ഭാഷയ്ക്ക് ലഭ്യമായിട്ടുണ്ട്. മലയാളഭാഷയുടെ കവിത, വിമര്‍ശനം, നാടകം, പത്ര പ്രവര്‍ത്തനം, വിവര്‍ത്തനം എന്നീ വിവിധ ശാഖകള്‍ക്ക് പാശ്ചാത്യ ഭാഷാ ഭാഷയായാലും മൊഴിമാറ്റമെന്നോ വിവര്‍ത്തനമെന്നോ, തര്‍ജ്ജമ എന്നോ പറയുന്ന ശാഖമൂലം ബഹുഭാഷാപണ്ഡിതന്മാരുടെ നിസ്തുലസേവനം മറ്റ് ഭാഷകളിലുള്ള സാഹിത്യവിജ്ഞാനം ആര്‍ജ്ജിക്കുന്നതില്‍ ഒരു പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. ഇതര ഭാഷാ സാഹിത്യപ്രപഞ്ചത്തിലേക്കുള്ള ഒരു വാതായനമാണ് അങ്ങനെ തുറന്ന് കിട്ടുന്നത്.

മലയാള ഭാഷയുടെ ആരംഭഘട്ടത്തില്‍ തമിഴന്റേയും സംസ്‌കൃതത്തിന്റേയും സ്വാധീനം നല്ല പോലെ ഉണ്ടായിരുന്നല്ലോ? ഒരു പറ്റം മലയാള സാഹിത്യകാരന്മാര്‍ സംസ്‌കൃതത്തിന്റെ മേല്‍ക്കോയ്മ തുടര്‍ന്നു കൊണ്ടുപോകാന്‍ ആഗ്രഹിച്ചു. ബ്രിട്ടീഷ് മേധാവിത്വത്തിനുശേഷം മറ്റൊരുകൂട്ടര്‍ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനത്തിനു മുന്‍തൂക്കം കൊടുത്തിരുന്നു. പാശ്ചാത്യഭാഷാസമ്പര്‍ക്കം കൊണ്ടുണ്ടായ പരിവര്‍ത്തനത്തെ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ ആവശ്യപരിപാടിയായിക്കണ്ട ക്രാന്തദര്‍ശികളില്‍ പ്രമുഖനായിരുന്നു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മാത്രമല്ല അനേകം ഭാരതീയ ഭാഷകളിലും നിഷ്ണാതനായ അദ്ദേഹം അക്കാലത്തെ സംസ്‌കൃതൈകശരണരായ പണ്ഡിതന്മാരെക്കാള്‍ ഉദാരമായ ഒരു നിലപാട് ഇംഗ്ലീഷിനോട് കാണിച്ചതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ശ്രീമാന്‍ സുകുമാര്‍ അഴിക്കോട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും വിദ്യാഭ്യാസത്തിനുവേണ്ടിയുമാണ് കേരളവര്‍മ്മത്തമ്പുരാന്‍ ഇംഗ്ലീഷിലേക്ക് ആകൃഷ്ടനായത്. അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമത്താല്‍ മലയാളഭാഷയില്‍ ഒരു നവീന ഗദ്യോദയവുമുണ്ടായി. 1868 ല്‍ പ്രസിദ്ധീകരിച്ച ‘വിജ്ഞാനമജ്ഞരിയിലെ’ വിദ്യാഭ്യാസം എന്ന പ്രഥമോപന്യാസത്തില്‍ ഇംഗ്ലീഷ് പഠനത്തിന്റെ ആവശ്യകത എന്തെന്ന് പഠിക്കുക വഴി, ഒരു അന്തര്‍ദേശീയ ഭാഷ അഭ്യസിക്കാനും തദ്വാരാ, ഉദരപൂരണാര്‍ത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭാരതീയര്‍ക്ക് കുടിയേറിപാര്‍ക്കാനും അഭിവൃദ്ധിപ്രാപിക്കാനും സാധിച്ചുവെന്നുള്ളത് ലോകഭാഷാ പ്രഭാവം വിളിച്ചോതുന്നു. പല ഭൂഖണ്ഡങ്ങളിലുമുള്ള രാജ്യങ്ങളിലും അവരുടെ തനതായ സംസ്‌കാരവും ഭാഷയും ആരാജ്യത്തോടൊപ്പം തന്നെ മണ്ണടിഞ്ഞ് പോയെങ്കിലും ഭാരതത്തില്‍ അങ്ങിനെ സംഭവിക്കാതിരുന്നത് നമുക്ക് ഒരു രൂഢമൂലമായ സംസ്‌കാരവും തന്മൂലം ഭാഷകള്‍ക്ക് ഒരു തനിമയും ഭദ്രതയും ഉണ്ട് എന്നുള്ളതുകൊണ്ട് മാത്രമാണല്ലോ. നോവല്‍ സാഹിത്യ സാഖയുടെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മലയാള ഭാഷയില്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായി കണക്കാക്കുന്നത് ശ്രീ.ഒ.ചന്തുമേനവനെയാണ്. അദ്ദേഹം ഒരു ന്യായാധിപനായിരുന്നു. ഇംഗ്ലീഷ് പഠിക്കുക മാത്രമല്ല, അതുമൂലം ആംഗലേയസാഹിത്യവും വശമാക്കി. മലയാളഭാഷയുടെ നോവല്‍ സാഹിത്യത്തിന്റെ ദിവ്യഗര്‍ഭം അതിവിചിത്രമെന്നേ പറയാവൂ. വായനക്കാരെ, തെളിവുകളൊന്നുമില്ലെങ്കിലും കേവലം കിംവദന്തിയെ ആസ്പദമാക്കിയുള്ള ഒരു ഉപാഖ്യാനം നിങ്ങളുമായി പങ്ക് വയ്ക്കട്ടെ. ശ്രീ.മേനവന്റെ പ്രിയതമയ്ക്ക് കിടപ്പറയില്‍ ഉറക്കം വരേണമെങ്കില്‍ പ്രിയതമനില്‍ നിന്നും കഥകള്‍ കേള്‍ക്കണമായിരുന്നത്രെ. കുട്ടികള്‍ക്ക് ഉറക്കം വരാന്‍ മുത്തശ്ശിക്കഥകള്‍ കേള്‍ക്കണമെന്ന് കേട്ടിട്ടുണ്ട്. ശ്രീമതി. മേനോന്റെ നിദ്രാദായക ഗുളികകള്‍ക്കായി മേനോന്‍ കണ്ടെത്തിയ പ്രതിവിധിയാണ് ‘ഇന്ദുലേഖയും’ ‘ശാരദയും’ പിറവി പൂണ്ടത് എന്നാണ് ശ്രുതി. ആംഗലേയ സാഹിത്യത്തിലെ വിശ്രുത നോവലുകള്‍ വായിച്ച് പരിചയമുള്ള മേനോനു പ്രസ്തുത പുസ്തകങ്ങളെഴുതാന്‍ ആംഗലേയ സാഹിത്യവും പന്തിപ്രേരണ പോലെ തന്നെ ഉത്തേജനം നല്‍കി. എങ്കിലും ശ്രീ മേനോന്‍ ആവിഷ്‌കാരഭംഗികൊണ്ടും മലയാളഭാഷ പ്രയോഗങ്ങളിലെ മികവും തികവും മലയാളത്തനിമ നില നിര്‍ത്താന്‍ ശ്രമിച്ചിരിക്കകൊണ്ട്, ഈ കൃതികള്‍ സ്വതന്ത്ര കൃതികളായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു. കൂടാതെ അനുകരണപ്രക്രിയയില്‍ ഉത്ഭൂതമായ ആവര്‍ത്തന വിരസത ഒഴിവാക്കുന്ന രചനാ തന്ത്രവും അദ്ദേഹം നിയോഗിച്ചിട്ടുണ്ട്. പിന്നീട് വന്ന നോവല്‍ സാഹിത്യകാരന്മാരും ചെറുകഥാകൃത്തുക്കളുമായ തകഴി, കേശവദേവ്, എസ്.കെ. പൊറ്റക്കാട്, ഉറൂബ്, എം.ടി.വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജ്ജനം, ഒ.വി.വിജയന്‍, കാക്കനാടന്‍, തുടങ്ങിയ ശ്രദ്ധേയരായ മലയാളസാഹിത്യകാരന്മാര്‍ക്കെല്ലാം തന്നെ, ആംഗ്ലേയ സാഹിത്യത്തില്‍ നിന്നും, ഊര്‍ജ്ജവും, പ്രോത്സാഹനവും, മാര്‍ഗ്ഗദര്‍ശനവും കിട്ടിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാന്‍ പറ്റാത്തതാണ്. ഈ എഴുത്തുകാരെല്ലാം തങ്ങളുടെ സര്‍ഗ്ഗശേഷിയുടെ വൈദഗ്ധ്യം കൊണ്ട് അനുകരണച്ചുവയില്ലാതെ മലയാളത്തനിമ കാത്ത്‌സൂക്ഷിക്കുന്നതില്‍ നിപുണരായിരുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്.

മലയാളഭാഷയ്ക്ക് പാശ്ചാത്യ ഭാഷകളിലെ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയത് നിരൂപണപടുക്കളായ കേസരി ബാലകൃഷ്ണപിള്ള, പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരി, പ്രൊഫസ്സര്‍ എം.പി.പോള്‍ എന്നിവരാണല്ലോ. ഉദാഹരണത്തിനു കേസരി ബാലകൃഷ്ണപിള്ള മോപ്പസാങ്ങിനെ തകഴി ശിവശങ്കരപിള്ളക്ക് പരിചയപ്പെടുത്തുക വഴി തകഴിക്ക് കഥാലോകത്ത് തിളങ്ങുന്ന ഒരു ശോഭയായിത്തീരാന്‍ സാധിച്ചു. അത് പോലെ തന്നെ ആന്റന്‍ ചെക്കോവ് ഡെറ്റൊവ്‌സ്‌കി ലിയോ ടോള്‍സ്‌റ്റോയി എന്നീ റഷ്യന്‍ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയതിനാല്‍ എസ്.കെ.പൊറ്റക്കാടിനെപ്പോലുള്ള നിരവധി സാഹിത്യകാരന്മാര്‍ക്ക് കഥാലോകത്ത് തങ്ങളുടേതായ ഇടം നേടാന്‍ സാധിച്ചു.

ആഗോളവല്‍ക്കരണം വളരെ പ്രചുരപ്രചാരമായ ഒരു പ്രതിഭാസമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ കല സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹ്യം, എന്നീ മാനവവ്യവഹാരമേഖലകളില്‍ ഒരു ജനതക്ക്, ചുറ്റുമുള്ള മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ പറ്റുകയില്ല. ഉദാഹരണത്തിന് ഒരു പുതിയ മരുന്നോ, ഉപകരണമോ, തങ്ങള്‍ക്ക് ശത്രുതയുള്ള ഒരു രാജ്യക്കാരനാണ് കണ്ടുപിടിച്ചതെന്ന് കരുതി അവയുടെ ഉപയോഗം ബഹിഷ്‌കരിക്കാന്‍ ഒക്കുമൊ? രാഷ്ട്രീയരംഗത്ത് മറ്റ് ഇസങ്ങളുമായി സമന്വയിച്ച് മുന്നോട്ട് പോകാന്‍ പറ്റാതെ വന്ന മുന്‍ സോവിയറ്റ് യൂണിയന്റെ അപജയവും, അതേസമയം കാപിറ്റലിസവും അല്‍പ്പാല്‍പ്പായി ജനാധിപത്യവുമായി ആശയപരായെങ്കിലും സഹകരിക്കാന്‍ തുനിഞ്ഞ ചൈനയുടെ, കമ്മ്യൂണിസത്തിന്റെ, ജയഭേരിയും ദൃഷ്ടാന്തമാണല്ലോ.

ആഗോളതലത്തില്‍ സാഹിത്യമേഖലയിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൂരവ്യാപകായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ ആവിര്‍ഭാവത്തോടെ. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ദൂരവും സമയദൈര്‍ഘ്യവും ക്ഷിപ്രവേഗേന ലഘൂകരിക്കുന്നത് വിരല്‍ത്തുമ്പിലൂടെ അറിവുകള്‍ അന്യോനം കൈമാറുന്ന രീതിയാണല്ലോ ഇന്ന്. എന്റെ തലമുറക്കാരുടെ ചെറുപ്പകാലത്ത് മലയാളസാഹിത്യത്തില്‍ ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ ഉത്തകൃതികള്‍ വിവര്‍ത്തനത്തിലൂടെ ലഭ്യമാകുകയും അങ്ങിനെ ബങ്കിം ചന്ദ്രചാറ്റര്‍ജി, ശരത്ചന്ദ്രചാറ്റര്‍ജി, ഹരീന്ദ്രനാഥ് ഉപാദ്ധ്യായ, വി.എസ്.ഖാണ്ഡേക്കര്‍ എന്നീ സാഹിത്യകാരന്മാരുടെ കൃതികളുമായി മലയാളികള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചു. തന്മൂലം മലയാളികള്‍ക്ക് അന്യഭാഷകളെക്കുറിച്ചും അറിവുകിട്ടുന്നു. പരിഭാഷയിലൂടെ അന്യഭാഷകളിലെ കൃതികള്‍ മലയാളത്തിന് ലഭ്യമാകുമ്പോള്‍, അവരുടെ ഭാഷ, ജീവിതരീതി, ആചാരം, മാമൂലുകള്‍, ഭക്ഷണരീതി, വസ്ത്രധാരണം, കാലാവസ്ഥ എന്നുവേണ്ട, മൊത്തത്തില്‍ അവരുടെ സംസ്‌കാരം തന്നെ സാഹിത്യത്തിലൂടെ ലഭിക്കുന്നു. ഭാഷകള്‍ അങ്ങിനെ അതാതുദേശത്തിന്റെ പതാകാവാഹകരായി വര്‍ത്തിക്കുന്നു. ഈ വാങ്ങല്‍ കൊടുപ്പിലൂടെ ഭാഷകള്‍ക്ക് പുതു പദാവലി ആഗിരണം ചെയ്യാനും ഒപ്പംതന്നെ ഒരു സാംസ്‌കാരികോല്‍ക്കര്‍ഷം സംജാതാകുകയും ചെയ്യുന്നുണ്ട്.

പേര്‍ഷ്യന്‍, അറബി ഭാഷകളുടെ സ്വാധീനം എന്നുതൊട്ട് വാണിജ്യബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയോ അന്നുതൊട്ടുണ്ട്. പല ഭാഷകളുമായുള്ള സമ്പര്‍ക്കം നമ്മുടെ പദസമ്പത്തും അതേപോലെതന്നെ ഇതരഭാഷകള്‍ക്ക് നമ്മുടേതും ഉള്‍ക്കൊള്ളാനാവുന്നത്, വാണിജ്യത്തിലെ ക്രയവിക്രയം പോലെ തന്നെ ഭാഷകള്‍ തമ്മിലും പരസ്പരവിനിയത്തിനുള്ള അവസരുണ്ടാകകൊണ്ടാണ്. മലയാളത്തിന്റേയും മലയാള ചലച്ചിത്രഗാനങ്ങളുടേയും മാധുര്യവും, ലാവണ്യവും, ശാലീനതയും ഗുണീഭവിപ്പിക്കുന്നതില്‍ മറ്റു ഭാഷകളുടെ സ്വാധീനം ചെറുതമല്ല. എന്തിനധികം; നമ്മുടെ നാടിന്റെ പേരിന്റെ ഉല്‍പ്പത്തിയിലേക്ക് ഒന്ന് കണ്ണോടിക്കൂ. കേരളമെന്നായാലും മലയാളനാടെന്നായാലും, ആദ്യത്തേത് സംസ്‌കൃതത്തില്‍ നിന്നും രണ്ടാമത്തേത് തമിഴില്‍ നിന്നുമല്ലേ ഉല്‍ഭവിച്ചിരിക്കുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ നാടിന്റെ പല സ്ഥലങ്ങളുടേയും പേര് അവസാനിക്കുന്നതും ‘ഊര്’ എന്ന അന്ത്യത്തിലാണ്; കൊടങ്ങല്ലൂര്‍, ചെങ്ങന്നൂര്‍, മലയാറ്റൂര്‍ അങ്ങിനെ പോകുന്നു നീണ്ട പട്ടിക, ജനല്‍, കക്കൂസ്, വരാന്ത, കാര്‍, ബസ്സ്, ലോറി, ഇബിലീസ്, കാഫിര്‍, കുര്‍ബാന എന്നീ വാക്കുകള്‍ നമുക്ക് മുതല്‍ക്കൂട്ടായി കിട്ടിയിട്ടുണ്ടെങ്കില്‍, നമ്മുടെ അവതാര്‍, ചട്ണി, മസാല, ഗുരു, പണ്ഡിറ്റ്, ലൂട്ട്, ജംഗിള്‍, ബാങ്കില്‍, പഞ്ച് തുടങ്ങിയവ ഇതര ലോകഭാഷകള്‍ക്കും കിട്ടിയിട്ടുണ്ട്. അങ്ങിനെ ഭാഷകള്‍ തമ്മിലുള്ള പരസ്പര വിനിമയപ്രക്രിയ, വിശ്വമാനവികത, ലോകമേ തറവാട് എന്നീ ഉദാത്തമായ ആശയങ്ങള്‍ ഊട്ടിഉറപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെങ്കില്‍ തെല്ലും സംശയിക്കേണ്ടതില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top