Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 15) : എച്‌മുക്കുട്ടി

December 23, 2018

Vyazhavattam 15-1പോലീസ് സ്റ്റേഷനിലേക്ക് അവളും ചേട്ടത്തിയമ്മയും ഒന്നിച്ച് ആണ് പോയത്. എ എസ് എച്ച് ഒ ആണു പരാതി കേട്ടത്.

അവളുടെ വിസിറ്റിംഗ് കാര്‍ഡ് കൊടുത്തപ്പോള്‍ അയാള്‍ അല്‍പം അയഞ്ഞു. പിന്നെ വെറും അമ്പതു കിലോ മാത്രം തൂക്കവും അഞ്ചടി പൊക്കവുമുള്ള കൃശഗാത്രികളായ രണ്ട് സ്ത്രീകള്‍ക്ക് അഞ്ചടി പത്തിഞ്ച് പൊക്കത്തില്‍ ഒത്ത മനുഷ്യനായി വളര്‍ന്ന ഒരു പതിമൂന്ന്കാരന് വിഷം കൊടുക്കുകയോ അവനെ മര്‍ദ്ദിക്കുകയോ ഒന്നും ചെയ്യുക അത്ര എളുപ്പമല്ലെന്ന് അയാള്‍ക്ക് ഒറ്റനോട്ടത്തിലേ മനസ്സിലായിരിക്കണം.

എ എസ് എച്ച് ഓ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.

എല്ലാം പറയുന്നതിനിടെ അവളിലെ അമ്മ പലവട്ടം ആര്‍ത്തലച്ചു കരഞ്ഞു. അപ്പോള്‍ അവള്‍ക്കു പഠിപ്പും പദവിയും ഒന്നുമുണ്ടായിരുന്നില്ല. അവള്‍ അമ്മ മാത്രമായിരുന്നു. പോലീസുകാരനിലെ മകന്‍ സ്തംഭിച്ചിരുന്നു പോയി, കുറെ നേരം.

പിന്നീട് അയാളുടെ ഊഴമായിരുന്നു.

കുട്ടിയേയും കൊണ്ട് രാത്രി ഒന്‍പത് മണിക്കാണത്രേ അവളുടെ ഭര്‍ത്താവ് വന്നത്. വിഷം എങ്ങാനും കുട്ടിയെ ബാധിച്ചോ എന്ന് ആദ്യം ആശുപത്രിയില്‍ പോയി പരിശോധിക്കാതെ, അങ്ങനെ ഒരു ശ്രമം നടന്നുവെന്നതിന്റെ പേരില്‍ പരാതി എഴുതാന്‍ വന്ന അച്ഛനെന്തോ കള്ളത്തരമുണ്ടല്ലോ എന്ന് തോന്നിയെങ്കിലും അതുറപ്പായത്, ‘അമ്മ നിന്റെ കൈ അടിച്ച് ഒടിച്ചുവെന്ന് പറയെടാ’ എന്നയാള്‍ മകനോട് നിര്‍ദ്ദേശിക്കുന്നത് കേട്ടപ്പോഴാണ്. അച്ഛനെ പുറത്തിരുത്തി മകനോട് കാര്യങ്ങള്‍ തെരക്കിയപ്പോള്‍ അവന്‍ ഒരുപാട് കഥകള്‍ പറഞ്ഞു. വീട്ടില്‍ എപ്പോഴും വഴക്കാണ്. അമ്മയെ അച്ഛന്‍ കൊല്ലാന്‍ നോക്കിയപ്പോള്‍ അവനാണ് രക്ഷിച്ചത്, അവനു അച്ഛന്‍ അമ്മയെ വീട്ടില്‍ വിളിക്കുന്ന തെറികള്‍ എല്ലാം അറിയാം. പക്ഷെ, അമ്മ അച്ഛനോട് തല്ലു കൂടുന്നത് അമ്മയ്ക്ക് തോന്നിയിട്ടല്ല. ഈ അമ്മായിയും ചെറിയമ്മയും അമ്മാവനും അമ്മൂമ്മയും ഒക്കെ ഏഷണി കൂട്ടുന്നത് കാരണമാണ്. ഈ അമ്മായിയോട് അവനു കഠിന വെറുപ്പാണ്. അവരാണ് എല്ലാറ്റിനും കാരണം. അമ്മേടെ പൈസയും പ്രോപ്പര്‍ട്ടിയുമൊന്നും അവനു കിട്ടാതിരിക്കാനാണ്, എല്ലാം അവര്‍ക്ക് മാത്രമായി കിട്ടാനാണ് അവരിതെല്ലാം ചെയ്യുന്നത്. അത് അച്ഛന്‍ തടയുന്നതാണ് വീട്ടിലെ പ്രശ്‌നം. അമ്മ ഒരു മന്ദബുദ്ധിയാണ്. ആരാണ് അമ്മയെ പറ്റിക്കുന്നതെന്ന് അമ്മയ്ക്ക് അറിയില്ല. അമ്മയുടെ ഫോണിലെ സിം ഊരിക്കൊണ്ടുവന്നത് സംസാരത്തിനിടയില്‍ അവന്റെ ഫോണില്‍ തിരുകാന്‍ അവന്‍ ശ്രമിക്കുന്നതും പോലീസുകാരന്റെ കണ്ണില്‍ പെട്ടു. അയാള്‍ ‘എവിടുന്നെടാ, അത് മോഷ്ടിച്ചതാണോടാ, അതവിടെ വെയ്ക്കടാ’ എന്നൊക്കെ ഒച്ചയിട്ടപ്പോള്‍ മോന്‍ വിരണ്ട് നീലനിറമായതും അയാള്‍ പറയാതിരുന്നില്ല.

അയാള്‍ മേശ വലിപ്പ് തുറന്ന് ആ സിം എടുത്ത് അവള്‍ക്ക് കൊടുത്തു.

അവള്‍ മോനൊപ്പം ജീവിച്ചില്ലെങ്കില്‍ അവന്‍ നശിക്കുമെന്ന് പോലീസുകാരന്‍ താക്കീതു ചെയ്തു. അവനിപ്പോള്‍ തന്നെ നശിച്ചു കഴിഞ്ഞു. കുട്ടിക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്വാതന്ത്ര്യമാണ് ഭര്‍ത്താവ് കൊടുക്കുന്നത്. വേണെങ്കില്‍ പഠിക്കാം, വേണെങ്കില്‍ ഉറങ്ങാം, എത്ര വേണമെങ്കിലും കളിക്കാം, സ്‌ക്കൂളില്‍ പോയില്ലെങ്കില്‍ ആരും ചോദിക്കില്ല, മൊബൈലിലും ടി വിയിലും എത്ര നേരം വേണമെങ്കിലും സമയം ചെലവാക്കാം, ഒരു ചിട്ടയുമില്ല…അഴിച്ചു വിട്ടിരിക്കുന്ന കുട്ടി പഠിക്കണം, കുളിക്കണം,സമയത്തിനു ആഹാരം കഴിക്കണം, നാമം ചൊല്ലണം എന്നൊക്കെ പറയുന്ന അവള്‍ക്കടുത്ത് എന്തിനു വരണം ? അതാണ് അവന്‍ വരാത്തത്. വരാന്‍ ഇഷ്ടപ്പെടാത്തത്.

ഭര്‍ത്താവിനെ പോലീസു മുറയില്‍ വിരട്ടി നിറുത്താമെന്നും അവള്‍ വീണ്ടും മോനു വേണ്ടി ആ വീട്ടില്‍ പോയി പാര്‍ക്കണമെന്നും എ എസ് എച്ച് ഓ അവളെ നിര്‍ബന്ധിച്ചു. അതിനയാള്‍ അല്‍പം പോലീസ് ഭീഷണിയും അതിനോടനുബന്ധിച്ച കര്‍ശനമായ കടുത്ത ഒച്ചയും പ്രയോഗിക്കാതിരുന്നില്ല.

ആത്മഹത്യ ചെയ്യേണ്ടി വന്നാലും അയാള്‍ക്കൊപ്പം പോയി ഇനി പാര്‍ക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു.

‘മകന്‍ നിങ്ങളുടെ അസാന്നിധ്യത്തില്‍ ഇങ്ങനെ ചീത്തയായിപ്പോകുന്നതില്‍ വിഷമമില്ലേ’ എന്നായിരുന്നു പോലീസുകാരന്റെ നെഞ്ചില്‍ ആഞ്ഞു കുത്തുന്ന ചോദ്യം.

അവള്‍ അത്യുച്ചത്തില്‍ കരഞ്ഞു. ‘ഉണ്ട്, ഉണ്ട് ‘എന്ന് തേങ്ങി, പക്ഷെ, അവിടെപ്പോയി ജീവിച്ചാലും ഇത്രയും ശത്രുതാപരമായ അന്തരീക്ഷത്തില്‍ അവനെ നല്ല കുട്ടിയായി വളര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് അവള്‍ നിലവിളിച്ചു.

ചേട്ടത്തിയമ്മ അപ്പോഴാണ് അവളുടെ ഭര്‍ത്താവിന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. അയാള്‍ പോലീസുകാരനോട് സംസാരിക്കാമെന്ന് സമ്മതിച്ചു.

ഭര്‍ത്താവിന്റെ കൂട്ടുകാരനായ എന്‍ജിനീയറോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ പോലീസുകാരന്‍ ശരിക്കും അയഞ്ഞു. തുടര്‍ന്ന് കൂട്ടുകാരനോട് അവളുടെ ഭര്‍ത്താവിനെ ഉപദേശിച്ചു നന്നാക്കാനും അയാള്‍ നിര്‍ദ്ദേശം കൊടുത്തു.

പിന്നെ ഒരു പരാതി എഴുതിത്തരാന്‍ അവളോട് പറഞ്ഞു.

കണ്ണീര്‍ തുടച്ചും മൂക്കു വലിച്ചും ഒരു കൊച്ചുകുട്ടി സ്ലേറ്റില്‍ കേട്ടെഴുത്ത് എഴുതുന്നതു പോലെ അവള്‍ പരാതി എഴുതിക്കൊടുത്തു. അതിലെഴുതിയിരിക്കുന്നതനുസരിച്ച് ഭര്‍ത്താവിനെതിരേ നിയമപരമായ നടപടി എടുക്കാമെന്ന് ആ എ എസ് എച്ച് ഓ വാഗ്ദാനം ചെയ്തു.

ഒപ്പം അയാളുടെ ബി ടെക് കാരനായ മകന് അവളുടെ കമ്പനിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമോ എന്നുമന്വേഷിക്കാതിരുന്നില്ല.

മകന്റെ സി വി അവളുടെ മെയിലില്‍ അയയ്ക്കാന്‍ പറഞ്ഞ് അവളും ചേട്ടത്തിയമ്മയും പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങി. സിം തിരികെ കിട്ടിയ വിവരം കമ്പനിയില്‍ അറിയിച്ച് അതിനു വീണ്ടും ജീവന്‍ വെപ്പിച്ചപ്പോള്‍ മോന്റെ മെസ്സേജ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയ്‌ക്കേ അവള്‍ക്കായി വന്നു കിടപ്പുണ്ടായിരുന്നു.

സിം അവന്‍ അബദ്ധത്തില്‍ കൊണ്ടുപോയതാണെന്നും അത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മദര്‍ പ്രോമിസ് ആയി അവനെ വിശ്വസിക്കണമെന്നും അവന്‍ എഴുതീരുന്നു.

അവളുടെ കണ്ണുകളില്‍ തികഞ്ഞ അവിശ്വാസത്തിന്റെ അഗ്‌നി ആളിക്കത്തി. അത് അവളില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല.

വിവരങ്ങള്‍ എല്ലാമറിഞ്ഞ അവളുടെ സഹപ്രവര്‍ത്തകരും മറ്റ് കൂട്ടുകാരും എല്ലാം ഒരു പോലെ അവളെ നിര്‍ബന്ധിച്ചു. ഇനി നിശ്ശബ്ദയാകരുതെന്ന്… ‘യൂ ഷുഡ് ഫേമ് ലി ക്ലോസ് ദ ഡോര്‍ ഫോര്‍ എവര്‍’ എന്ന്..

ചേട്ടത്തിയമ്മ അതിനകം വക്കീലിനെ വിളിച്ചു കഴിഞ്ഞിരുന്നു. കേസുകള്‍ ഉടനടി പറ്റുമെങ്കില്‍ നാളെത്തന്നെ ഫയല്‍ ചെയ്യണമെന്ന് അവര്‍ വക്കീലിനോട് തീര്‍ത്തു പറഞ്ഞു.

അങ്ങനെയാണ് പിറ്റേന്ന് രാവിലെ മൂന്നു കേസുകള്‍ ഒന്നിച്ച് ഫയല്‍ ചെയ്യപ്പെട്ടത്. മകന്റെ കസ്റ്റഡിക്കും ഡൊമസ്റ്റിക് വയലന്‍സിനും ഡൈവോഴ്‌സിനുമായി. വക്കീല്‍ ഒന്നരലക്ഷം രൂപ അപ്പോള്‍തന്നെ ഫീസായി അവളില്‍ നിന്നും ഈടാക്കി.

എങ്കിലും അനിശ്ചിതത്വത്തിന്റെ അസഹനീയമായ ഭാരം അവളെ വിട്ടൊഴിഞ്ഞു. ഇന്ത്യയിലെ സാധാരണയും അല്ലെങ്കില്‍ അസാധാരണയും ആയ ഏതൊരു സ്ത്രീയേയും പോലെ അവളും നീതി ലഭിയ്ക്കാനായി കോടതിയുടെ വാതിലില്‍ മുട്ടിനോക്കുകയാണ്. ഇനി എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന് അവള്‍ വിചാരിച്ചു. അപ്പോള്‍ അവള്‍ക്ക് ഒരു നേരിയ ആശ്വാസമനുഭവപ്പെട്ടു. എല്ലാം ദൈവം തീരുമാനിക്കട്ടേ എന്ന് കരുതുമ്പോള്‍ കിട്ടുന്ന ഒരു ആശ്വാസം പോലെ.

അതിനുശേഷമാണ് അവള്‍ അവളുടെ പഴയ മാരുതി കാറിനെ കൈഒഴിച്ച് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയത്. ആ കാറിലെ യാത്ര കൂടുതല്‍ സുഖപ്രദമായിരുന്നു. ചേട്ടത്തിയമ്മ തന്നെയായിരുന്നു അതിനും പുറകില്‍.

അവര്‍ അവളെ നിര്‍ബന്ധിച്ച് ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോവുകയും കുറച്ച് നല്ല തുണിത്തരങ്ങളും ബാഗുമൊക്കെ വാങ്ങി അവളെ അല്‍പം കൂടി പ്രസന്റബിള്‍ ആക്കാന്‍ പണിപ്പെടുകയും ചെയ്തു. അവളുടെ മുഖത്ത് ഘനീഭവിച്ചു കിടന്ന വിഷാദം അകന്നുകാണണമെന്ന് അവര്‍ എപ്പോഴും മോഹിച്ചു. ഒരു മകളോടുള്ള വാല്‍സല്യം അവര്‍ക്ക് അവളില്‍ ഉണ്ടാവുകയായിരുന്നു.

എ എസ് എച്ച് ഓ യുടെ മകനെ സൈറ്റ് ട്രെയിനിയായി എടുത്തെങ്കിലും അവനു വെയില്‍ കൊള്ളുന്ന ജോലി ഇഷ്ടമായില്ല. എ സി റൂമിലെ ജോലിയായിരുന്നു പയ്യന്റെ നോട്ടം. അതുകൊണ്ട് അവന്‍ ജോലിക്ക് വന്നതേയില്ല.

പിന്നെ പരാതി എഴുതി മേടിച്ചെന്നേയുള്ളൂ. പോലീസുകാര്‍ അയാളെ വിളിക്കുകയോ സംസാരിക്കുകയോ ഉണ്ടായില്ല. മറ്റുള്ളവരുടെ കുടുംബവഴക്കുകളില്‍ ഇടപെടാതിരിക്കുന്നതല്ലേ നമ്മുടെ മഹത്തായ സംസ്‌ക്കാരം. കുടുംബമെന്ന അത്യുന്നതമായ ശ്രീകോവിലില്‍ പോലിസുകാരെപ്പോലെയുള്ള മ്ലേച്ഛന്മാരൊന്നും അങ്ങനെ കയറാന്‍ പാടില്ലല്ലോ. അതുകൊണ്ട് അയാളും ഉദാത്തമായ സംസ്‌ക്കാരത്തിന്റെ മഹാമൌനം അവലംബിച്ചു.

അവളുടെ ഫോണ്‍ എന്തായാലും സൈബര്‍ സെല്ലുകാര്‍ പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ നിന്ന് എന്തൊക്കെ മെസ്സേജുകള്‍ അവളുടെ ഭര്‍ത്താവിന്റെ ഈ മെയില്‍ ഐ ഡിയിലേക്ക് പോയിട്ടുണ്ടെന്ന് അറിയാന്‍ വേണ്ടി അവള്‍ കൊടുത്ത പരാതിയുടെ ഭാഗമായിരുന്നു ആ പരിശോധന. അതും ഒട്ടും എളുപ്പമായിരുന്നില്ല. എന്തുകൊണ്ട് അത് അറിയണം എന്ന ചോദ്യത്തിനും അവളുടെ അവിഹിതമായ ബന്ധങ്ങളെക്കുറിച്ചുള്ള അറിവാണോ മകന്‍ അച്ഛന് നല്‍കിയത് എന്ന ചോദ്യത്തിനും അവള്‍ സൈബര്‍ പോലീസിനോട് പലവട്ടം ഉത്തരം പറയേണ്ടി വന്നു. അടുത്ത പ്രശ്‌നം സൈബര്‍ സെല്‍ നേരിട്ട് പരാതി സ്വീകരിക്കില്ല എന്നതായിരുന്നു. അത് പോലീസ് സ്റ്റേഷനില്‍ കൊടുക്കണം. അവരത് സൈബര്‍ സെല്ലിലേക്ക് റെഫര്‍ ചെയ്യുമ്പോഴേ പരാതി നിലവില്‍ വരികയുള്ളൂ. അതു നിലവില്‍ വരാന്‍ തന്നെ അനവധി പ്രാവശ്യം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നു. അനവധി പ്രാവശ്യം സൈബര്‍ സെല്ലില്‍ പോകേണ്ടി വന്നു.

അങ്ങനെ പലവട്ടം പോയതുകൊണ്ട് , പലവട്ടം ആവശ്യങ്ങള്‍ പറയലും അവള്‍ക്ക് അവിഹിതബന്ധമൊന്നുമില്ലെന്നു ആവര്‍ത്തിക്കലും കൃത്യമായി ചെയ്തതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് കരുതരുത്. ലോക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരും സൈബര്‍ വിംഗിലെ ഉദ്യോഗസ്ഥരുമെല്ലാം അവളുടേയും ചേട്ടത്തിയമ്മയുടേയും പരിചയക്കാരായി മാറി.

അന്വേഷണത്തിന്റെ ഭാഗമായി അവര്‍ അവളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. മൂന്നാലു ദിവസം കഴിഞ്ഞ് മടക്കിക്കൊടുക്കുകയും ചെയ്തു.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞാണ് അന്വേഷണഫലത്തെപ്പറ്റി പറയാന്‍ അവര്‍ അവളെ സൈബര്‍ സെല്ലിലേക്ക് വിളിപ്പിച്ചത്.

( തുടരും )

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top