Flash News

ക്രിസ്തുമസ്സ് – അഭൗമികമായത് ഭൗമികതയെ സ്വീകരിക്കല്‍: പി.പി. ചെറിയാന്‍

December 24, 2018

Xmas banner-1

പൂര്‍വ മാതാപിതാക്കളായ ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെന്‍ തോട്ടത്തിന്‍ നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി. മനുഷ്യന് എന്നന്നേക്കുമായി ലഭിച്ചിരുന്ന നിത്യജീവനും ദൈവീക തേജസും അവന്‍ നഷ്ടപ്പെടുത്തി. പാപം ചെയ്‌തതിലൂടെ മനുഷ്യനു നഷ്ടപെട്ടതെന്തോ അത് വീണ്ടെടുകുന്നതിനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷക്കായും ദൈവം തന്റെ കരുണയിലും മുൻനിര്‍ണ്ണയത്തിലും ഒരുക്കിയ ഒരു പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാ ജനനം. ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിന്റെ ചരിത്രം കൂടിയാണ്.

ദൈവം നമ്മോടുകൂടെ വസിക്കുവാന്‍ തയാറെടുക്കുന്നു നമ്മെ അവൻ്റെ സ്വരൂപത്തിലേക്കും സാദൃശ്യത്തിലേക്കും മടക്കിയെടുക്കുന്നു. പ്രത്യാശയുടേയും സന്തോഷത്തിന്റേയും അവസരമാണ് ക്രിസ്തുമസ്. പിതാവിനു മക്കളോടുള്ള സ്‌നേഹം എപ്രകാരമാണോ അപ്രകാരമാണ് ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹം. ദൈവീക സ്വരൂപത്തില്‍ ദൈവത്തെക്കാൾ അൽപം മാത്രം താഴ്ത്തി ദൈവീക കരങ്ങളാൽ സൃഷ്ടി ക്കപെട്ട മനുഷ്യനെ എന്നന്നേക്കുമായി തള്ളിക്കളയുവാന്‍ സൃഷ്ടി കര്‍ത്താവിനാകുമോ? ഒരിക്കലുമില്ല. മാലാഖമാരുടെ സ്തുതി ഗീതങ്ങളും സ്വര്‍ഗീയ സുഖങ്ങളും വെടിഞ്ഞു തന്റെ ഏകജാതനായ പുത്രനെത്തന്നെ പാപം മൂലം മരണത്തിനധീനരായ മാനവജാതിയെ വീണ്ടെടുത്തു നിത്യജീവൻ പ്രദാനം ചെയ്യുന്നതിന് കന്യക മറിയത്തിലൂടെ മനുഷ്യവേഷം നല്‍കി ഭൂമിയിലേക്കയകുവാന്‍ പിതാവിന് ഹിതമായി. ഇതിലും വലിയ സ്നേഹം എവിടെയാണ് നമുക്കു ദര്‍ശിക്കുവാന്‍ കഴിയുക? വചനം മാംസമായതിലൂടെ അഥവാ ദൈവം മനുഷ്യനായതിലൂടെ അഭൗമികമായതു ഭൗമികതയെ സ്വീകരിച്ചു.

ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്നുവീണ ഉണ്ണിയേശുവിനെ തേടി വിദ്വാന്മാര്‍ യാത്ര തിരിച്ചത് അവര്‍ക്കു മുകളില്‍ ആകാശത്തു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ ലക്ഷ്യമാക്കിയാണ്. ദൈവം അവര്‍ക്കു നല്‍കിയ അടയാളമായിരുന്നു നക്ഷത്രം. എന്നാല്‍ ആ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചു യാത്ര ചെയ്തു രാജാവിന്റെ കൊട്ടാരത്തിലാണ് അവര്‍ എത്തിചേര്‍ന്നത്‌. ദൈവകുമാരന്‍ ജനിക്കുക ഒരു രാജകൊട്ടാരത്തിലല്ലേ? ദൈവീക ജ്ഞാനത്തിനും ലക്ഷ്യങ്ങള്‍ക്കുംഅപ്പുറമായി വിദ്വാന്മാര്‍ ചിന്തിച്ചതും വിശ്വസിച്ചതും അവര്‍ക്കു വിനയായി ഭവിച്ചു. പരിണിതഫലമോ ആയിരകണക്കിന് നവജാത ശിശുക്കളുടെ ജീവനാണു ബലിയര്‍പ്പിക്കേണ്ടിവന്നത്.

ഇന്ന് പലരും വിദ്വാന്മാരുടെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. സ്വയത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്തു ദൈവീക ജ്ഞാനത്തേയും അരുളപ്പാടുകളെയും തള്ളി കളയുന്നു. ഇതു അവര്‍ക്കു മാത്രമല്ല സമൂഹത്തിനും ശാപമായി മാറുന്നു. മനം തിരിഞ്ഞു ദൈവീക ജ്ഞാനത്തില്‍ ആശ്രയികുകയും അവന്റെ വഴികളെ പിന്തുടരുകയും ചെയുമ്പോള്‍ മാത്രമാണ് നമുക്ക് യഥാര്‍ത്ഥമായി ഉണ്ണിയേശുവിനെ കാണുവാനും പൊന്നും മൂരും കുന്തിരിക്കവും സമര്‍പ്പിക്കുവാനും സാധിക്കുന്നത്.

ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം, ക്രിസ്തു എന്ന ഏക ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ യഥാര്‍ത്ഥമായി രക്ഷിതാവിനെ കണ്ടെത്തുന്നതിനുള്ള അവസരമായി മാറട്ടെയെന്നു ആശംസിക്കുന്നു. ദൈവം മാംസം ധരിക്കുക വഴി വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. മാംസധാരികളായ നാം ദൈവത്തെ ഉള്‍കൊള്ളുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ? ദൈവാത്മാവ് നമ്മുടെ ജഡത്തില്‍ വ്യാപാരിക്കുവാന്‍ നാം നമ്മെ തന്നേ ഏല്പിച്ചുകൊടുക്കുമോ?താഴ്മയുടെയും, സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിഫലനമായിരികേണ്ടതല്ലേ നമ്മുടെ ജീവിതം? അതാണ് മറ്റുള്ളവര്‍ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നതും.

എല്ലാവര്‍ക്കും സന്തോഷകരമായ ക്രിസ്തുമസും സമ്പല്‍ സമൃദ്ധമായ നവവത്സരവും ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top