Flash News

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ച് ജനം ടിവി

December 24, 2018

newsrupt_2018-12_17e3ce16-6b8d-43e3-ad80-f1273e39486d_janam_2പ്രകോപനപരമായ ചോദ്യങ്ങളുമായി ജനം ടി വി റിപ്പോര്‍ട്ടര്‍മാര്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ സ്ത്രീകളെ നേരിട്ടത് മാധ്യമ മര്യാദയുടെ ലംഘനമാണെന്ന് ആക്ഷേപം. ‘മാധ്യമ ശ്രദ്ധ കിട്ടാനല്ലേ, കലാപമുണ്ടാക്കാന്‍ വന്നതല്ലേ’ എന്നിങ്ങനെ ആക്ഷേപകരമായ ചോദ്യങ്ങളുമായാണ് ജനം ടിവി അടക്കമുളള മാധ്യമങ്ങള്‍ യുവതികളെ നേരിട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരെ അപ്പാച്ചിമേട്ടില്‍ വച്ച് പ്രതിഷേധക്കാര്‍ ഏറെനേരം തടഞ്ഞിരുന്നു. ഇവിടെ വെച്ചാണ് ശബരിമല ദര്‍ശനത്തിനെത്തിയ ഇവരോട് വീട്ടുകാരുടെ സമ്മതത്തോടെയാണോ വന്നതെന്ന് അടക്കമുളള ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചത്. യുവതികളോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ഏറെയും ചോദിച്ചത് ജനംടിവി റിപ്പോര്‍ട്ടറായിരുന്നു.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരെയും വിഭാഗീയവും വര്‍ഗീയവുമായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ജനം ടിവിയുടെ എഡിറ്റോറിയല്‍ സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ജനം ടിവി ആരംഭഘട്ടം മുതല്‍ ഹിന്ദുത്വപ്രീണന സമീപനങ്ങള്‍ കൈക്കൊളളുകയും വര്‍ഗീയ, വിഭാഗീയ വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നതായി ആരോപണമുണ്ട്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. എന്നാല്‍ ശബരിമലയിലെ യുവതി പ്രവേശന വിധിയും തുടര്‍ന്ന് സംസ്ഥാനത്ത് സംഘപരിവാറിന്റെയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ക്കും ശേഷം പുറത്തുവന്ന ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ ഹിന്ദുത്വവാദികളുടെ ചാനലായ ജനം ടിവി ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്തിലെ പൗരനെന്ന നിലയില്‍ അക്രമങ്ങളില്‍ നിന്ന് തനിക്ക് സംരക്ഷണം തരേണ്ടത് പൊലീസാണെന്നുമാണ് ബിന്ദു മാധ്യമങ്ങളോട് ആദ്യം പറഞ്ഞത്. ഇതിനിടെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയാണ് കനകദുര്‍ഗ മലചവിട്ടാന്‍ എത്തിയതെന്ന വിവരം മാതൃഭൂമി ന്യൂസ് ബ്രേക്കിങ് ന്യൂസായി കൊടുത്തിരുന്നു.

ജനം ടിവിയും മറ്റ് മാധ്യമ പ്രവര്‍ത്തകരും ബിന്ദുവിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും.

? (ജനം ടിവി റിപ്പോര്‍ട്ടര്‍ ) ഭക്തരുടെ ഭാഗത്തു നിന്ന് ഇനിയും പ്രതിഷേധം ഉണ്ടായാല്‍ എന്തായിരിക്കും ചെയ്യുക ?

ബിന്ദു : ഭക്തരുടെ ഭാഗത്ത് നിന്ന് എനിക്കിതുവരെ പ്രതിഷേധം ഉണ്ടായിട്ടില്ല. ഭക്തരെന്ന് ഭാവിച്ചു നില്‍ക്കുന്നവര്‍ പ്രതിഷേധം നടത്തുകയാണെങ്കില്‍ നിയമലംഘനം നടത്തുകയാണെങ്കില്‍ അതില്‍ നടപടിയെടുക്കേണ്ടത് സ്റ്റേറ്റാണ്. സര്‍ക്കാരാണ്

? ഇന്നലെയും യുവതികള്‍ വന്നിരുന്നു ഇവരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു…

നിലവില്‍ എനിക്ക് സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ട്.അവര്‍ യാത്ര സുഗമമാക്കുമെന്ന് വിശ്വാസമുണ്ട്.

? തന്ത്രി നിലപാടറിയിച്ചിരിക്കുന്നു, യുവതീ പ്രവേശനമുണ്ടായാല്‍ ക്ഷേത്ര നട അടച്ച് താക്കോല്‍ പന്തളം കുടുംബത്തിന് കൈമാറുമെന്ന്…

സുപ്രീം കോടതി വിധിയുടെ മേലെയാണോ തന്ത്രിയുടെ വിധി എന്നെനിക്കറിയില്ല.ഇന്ത്യയുടെ പരമോന്നത നീതിപീഠം സുപ്രീം കോടതിയാണ് അതിനുമേലെ അധികാരം തന്ത്രിക്കുണ്ടോ എന്നെിക്കറിയില്ല.

? തന്ത്രിക്കാണ് ക്ഷേത്രാചാരങ്ങളില്‍ പരമമായ അധികാരം. അപ്പോള്‍ തന്ത്രിയുടെ വിധി മാനിക്കുന്നില്ലേ…

എല്ലാത്തിനും മുകളില്‍ ഭരണഘടനയാണ്.

? ഭക്തയെന്ന് നേരത്തെ പറഞ്ഞിട്ട് എന്തുകൊണ്ട് തന്ത്രിയുടെ തീരുമാനം മാനിക്കുന്നില്ല ?

തന്ത്രികളും അവരുടെ പിന്മുറക്കാരും ക്ഷേത്രം കയ്യേറിയതാണ്. ക്ഷേത്രം ആദിവാസികള്‍ക്ക് വിട്ടു കൊടുക്കണമെന്ന നിലപാടിനോടാണ് ഞാന്‍ യോജിക്കുന്നത്. അതുകൊണ്ട് തന്നെ തന്ത്രിയെ ഞാന്‍ മാനിക്കുന്നില്ല.

? എന്താ തെളിവെന്താ ? കോടാനുകോടി വിശ്വാസികള്‍ തന്ത്രിയെ മാനിക്കുന്നു, ഭക്തയെന്ന് നേരത്തെ പറഞ്ഞിട്ട് എന്തുകൊണ്ട് തന്ത്രിയുടെ തീരുമാനം മാനിക്കുന്നില്ല ?

തന്ത്രിയുടെ നിലപാട് അംഗീകരിക്കുന്നവര്‍ മാത്രമാണോ ഭക്തര്‍, അല്ലാത്തവര്‍ ഭക്തരല്ലെന്നാണോ. ഇവിടെ ശാസ്താവാണ്. ശാസ്താവില്‍ ഞാന്‍ വിശ്വസിക്കുന്നു. ആദിവാസികളുടേതായ ക്ഷേത്രം കയ്യേറിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് തിരിച്ചുകൊടുക്കണമെന്ന നിലപാടിനൊപ്പം നില്‍ക്കുന്നു.

കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നു. ചോദ്യം ചോദിച്ചു തുടങ്ങുന്നു.

? ആക്ടിവിസമാണോ ? വനവാസികള്‍ക്ക് ക്ഷേത്രം തിരിച്ചു കൊടുക്കണമെന്ന് പറയുമ്പോള്‍ അതില്‍ ആക്ടിവിസമില്ലേ

കോടതി പലപ്പോഴും പല വിധികളും പറയാറുണ്ട്, പക്ഷേ സുപ്രീം കോടതി ആക്ടിവിസ്റ്റാണെന്ന് പറയാറില്ല. ചില ശരിയായ കാര്യങ്ങള്‍ പറയുമ്പോള്‍ അവരെ ആക്ടിവിസ്റ്റുകളെന്നും മാവോയിസ്റ്റെന്നും നക്‌സലൈറ്റുകളെന്നും മുദ്രകുത്തി ആട്ടിപ്പായിക്കുന്നത് ശരിയല്ല. അതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ന്യൂസ് വാല്യൂ കിട്ടാന്‍, റേറ്റിങ്ങ് കിട്ടാന്‍ ശരിയായ വിഷയം മറച്ചു പിടിച്ചുകൊണ്ട് നിങ്ങള്‍ നാമജപക്കാരുടെ പിന്നാലെ പോകുന്നുണ്ട്.

? വിശ്വാസം ആണെങ്കില്‍ ഇനിയും അവസരമുണ്ടല്ലോ, ഇത് മണ്ഡലകാലമാണ് ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സമയമാണ് ഒരു ചെറിയ വിഷയമുണ്ടായാല്‍ കാര്യങ്ങള്‍ പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതെ വരും അപ്പോള്‍ ബോധപൂര്‍വം ഒരു പ്രശ്നമുണ്ടാക്കാനായിട്ടല്ലേ നിങ്ങള്‍ വന്നിരിക്കുന്നത് ?

എനിക്ക് നിലവില്‍ കേരള സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ട്.

? കഴിഞ്ഞ ദിവസം വന്നവരോട് പൊലീസ് പറഞ്ഞതിതാണ് , നിങ്ങള്‍ക്ക് വരാന്‍ സാഹചര്യമുണ്ട്, ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് ഇവിടെ വരാന്‍ നിങ്ങള്‍ക്ക് സാഹചര്യമുണ്ട്. പൊലീസ് നിങ്ങളുടെയൊപ്പമാണ്, നിങ്ങളെയാരും തടയില്ല. പക്ഷ ഒരുലക്ഷത്തിലധികം ആളുകള്‍ ഇവിടെ വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു കലാപം ഉണ്ടാക്കരുതെന്നാണ് നിങ്ങളോടും പൊലീസ് ഇതു തന്നെ പറഞ്ഞാല്‍, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞാല്‍ അതിനോട് എങ്ങനെയാണ് പ്രതിരോധിക്കുക

കനകദുര്‍ഗ : ആരാണ് കലാപമുണ്ടാക്കുന്നത് കലാപമുണ്ടാക്കുന്നത് ഞങ്ങളല്ലല്ലോ…

സുപ്രീം കോടതി വിധിയെ ചൂഷണം ചെയ്തുകൊണ്ട് ഇപ്പോഴത്തെ പൊലീസിന്റെയും സര്‍ക്കാരിന്റെയും അവസ്ഥ മുന്നില്‍ നിര്‍ത്തി വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ , അല്ലാതെ നിങ്ങള്‍ക്ക് വിശ്വാസമില്ല എന്ന് വിശ്വാസികള്‍ പറഞ്ഞാല്‍ എന്തു പ്രതികരിക്കും.

? (ജനം ടിവി റിപ്പോര്‍ട്ടര്‍) മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയാണോ ലക്ഷ്യം ?

മാധ്യമശ്രദ്ധയ്ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് ജനം ടിവി പോലുള്ള മാധ്യമങ്ങള്‍ പറയുന്നു. ജനം ടിവി പോലുള്ളവരെ ഇവിടത്തെ ജനങ്ങള്‍ തിരിച്ചറിയും.

? ഞങ്ങള്‍ ജനം ടിവി ഭക്തര്‍ക്കൊപ്പമാണ്, ഒന്നോ രണ്ടോ ആക്ടിവിസത്തിന് വേണ്ടി വരുന്നവരെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല.

മാലയിട്ടു കെട്ടുനിറച്ച് വന്ന ഞങ്ങളെ നിങ്ങള്‍ ഭക്തരായിട്ട് കണ്ടില്ലെങ്കില്‍ നിങ്ങള്‍ ആരെയാണ് ഭക്തരായിട്ട് കാണുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല.ഇവിടെ രക്തം വീഴ്ത്തി ഇവിടം അശുദ്ധമാക്കുമെന്ന് പറഞ്ഞവരെയാണ് നിങ്ങള്‍ ഭക്തരായിട്ട് കാണുന്നതെങ്കില്‍ ജനം ടിവിയോട് മറുപടിയില്ല.

തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറായ അഡ്വ. ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജരായ കനകദുര്‍ഗ എന്നിവരെ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാര്‍ തടഞ്ഞെങ്കിലും പൊലീസെത്തി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.എന്നാല്‍ ഏറെനേരം നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ പൊലീസ് നിര്‍ബന്ധത്തില്‍ ഇവര്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. ബലംപ്രയോഗിച്ചാണ് പൊലീസ് ഇവരെ തിരിച്ചിറക്കിയത്.

ചന്ദ്രാനന്ദന്‍ റോഡ് വരെയെത്തിയ യുവതികളെ ഏറെ നേരമായി പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മണ്ഡലപൂജ സമയത്തെ സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുവതികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം മന്ത്രി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചര്‍ച്ചകളില്‍ കനകദുര്‍ഗയും ബിന്ദുവും മടങ്ങിപ്പോകാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് തിരിച്ചിറക്കുന്നതെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും തിരികെ കൊണ്ടുവരാമെങ്കില്‍ മാത്രമേ താഴേയ്ക്ക് ഇറങ്ങാന്‍ തയ്യാറുളളുവെന്നും ബിന്ദു അറിയിച്ചു.

ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി തിരികെ ഇറങ്ങണമെന്ന് പൊലീസ് പറഞ്ഞത്. തുടര്‍ന്ന് നിര്‍ബന്ധിച്ച് താഴെയിറക്കുകയായിരുന്നു. റെസ്റ്റ് റൂമിലേക്ക് എന്ന് പറഞ്ഞ് പൊലീസ് തന്ത്രപരമായി താഴേക്ക് ഇറക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു. കനകദുര്‍ഗയെ ആംബുലന്‍സിലാണ് താഴേക്ക് കൊണ്ടുപോയത്. ബിന്ദുവിനെയും പൊലീസ് താഴേക്ക് ആംബുലന്‍സില്‍ എത്തിക്കുമെന്നാണ് വിവരം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top