ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ ബസ് സ്റ്റേഷനില്‍ ഇറക്കി വിട്ടു

ice-asylumയുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ടെക്സസിലെ എല്‍ പാസോ ബസ് സ്റ്റേഷനില്‍ ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ ഇറക്കിവിട്ടത് ബസ് സ്റ്റേഷന്‍ അധികൃതരെ അമ്പരപ്പിച്ചു. ക്രിസ്തുമസിന് ഒരു ദിവസം മുന്‍പ് ഇറക്കിവിട്ട കുടുംബങ്ങളുടെ കൈവശം പണമോ ഭക്ഷണമോ ഉണ്ടായിരുന്നില്ല. മിക്കവരും ഇംഗ്ലീഷ് ഭാഷ അറിയാത്തവരായതുകൊണ്ട് ആശയവിനിമയം നടത്താനുമായില്ലെന്ന് ബസ് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. ക്രിസ്മസിന് കൂടുതല്‍ കുടിയേറ്റക്കാരെ ഇത്തരത്തില്‍ പുറത്താക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ പാസോ കോണ്‍ഗ്രസ്മാന്‍ ബീറ്റോ ഒ’റുര്‍കെ പറഞ്ഞു.

അമേരിക്കയില്‍ ഇതൊരു സാധാരണ സംഭവമാണ്. അഭയാര്‍ത്ഥികളായി അതിര്‍ത്തി കടന്നെത്തുന്നവരെ ഐസിഇ പിടികൂടി കൂട്ടത്തോടെ ബസ് സ്റ്റേഷനുകളില്‍ ഇറക്കി വിടുന്ന പ്രക്രിയയാണ് ഇപ്പോഴും നടന്നതെന്ന് ഐസി‌ഇ പറയുന്നു. ബസ് സ്റ്റേഷനില്‍ ഇറക്കി വിടുന്നതിനു മുന്‍പ് കണങ്കാലില്‍ നിരീക്ഷണ വള ഘടിപ്പിച്ച് കോടതിയില്‍ ഹാജരാകാനുള്ള തിയ്യതിയും നല്‍കും.  ഇത്തവണ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടുതലായി. തന്നെയുമല്ല ഗവണ്മെന്റ് അടച്ചുപൂട്ടിയതുകൊണ്ട് മുന്നറിയിപ്പ് കൊടുക്കാനും കഴിഞ്ഞില്ലെന്ന് ഐ‌സി‌ഇ വ്യക്തമാക്കി.

എല്‍ പാസോ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം പടിഞ്ഞാറന്‍ ടെക്സസ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനുന്‍സിയേഷന്‍ ഹൗസ് എന്ന സംഘടന അഭയാര്‍ത്ഥികളെ ഏറ്റെടുക്കുകയും അവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ എത്തുകയാണെങ്കില്‍ അവരെ അടുത്തുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കാനുള്ള സം‌വിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു എന്നും, ഐസി‌ഇ, കസ്റ്റംസ് & ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, എല്‍ പാസൊ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ്, നിയുക്ത കോണ്‍ഗ്രസ്‌വുമന്‍ വെറോണിക്ക എക്കോബോര്‍ എന്നിവരുമായി സംസാരിച്ച് ഇങ്ങനെ തെരുവില്‍ ഇറക്കി വിടുന്ന അഭയാര്‍ത്ഥികളുടെ പ്രശ്നം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്ന് ആരാഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ്മാന്‍ ബീറ്റോ ഒ’റുര്‍കെ പറഞ്ഞതായി എല്‍ പാസോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണയായി അനുന്‍സിയേഷന്‍ ഹൗസിന് ഐസി‌ഇയില്‍ നിന്ന് ദൈനം ദിന ബുള്ളറ്റിന്‍ ലഭിക്കാറുണ്ട്. എത്ര പേരെ എല്‍ പാസോയിലെ ഗ്രേഹൗണ്ട് ബസ് സ്റ്റേഷനില്‍ ഇറക്കിവിടുമെന്ന് ബുള്ളറ്റിനില്‍ അറിയിക്കും. അതുകൊണ്ട് അവര്‍ക്കു വേണ്ട താമസ സൗകര്യവും മറ്റും ഒരുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് ഇത്രയും വിപുലമായ കുടിയേറ്റക്കാരുടെ സംഘത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇറക്കിവിട്ടത് അവരെ ആശയക്കുഴപ്പത്തിലാക്കി.

“ഞായറാഴ്ച രാത്രിയില്‍, അതും അതി ശൈത്യക്കാലത്ത്, തെരുവില്‍ ഇറക്കിവിട്ട കുടിയേറ്റക്കാര്‍ക്ക് പ്രദേശവാസികള്‍ സഹായം ചെയ്തുകൊടുത്തിരുന്നു. ഇരുന്നൂറു പേരെയോ അതിലധികമോ തിങ്കളാഴ്ചയോ ചൊവാഴ്ചയോ ഐസി‌ഇ പുറത്തുവിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. തണുപ്പുകാലത്ത് രാത്രിയില്‍ അവര്‍ക്ക് പോകാനൊരിടം ഇല്ല, കൈയ്യില്‍ പണമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല, കുട്ടികളടങ്ങുന്ന ഈ സംഘത്തിനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ഹോട്ടലുകളും ലോഡ്ജുകളുമാണ് ഇപ്പോള്‍ അത്യാവശ്യമായി വേണ്ടതെന്ന്” കോണ്‍ഗ്രസ്‌വുമന്‍ വെറോനിക്ക എസ്കോബോര്‍ ട്വിറ്ററില്‍ എഴുതി.

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ കുടിയേറ്റക്കാരെ ബസ് സ്റ്റേഷനില്‍ ഇറക്കി വിട്ടത്. അവരുടെ കൈയ്യില്‍ പണമില്ലെന്നും താമസിക്കാനിടമില്ലെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് അധികൃതര്‍ അത് ചെയ്തത്. ഇറക്കി വിട്ടവരില്‍ പലരും ടിക്കറ്റുകള്‍ ഇല്ലാതെ ബസുകളിള്‍ കയറാന്‍ ശ്രമിച്ചത് ഗ്രെഹൗണ്ട് ബസ് സര്‍‌വ്വീസിന് ബുദ്ധിമുട്ടാകുകയും അവര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

“പെട്ടെന്ന് ഒരു കൂട്ടം ആളുകളെ ഇമിഗ്രേഷന്‍ അധികൃതര്‍ ബസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നു, യാതൊരു മുന്നറിയിപ്പുമില്ലാതെ..” ഗ്രെഹൗണ്ട് വക്താവ് ക്രിസ്റ്റല്‍ ബുക്കര്‍ സി‌എന്‍‌എന്നിനോട് പറഞ്ഞു. “ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല, ഞങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പും നല്‍കിയിട്ടില്ല. പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് കുടിയേറ്റക്കാരെ താത്ക്കാലികമായി താമസിപ്പിക്കാന്‍ വേണ്ടി നാല് ബസ്സുകള്‍ കൊണ്ടുവന്നു” അവര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ താഴ്ന്ന താപനിലയുള്ള എല്‍ പാസൊയുടെ തെരുവില്‍ ഇരുന്നൂറോളം പേരെ അലഞ്ഞുതിരിയാന്‍ അനുവദിക്കുന്നത് മനുഷ്യത്വരഹിതമാണ്. അതിന് ഞങ്ങള്‍ക്ക് കഴിയില്ല, ഞങ്ങളത് ചെയ്യുകയുമില്ല എന്ന് എല്‍ പാസോ പോലീസ് വക്താവ് സാര്‍ജന്റ് റോബര്‍ട്ട് ഗോമസ് സി‌എന്‍‌എന്നിനോട് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment