Flash News

ജോസഫ് പുലിക്കുന്നേല്‍; ഒരു അനുസ്മരണം: ചാക്കോ കളരിക്കല്‍

December 26, 2018

Pulikunnel banner-1ഡിസംബര്‍ 28, 2018 ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണദിനമാണ്. നാമിന്നറിയുന്നതരത്തിലുള്ള സഭാനവീകരണ പ്രസ്ഥാനം രൂപപ്പെടുത്തിയതിന്റെ ബഹുമതിക്ക് അര്‍ഹനായ, കേരള കത്തോലിക്കാ സഭയിലെ എതിര്‍ ശബ്ദമായിരുന്ന, പുലിക്കുന്നേലിനെ ഇന്നു നാം ഓര്‍മിക്കുകയാണ്. സഭയെ നവോത്ഥാനത്തിലേക്കു നയിക്കുക എന്ന പാവനകര്‍മത്തിന് സ്വയം സമര്‍പ്പിച്ചിട്ടുള്ള പലരുമുണ്ടെങ്കിലും, അവര്‍ക്കെല്ലാമിടയില്‍ ശിഖരംപോലെ ഉയര്‍ന്നുനില്‍ക്കുന്നു അദ്ദേഹത്തിന്റെ മാന്യസ്ഥാനം. ഓശാന ലൈബ്രേറിയനും ‘ഏകാന്ത ദൗത്യം – ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രഹാം തന്റെ ആമുഖത്തില്‍ ജോസഫ് പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, ‘ആശയങ്ങളുടെ ആഴങ്ങള്‍കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്’എന്നാണ്. കത്തോലിക്കാസഭ, പ്രത്യേകിച്ച് സീറോ-മലബാര്‍സഭ വളരെ കുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തില്‍ക്കൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍, മാര്‍ത്തോമാക്രിസ്ത്യാനികളുടെ പൗരാണികത ലോകത്തിന്റെയും സമുദായത്തിന്റെയും സഭാമേലധികാരികളുടെയും മുമ്പില്‍ വ്യക്തമായും സുശക്തമായും തുറന്നുകാട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മാര്‍ത്തോമ്മായുടെ മുന്തിരിത്തോട്ടം തകര്‍ത്തുകൊണ്ടിരുന്ന സ്‌നേഹശൂന്യരായ, കഠിനഹൃദയരായ, പണക്കൊതിയന്മാരായ സഭാധികാരികള്‍ക്കെതിരെ അദ്ദേഹം ജീവിതത്തിന്റെ സിംഹഭാഗവും ഒറ്റയാള്‍ പോരാട്ടം നടത്തി. പുലിക്കുന്നേലിന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും അദ്ദേഹം സമൂഹത്തിലുണ്ടാക്കിയ സ്വാധീനങ്ങളെയുമെല്ലാം കേവലം ഏതെങ്കിലുമൊരു അളവുകോലുകൊണ്ട് അളക്കാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം അവ അത്രമാത്രം ബഹുമുഖങ്ങളായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സഭയിലും സമൂഹത്തിലും വളരെയധികം പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും എടുത്തു പറയാതെ വയ്യ. പുലിക്കുന്നേല്‍ ഒരു പ്രസ്ഥാനമായിരുന്നു; അതിനായി അവതരിച്ച ഒരു വ്യക്തിയായിരുന്നു.

Chacko Kalarikalപള്ളിയില്‍ പോകാനും അച്ചന്മാരെ അനുസരിക്കാനും പള്ളിക്കു സംഭാവന നല്‍കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ തങ്ങള്‍ക്ക് കടമയുള്ളുവെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. സമൂഹത്തില്‍ മാറ്റം വന്നാലേ സഭാ മേലധികാരികള്‍ക്ക് മാറ്റം വരൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ‘സഭയിലെ മെത്രാന്മാരും പട്ടക്കാരും ദൈവജനത്തിന് സേവനം ചെയ്യാന്‍ സ്വമനസ്സാ ജീവിതം അര്‍പ്പിച്ചവരാണ്; വിശ്വാസികളുടെ മേല്‍ അധികാരം കൈയാളാന്‍ നിയോഗിക്കപ്പെട്ടവരല്ല, അവര്‍. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തില്‍ സ്ഥാപിച്ച സംഘടിതസഭ യേശുവിന്റെ സദ്‌വാര്‍ത്താ സന്ദേശത്തില്‍ അധിഷ്ഠിതമല്ല’ തുടങ്ങിയ പുലിക്കുന്നേലിന്റെ നിലപാടുകള്‍ക്ക് യേശുപഠനങ്ങളും ആദിമ സഭാപാരമ്പര്യങ്ങളുമായിരുന്നു ആധാരം. ‘സേവനസഭ’ എന്ന സങ്കല്‍പം പാശ്ചാത്യ സഭയിലില്ല. റോമന്‍ നിയമത്തെ ആധാരമാക്കി കാനോനകളുണ്ടാക്കി ദൈവജനത്തെ വരിഞ്ഞുകെട്ടി ഭരിക്കുന്ന ഒരു പുരോഹിത സംവിധാനമാണ് പാശ്ചാത്യ സഭ. അതാണല്ലോ ഹയരാര്‍ക്കി സമ്പ്രദായത്തിന്റെ കാതലും അടിസ്ഥാനവും. ഈ ഹയരാര്‍ക്കിയല്‍ സമ്പ്രദായത്താല്‍ ഭരിക്കപ്പെടുന്ന ഏതു സംഘടനയും കാലക്രമേണ ദുഷിക്കുമെന്നുള്ളതു വ്യക്തമാണ്. പൂര്‍ണമായ അധികാരവും അളവില്ലാത്ത സമ്പത്തുസമാഹരണവുമാണ് അതിനു കാരണം.

കേരളത്തിലെ നസ്രാണികള്‍ യേശു ശിഷ്യരുടെ കുടുംബ കൂട്ടായ്മാ സമ്പ്രദായത്തില്‍ വളര്‍ന്നവരാണ്. പതിനാറാം നൂറ്റാണ്ടോടു കൂടിയാണ് പാശ്ചാത്യര്‍ മലബാര്‍ പ്രദേശങ്ങളില്‍ വരുന്നതും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മേല്‍ തങ്ങളുടെ അധികാര ശ്രേണി അടിച്ചേല്പിക്കുന്നതും. അതിന്റെ പിന്തുടര്‍ച്ചയായി സീറോ-മലബാര്‍ സഭയില്‍ ഹയരാര്‍ക്കിയല്‍ ഭരണം ഉണ്ടാകുകയും പാശ്ചാത്യ സഭയിലെപ്പോലെ അധികാരവും സമ്പത്തും മെത്രാന്മാരുടെയും വൈദികരുടെയും പിടിയിലമരുകയും ചെയ്തു. കൂടാതെ, സീറോ-മലബാര്‍ സഭയെ സ്വയം ഭരണാധികാരമുള്ള ഒരു സ്വതന്ത്ര സഭയായി റോം പ്രഖ്യാപിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് ശ്രീ പുലിക്കുന്നേലിന്റെ സഭാ നവീകരണ സംരംഭങ്ങള്‍ ശക്തി പ്രാപിച്ചത്. സഭ ആദിമ സഭയുടെ കൂട്ടായ്മാ സമ്പ്രദായത്തിലേക്കു തിരിച്ചു പോകണമെന്നും പുരോഹിതര്‍ ദൈവജന ശുശ്രൂഷയില്‍ വ്യാപൃതരാകണമെന്നും പള്ളിഭരണം അല്‍മായരുടെ അവകാശമാണെന്നും വിശുദ്ധ ഗ്രന്ഥത്തെയും നസ്രാണി സഭാപാരമ്പര്യത്തെയും ആധാരമാക്കി അദ്ദേഹം വാദിച്ചു. ആ വാദമുഖങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഒരു മെത്രാനും കഴിഞ്ഞിട്ടില്ല. കാരണം, തന്റെ ബോധ്യങ്ങള്‍ പഴുതടച്ചു സമര്‍ത്ഥിക്കാനുള്ള അഗാധ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ഇന്ന് പുലിക്കുന്നേലിനെ അനുസ്മരിക്കുമ്പോള്‍, സഭയില്‍ വരുത്തേണ്ട സ്ഥായിയായ മാറ്റത്തെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം’ഓശാന’ മാസിക വഴിയും പുസ്തകങ്ങള്‍ വഴിയും സംവാദങ്ങള്‍ വഴിയും പ്രഭാഷണങ്ങള്‍ വഴിയും നമുക്കു നല്‍കിയിട്ടുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റെടുക്കുക എന്ന നമ്മുടെ ദൗത്യം നാം തിരിച്ചറിയുകയാണു വേണ്ടത്. സഭയെ അധികാര ഭരണത്തില്‍നിന്ന് അജപാലനത്തിലേക്കു മാറ്റുന്നതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ കേരള ക്രൈസ്തവ സമുദായത്തിനു നൂറു നൂറു നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വി.കെ. കുര്യന്‍ സാറിന്റെ മൃതസംസ്‌കാര ശുശ്രൂഷയും, കുറി നിഷേധിക്കപ്പെട്ട ഡസന്‍ കണക്കിനു വധൂവരന്മാരുടെ വിവാഹ ശുശ്രൂഷയും സഭാപരമായി നടത്തി പൗരോഹിത്യത്തിനു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി വിശാസികളുടെ ആത്മവിശ്വാസം ഉണര്‍ത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ എടുത്തു പറയാവുന്നതാണ്. വിശ്വാസി സമൂഹം നേടിയ ഈ ആത്മവിശ്വാസത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ‘ചര്‍ച്ച് ആക്റ്റി’ നായുള്ള അല്‍മായ പ്രസ്ഥാനങ്ങളുടെ നിരന്തര സമരവും, ഈയിടെ വഞ്ചീസ്‌ക്വയറില്‍ നടന്ന കന്യാസ്ത്രീ സമരവുമൊക്കെ. സഭയിലെ ബഹുസ്വരതയുടെയും നീതിയുടെയും വീണ്ടെടുപ്പിനു വേണ്ടിയുള്ള എല്ലാ സമരങ്ങള്‍ക്കും അദ്ദേഹം വഴികാട്ടിയായി. അന്ധമായ അധികാര ഭയത്തില്‍നിന്നു നസ്രാണി ക്രിസ്ത്യാനികളെ മോചിപ്പിച്ചത് ശ്രീ പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ നിലപാട് സമുദായാംഗങ്ങള്‍ക്ക് ഇന്നും ധൈര്യം പകരുന്നു.

നസ്രാണികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാ ഭരണ സംവിധാനത്തെ, അതായത് പള്ളി യോഗ ജനാധിപത്യ ഭരണ സമ്പ്രദായത്തെ അട്ടിമറിച്ച്, വികാരിയെ ഉപദേശിക്കാന്‍ മാത്രം അവകാശമുള്ള പാരീഷ് കൗണ്‍സില്‍ സ്ഥാപിച്ചുകൊണ്ട് സീറോ-മലബാര്‍ മെത്രാന്‍ സിനഡ് ഏകാധിപത്യ ഭരണം സഭയില്‍ നടപ്പിലാക്കി. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതാത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളി പുരോഹിതരുടേതല്ലെന്നും പള്ളിക്കാരുടേതാണെന്നുമുള്ള തിരിച്ചറിവ് നസ്രാണികള്‍ക്കെന്നുമുണ്ട്. ജനാധിപത്യ മൂല്യമോ സാമാന്യ മര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി ദുരുപയോഗം ചെയ്തുതുടങ്ങി. പുലിക്കുന്നേല്‍ അതിനെ നഖശിഖാന്തം ചോദ്യം ചെയ്തു. ഇന്ന് സാദാ വിശ്വാസികള്‍ പോലും മേലധികാരികളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നു! അതൊരു വമ്പിച്ച മാറ്റമാണ്.

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഇടമറ്റം എന്ന ഗ്രാമത്തില്‍ ഏപ്രില്‍ 14, 1932-ല്‍ പുലിക്കുന്നേല്‍ മിഖായേലിന്റെയും എലിസബത്തിന്റെയും മകനായി ജോസഫ് പുലിക്കുന്നേല്‍ ജനിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബി. എ. ഓണേഴ്‌സ് കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയാറാം വയസ്സില്‍ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളില്‍ കൊച്ചുറാണിയെ വിവാഹംകഴിച്ചു. അദ്ദേഹം കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കൂടാതെ, കേരളാ യൂണിവേഴ്‌സിറ്റി സെനറ്റു മെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരില്‍ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചറര്‍ സ്ഥാനത്തുനിന്നു പുറത്തുവന്നു. അതുകൊണ്ട് കേരള ക്രൈസ്തവര്‍ക്കുവേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭാവന ചെയ്യാന്‍ അസാധ്യമായത്ര കാര്യങ്ങളാണ് അദ്ദേഹം ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ത്തത്.

അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്ഛാശക്തിയുമുണ്ടായിരുന്ന ശ്രീ പുലിക്കുന്നേല്‍ മറ്റെല്ലാ മേഖലകളും ഉപേക്ഷിച്ച് തന്റെ ജീവിതം സഭാ നവീകരണ പ്രസ്ഥാനത്തിനായി മാറ്റിവച്ചു. ലിറ്റര്‍ജി, ദൈവശാസ്ത്രം, കാനോന്‍ നിയമം, സഭാ ചരിത്രം, സഭാ പാരമ്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സ്വയം പഠിച്ച് ആ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹം നേടി. പുലിക്കുന്നേലിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ഓശാന’ മാസികയായിരുന്നു അദ്ദേഹത്തിന്റെ നാവ്. കേരള നസ്രാണികളുടെ മഹത്തായ ഭാരതീയ പാരമ്പര്യ പൈതൃകങ്ങള്‍ നശിപ്പിച്ച് പാശ്ചാത്യ സഭാ സ്വഭാവം അടിച്ചേല്പിക്കാന്‍ സഭാധികാരം കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ അതിനെ യുക്തിഭദ്രവും ശക്തിയുക്തവും എതിര്‍ത്തത് ഓശാനയാണ്. മാര്‍ത്തോമ്മായാല്‍ സ്ഥാപിതമായ അപ്പോസ്തലിക നസ്രാണി കത്തോലിക്കാ സഭയുടെ പുനരുജ്ജീവനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ‘മര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും’ എന്ന നമ്മുടെ പൗരാണിക പൈതൃകത്തിലേക്കു സഭയെ തിരികെ കൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമെന്നും മറിച്ച്, ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിച്ചു ജീവിക്കുകയാണ് യേശുവിന്റെ സന്ദേശമെന്നുമുള്ള സുവിശേഷ സത്യം അദ്ദേഹം സമര്‍ത്ഥമായി ഈ സമുദായത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രമാണഗ്രന്ഥമായ ബൈബിളിന്റെ മലയാള വിവര്‍ത്തനത്തിന് ശ്രീ. പുലിക്കുന്നേല്‍ മുന്‍കൈയെടുത്തു. എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ തരത്തില്‍ തയാറാക്കിയ മലയാളം ഓശാന ബൈബിളിന്റെ പ്രചാരം വിസ്മയകരമായിരുന്നു.

നസ്രാണികള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നതിന് പുലിക്കുന്നേല്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രശസ്തി കാംക്ഷിക്കാതെ, ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, ലളിത ജീവിതത്തിന് പ്രാധാന്യം നല്‍കി ശുഭ്രവസ്ത്രധാരിയായി ജീവിച്ച അദ്ദേഹം പല പ്രസ്ഥാനങ്ങളും ഓശാന മൗണ്ടില്‍ സ്ഥാപിച്ചു. ആശ്രയമില്ലാത്തവര്‍ക്ക് അദ്ദേഹം അത്താണിയായി. പാവപ്പെട്ടവര്‍ക്കു വേണ്ടി ആവുന്നത്ര സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ‘ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ്’ സ്ഥാപിച്ചു. അതിനു കീഴില്‍ ക്യാന്‍സര്‍ പാലിയേറ്റീവ് സെന്റര്‍, ഓശാനവാലി പബ്ലിക് സ്‌കൂള്‍, പ്രമേഹരോഗ ബാലികാഭവനം, സുനാമി ബാധിതര്‍ക്ക് വീടു നിര്‍മ്മിക്കല്‍ തുടങ്ങി പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഓശാന ലൈബ്രറിയും കൂടാതെ ഓശാനയില്‍ നിന്നു പ്രസിദ്ധീകരിച്ച സഭാപരമായ അനേകം പുസ്തകങ്ങളും പഠന ക്ലാസ്സുകളും ചര്‍ച്ചാ സഹവാസങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പരിശ്രമഫലമായിരുന്നു. പുലിക്കുന്നേലിന്റെ ‘ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രത്തിന്റെ മുദ്രാവാക്യം തന്നെ ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം’ എന്നതാണ്.

വളരെ ചെലവു കുറഞ്ഞ പരമ്പരാഗത രീതിയില്‍ പരിസ്ഥിതി കണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടു കൂടിയും തടികൊണ്ടു നിര്‍മ്മിച്ച കെട്ടിടങ്ങള്‍കൊണ്ട് അലംകൃതമായ പതിനൊന്ന് ഏക്കറോളം വരുന്ന ഓശാനാ മൗണ്ട് ആരെയും ആകര്‍ഷിക്കും. പ്രകൃതിയോടു ലയിച്ച് ശാന്തസുന്ദരമായി, നിലകൊള്ളുന്ന ഓശാന ഗസ്റ്റ് ഹൗസില്‍ എനിക്കും എന്റെ കുടുംബത്തിനും പലവട്ടം, ചിലപ്പോള്‍ മാസങ്ങളോളം, താമസിക്കുവാനുള്ള ഭാഗ്യമുണ്ടായി എന്ന കാര്യം കൃതജ്ഞതയോടെ ഈ അവസരത്തില്‍ അനുസ്മരിക്കുന്നു.

ശ്രീ പുലിക്കുന്നേലിന്റെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാല്‍ അവയില്‍ മിക്കതും പ്രസക്തങ്ങളാണെന്ന് സാര്‍വ്വത്രിക സമ്മതം ഉണ്ടാകും. വൈദികനായ (വേദജ്ഞാനി) ശ്രീ പുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേ ആര്‍ക്കും കാണാന്‍ കഴിയൂ. ഒരു നിര്‍ണായക കാലഘട്ടത്തില്‍ സഭയില്‍ നീതിക്കുവേണ്ടി പോരാടിയ, ശബ്ദമുയര്‍ത്തിയ, സഭയെ ആശയപരമായി ധീരതയോടെ നയിച്ച മഹാനായി ഭാവിയില്‍ അദ്ദേഹം അറിയപ്പെടും. ശ്രീ ജെയിംസ് ഐസക് കുടമാളൂരിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഞാന്‍ പറയട്ടെ: ‘കേരളസഭയില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട മഹാതേജസ്സുകളില്‍ ഒന്നായി ഭാവിയില്‍ ജോസഫ് പുലിക്കുന്നേല്‍ അറിയപ്പെടും.’

ശ്രീ പുലിക്കുന്നേലിന്റെ പ്രഥമ മരണവാര്‍ഷിക അനുസ്മരണം ആചരിക്കുന്ന ഈ അവസരത്തില്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്‌നേഹപൂര്‍വ്വമായ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു! അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top