മുപ്പത് വര്‍ഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലെത്തി; വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി വാഹനാപകടത്തില്‍ മരിച്ചു

133148_1546217110മുപ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അര്‍ച്ചനയില്‍ (നെല്ലിപ്പിള്ളില്‍) രാജന്‍പിള്ള (55) യാണ് മരിച്ചത്. 30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു രാജന്‍.

കൊല്ലം തേനി ദേശീയപാതയില്‍ ഭരണിക്കാവ് പുമ്മൂട് കോട്ടവാതുക്കല്‍ ജംഗ്ഷനില്‍ പുലര്‍ച്ചെ 5.30നാണ് അപകടം നടന്നത്. തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ രാജന്‍ പിള്ളയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുതിനിടെയായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. രാജന്‍റെ സഹോദരന്‍ ആദിനാട് സ്വദേശി ജയകുമാര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ജയകുമാറിനും രാജന്‍ പിള്ളയുടെ ഏക മകന്‍ അമലിനും (20) പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും വാരിയെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റ അമല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തെങ്ങമത്ത് നിന്ന് ശിവഗിരിയിലേക്ക് തീര്‍ഥാടകരുമായി പോയ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍പില്‍ പോയ ബസിനെ മറികടക്കാന്‍ ശ്രമിക്കുതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് രാജനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ വിജയശ്രീ.

Print Friendly, PDF & Email

Leave a Comment