വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ല; ഉമ്മന്‍ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

800px-Oommen_Chandy,_Chief_Minister_of_Keralaതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു

സര്‍ക്കാറിന്‍റെ താല്‍പര്യങ്ങള്‍ ബലികഴിച്ചു , വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചത്. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎജിയിലെ ഒരംഗം വിഴിഞ്ഞം പദ്ധതിക്കെതിരെ പരസ്യമായി നിലപാട് എടുത്തയാളാണെന്നതടക്കം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നഷ്ടമോ ലാഭമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താനുള്ള സമയം ആയിട്ടില്ലെന്നും ആദ്യ ഘട്ട കമ്മീഷനിങ് നടന്നാല്‍ മാത്രമെ അത്തരം വിലയിരുത്തലുകളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ എന്നും ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിഎജിയുടെ കണ്ടെത്തലില്‍ പിഴവുകളും ശരികളുമുണ്ട് . പദ്ധതിയുമായി സര്‍ക്കാരിനും കമ്പനിക്കും മുന്നോട്ട് പോകാം. പദ്ധതി രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാരില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും സംശയത്തിന്‍റെ നിഴലിലാക്കുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ടും അന്വേഷണവും. പുതിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതോടെ യുഡിഎഫിന് അത് ഗുണം ചെയ്യും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News