Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 16)

January 1, 2019 , എച്മുക്കുട്ടി

Vyazhavattam 16smallമകനല്ലാതെ മറ്റാര്‍ക്കും അത് ചെയ്യാന്‍ കഴിയില്ലെന്ന് സൈബര്‍ സെല്ലുകാര്‍ ഉറപ്പിച്ചു പറഞ്ഞു. അയച്ച സമയമാണ് അവര്‍ പരിശോധിച്ചത്. അവള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിലും അത് ഒരു വിങ്ങുന്ന സംശയമായി മനസ്സില്‍ നില്‍ക്കേണ്ട എന്നാണ് അവള്‍ വിചാരിച്ചത്. മകന്‍ ഇനി വീട്ടില്‍ എത്തുകയാണെങ്കില്‍ സൈബര്‍ ഓഫീസര്‍മാര്‍ വീട്ടില്‍ വരണമെന്നും അവനെവേണ്ട രീതിയില്‍ ഉപദേശിക്കണമെന്നും അവള്‍ അവരോട് അപേക്ഷിച്ചു. അമ്മയുടെ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതു പോലെ അല്ല, മറ്റാരുടേയെങ്കിലും ഫോണ്‍ ദുരുപയോഗം ചെയ്യുന്നതെന്നും അമ്മ ക്ഷമിക്കുന്നതു പോലെ മറ്റുള്ളവര്‍ ക്ഷമിക്കുകയില്ലെന്നും മറ്റും അവനെ പറഞ്ഞു മനസ്സിലാക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

അവള്‍ അവരുടെ സന്മനസ്സിനു നന്ദി പറഞ്ഞ് ഇറങ്ങി.

കേസ് ഫയല്‍ ചെയ്താല്‍ പിന്നെ കോടതി ഒന്നേ രണ്ടേ എന്ന് നോട്ടീസ് അയയ്ക്കുവാന്‍ തുടങ്ങും . അയാള്‍ പതിവു പോലെ ആദ്യത്തെ പ്രാവശ്യം ഒഴിവായി , പക്ഷെ, മൂന്നു കേസുകള്‍ ഒന്നിച്ചുണ്ടെന്ന് അറിഞ്ഞപ്പോള്‍ പിന്നെ നോട്ടീസ് എടുക്കാതിരുന്നിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക് മനസ്സിലായി . അയാള്‍ ഒന്നര മാസത്തിനുള്ളില്‍ നോട്ടീസ്സുകള്‍ എല്ലാം ഒന്നൊന്നായി സ്വീകരിച്ചു.

പക്ഷെ, അതിനകം അവള്‍ വാങ്ങിക്കൊടുത്ത ഭൂമി അയാള്‍ വിറ്റു കഴിഞ്ഞിരുന്നു. അയാളുടെ വിഹിതമായി ഇരുപത്തഞ്ചുലക്ഷമേ അയാള്‍ക്ക് കിട്ടിയുള്ളൂ. കാരണം എടുപിടീന്ന് വിറ്റതുകൊണ്ട് കൂടുതല്‍ ലാഭമൊന്നും ഉണ്ടായില്ല. എന്നാല്‍ അയാളെ സംബന്ധിച്ച് കിട്ടുന്നതെന്തും ലാഭമായിരുന്നുവല്ലോ.

അയാളുടെ സുഹൃത്ത് ഭൂമി വിറ്റ കാര്യം അവളെ കൃത്യമായി അറിയിച്ചു. എന്തിനതിനു സമ്മതിച്ചു, അങ്ങനെ അയാളെ എന്തിനു സഹായിച്ചുവെന്ന് അവള്‍ തിരക്കാതിരുന്നില്ല. അയാളെയും അയാളുടെ നിരന്തരമായ ഫോണ്‍ വിളികളേയും ആര്‍ക്കും താങ്ങാനാവില്ലെന്നായിരുന്നു സുഹൃത്തിന്റെ മറുപടി. പിന്നെ അവള്‍ ഒന്നും ചോദിച്ചില്ല.

പൊടുന്നനെ ഒരു ദിവസം അവന്റെ സ്‌ക്കൂളില്‍ നിന്ന് അവളെ അന്വേഷിച്ച് ഒരു ഫോണ്‍ വന്നു. അവള്‍ രാവിലെ പത്തുമണിയ്ക്ക് സ്‌കൂളില്‍ ചെല്ലണമെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. അതനുസരിച്ച് അവള്‍ അവിടെ പോയപ്പോള്‍ , അവര്‍ അയാളെയും വിളിച്ചു വരുത്തിയിരുന്നു. അവന്‍ എട്ടാംക്ലാസ്സില്‍ തോറ്റു പോയി എന്ന വര്‍ത്തമാനമായിരുന്നു സ്‌കൂളധികൃതര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. അവള്‍ ഒരു വര്‍ഷം മാറി നിന്നപ്പോള്‍ അവന്‍ പരീക്ഷയില്‍ തോറ്റെന്ന വിവരം അറിഞ്ഞ് അവള്‍ക്ക് കടുത്ത വേദന തോന്നി. കുട്ടിയുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ സ്‌കൂള്‍ അധികൃതര്‍ അപ് ലോഡ് ചെയ്യുന്നത് കാണാന്‍ അവള്‍ക്ക് പറ്റുമായിരുന്നില്ല. കാരണം ആ പാസ് വേര്‍ഡ് അയാള്‍ മാറ്റിയിരുന്നു. വളരെയധികം സല്‍പേരുള്ള ആ ഇന്റര്‍നാഷണല്‍ സ്‌കൂളിനു അവനെ ഇനി അവിടെ തുടര്‍ന്ന് പഠിപ്പിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ അറിയിച്ചു. പരീക്ഷയില്‍ തോല്‍ക്കുന്നത് മാത്രമല്ല വെറും 150 ദിവസത്തെ അറ്റന്‍ഡന്‍സേ അവനുണ്ടായിരുന്നുള്ളൂ. അതും സ്‌ക്കൂള്‍ അധികൃതര്‍ക്ക് അസഹ്യമായിരുന്നു. അവനെ ബോര്‍ഡിംഗ് സ്‌കൂളില്‍ വിടുക എന്ന അവരുടെ ആശയത്തോട് യാതൊരു ഗത്യന്തരവുമില്ലാതെ അയാള്‍ക്ക് യോജിക്കേണ്ടി വന്നു. അയാള്‍ ഏതു കടലാസ്സില്‍ വേണമെങ്കിലും ഒപ്പിട്ട് തരാമെന്നും അയാള്‍ക്ക് പണമില്ലെന്നും അവള്‍ മകനെ നല്ല ബോര്‍ഡിംഗ് സ്‌ക്കൂളില്‍ വിട്ട് പഠിപ്പിച്ചാല്‍ മതിയെന്നും അയാള്‍ക്ക് കേസൊന്നും തന്നെ വേണ്ടെന്നും അയാള്‍ക്ക് വല്ല ഗ്രാമപ്രദേശത്തും പോയി സമാധാനമായി ജീവിയ്ക്കാനാണിഷ്ടമെന്നും മറ്റും അയാള്‍ സ്‌കൂളധികൃതര്‍ക്ക് മുന്നില്‍ മുറിവേറ്റു പിടയുന്ന ചോര വാലുന്ന ആണ്‍കിളിയായി.

സ്‌കൂളധികൃതര്‍ ചില ബോര്‍ഡിംഗ് സ്‌ക്കൂളുകളുടെ പേരുകള്‍ നല്‍കി. അവിടെ ചേര്‍ക്കാനായി അവന്റെ മാര്‍ക് ലിസ്റ്റിനെ ഫെയില്‍ഡ് എന്നതില്‍ നിന്ന് പാസ്സ്ഡ് എന്ന് ആക്കിത്തരാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

കസ്റ്റഡി കേസ് കോടതിയില്‍ വരുന്ന ദിവസത്തിനു ഒരാഴ്ച മുമ്പ് മകന്‍ അവളെ വിളിച്ചു, അവന് അമ്മയുടെ അടുത്തേക്ക് വരണമെന്ന് പറഞ്ഞു. അവള്‍ അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘അവനെ വരണ്ട’ എന്ന് പറയരുതെന്ന് വക്കീല്‍ അവള്‍ക്ക് ഉപദേശം നല്‍കി. അങ്ങനെ അവള്‍ ഓഫീസില്‍ നിന്ന് വൈകീട്ട് വരുമ്പോള്‍ അവനെ വിളിച്ചുകൊണ്ടു വന്നു. വീട്ടില്‍ വന്ന് കയറിയതും അവന്‍ അവളുടെ കാല്‍ക്കല്‍ വീണു മാപ്പു പറയുകയും അവനോട് അമ്മ പൊറുക്കണമെന്ന് അപേക്ഷിക്കുകയുംചെയ്തു. അമ്മായിയോട് അവന്‍ ഒരു പിണക്കവും കാണിച്ചില്ല. വളരെ സാധാരണമായിരുന്നു അവന്റെ പെരുമാറ്റം.

ഒരു സാധാരണ കുഞ്ഞിനെപ്പോലെ സ്‌നേഹത്തോടെ അവന്‍ പെരുമാറുന്നത് കണ്ട് അവളുടെ ചേട്ടത്തിയമ്മയ്ക്ക് പാവം തോന്നി അവളോടും ആ കുഞ്ഞിനോടും. അവനു വലിയൊരു ടെഡിബെയറിനേ അവര്‍ സമ്മാനിച്ചു. അതവനു വലിയ ഇഷ്ടമായി. അവനൊരു ബാത് റോബ് വേണമായിരുന്നു. അതും അവര്‍ വാങ്ങിക്കൊടുത്തു. വൈകുന്നേരങ്ങളില്‍ സാധിക്കുമ്പോഴെല്ലാം അവള്‍ക്കൊപ്പവും അല്ലാത്തപ്പോള്‍ ചേട്ടത്തിയമ്മയ്ക്ക് ഒപ്പവും അവന്‍ ജിംഖാന ക്ലബില്‍ നീന്താന്‍ പോയി. അപ്പോഴൊക്കെ അവനൊരു സാധാരണകുട്ടിയായിരുന്നു. രാത്രിയില്‍ മോമോസ് തിന്നണമെന്നതായിരുന്നു അവന്റെ മറ്റാനാവാത്ത ഒരു വാശി. ‘അമ്മായീ, സോയ ചങ്ക്‌സ് കറി വെയ്ക്കു, തൈരും ചോറും തരൂ, ഉച്ചയ്ക്ക് ബട്ടര്‍ ചിക്കനായാലോ ‘ എന്നൊക്കെ അവന്‍ പറഞ്ഞു തുടങ്ങി. അത്തരം മാറ്റങ്ങള്‍ക്ക് കൂടുതല്‍ നേരമെടുത്തതേയില്ല. അവനില്‍ ആത്മാര്‍ഥത ഇല്ലെന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല. അവന്‍ കാണുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെപ്പറ്റിയും അതില്‍ തന്നെ പ്രത്യേകിച്ച് വെജീറ്റയെപ്പറ്റിയും ഗോഗോയെപ്പറ്റിയും അവന്റെ കൂട്ടുകാരായ അമല്‍, ടോമി, കണ്ണന്‍ എന്നിവരെപ്പറ്റിയും ഒക്കെ അവന്‍ അമ്മായിയോട് ധാരാളം സംസാരിച്ചു. അച്ഛന്റെ ഫോണ്‍ വരുമ്പോള്‍ അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിപ്പോകും, അല്ലെങ്കില്‍ ടോയ്‌ലറ്റില്‍ കയറി വാതിലടയ്ക്കും. ആ ഫോണിനു ശേഷം സ്വാഭാവികമായി അവന്റെ സ്വഭാവത്തിലെ മാധുര്യം കുറഞ്ഞു വരുമായിരുന്നു.

പഴയ മാരുതി കാര്‍ അമ്മ എവിടെ കൊണ്ടുകളഞ്ഞു എന്നത് അവന്റെ ഒരു വിഷമമായിരുന്നു. കാരണം , അവനുണ്ടായപ്പോള്‍ അവനെ ആശുപത്രിയില്‍ നിന്ന് കൊണ്ടുവരാന്‍ വേണ്ടി അച്ഛന്‍ വാങ്ങിയ കാറാണത്. അത് അവനു വലിയ ഇഷ്ടമുള്ള ഒരു കാറാണ്. അമ്മ അത് എങ്ങനെ എടുത്ത് ദൂരെക്കളഞ്ഞുവെന്ന് അവനു മനസ്സിലാകുന്നില്ല. അച്ഛന്‍ വാങ്ങിച്ച സാധനങ്ങള്‍ അങ്ങനെ അമ്മ കളയാന്‍ പാടുണ്ടോ?

‘നിന്നെ പത്തുമാസം ചുമന്ന ഈ വയറ്റില്‍ നീ ചവുട്ടി ,ആ വയറിനേക്കള്‍ വലുതാണോ നീ ആദ്യം യാത്ര ചെയ്ത കാര്‍’ എന്ന് അവള്‍ ചോദിച്ചപ്പോള്‍ അവന്റെ മുഖം വല്ലാതെ വിവര്‍ണമായി.

അവനു വേണ്ടി ഇന്ത്യയിലെ ഏറ്റവും പണച്ചെലവുള്ള ബോര്‍ഡിംഗ് സ്‌ക്കൂളുകള്‍ അയാള്‍ തെരഞ്ഞു പിടിച്ച് അവള്‍ക്ക് ലിസ്റ്റ് അയക്കാന്‍ തുടങ്ങി. അവള്‍ ആത്മാര്‍ഥമായി അവിടെയെല്ലാം അന്വേഷിക്കാനും ആരംഭിച്ചു. അവിടെയൊക്കെ അവളും മോനും കൂടി പോകണമെന്നായിരുന്നു അയാളുടെ ആവശ്യം. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സ്‌ക്കൂളുകളില്‍ വെറും അന്വേഷണത്തിനും സ്‌കൂള്‍ കാണാനുമായി പോയിവരുന്നത് മനുഷ്യസാധ്യമായ ഒരു കാര്യമായിരുന്നില്ല. തന്നെയുമല്ല, മിക്കവാറും സ്‌കൂളുകള്‍ അവനെ ഫോണിലൂടെയും ഈ മെയിലിലൂടെയും തന്നെ തള്ളിക്കളയുകയുമായിരുന്നു.

കസ്റ്റഡികേസ് കുടുംബകോടതിയില്‍ വന്ന ദിവസം, അയാള്‍ വക്കീലിനെ ഒന്നും ഏര്‍പ്പെടുത്താതെ ഒറ്റയ്ക്കാണ് എത്തിയത്. അയാള്‍ക്ക് വിസിറ്റിംഗ് റൈറ്റ്‌സ് മാത്രം മതിയെന്നും പെര്‍മനന്റ് കസ്റ്റഡി അവള്‍ എടുത്തുകൊള്ളട്ടെ എന്നും അയാള്‍ ഉദാരമനസ്‌ക്കനായി. കേസ് അങ്ങനെ ഉദ്ദേശിച്ചതിലും വളരെ വേഗം തീര്‍ന്നു. കോടതി ഉത്തരവ് അപ്പോള്‍ തന്നെ നിലവില്‍ വരികയും ചെയ്തു. അതനുസരിച്ച് അയാള്‍ക്ക് വളരെ ലിബറലായ വിസിറ്റിംഗ് റൈറ്റ്‌സ് അനുവദിച്ചിരുന്നു. കുട്ടിയെ ബോര്‍ഡിംഗില്‍ വിട്ട് പഠിപ്പിക്കാനും പിന്നെ അയാളുടെ മോഹം പോലെ ഡൂണ്‍ പബ്ലിക് സ്‌കൂളില്‍ ഒക്കെ അയാള്‍ കുട്ടിയ്ക്ക് അഡ്മിഷന്‍ വാങ്ങിക്കൊണ്ട് വരികയും അതിന്റെ പണച്ചെലവ് അയാള്‍ സ്വയം വഹിക്കുകയും ചെയ്യുകയാണെങ്കില്‍ ആ പഠിപ്പിക്കലിനു അവള്‍ തടസ്സം നില്‍ക്കരുതെന്നും കോടതി ഉത്തരവായി.

‘അവന്‍ അച്ഛനെ കാണാന്‍ പോകരുതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ അല്ലേ’ എന്നു മാത്രമായിരുന്നു മോന്റെ പ്രതികരണം. കാരണം അവനാണ് അച്ഛന്റെ ഭാഗ്യമെന്ന് അച്ഛന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനുണ്ടായതില്‍ പിന്നെയാണ് അച്ഛന് എല്ലാ നന്മയും പണവും ഒക്കെ ഉണ്ടായതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അവനാണ് ജീവിതത്തിന്റെ ആധാരമെന്ന് അച്ഛന്‍ അവനോട് പറഞ്ഞിട്ടുണ്ട്. സാധാരണ ഒരു കുട്ടിയും അമ്മയെ വിട്ട് അച്ഛന്റൊപ്പം നില്‍ക്കില്ല. ഇത്രയും കാലം അങ്ങനെ അച്ഛന്റൊപ്പം നിന്ന് അച്ഛനു പിന്തുണ കൊടുത്ത കുട്ടിയാണവന്‍. അവന്‍ അച്ഛന്റെ സ്‌പെഷ്യല്‍ കുട്ടിയാണ് .

അമ്മയും അച്ഛനും അവനും ഒന്നിച്ചു താമസിക്കുമ്പോള്‍ അച്ഛന്‍ അവനെ വിളിക്കുമായിരുന്ന കഴുതേ, തള്ളേടേ മോനെ, അറിവ് കെട്ടവനെ, യൂസ്ലസ്സേ, പണ്ടാരമേ, നീ എന്തിനു പിറന്നു എന്നതൊക്കെ അവന്‍ തീര്‍ത്തും മറന്നു കഴിഞ്ഞിരുന്നു. എന്നാല്‍ അമ്മ വല്ലപ്പോഴും അടിച്ചതും വഴക്കു പറഞ്ഞതും യൂണിഫോം മടക്കി വെക്കാഞ്ഞതും ഓംലെറ്റില്‍ അധികം മുളകിട്ടതും ഉച്ചയ്ക്ക് അമ്മ ഉറങ്ങുമ്പോള്‍ എഴുന്നേല്‍പ്പിച്ചതിനു ദേഷ്യപ്പെട്ടതും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വന്ന പാര്‍ട്ടിയില്‍ അമ്മ അവനെ കൂട്ടിക്കൊണ്ടുപോയിട്ട്, അയാളുടെ അടുത്തിരുത്തുകയൊക്കെ ചെയ്‌തെങ്കിലും അവന്‍ പലവട്ടം അയാളോട് ഓട്ടോഗ്രാഫ് ചോദിച്ചിട്ടും അത് കിട്ടാതെ വന്നപ്പോള്‍ അത് മേടിച്ചു കൊടുക്കാതെ മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടിരുന്നതും, അങ്ങനെ അമ്മയുടെ തുടക്കം മുതലുള്ള ഓരോരോ കഠിന വീഴ്ചകളും അവന്‍ കൃത്യമായി ഓര്‍മ്മിച്ചുകൊണ്ടുമിരുന്നു. അവനാണല്ലോ അവന്റെ അച്ഛന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം. ആയുധത്തിനു സ്വന്തം മൂര്‍ച്ചയെപ്പറ്റി അറിവില്ലാത്തതു പോലെ അവനും അവന്റെ മൂര്‍ച്ചയെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍…

മോനും അവളും ചേട്ടത്തിയമ്മയും കൂടി അയാള്‍ അവള്‍ക്കയച്ച ലിസ്റ്റിലെ പല സ്‌കൂളുകളൂം പോയിക്കണ്ടു. അഡ്മിഷന്‍ ശരിയാക്കിക്കഴിഞ്ഞാല്‍ മാളിലെ ഐസ് സ്‌കേറ്റിംഗിനു കൊണ്ടുപോവണമെന്ന് അമ്മയോട് അവന്‍ ആശ പ്രകടിപ്പിച്ചു.

പല സ്‌കൂളുകള്‍ കണ്ടതില്‍ ഒരു സ്‌കൂള്‍ അവന് വലിയ ഇഷ്ടമായി. അവിടേയ്ക്കുള്ള അവന്റെ ആദ്യ പ്രവേശനം തന്നെ അതിഗംഭീരമായിരുന്നു. കാറിനു പോകാന്‍ അനുവാദമില്ലാത്ത വഴികളിലൂടെ ഒക്കെ ഓടി അത് നേരെ ഓഫീസിനകത്തേക്ക് ചെന്നു കയറി. ത്രീ ഇഡിയറ്റ്‌സിലെ ആമിര്‍ഖാന്‍ രോഗിയേയും കൊണ്ട് സ്‌കൂട്ടറില്‍ ആശുപത്രി വാര്‍ഡില്‍ എത്തിയപോലെ ആയിരുന്നു അത്. പ്രിന്‍സിപ്പലടക്കം എല്ലാവരും പുറത്തിറങ്ങി വന്ന് ‘ആരെടാ ഇത് ‘എന്ന് ശ്രദ്ധിച്ചു. ആദ്യം അബദ്ധം പറ്റിയ ഒരു ജാള്യമുണ്ടായിരുന്നെങ്കിലും ആ അതീവ ശ്രദ്ധ പിന്നെ അവന്‍ ഒരു കുസൃതിരസത്തോടെ, കള്ളച്ചിരിയോടെ ആസ്വദിച്ചു.

അവന്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി.

പഴയ സ്‌ക്കൂളിലെ പരീക്ഷയില്‍ തോല്‍ക്കാന്‍ കാരണം അമ്മയാണെന്ന് അച്ഛന്‍ അവനെ പറഞ്ഞു ബോധ്യമാക്കിയിരുന്നു. അമ്മ ആ സ്‌കൂളില്‍ ചെന്ന് അച്ഛന്‍ ഒരു കുടിയനാണെന്ന് പറഞ്ഞതുകൊണ്ടാണ് അവര്‍ അവനെ തോല്‍പ്പിച്ചത്. കുടിയന്മാരുടെ മക്കളെ ഒന്നും ആ സ്‌കൂളില്‍ പഠിപ്പിക്കില്ല.

പുതിയ സ്‌കൂളില്‍ അമ്മ അങ്ങനെ പറയാതെ നോക്കണമെന്ന്, അവന്റെ വീട്ടില്‍ വഴക്കുണ്ടെന്ന് പറയാതെ നോക്കണമെന്ന് അവന്‍ അമ്മായിയോട് പറഞ്ഞു. അമ്മായി വയസ്സിനു മൂത്തതായതുകൊണ്ട് അമ്മായി പറഞ്ഞാല്‍ അമ്മ കേള്‍ക്കുമെന്ന് അവന്‍ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അവന്റെ ന്യായം.

അവളുടെ വിസിറ്റിംഗ് കാര്‍ഡ് കണ്ടപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ അവനു പ്രവേശനം നല്‍കാമെന്ന് സമ്മതിച്ചത്. വാര്‍ഷിക ഫീസ് ആറുലക്ഷമായിരുന്നു. അഡ്വാന്‍സായി അരലക്ഷം അവള്‍ അപ്പോള്‍ തന്നെ നല്‍കി. അങ്ങനെ ഒരു ബോര്‍ഡിംഗ് സ്‌ക്കൂള്‍ അവനായി കാത്തിരിക്കാന്‍ തയാറായി.

പിന്നെയും ഒന്നു രണ്ട് സ്‌കൂളുകളില്‍ കൂടി അവള്‍ സ്വന്തം കാര്‍ഡ് കാണിച്ച് പ്രവേശനം ഉറപ്പിച്ചു. കാരണം അവന്റെ എന്‍ട്രന്‍സ് പരീക്ഷാ റിസല്‍റ്റ് അത്ര മെച്ചമൊന്നുമായിരുന്നില്ല, എവിടേയും. എന്നാല്‍ അയാളുടെ ലിസ്റ്റില്‍ ആദ്യത്തെ ബോര്‍ഡിംഗ് സ്‌ക്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ ലിസ്റ്റിലെ മറ്റൊരു സ്‌കൂളില്‍ കൂടി അവള്‍ പണമടച്ച് അഡ്മിഷന്‍ ഉറപ്പാക്കി. അവര്‍ മൂന്നുലക്ഷമായിരുന്നു അഡ്വാന്‍സ് ആവശ്യപ്പെട്ടത്. മുഴുവന്‍ ഫീസ് ഒമ്പതുലക്ഷമായിരുന്നു അവിടെ.

യാത്രയിലുടനീളം അവന്‍ പൂര്‍ണ സന്തോഷവാനായിരുന്നു. അവനെ സ്‌ക്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ അമ്മായിയും വരണമെന്നും അവിടെ വന്നിട്ട് പിന്നെ അമ്മായിക്ക് അമ്മാവന്റെടുത്തേക്ക് മടങ്ങാമെന്നും മറ്റും അവന്‍ ഇഷ്ടം പോലെ സംസാരിച്ചിരുന്നു.

യാത്ര കഴിഞ്ഞ് തിരികെ വന്ന് അച്ഛനെ പോയി കണ്ടപ്പോള്‍ അവന്റെ നിലപാട് മാറി. അവന്‍ വീട്ടിനടുത്ത് മാത്രമേ പഠിക്കു എന്നായി. അയാള്‍ തുടരെത്തുടരെ അവളെ ചീത്ത പറഞ്ഞ് ഈ മെയിലുകള്‍ അയച്ചുകൊണ്ടിരുന്നു. അവന്റെ പഠിത്തക്കാര്യത്തില്‍ അവള്‍ക്ക് ശ്രദ്ധയില്ലെന്നും ഒരു തെരുവുപട്ടിയെ കൂടെ പാര്‍പ്പിച്ച് അതിന്റെ വാക്കുകള്‍ക്കനുസരിച്ച് അവള്‍ ജീവിക്കുന്നുവെന്നുമായിരുന്നു അയാള്‍ എഴുതിക്കൊണ്ടിരുന്നത്.

അവള്‍ അപ്പോഴും അയാള്‍ക്ക് മര്യാദയില്ലാത്ത മറുപടികളൊന്നും തന്നെ എഴുതിയില്ല. അവന്റെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം എഴുതുകയും ചെയ്തു.

ചേട്ടത്തിയമ്മയെ തെരുവുപട്ടി എന്ന് അയാള്‍ വിളിച്ചതറിഞ്ഞ് അവളുടെ തികച്ചും ശാന്തരായ സഹപ്രവര്‍ത്തകര്‍ കൂടി അതീവ രോഷാകുലരായി. അവര്‍ക്കെല്ലാം അയാളോട് നേരത്തെ തന്നെ കടുത്ത വിരോധമായിക്കഴിഞ്ഞിരുന്നു. അവളുടെ സുരക്ഷയെക്കുറിച്ച് അവര്‍ക്ക് പോലും എന്നും ആകുലരാവേണ്ടി വരുന്ന സ്ഥിതിവിശേഷമാണല്ലോ അയാള്‍ എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരുന്നത്.

അങ്ങനെ ഒരു ദിവസം ഉച്ചനേരത്താണ് സൈബര്‍ സെല്ലിലെ ഓഫീസര്‍മാര്‍ വന്നത്. അവര്‍ സാധാരണ ഉടുപ്പുകളിലായിരുന്നു. അവനോട് അവര്‍ സംസാരിച്ചു. എന്നാല്‍ അവര്‍ പോലിസുകാരാണെന്ന് അവനു വിശ്വാസം വന്നില്ല. അവന്‍ അവരുടെ ഐ ഡി കാര്‍ഡ് ചോദിച്ചു. അവള്‍ എഴുതിയ പരാതിയും അവന്‍ വായിച്ചു. ആരു ചെയ്തു എന്ന് കണ്ടുപിടിക്കണമെന്നാണ് അവള്‍ പരാതിപ്പെട്ടിരുന്നത്. അവനാണ് ചെയ്തതെന്ന് പോലീസുകാരോട് അവന്‍ സമ്മതിച്ചു. ടോയ് ലറ്റിലിരുന്നാണ് അയച്ചു കൊടുത്തതെന്നും അവന്‍ ഏറ്റുപറഞ്ഞു. അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ അവന്‍ ഉടനെ അച്ഛനെ വിളിച്ചു വിവരമറിയിച്ചു.

അവളുടെ ഓഫീസിലെ ആരോ വേഷം കെട്ടി വന്നതാണെന്നായിരുന്നു അയാളുടെ വിചാരം. അതിന്റെ പിന്നില്‍ ചേട്ടത്തിയമ്മയുടെ ബുദ്ധിയാണ് കളിച്ചതെന്നും അയാള്‍ ഉറപ്പാക്കി. ആ വിവരം അയാള്‍ അപ്പോള്‍ തന്നെ മകനു പകര്‍ന്നു നല്‍കുകയും ചെയ്തു.

അടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നതുകൊണ്ട് അവനെ അവരുടെ പഴയ ഫ്‌ലാറ്റിന്റവിടെ കളിയ്ക്കാന്‍ കൊണ്ടുവിട്ട ശേഷം അമ്മയും അമ്മായിയും കൂടി ആ വീട്ടില്‍ ജോലി ചെയ്തിരുന്ന മെയിഡിനെ കാണുവാന്‍ പോയി. അവന്റെയും അയാളുടേയും വിവരങ്ങള്‍ അവള്‍ക്ക് നല്‍കിയിരുന്ന ഒരു പ്രധാന വ്യക്തിയായിരുന്നു ആ മെയിഡ്. കാരണം മെയിഡിനു അവളോടുണ്ടായിരുന്ന കൂറ് അപാരമായിരുന്നു. അയാള്‍ കുഞ്ഞിനെ എങ്ങനെയെല്ലാം വഴിതെറ്റിയ്ക്കുന്നുവെന്ന് ആ പെണ്‍കുട്ടി അന്നും സങ്കടപ്പെടാതിരുന്നില്ല. അവന്‍ അമ്മയെ തല്ലിക്കൊല്ലുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആ അച്ഛനെന്ന് പറയുമ്പോള്‍ ആ പെണ്‍ കുട്ടിയുടെ മുഖത്ത് വല്ലാത്ത ഉല്‍ക്കണ്ഠയുണ്ടായിരുന്നു.

മടക്കത്തില്‍ മകനെ കൂട്ടാന്‍ ചെന്ന അവളേയും ചേട്ടത്തിയമ്മയേയും സൈബര്‍ സെല്ലില്‍ പരാതികൊടുത്തതിനു അയാള്‍ കണക്കറ്റു ഭര്‍ല്‌സിച്ചു. ചേട്ടത്തിയമ്മയുടെ ഫോട്ടോ എടുത്തു.അവരെ ഒരുപാട് അസഭ്യം പറഞ്ഞു. അവന്‍ സന്തോഷത്തോടെ എല്ലാം കേട്ടിരുന്നിട്ട് അമ്മയ്‌ക്കൊപ്പം അമ്മയുടെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. ചേട്ടത്തിയമ്മയാണോ ആ പരാതിയ്ക്ക് പിന്നില്‍ എന്നുറപ്പിയ്ക്കാനായി മാത്രം അയാള്‍ പോലീസ് കമ്മീഷണര്‍ക്കും സ്റ്റേറ്റ് ചൈല്‍ഡ് വെല്‍ഫയര്‍ ബോര്‍ഡിനും അന്നു രാത്രി തന്നെ പരാതിയും എഴുതി.

വെല്‍ഫെയര്‍ ബോര്‍ഡ് എന്തായാലും ഒന്നും അന്വേഷിച്ചില്ല. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അവന്റെ അമ്മയ്ക്കും അമ്മായിയ്ക്കും അവിടെ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കൃത്യമായി ഫോണ്‍ വന്നു.സൈബര്‍ സെല്ലുകാര്‍ പരാതി അന്വേഷിച്ചതില്‍ തെറ്റൊന്നും പറ്റിയിട്ടില്ലെന്നും അവനെ അയാള്‍ പരാതിപ്പെട്ടതു പോലെ ആരും ബുദ്ധിമുട്ടിക്കുകയോ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസുകാര്‍ അവളോടും ചേട്ടത്തിയമ്മയോടും പല ചോദ്യങ്ങള്‍ ചോദിച്ച് ഉറപ്പ് വരുത്തുകയും അവരില്‍ നിന്ന് സ്റ്റേറ്റ്‌മെന്റ് എടുക്കുകയും ചെയ്തു. അയാളെ നേരിട്ട് വിളിപ്പിച്ച് ആ തെറ്റിദ്ധാരണ മാറ്റിക്കൊള്ളാമെന്ന് അവര്‍ ഏറ്റു. കുടുംബജീവിതത്തിലെ അലട്ടലുകള്‍ കുട്ടികളെ എത്രയെല്ലാം ബുദ്ധിമുട്ടിക്കുന്നുവെന്ന് മാത്രമാണ് പോലീസ് ഓഫീസര്‍മാര്‍ക്കും അവളോട് പറയാനുണ്ടായിരുന്നത്. അവള്‍ നിസ്സഹായയാണെന്നും അച്ഛനാണീ കഥയിലെ കുറ്റവാളിയെന്നും പോലീസുകാര്‍ തന്നെ സമ്മതിക്കാതിരുന്നില്ല.

ഡൊമസ്റ്റിക് വയലന്‍സ് കേസ് ഫയല്‍ ചെയ്താല്‍ ഉടനെ സ്ത്രീ സുരക്ഷ ഉറപ്പാക്കപ്പെടും എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. അത് അങ്ങനെയൊന്നുമല്ലെന്ന് അവള്‍ക്ക് മനസ്സിലായി. അയാള്‍ നോട്ടീസ് സ്വീകരിച്ച് കോടതിയില്‍ വരാതെ, അയാളുടെ മറുപടി ലഭിയ്ക്കാതെ കോടതി ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കുകയില്ല. അവളോട് സുരക്ഷാ ഓഫീസറെ കാണുവാന്‍ മജിസ്‌ട്രേറ്റ് ഓര്‍ഡര്‍ നല്‍കിയതനുസരിച്ച് അവള്‍ ആ മാഡത്തെ പോയിക്കണ്ടു കഥകള്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. അവള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ അവളില്ലാത്തപ്പോള്‍ മകന്റെ ഒത്താശയോടെ കയറി വന്ന് , അവളുടെയും പേരുള്ള പഴയ വീടിന്റെ സര്‍ട്ടി ഫൈഡ് ആധാരം അയാള്‍ മോഷ്ടിച്ചുകൊണ്ടു പോയ വിവരമറിഞ്ഞ് ആ ഓഫീസര്‍ പോലും ഞെട്ടിപ്പോയി. അവര്‍ തികഞ്ഞ സഹതാപത്തോടെ എല്ലാം കേട്ടിരുന്നു. വിശദമായ കുറിപ്പ് എഴുതി.

ഞെട്ടലും സഹതാപവുമൊക്കെ കഴിഞ്ഞ് തിരികെ വരുമ്പോള്‍ അവരുടെ അസ്സിസ്റ്റന്‍ഡുമാര്‍ തയാറായി നില്‍പ്പുണ്ടായിരുന്നു. നാലായിരം രൂപയെങ്കിലും കൊടുത്തില്ലെങ്കില്‍ നല്ല റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കില്ലെന്നും അയാള്‍ക്ക് നോട്ടീസ് സെര്‍വ് ചെയ്യില്ലെന്നും അവര്‍ പോലീസ് മുറയില്‍ ഭീഷണിപ്പെടുത്തി. അവള്‍ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല.നമ്മുടെ നാട്ടിലെ നീതി തേടലില്‍ പരാതിപ്പെടുന്നവരെ ഭയപ്പെടുത്തി പണം പിടുങ്ങുന്നതും ഒരു പ്രധാന ഭാഗമാണല്ലോ.

മോന്‍ അവള്‍ക്കൊപ്പം തന്നെ നിന്നിരുന്നുവെങ്കിലും മിക്കവാറും എന്നും അച്ഛനെ കാണാനും കൂട്ടുകാരുമൊത്തു കളിക്കാനും ആ വീടുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ പോകുമായിരുന്നു. സ്വാഭാവികമായും തിരികെ വരുമ്പോള്‍ അവന്‍ വഴക്ക് കൂടാനുള്ള മൂഡിലായിരിക്കും. വളരെ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും എന്ന അവസ്ഥ എപ്പോഴും വീട്ടില്‍ സംജാതമായിരുന്നു.

അങ്ങനെ ഒരു രാത്രിയായിരുന്നു അത്, അവനു വേണ്ടി ചേട്ടത്തിയമ്മ പാസ്ത ഉണ്ടാക്കുമ്പോള്‍ , അവനറിയാതെ ചൂടുപാത്രത്തില്‍ കൈ തൊട്ടു പോയി… അവന്‍ അലറി കരഞ്ഞു, പിഴിഞ്ഞു അവന്റെ അച്ഛനെ വിളിച്ചു, ആ ഫോണ്‍ അവന്‍ അവളുടെ ചെവിയില്‍ വെച്ച് അയാളുടെ തെറി മുഴുവന്‍ കേള്‍പ്പിച്ചു..അത്രയും ആയപ്പോള്‍ പിന്നെ അവന് അതിവേഗം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അമ്മയെ അടിച്ചുകൊല്ലുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി. കൈയും കാലും ഒടിച്ചിട്ടാല്‍ ജോലിക്ക് പോകുന്നതൊന്നു കാണണമെന്നും കാറില്‍ പോകുമ്പോള്‍ ലോറി കയറ്റിയാല്‍ അമ്മയുടെ പണി കഴിയുമെന്നും അങ്ങനെ അമ്മയുടെ ഡെത്ത് ആനിവേഴ്‌സറി അവന്‍ ആഘോഷിക്കുമെന്നും അലറി. പിന്നെ തുടരെത്തുടരെ ബിച്ച് എന്നും നപുംസകമേ എന്നും വിളിച്ചു. ഓഫീസിലെ സകല ജൂനിയേഴ്‌സുമായി അമ്മയ്ക്ക് ലൈംഗികബന്ധമില്ലേ എന്ന് ചോദിച്ചു.

അവള്‍ അവനെ കൈവീശി ഒറ്റയടി കൊടുത്തപ്പോള്‍ അവനുറക്കെ നിലവിളിച്ചുകൊണ്ട് അവളുടെ കൈ പിടിച്ചു ആഞ്ഞു തിരിച്ചു. പിന്നെ അവള്‍ ബാല്‍ക്കണിയില്‍ നിന്ന് മുറിയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല. രാത്രി നാലു മണി വരെ അവള്‍ ബാല്‍ക്കണിയില്‍ തന്നെ ഒരേ നില്‍പ്പ് നിന്നു. അവന്‍ അച്ഛനെ വിളിച്ചു. അലറിക്കരഞ്ഞു. അയാള്‍ ഉടനെ വരാമെന്നു പറഞ്ഞെങ്കിലും വന്നില്ല. അവന്‍ ഒരുപാടു സമയം കാത്തിരുന്നു .ഒടുവില്‍ കട്ടിലില്‍ പോയി കിടന്നു.. കരഞ്ഞുകൊണ്ട്.. അന്നേരമാണ് ചേട്ടത്തിയമ്മ അവനോട് സംസാരിച്ചത്..

‘എന്തിനാണ് മോനെ, നീ അച്ഛനമ്മമാരുടെ വഴക്കിനിടയില്‍ നിന്ന് ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് ? അച്ഛനേയും അമ്മയേയും സ്‌നേഹിക്കു, ഒരാളെ സ്‌നേഹിക്കുന്നതിനു മറ്റെയാളെ വെറുക്കണമെന്നുണ്ടോ ? നീയിങ്ങനെ മോശമായി പെരുമാറുന്നത് എത്ര കഷ്ടമാണ്? നിന്റെ അമ്മയായതുകൊണ്ടാണ് അവള്‍ അത്ര പാവമായതുകൊണ്ടാണ് നിന്നെ ഇന്നും സഹിക്കുന്നത്. ഞാനായിരുന്നെങ്കില്‍ നിന്നെയും നിന്റെ അച്ഛനേയും എന്നേ മറന്നു കളയുമായിരുന്നു, എന്നേ നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്തിടത്തേക്ക് ഓടി രക്ഷപ്പെടുമായിരുന്നു … നീ ഇങ്ങ നെ മോശമായി പെരുമാറരുതു കുട്ടീ …. ‘

നിറുത്താതെ അങ്ങനെ ഒത്തിരി സംസാരിക്കുന്നതോടൊപ്പം ചേട്ടത്തിയമ്മ അവന്റെ തലയിലും മുതുകത്തും തടവിക്കൊണ്ടേയിരുന്നു.. അവന്റെ തലമുടിയാകെ വിയര്‍ത്തു നനഞ്ഞിരുന്നു. അമ്മായിയെ കേള്‍ക്കുന്നതോടൊപ്പം അവന്‍ ഉറക്കെ ഉറക്കെ ശ്വാസം വലിക്കുന്നുമുണ്ടായിരുന്നു.

പൊടുന്നനെ അവന്‍ പിന്നെയും വലിയ ഒച്ചയില്‍ ഏങ്ങലടിച്ചു കരഞ്ഞു… എന്നിട്ട് പറഞ്ഞു ‘അമ്മയെ വിളിക്കു അവിടെ നില്‍ക്കണ്ടാന്നു പറയൂ, അമ്മ അവിടെ നിന്ന് താഴോട്ട് ചാടിയാലോ? അമ്മയെ വിളിക്കു.. ‘

ചേട്ടത്തിയമ്മ അവളെ അകത്തേക്ക് വിളിച്ചു. അപ്പോള്‍ അവന്‍ കൈ പിടിച്ച് അമ്മയോട് കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു. പതുക്കെ അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി… പിന്നെ മതിവരുവോളം കരഞ്ഞു. അവന്റെ പുറം തടവുകയും കെടിപ്പിടിക്കുകയും ചെയ്തതല്ലാതെ അവള്‍ ഒരക്ഷരം പോലും പറഞ്ഞില്ല.

ചേട്ടത്തിയമ്മ കുറച്ചു കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കണ്ടത് ആലിംഗനത്തിലമര്‍ന്നുറങ്ങുന്ന അമ്മയേയും മകനേയുമാണ്. അവന്റെ തുപ്പലില്‍ പതിവു പോലെ അവളുടെ ഉടുപ്പിന്റെ കൈ നനയുന്നുണ്ടായിരുന്നു.

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് ലൈറ്റണച്ച് ചേട്ടത്തിയമ്മയും പോയി കിടന്നു.

( തുടരും )

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top