Flash News

നടയടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി; തന്ത്രിയോട് നന്ദിയെന്ന് സുകുമാരന്‍ നായര്‍; മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കിയെന്ന് ചെന്നിത്തല

January 2, 2019

sabariതിരുവനന്തപുരം: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല ക്ഷേത്രനടയടച്ച നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടേത് ഭരണഘടനാ ലംഘനമാണ്. നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അത് ലംഘിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നടയടച്ച തന്ത്രിയോട് നന്ദി പറയുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് എന്‍എസ്എസ് പ്രതീക്ഷിക്കുകയാണ്. ഇല്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തന്ത്രി നട അടച്ചത് ശരിയായ തീരുമാനമെന്നും സംഭവത്തില്‍ യുഡിഎഫ് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നടന്നത് ഭക്തരോടുള്ള ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ആരോപിച്ചു. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ യുവതികളെ കയറ്റിയ ശേഷം ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോടതി വിധി നടപ്പിലാക്കുന്നത് ചതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത് അദ്ദേഹത്തിന്റെ നിയമജ്ഞാനത്തിലെ അല്‍പ്പത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക നിരീക്ഷക സമിതി റിപ്പോര്‍ട് തേടി

sa_23തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രത്യേക നിരീക്ഷക സമിതി റിപ്പോര്‍ട് തേടി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യവും സംഭവങ്ങളും അറിയിക്കാന്‍ സമിതി നിര്‍ദേശിച്ചു.

നിലവിലെ സ്ഥിതിഗതികള്‍ സമിതി നിരീക്ഷിക്കുകയാണ്. യുവതി പ്രവേശനത്തിന് പിന്നാലെ തന്ത്രി നടയടച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡാണ് നേരിട്ട് ഇടപെടേണ്ടതെന്ന് നിരീക്ഷക സമിതി വ്യക്തമാക്കി. നിരീക്ഷക സമിതിയുടെ അടുത്ത യോഗം ഈ മാസം പത്തിന് ചേരും.

സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലത്തും മാധ്യമപ്രവര്‍ത്തകന് മര്‍ദനമേറ്റു. കൊട്ടാരക്കര, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ദേവസ്വം ഓഫീസുകള്‍ അടപ്പിച്ചു. കൊച്ചി കച്ചേരിപ്പടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയാണ്. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകള്‍ തകര്‍ത്തു.

വിശ്വാസികളോട് സര്‍ക്കാര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണ് സ്ത്രീപ്രവേശനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ഭരണകൂടത്തിന്റെ കൊലച്ചിരി മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഭരണാഘടനാനുസൃതമായി പ്രതിഷേധിക്കണം. ശബരിമല കര്‍മസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളോടൊപ്പം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിശ്വാസികളോട് സര്‍ക്കാര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും. ഈ കൊലച്ചതിക്കെതിരായി ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.ശബരിമലയെ തകര്‍ക്കാന്‍ ഏത് ഹീനമായ കാര്യവും കേരളത്തിലെ ഭരണകൂടം ചെയ്യുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നതാണ്. അക്കാര്യം ഇപ്പോള്‍ ശരിയായിരിക്കുകയാണ്. സമചിത്തതയോടെ ഈ പ്രശ്‌നത്തെ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ദുഃഖിക്കേണ്ടിവരും. കോടിയേരിയുടെ തരംതാണ അഭിപ്രായത്തിന് മറുപടി അര്‍ഹിക്കുന്നില്ല. വിശ്വാസത്തെ തകര്‍ക്കാനുള്ള സിപിഐഎമ്മിന്റെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. ഈ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ല. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് എപ്പോഴും ഓര്‍മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top