Flash News

എന്റെ കാലഗതികള്‍ നിന്റെ കൈയ്യില്‍ ഇരിക്കുന്നു (പുതുവര്‍ഷ ചിന്തകള്‍)

January 1, 2019 , തോമസ് ഫിലിപ്പ്, പാറയ്ക്കമണ്ണില്‍

puthuvarsha banner-1യിസ്രായേല്‍ ചരിത്രത്തിലെ മഹാനും ബലവാനുമായ രാജാവായിരുന്ന ദാവീദിന്റെ ഒരു പ്രാര്‍ത്ഥനയാകുന്നിത്. ഈ പ്രാര്‍ത്ഥനയുടെ വെളിച്ചത്തില്‍ ആരുടെ കയ്യിലാകുന്നു നമ്മുടെ കാലഗതികള്‍ അഥവാ നമ്മുടെ ജീവിതമെന്ന് ഒന്ന് ചിന്തിച്ചാല്‍ കൊള്ളാം. നമ്മുടെ മനോഹരവും വിലയേറിയതുമായ ജീവിതം ആരുടെ നിയന്ത്രണത്തിലാകുന്നു എന്നുള്ള ചോദ്യത്തിന് സത്യസന്ധവും യുക്തിഭദ്രവുമായ ഒരുത്തരം കണ്ടെത്തുവാന്‍ അനേകായിരം മനുഷ്യര്‍ക്കും കഴിയാതെ പോയിരിക്കുന്നു.

മനുഷ്യര്‍ ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവനെ സ്തുതിച്ചാലും അപലപിച്ചാലും ദൈവത്തെ മനുഷ്യര്‍ ആരാധിച്ചാലും ഇല്ലെങ്കിലും സ്‌നേഹനിധിയായ ദൈവം തന്റെ പ്രിയ മക്കളായ മനുഷ്യരെ ഒരുപോലെ സ്‌നേഹിക്കുന്നു എന്നുള്ളതാണ് സത്യം. ‘അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്ക് ഒത്തവണ്ണം നമ്മോട് പകരം ചെയ്യുന്നതുമില്ല. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ അകറ്റിയിരിക്കുന്നു’.

നാം ആയുസ്സോടും ആരോഗ്യത്തോടും ആരോഗ്യത്തോടും സമ്പല്‍സമൃദ്ധിയോടും സുഖസമാധാനത്തോടും കൂടി ഇന്നും ജീവിക്കുവാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മുടെ മിടുക്കോ മറ്റു നന്മകളോ കൊണ്ടല്ല, പ്രത്യുത ഉടയവനായ ദൈവത്തിന്റെ നമ്മോടുള്ള അവര്‍ണ്ണനീയവും അപ്രമേയവുമായ കാരുണ്യവും കരുതലും കൊണ്ടാകുന്നു എന്ന് നാം അറിഞ്ഞാലും. ദൈവത്തിന്റെ കൃപകളും അവന്റെ ആനുകൂല്യവും കൂടാതെ ജീവിതത്തില്‍ നമുഷ്യന് ഒന്നും നേടാന്‍ സാധ്യമല്ല. ദൈവവചനം വീണ്ടും ശ്രദ്ധിക്കാം. ‘സൈന്യബഹുത്വത്താല്‍ രാജാവ് ജയം പ്രാപിക്കുന്നില്ല. ബലാധിക്യം കൊണ്ട് വീരന്‍ രക്ഷപ്പെടുന്നില്ല.’ ഇത് മറിച്ചായിരുന്നെങ്കില്‍ ലോകത്തെ സൈന്യശക്തികൊണ്ട് വിറപ്പിച്ച ഹിറ്റ്‌ലര്‍ക്ക് ബ്രിട്ടനോട് വീമ്പടിച്ചതുപോലെ ലണ്ടനിലെ ബക്കിംഗാംപാലസ്സിലിരുന്ന് ചിരിച്ചുകൊണ്ട് ചായ കുടിക്കാമായിരുന്നു! നിങ്ങള്‍ നിഷേധിച്ചാലും ഇല്ലെങ്കിലും ശരി എന്റെയും നിങ്ങളുടെയും കാലഗതികള്‍ അഥവാ ജീവിതം ദൈവത്തിന്റെ കയ്യില്‍ തന്നെയാണ്. മണ്ണിലെ വെറും കൃമിയായ, അല്ലാ വെറുമൊരു ശ്വാസമായ മനുഷ്യന് ജീവിതത്തില്‍ അഹങ്കരിക്കുവാനും വീമ്പടിക്കുവാനും പൊങ്ങുവാനും പുകഴുവാനും ഒന്നുമില്ലെന്ന് നാം അറിയണം.

ലോകത്തില്‍ ഇന്നും ആയുസ്സോടും ആരോഗ്യത്തോടും കൂടി പ്രിയപ്പെട്ടവരോടൊപ്പം ജീവിച്ചിരിക്കുവാന്‍ ഇടയായിരിക്കുന്നത് ഒരു വലിയ ഭാഗ്യം തന്നെയല്ലേ? അത് സര്‍വ്വേശ്വരന്റെ വലിയ കൃപയുമല്ലേ? എന്റെ സമപ്രായക്കാരായ ബാംഗ്ലൂരിലെ 4 സ്‌നേഹിതന്മാരില്‍ ഒരാള്‍ നടക്കാനുള്ള കാലിന്റെ ബലം ക്ഷയിച്ച് കഴിഞ്ഞ ഒരുവര്‍ഷമായി കിടപ്പിലാണ്. മറ്റുമൂന്നു പേരാകട്ടെ വടിയുടെ സഹായത്തോടു കൂടിയാണ് വീട്ടിലൊക്കെ പിച്ചവെച്ച് നടക്കുന്നത്! എന്തൊരു നിസ്സഹായാവസ്ഥ മനുഷ്യന്റേത്? മറ്റുള്ളവര്‍ അനുഭവിക്കുന്ന കഷ്ടങ്ങളും വേദനകളും രോഗങ്ങളും ദുഃഖങ്ങളും ഇല്ലായ്മകളും വല്ലായ്മകളും നാം അറിയുന്നില്ലല്ലോ! മാരകരോഗങ്ങള്‍ ബാധിച്ച് കഠിനമായ വേദനയിലും നിരാശയിലും ഭീതിയിലും ജീവിക്കുന്ന കോടാനുകോടി ജനങ്ങള്‍ ഈ ഭൂമിയിലുണ്ട്! മാരകരോഗങ്ങള്‍ ബാധിച്ച് കഠിനമായ വേദനയിലും നിരാശയിലും ഭീതിയിലും ജീവിക്കുന്ന കോടാനുകോടി ജനങ്ങള്‍ ഈ ഭൂമിയിലുണ്ട്! ഒരു നേരത്തെ ആഹാരം പോലും കഴിക്കുവാന്‍ നിവൃത്തിയില്ലാത്തവരായി ലക്ഷോപലക്ഷം മനുഷ്യര്‍ ഒന്നിനും ക്ഷാമമില്ലാതെ സമൃദ്ധിയുള്ള മനോഹരമായ ഈ ഭൂമിയിലുണ്ട്.

ഇല്ലാത്തവന് ഒട്ടുമില്ല. ഉള്ളവന് ഏറെ ഏറെയായിട്ടുണ്ട്. ഭൂമിയിലെ എല്ലാ അനീതികള്‍ക്കും അന്യായങ്ങള്‍ക്കും കാരണക്കാരന്‍ ദൈവമാണെന്ന് പറയുന്ന ധാരാളമാളുകളുണ്ട്. മനുഷ്യജീവിതം നശ്വരവും താല്‍ക്കാലികവുമായിട്ടുള്ളതുമാകുന്നു എന്ന് എല്ലാ മനുഷ്യര്‍ക്കുമറിയാം. പക്ഷേ, മനുഷ്യന്റെ ദുഷ്ടതയും സമ്പാദ്യങ്ങള്‍ക്കും ധനത്തിനും വേണ്ടിയുള്ള ആര്‍ത്തിയും എത്ര വലുത്? അക്രമവും അധര്‍മ്മവും കൊലയും കൊള്ളയും ചതിവും വഞ്ചനയും മ്ലേഛതയും വഷളത്തരങ്ങളും ആകാശത്തോളം ഇന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ആര്‍ക്കും ആരെയും വിശ്വസിക്കുവാന്‍ പറ്റാത്ത കാലം!. കേരളത്തിലും ഇന്ത്യ മുഴുവനായും നിഷ്ഠൂരമായും അതിനീചമായിട്ടും ശിശുക്കള്‍, ബാലികമാര്‍ തൊട്ട് വൃദ്ധന്മാര്‍ വരെയുള്ള സ്ത്രീകള്‍ അനുദിനം ബലാല്‍ക്കാലം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധര്‍മ്മവും അക്രമണങ്ങളും പീഢനങ്ങളും ഇനിയും വളരെ അധികം വര്‍ദ്ധിക്കുകയേ ഉള്ളൂ. ലോകം ഇന്ന് ദുഷ്ടശക്തികളുടെ അധീനതയിലായിരിക്കുന്നു. ലോകത്തൊരിടത്തും ഇന്ന് സമാധാനമില്ല! വ്യക്തികളിലും ഭവനങ്ങളിലും ഇന്ന് സമാധാനമില്ല. ആരാധനാലയങ്ങളില്‍പ്പോലും ഇന്നതില്ല!

എന്റെ വാക്കുകള്‍ ഇവിടെ ചുരുക്കട്ടെ. സംഭവബഹുലവും ഭീതിദവുമായ 2018 നമ്മേ വിട്ടുപിരിയുവാന്‍ പോകുന്നു. മറ്റൊരു പുതുവര്‍ഷപ്പുലരിയെ മനുഷ്യവര്‍ഗ്ഗം പ്രത്യാശയോടും സന്തോഷത്തോടും കൂടി സ്വാഗതം ചെയ്യുകയാണ്. സ്‌നേഹത്തെയും മാനുഷികമൂല്യങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് നമുക്ക് ജീവിക്കാം. ചെയ്യാവുന്നിടത്തോളം നന്മകള്‍ നമുക്ക് മറ്റുള്ളവര്‍ക്ക് പ്രതിഫലേച്ഛ കൂടാതെ ചെയ്യാം. നാം ആരെയും ദ്രോഹിക്കരുത്. മനോഹരമായ ഈ മനുഷ്യജീവിതം സ്‌നേഹിക്കുവാന്‍ വേണ്ടി ഉള്ളതാകുന്നു. ജീവിതത്തിലേക്കും വലിയ ആനന്ദവും സ്‌നേഹവുമാകുന്നു! നാം ജീവിതത്തില്‍ എത്രമാത്രം സന്തോഷവും സമാധാനവും ഇന്ന് അനുഭവിക്കുന്നുണ്ട്? സമാധാനത്തോടുകൂടി രാത്രി കിടന്നുറങ്ങുവാന്‍ നമുക്ക് ഇന്ന് കഴിയുന്നുണ്ടോ? നാം മനസ്സുവെച്ചാല്‍ നമ്മുടെ ജീവിതങ്ങളെ തിന്മകളില്‍ നിന്നും തജ്ജന്യമായ നാശത്തില്‍ നിന്നും രക്ഷിക്കാം. നാം തന്നെയാണ് സ്വര്‍ഗ്ഗവും നരകവും ഉണ്ടാക്കുന്നതെന്ന് ഒരു മഹാകവി പാടിയിട്ടുണ്ടല്ലോ. നമ്മുടെ ഹൃദയം സന്തോഷവും സമാധാനവും കൊണ്ട് നിറയണമെങ്കില്‍ അന്ധമായ സ്വാര്‍ത്ഥതയും, പകയും വിദ്വേഷവും അസൂയയവും ദുരാഗ്രഹങ്ങളും ദുര്‍മോഹവുമൊക്കെ നാം വെടിഞ്ഞേ മതിയാകൂ. ദൈവത്തിന്റെ ഇഷ്ടവും ഇതാകുന്നു. ‘വിശപ്പുള്ളവനോട് നീ താല്‍പര്യം കാണിക്കുകയും കഷ്ടത്തിലിരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കില്‍ നിന്റെ പ്രകാശം ഇരുളില്‍ ഉദിക്കും. നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.’ (യെശ. 58:10). എല്ലാ വായനക്കാര്‍ക്കും സന്തുഷ്ടനിര്‍ഭരവും സമാധാനപൂര്‍ണ്ണവും അനുഗ്രഹീതവുമായ പുതുവര്‍ഷത്തെ ഞാന്‍ ആശംസിച്ചുകൊള്ളുന്നു.

‘എന്റെ കാലഗതികള്‍ നിന്റെ കൈയ്യില്‍ ഇരിക്കുന്നു’.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top