Flash News

ഹര്‍ത്താല്‍ അക്രമാസക്തം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, തീവെയ്പ്പ്; ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍

January 3, 2019 , .

harthal

കോഴിക്കോട്: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി. കൊയിലാണ്ടിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പാലക്കാട് വെണ്ണക്കരയില്‍ ഇഎംഎസ് സ്മാരകവായനശാലയ്ക്കും മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിനും അക്രമികള്‍ തീയിട്ടു. അക്രമ സാധ്യത കണക്കിലെടുത്ത് കൊച്ചിയിലും ഇടുക്കിയിലും ബിജെപി പ്രാദേശിക നേതാക്കളെ കരുതല്‍ തടങ്കലിലാക്കി.

പയ്യന്നൂരിലും കൊട്ടാരക്കരയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇന്നലെ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ച 57 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തിരുന്നു. ഇന്ന് സര്‍വ്വീസ് നടത്താനാകില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ശനനടപടിയ്ക്ക് നിര്‍ദേശം നല്‍കി. നിയമവാഴ്ച ഉറപ്പാക്കണമെന്ന് കളക്ടര്‍മാരോട് ചീഫ് സെക്രട്ടറിയും നിര്‍ദേശിച്ചു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പ്രധാന കേന്ദ്രങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. കടകള്‍ അടപ്പിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്യുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് തുല്യമായ തുക ഈടാക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സര്‍വ്വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കല്ലേറില്‍ മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്.

യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. രാവിലെ പതിനൊന്ന് മണിയ്ക്ക് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. എറണാകുളത്തും പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്.

തവനൂരില്‍ സിപിഐഎം ഓഫീസിന് തീയിട്ടു; പാലക്കാട് സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കും തീയിട്ടു; കണ്ണൂരില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

harthal-1മലപ്പുറം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പരക്കെ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ കണ്ണൂരില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തവനൂരിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതാണ് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസ് .പാലക്കാട് വെണ്ണക്കരയില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കും തീയിട്ടുണ്ട്.

പാലക്കാട് മരുതറോഡില്‍ ആംബുലന്‍സിന് നേരെ കല്ലേറുണ്ടായി. പയ്യന്നൂരും കൊട്ടാരക്കരയിലെ വെട്ടിക്കവലയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

കോഴിക്കോട് വിവിധയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുകയാണ്. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിനും ഡിവൈഎഫ്‌ഐ ഓഫീസിനും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു.

ആലുവയില്‍ ഗതാഗതം തടസപ്പെടുത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top