സിബിഐ ഡയറക്ടറായിരുന്ന് അലോക് വര്‍മ്മയെ തല്‍സ്ഥാനത്തു നിന്ന് നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിം കോടതി റദ്ദാക്കി

ALOK-VERMAന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്.

 

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. ആലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമതീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.  സിബിഐ മേധാവി സ്ഥാനത്ത് ഈ മാസം 31 വരെയാണ് ആലോക് വര്‍മയുടെ കാലാവധി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ചീഫ് ജസ്റ്റിസ്  അവധിയായതിനാല്‍ ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗളാണ് വിധി പ്രസ്താവിച്ചത്.  സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതു ചോദ്യം ചെയ്ത് ആലോക് വർമ സ്വയവും ‘കോമൺ കോസ്’ എന്ന സംഘടനയും നൽകിയ ഹർജികളും അനുബന്ധ അപേക്ഷകളുമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.

2018 ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ആലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി നിർബന്ധിത അവധിയിൽ അയച്ചത്. സിബിഐ ഡയറക്ടറായിരുന്ന ആലോക് വര്‍മ്മയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരേയും ചുമതലകളിൽ നിന്ന്  നീക്കിയത്. ആലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സിവിസി , റിപ്പോര്‍ട്ട് കോടതിയിൽ നൽകിയിരുന്നു

ആലോക് വർമയോട്  അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച ഉത്തരവു നിലനിൽക്കില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഫാലി എസ്. നരിമാൻ വാദിച്ചു. 1997 ൽ സുപ്രീം കോടതി വിനീത് നാരായൺ കേസിൽ നൽകിയ വിധിയിൽ, സിബിഐ ഡയറക്ടർക്ക് 2 വർഷ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. 2014 മുതൽ ഡയറക്ടറെ തീരുമാനിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ്. സ്ഥലംമാറ്റണമെങ്കിലും സമിതിയുടെ അനുമതി വേണം.

‘കോമൺ കോസ്’ എന്ന സംഘടനയ്ക്ക് വേണ്ടി ദുഷ്യന്ത് ദവെയും, ഇടപെടൽ ഹർജിക്കാരനായ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയ്ക്കുവേണ്ടി കപിൽ സിബലും സിബിഐ ഡയറക്ടർ നിയമനത്തിലെ വകുപ്പുകൾ വ്യാഖ്യാനിച്ച് വാദമുന്നയിച്ചു. സ്ഥലംമാറ്റാതെ, അവധിയിൽ പ്രവേശിപ്പിക്കുകയെന്നതാണ് സർക്കാർ ചെയ്തതെന്നും നേരിട്ടുള്ള നടപടിക്ക് അധികാരമില്ലാത്തപ്പോൾ നേരിട്ടല്ലാത്ത നടപടിയും പറ്റില്ലെന്നും ദവെ പറഞ്ഞു. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സിവിസി ഉത്തരവിറക്കിയതെന്നും ഇപ്പോൾ സിബിഐ ഡയറക്ടർക്കു സംഭവിച്ചത് നാളെ നാളെ സിവിസിക്കും സംഭവിക്കാമെന്നും സിബൽ വാദിച്ചു.

ആലോക് വർമയും രാകേഷ് അസ്താനയും ‘കിൽക്കെന്നി പൂച്ചകളെ’പ്പോലെ പോരടിക്കുകയായിരുന്നുവെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ വാദിച്ചു. ലഭ്യമായ എല്ലാ പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷമാണ് ആലോക് വർമയ്ക്കെതിരെ നടപടിയെടുത്തത്.പോര് രഹസ്യമാക്കി വയ്ക്കാൻ  രണ്ടു പേർക്കും സാധിച്ചില്ലെന്നും മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ അവസരം ലഭിച്ചെന്നും എജി പറഞ്ഞു. ആലോക് വർമയെ സ്ഥലം മാറ്റിയെന്ന വാദം തെറ്റാണ്. അവധിയിൽ വിടുന്നതും സ്ഥലം മാറ്റുന്നതും ഒന്നല്ല. സിബിഐയുടെ പ്രവർത്തന മേൽനോട്ടത്തിനുള്ള അധികാരമാണ് കേന്ദ്രം പ്രയോഗിച്ചത്. അദ്ദേഹം വാദിച്ചു.  സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഹവാല കേസില്‍ മൊയിന്‍ ഖുറേഷിയെ ചോദ്യം ചെയ്യാതിരിക്കാൻ 2 കോടി രൂപ വാങ്ങി, ഐആര്‍സിടിസി കേസില്‍ നിന്ന് രാകേഷ് സക്സേന എന്നയാളെ ഒഴിവാക്കാന്‍ ശ്രമിച്ചു, ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ പരിശോധന നടത്തേണ്ടെന്നു നിര്‍ദ്ദേശിച്ചു തുടങ്ങിയവയാണ് അലോക് വര്‍മയ്ക്കെതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. റാഫേല്‍ കേസ് അട്ടിമറിക്കാന്‍ അസ്താന ശ്രമിച്ചെന്നും അതിനെ അലോക് വര്‍മ്മ തടഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് സിബിഐയില്‍ അടി തുടങ്ങിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ കോടതി ഇടപെടലിലൂടെ അലോക് വര്‍മ്മ തിരിച്ചെത്തിയത് മോദിക്ക് തിരിച്ചടിയായി മാറി.

ഒക്ടോബര്‍ 23 ന് അലോക് വര്‍മ്മയെ മാറ്റിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുകയാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. അതേ സമയം അലോക് വര്‍മ്മ തിരികെ ഈ സ്ഥാനത്തേക്ക് വന്നാലും സുപ്രധാനപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന കോടതിയുടെ ഉപാധി സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസായിരുന്നു ഇത്. പരസ്പരം അഴിമതിയാരോപണമുന്നയിച്ച വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും മാറ്റിനിര്‍ത്തി എം. നാഗേശ്വര റാവുവിന് സി.ബി.ഐ. ഡയറക്ടറുടെ ചുമതല നല്‍കുകയായിരുന്നു.

ഇതിനെതിരേ വര്‍മ്മയും അസ്താനയും സന്നദ്ധസംഘടനയായ കോമണ്‍ കോസും സുപ്രീംകോടതിയിലെത്തി. അസ്വാഭാവിക സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് സി.ബി.ഐ. ഡയറക്ടര്‍ക്കെതിരെ അസ്വാഭാവിക നടപടികളും വേണ്ടിവന്നതെന്നാണ് സി.വി.സി.വാദിച്ചത്‌. വര്‍മ്മയും അസ്താനയും കേസുകള്‍ അന്വേഷിക്കുന്നതിനുപകരം പരസ്പരമുള്ള കേസുകളാണ് അന്വേഷിച്ചിരുന്നതെന്നും സി.വി.സി. കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News