ന്യൂദല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ച് കേസ് പരിഗണിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാണ് പരിഗണിക്കുക. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം. അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങളാണ് പത്താം തീയതി പരിഗണിക്കുക.
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, എൻ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക.
അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര് എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ വാദം നേരത്തെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യാക്കേസില്‍ വിധി വരുമോയെന്ന് പത്താം തീയതി വ്യക്തമാകും.