എസ് ബി ഐ ബാങ്ക് ആക്രമണം; എന്‍ജിഒ യൂണിയന്റെ നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

sbi_4തിരുവനന്തപുരത്ത് പണിമുടക്ക് ദിവസം എസ് ബി ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം. നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമണം നടത്തിയവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. അക്രമികളുടെ അറസ്റ്റ് താമസിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്.

എൻജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഇ. സുരേഷ് ബാബുവും എന്‍ജിഒ യൂണിയന്റെ തന്നെ മറ്റൊരു നേതാവ് സുരേഷുമാണ് എസ്‌ബിഐ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിലേക്ക് യൂണിയന്‍ നേതാക്കളെയും നയിച്ചുകൊണ്ട് നീങ്ങിയത്. ഇരുവരും അറസ്റ്റിലാകാന്‍ സാധ്യതകള്‍ വളരെ പരിമിതമാണ്. അത്രയ്ക്ക് ശക്തരായ എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് ഇരുവരും.

കേരളത്തിലെ ചരക്ക് സേവന നികുതി ഓഫീസുകളില്‍ ഇ. സുരേഷ്ബാബു നടപ്പിലാക്കികൊണ്ടിരിക്കുന്ന രീതിയാണ് ആക്രമണത്തിന്റെ രൂപത്തില്‍ എസ്‌ബിഐ ശാഖ നേരിട്ടുകണ്ടത്. ഈ സാഹചര്യത്തിലാണ് വമ്പന്‍ നേതാക്കളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ സിപിഎം നേതൃത്വം തന്നെ ഇടപെടല്‍ നടത്തുന്നത്. ഒന്നര ലക്ഷത്തിന്റെ നഷ്ടം ബാങ്കിനുണ്ടായെന്നാണ് വിലയിരുത്തല്‍. ഇത് തിരിച്ചു നല്‍കി കേസ് ഒഴിവാക്കാനാണ് നീക്കം.

കരമനയിലെ ചരക്ക് സേവന നികുതി വകുപ്പിന്റെ ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എ വിഭാഗത്തിലാണ് സുരേഷ് ബാബു ജോലി നോക്കുന്നത്. ചരക്ക് സേവന നികുതി വിഭാഗത്തില്‍ ഏത് ജീവനക്കാരന്‍ എന്ത് ചെയ്യണമെന്നു തീരുമാനിക്കുന്നത് ഈ സുരേഷ് ബാബുവാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ അസാധ്യമായ സ്വാധീനശക്തിയാണ് സുരേഷ് ബാബുവിനുള്ളത്. ആക്രമണത്തിന് ബാങ്കില്‍ കയറിപ്പോകുന്ന സുരേഷ്ബാബുവിന്റെ രൂപം സിസിടിവി ക്യാമറകളില്‍ വളരെ വ്യക്തമാണ്. എന്നിട്ടും സുരേഷ് ബാബുവിനെ പൊലീസ് പിടികൂടിയില്ല. കേരളത്തിലെ ചരക്ക് സേവന നികുതി വകുപ്പ് അപ്പാടെ ഭരിക്കുന്നത് സുരേഷ് ബാബുവാണ്. രാത്രിക്ക് രാത്രി വകുപ്പിലെ ഏത് ജീവനക്കാരനെയും ട്രാൻസ്ഫര്‍ ചെയ്യിപ്പിക്കാന്‍ കഴിയുന്ന നേതാവ് എന്നാണ് സുരേഷ് ബാബു അറിയപ്പെടുന്നത്.

പൊതു പണിമുടക്ക് ദിവസം എന്തിനാണ് ബാങ്ക് തുറന്നതെന്ന് ചോദിച്ചായിരുന്നു സമരക്കാരുടെ ആക്രോശം. പണം ഉണ്ടാക്കണമെങ്കില്‍ പുത്തരിക്കണ്ടത്ത് പോയി നില്‍ക്കാനും വനിതാ ജീവനക്കാരോടെ സിപിഎം സമരാനുകൂലികള്‍ ആക്രോശിച്ചു. ഇതിന് ശേഷമാണ് മെയിന്‍ ബ്രാഞ്ചിന് താഴെയുള്ള ട്രഷറി ബ്രാഞ്ചില്‍ സമരക്കാരെത്തിയത്. ഇവിടെ പുരുഷ ജീവനക്കാരായിരുന്നു കൂടുതല്‍. ഇവിടെ സംഘം അതിക്രമവും കാട്ടി. കമ്പ്യൂട്ടറും മറ്റും അടിച്ചു തകര്‍ത്തു. 15 അംഗ സംഘത്തില്‍ രണ്ട് പേരെ പിടികൂടി. എന്നാല്‍ പ്രമുഖ നേതാക്കളെ പൊലീസിന് വിട്ടു കൊടുത്തില്ല. അറസ്റ്റ് ചെയ്താല്‍ ഇവര്‍ക്ക് ജോലി നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് കേസ് ഒതുക്കി നേതാക്കളെ രക്ഷിക്കാൻ നീക്കം.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റിയംഗവുമടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. തലസ്ഥാനത്തെ പ്രധാന ഇടത് നേതാക്കളായ മറ്റ് പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നെന്നും ഒളിവിലാണെന്നുമുളള പേരില്‍ അറസ്റ്റ് താമസിപ്പിക്കുകയുമാണ്.

അതേ സമയം ബാങ്ക് അക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ച് തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാര്‍ റീജിയണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ഈ പരാതി പൊലീസിന് കൈമാറാനും സാധ്യതയുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment