തനിക്കെതിരായുളളത് ബാലിശമായ ആരോപണങ്ങള്‍: അലോക് വര്‍മ്മ

varma_0

സിബിഐയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം ബാലിശമായ ആരോപണങ്ങള്‍ കാരണമാണ് താന്‍ പുറത്തായതെന്നും അലോക് വര്‍മ ആരോപിച്ചു. സുപ്രീംകോടതി വിധി പ്രകാരം സിബി.ഐ ഡയറക്ടറായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉന്നതാധികാര സമിതി അലോക് വര്‍മയെ പുറത്താക്കുകയായിരുന്നു.

സുപ്രീം കോടതി വിധിയുമായി സിബിഐ തലപ്പത്ത് അലോക് വര്‍മ്മ മടങ്ങിയെത്തിയതിന് പിന്നാലെ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്‌നാഗര്‍, ഡിഐജി എന്‍ കെ സിന്‍ഹ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്‍, ഡിഐജി തരുണ്‍ ഗോബ, അസിസ്റ്റന്റ് ഡയറക്ടര്‍ എകെ ശര്‍മ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതെല്ലാം പിന്‍വലിക്കും.

രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണമെന്ന് അലോക് വര്‍മ പ്രതികരിച്ചു. ബാഹ്യ സമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് ആകണം. സി.ബി.ഐയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സ്ഥാപനത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. 2018 ഒക്ടോബര്‍ 23 ലെ കേന്ദ്ര സര്‍ക്കാര്‍, സി.വി.സി ഉത്തരവുകള്‍അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് വിദ്വേഷമുള്ള വ്യക്തി ഉന്നയിച്ച ആരോപണം വിശ്വസിച്ച് തന്നെ സ്ഥലം മാറ്റിയത് ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ബി.ഐ ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം ഉന്നതാധികാര സമിതിക്കായിരുന്നു. ആവശ്യപ്പെടുകയാണെങ്കില്‍ ഇനിയും സ്ഥാപനത്തിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീഫ് വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന അഴിമതിയും ഗുരുതര കൃത്യവിലോപവുമടക്കം എട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വര്‍മയെ പുറത്താക്കിയത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.

ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ.കെ. സിക്രിയും സി.വി.സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റിസ് സിക്രിയുടെ നിലപാടു കാരണം സുപ്രീം കോടതിയും അലോക് വര്‍മ്മയക്ക് അനുകൂലമായ തീരുമാനം എടുക്കില്ലെന്ന വിലയിരുത്തല്‍ സജീവമാണ്. അലോക് വര്‍മ്മയെ സമിതി ചേര്‍ന്ന് മാറ്റാമെന്ന നിരീക്ഷണം നേരത്തെ സുപ്രീം കോടതി നടത്തുകയും ചെയ്തു. സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീം കോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു.

അതേസമയം സി.ബി.ഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള്‍ നിയമിതനാകുന്നത് വരെ നാഗേശ്വര റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി.ബി. ഐ വൃത്തങ്ങള്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment