സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചുവന്ന് പുറത്താക്കപ്പെട്ട അലോക് വര്‍മ്മ രാജിവെച്ചു

VARM

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അലോക് വര്‍മ്മ രാജിവെച്ചു. ഫയര്‍ സര്‍വീസസ് ഡയറക്ടറായി പുതിയ പദവി ഏറ്റെടുക്കാതെയാണ് രാജി. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി. ചന്ദ്രമൗലിക്ക് അലോക് വര്‍മ്മ രാജിക്കത്ത് നല്‍കി.

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ലെന്ന് കത്തില്‍ അലോക് വര്‍മ വ്യക്തമാക്കുന്നു. “സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.” വര്‍മ കത്തില്‍ കുറിച്ചു.

രാഷ്ട്രീയമായി ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമേറ്റ തിരിച്ചടിയാണ് അലോക് വര്‍മ്മയുടെ രാജി. അതേസമയം തനിക്കെതിരെ സ്വാഭാവിക നീതി നിഷേധമാണ് ഉണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു. തന്നെ പുറത്താക്കിയത് നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദിക്ക് മേല്‍ കരിനിഴലായ റാഫേല്‍ അഴിമതി അന്വേഷിക്കാന്‍ ഇറങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പടിയിറങ്ങുന്നത് പ്രതികാര നടപടികള്‍ക്ക് ഇരയായാണ്. മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയുമായുള്ള അഭിപ്രായ വ്യത്യാസമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. തന്നോട് വൈരാഗ്യമുള്ള വ്യക്തി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുരംഗത്തുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സുപ്രധാന ഏജന്‍സിയായ സിബിഐ ഇപ്പോള്‍ ആരുടെ സ്വാതന്ത്ര്യമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന സ്ഥിതിയിലാണെന്നും അലോക് വര്‍മ്മ പറഞ്ഞു. “ബാഹ്യ സ്വാധീനമില്ലാതെ സിബിഐ പ്രവര്‍ത്തിക്കണം. ആ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലും ഞാനതിന്റെ സത്യസന്ധതയ്ക്കുവേണ്ടി നിലകൊണ്ടു” – അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പകരം താല്‍ക്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍.

തന്നെ വീണ്ടും മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ നേരത്തെ പ്രതികരിച്ചിരുന്നു. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം ബാലിശമായ ആരോപണങ്ങള്‍ കാരണമാണ് താന്‍ പുറത്തായതെന്നും അലോക് വര്‍മ ആരോപിച്ചിരുന്നു.

അലോക് വര്‍മയെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തുവന്നിരുന്നു. എന്നാല്‍ ഉന്നതാധികാരസമിതി യോഗത്തിന്റെ തീരുമാനത്തെ വര്‍മ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തര്‍ക്കങ്ങള്‍ സിബിഐയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പ്രതികരിച്ചു. അലോക് വര്‍മയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ അന്വേഷണം വേണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

ആരോപണ വിധേയന്റെ വാദം കേള്‍ക്കണമെന്ന നിര്‍ബന്ധമില്ല, സിവിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത് അലോക് വര്‍മ്മയുടെ വിശദീകരണം കേട്ടശേഷമെന്ന് ജസ്റ്റിസ് എ.കെ സിക്രി

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ആരോപണങ്ങള്‍ക്കെതിരെ ഉന്നതാധികാര സമിതി അംഗമായ ജസ്റ്റിസ് എ കെ സിക്രി. അദ്ദേഹത്തിന്റെ വിശദീകരണം കേട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അലോക് വര്‍മ്മയുടെ വിശദീകരണം കേട്ടിരുന്നതാണെന്നും അതിന്‍പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു.

newsrupt_2019-01_49e9b3bf-8d10-4091-ba89-edb45c812ca0_he4gdt6_alok_verma_pti_650_625x300_10_January_19തന്റെ ഭാഗം കേള്‍ക്കാതെ, സിവിസി റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഉന്നതാധികാര സമിതി തന്നെ മാറ്റിയത് എന്നായിരുന്നു അലോക് വര്‍മ്മയുടെ ആരോപണം. ഇതിനെതിരെയാണ് ഉന്നതാധികാര സമിതി അംഗമായ ജസ്റ്റിസ് സിക്രിയുടെ പ്രതികരണം.

സസ്പെന്‍ഷന്‍ വരെയുള്ള നടപടിയെടുക്കാന്‍ ആരോപണ വിധേയന്റെ വാദം കേള്‍ക്കണമെന്ന നിര്‍ബന്ധമില്ല. ഒരു ഉദ്യോഗസ്ഥനെ പുറത്താക്കുമ്പോള്‍ മാത്രമെ ആദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കേണ്ടതുള്ളു. എന്നാല്‍ വര്‍മ്മയെ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് തുല്ല്യമായ മറ്റൊരു പദവിയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.യോഗത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ചിലത് പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുന്നതുവരെയാണ് തുല്യമായ മറ്റൊരു പദവിയിലേക്ക് മാറ്റിയതെന്നും സിക്രി വ്യക്തമാക്കി.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനോടാണ് സിക്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് സിക്രിയുടെ അനുവാദത്തോടെ കട്ജു ഇക്കാര്യം പുറത്തുവിടുകയായിരുന്നു.

സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മ്മ തിരിച്ചെത്തിയത്. സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ഇന്നലെ ചേരുകയും അദ്ദേഹത്തെ തിടുക്കപ്പെട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അലോക് വര്‍മ്മ പുതിയ പദവി ഏറ്റെടുക്കാതെ സര്‍വീസില്‍ നിന്നും ഇന്ന് രാജിവെച്ചു. പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ച കത്തിലാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്. താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment