ശിക്ഷ തീരുന്നതിനു മുമ്പേ തടവുകാരെ മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

court_40കൊച്ചി : 2011ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് 209 തടവുകാരെ മോചിപ്പിച്ച ഇടത് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. 2011ല്‍ മോചിപ്പിച്ചവരുടെ ലിസ്റ്റ് ഗവര്‍ണറും സര്‍ക്കാരും ആറുമാസത്തിനകം പുന:പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 150ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കേരള ജയില്‍ വകുപ്പ് 209 ജയില്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് ഇത് സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നിരുന്നു. കൊലപാതക കേസുകളില്‍ ഇരയായവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി. ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് അഞ്ച് പേരും പത്ത് വര്‍ഷം ശിക്ഷ വിധിച്ചതില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരുമായിരുന്നു. ഇങ്ങനെ 105 പേര്‍ മാത്രമാണ് പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുന:പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുന:പരിശോധനയ്ക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ഇളവ് ലഭിച്ച തടവുകാര്‍ ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും. ഉത്തരവ് പുനഃപരിശോധിക്കുമ്പോള്‍ ഇളവ് ലഭിച്ച തടവുകാരുടെ നിലവിലെ ജീവിത രീതികളും സ്വഭാവവും കണക്കിലെടുക്കും. വീണ്ടും ജയിലിലേക്ക് അവരെ മടക്കി അയക്കുമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളളവരാണ്.

ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍, വനിതാ ജയിലില്‍ നിന്ന് ഒരാള്‍,നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 പേര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍. ഇത്രയും പേരാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയവര്‍. ആറ് മാസത്തെ കാലയളവുകൊണ്ട് ലിസ്റ്റിലുളളവരുടെ ജീവിത രീതി പരിശോധിച്ച് ആവശ്യമെങ്കില്‍ ജയിലിലേക്ക് മടക്കി അയക്കേണ്ടി വരും . നേരത്തെ, ഇളവ് ലഭിച്ച് മോചിതരായവരുടെ ലിസ്റ്റ് വന്നെങ്കിലും ഗവര്‍ണര്‍ അത് മടക്കി അയക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment