- Malayalam Daily News - https://www.malayalamdailynews.com -

മകരവിളക്കും മകരനക്ഷത്രവും തെളിഞ്ഞു; ദർശനപുണ്യവുമായി അയ്യപ്പഭക്തർ

Pilgrimsശബരിമല: അയ്യപ്പഭക്തർക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ജ്യോതി തെളിഞ്ഞതോടെ ഭക്തർ ശരണമന്ത്രങ്ങളോടെ കൈകൂപ്പി വണങ്ങി. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയതിനു ശേഷം , 6.30 ന് തിരുവാഭരണം അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കു ശേഷം നട തുറന്നതോടെയാണ് മകരജ്യോതി തെളിഞ്ഞത്. ഒപ്പം മകരനക്ഷത്രവും ഉദിച്ചു. തിരുവാഭരണ വിഭൂഷിതനായ ശ്രീ ധർമ്മശാസ്താവിനെ ഭക്തർ നിർവൃതിയോടെ കണ്ടു തൊഴുതു. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.

മകരസംക്രമ സമയത്ത് സംക്രമപൂജയും അഭിഷേകവും നടക്കും. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ച നെയ്യ് ഉപയോഗിച്ചാണ് സംക്രമാഭിഷേകം.

പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രിയുടേയും  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും നേതൃത്വത്തിലാണ് സ്വീകരിച്ചത്.  തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടത്തിയിരുന്നു.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംഘർഷഭരിതമായിരുന്ന ശബരിമലയിൽ അതെല്ലാം മാറി , തികച്ചും ഭക്തിസാന്ദ്രമായ  അന്തരീക്ഷത്തിലാണ് മകരവിളക്കുത്സവം നടന്നത്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മകരവിളക്ക് ദർശിക്കാൻ ഭക്തജനങ്ങൾ കുറവായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം ഒന്നരലക്ഷം പേരാണ് മകരവിളക്ക് ദർശനത്തിനെത്തിയത്. ഇതാകട്ടെ മുൻവർഷങ്ങളിലെ മൂന്നു-മൂന്നരലക്ഷം ഭക്തർ എന്ന കണക്കിന്റെ പകുതിയേ ആയുള്ളൂ .

ശക്തമായ സുരക്ഷയാണ് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലായിരുന്നു സുരക്ഷ  വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തി.

തിരുവാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പനെയും മകരജ്യോതിയും ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങാൻ തുടങ്ങിയതോടെ ഒരു മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് കൂടി സമാപനമാവുകയാണ്. ഒപ്പം കോടതിവിധിയും സംഘർഷവും യുവതീപ്രവേശവും പൊലീസ് നടപടികളുമൊക്കെയായി ശബ്ദമുഖരിതമായ ഒരു മണ്ഡല-മകരവിളക്ക് കാലം എന്ന് ചരിത്രത്താളുകളിൽ ഇടം പിടിക്കുകയും ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]