Flash News

പ്രധാനമന്ത്രിയുടെ പഴിയും സ്വപ്നവും

January 19, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

pradhanamanthriyude swapnam banner-1രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍വന്ന് സംസ്ഥാനത്തെ ഇടത് – ജനാധിപത്യ മുന്നണി ഗവണ്മെന്റിനെതിരെ അറപ്പും വെറുപ്പും ശാപവും കോരിയൊഴിച്ച് മടങ്ങുന്നതാണ് കൊല്ലത്തെ പീരങ്കിമൈതാനത്തെ എന്‍.ഡി.എ പൊതുസമ്മേളനത്തില്‍ ചൊവ്വാഴ്ച കണ്ടത്. സാക്ഷരതയും ഉയര്‍ന്ന ചരിത്രബോധവുമുള്ള ഒരു ജനതയുടെ മുമ്പിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. അത് ബി.ജെ.പിയും പ്രധാനമന്ത്രിതന്നെയും മറന്നുകൂട.

ശബരിമല വഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രിം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

അക്കാര്യത്തില്‍ വീഴ്ചകളോ അവ്യക്തതകളോ അപക്വതയോ പോരായ്മകളോ സംഭവിച്ചിരിക്കാം. അതിലപ്പുറം അറപ്പും വെറുപ്പും ഉളവാക്കുന്നതോ പാപമോ പാതകമോ ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി നിഷ്പക്ഷമതികള്‍ക്ക് ഇവിടെ ചൂണ്ടികാണിക്കാനില്ല. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ ഇതിന്റെ പേരില്‍ ചോരക്കളങ്ങള്‍ ഇവിടെ സൃഷ്ടിക്കാനുമായിട്ടില്ല.

ശബരിമല കാര്യങ്ങള്‍ നിരീക്ഷിക്കുന്ന കേരള ഹൈക്കോടതിയും സുപ്രിം കോടതി വിധിയെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയും എന്തെങ്കിലും സര്‍ക്കാര്‍ അതിക്രമങ്ങള്‍ നടന്നതായി ഇതുവരെ ആരോപിച്ചിട്ടില്ല. പതിവുപോലെ ലക്ഷക്കണക്കില്‍ ഭക്തജനങ്ങളും സുപ്രിം കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ചുരുക്കം യുവതികളും മണ്ഡല – മകരവിളക്ക് ദര്‍ശനം ഇത്തവണയും പൂര്‍ത്തിയാക്കി. പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അറപ്പും വെറുപ്പും തോന്നാവുന്ന ഒന്നും ഹൈക്കോടതിക്ക് രേഖപ്പെടുത്തേണ്ടി വന്നിട്ടില്ല.

ഇടതുപക്ഷവും കോണ്‍ഗ്രസും മാറിമാറി ഭരിച്ച കേരളത്തില്‍ നരേന്ദ്രമോദിജി ഭരിച്ച ഗുജറാത്തിലോ ബി.ജെ.പി ഭരിച്ച മറ്റു സംസ്ഥാനങ്ങളിലോ ഉണ്ടായതുപോലുള്ള കലാപങ്ങളോ ചോരപ്പുഴകളോ ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ല. ശബരിമല സന്നിധാനത്തില്‍ ചോരയൊഴുക്കാന്‍ മോദിജിയുടെ പരിവാര്‍സംഘം ആളെ ഒരുക്കി തമ്പടിച്ചിട്ടും സംസ്ഥാന ഗവണ്മെന്റ് പരാജയപ്പെടുത്തി ക്രമസമാധാനം ഉറപ്പുവരുത്തി.

ശബരിമല സംബന്ധിച്ച സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി സംസ്ഥാന ഗവണ്മെന്റിനെന്നപോലെ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും ബാധകമാണ്. എന്നാല്‍ ശബരിമലയിലും അതു നിലകൊള്ളുന്ന സംസ്ഥാനത്താകെയും ക്രമസമാധാനപാലനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടനാപരമായ പ്രത്യേക ബാധ്യതയും.

അത് നടപ്പാക്കുന്നു എന്ന ‘പാപം’ മാത്രമാണ് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും സര്‍ക്കാര്‍ ഭൗതികതയോ ആദ്ധ്യാത്മികതയോ, പാപമോ പുണ്യമോ നോക്കിയല്ല ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്നതും പ്രവര്‍ത്തിക്കേണ്ടതും. നമ്മുടെ ജനാധിപത്യ- മതനിരപേക്ഷ ഭരണഘടന അനുസരിച്ചുമാത്രമാണ്.

ഏതാണ്ട് നാലര വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയും അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും ഭരണഘടന മറന്ന് പുണ്യവും മരണാനന്തര സ്വര്‍ഗവും ഉറപ്പുവരുത്തുന്ന ഭരണരീതിയാണ് നടപ്പാക്കി കാണുന്നത്.

ഇതിനെതിരായ രോഷം ജനങ്ങളില്‍നിന്ന് വ്യാപകമാകുകയും രാഷ്ട്രീയപാര്‍ട്ടികള്‍ അത് ഏറ്റെടുക്കുകയും ചെയ്യുകയാണ്. കാലങ്ങളായി ഭരിച്ചുവന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഇതേതുടര്‍ന്ന് ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. അതിന്റെ തുടര്‍ച്ചയിലാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഇവിടുത്തെ സര്‍ക്കാര്‍ ചെയ്യുന്ന പാപം കണ്ടെത്തുന്നതും അത് ചരിത്രത്തില്‍ ഇടംനേടണമെന്ന് ശുപാര്‍ശചെയ്യുന്നതും.

സുപ്രിംകോടതിവിധി നടപ്പാക്കുന്നതല്ല കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള യഥാര്‍ത്ഥ പ്രശ്‌നം. ബി.ജെ.പി തന്നെ ശബരിമല പ്രശ്‌നത്തില്‍ ഒരു രാഷ്ട്രീയ അജണ്ട ഒളിപ്പിച്ചു മുന്നോട്ടുവെക്കുകയും യുവതികള്‍ക്കുകൂടി ശബരിമലയില്‍ പ്രവേശം അനുവദിക്കുന്നത് സംഘടിതമായും ബലംപ്രയോഗിച്ചും തടയാന്‍ ശ്രമിക്കുകയുമാണ്. സുപ്രിംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിച്ച് ക്രമസമാധാന പ്രശ്‌നമാക്കി വളര്‍ത്തുന്നു.

അത് തടയുന്നതിനെയാണ് ആരും വിചാരിക്കാത്തത്ര അറപ്പും വെറുപ്പും ഉണ്ടാക്കുന്ന നിലപാടായി പ്രധാനമന്ത്രിയെപോലെ ഒരാള്‍ കുറ്റപ്പെടുത്തുന്നത്. സുപ്രിംകോടതി വിധിയും വിശ്വാസികളും തമ്മിലാണ് പ്രശ്‌നമെങ്കില്‍ അതില്‍ ഇടപെട്ട് നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്താന്‍ ഭരണഘടനാ ഉത്തരവാദിത്വമുള്ള ആളാണ് പ്രധാനമന്ത്രി. മറിച്ച് തന്റെ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ ഈ വിഷയത്തെ രാഷ്ട്രീയ അജണ്ടയും അനിശ്ചിതകാല പ്രക്ഷോഭവുമാക്കി മാറ്റിയതിനെ അദ്ദേഹം ന്യായീകരിക്കുന്നു. ഭരണഘടനാ ബാധ്യത നിര്‍വ്വഹിക്കാന്‍ പാടുപെടുന്ന സംസ്ഥാന ഗവണ്മെന്റിനെ അധിക്ഷേപിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല എന്‍.ഡി.എയുടെ രാഷ്ട്രീയാധികാരി എന്ന നിലയിലാണ് കൊല്ലത്ത് മോദി പ്രസംഗിച്ചതെന്ന് വ്യക്തം.

പാപം ചെയ്തതിന്റെ പേരില്‍ ചരിത്രത്തില്‍ കേരള സര്‍ക്കാറിനെ പ്രതിഷ്ഠിക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ ചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞ രണ്ട് സംസ്ഥാനങ്ങ ളെങ്കിലുമുണ്ട്. അവരെപ്പറ്റി മോദിയോട് കേരളീയര്‍ക്കു പറയേണ്ടിവരും. ഒന്ന്, നരേന്ദ്രമോദി രാഷ്ട്രീയത്തില്‍ ഇടംനേടുന്നതിന് ഒരു പതിറ്റാണ്ടുമുമ്പാണ് ബാബ്‌റി മസ്ജിദ് ബി.ജെ.പി – പരിവാര്‍ സംഘം തകര്‍ത്തത്. പ്രശസ്ത ബ്രിട്ടീഷ് പത്രമായ ‘ഗാര്‍ഡി’യന്റെ ഡല്‍ഹി ലേഖകന്‍ ഡെറക് ബ്രൗണ്‍ അന്ന് ലോകത്തോടു പറഞ്ഞതിങ്ങനെ: ‘അക്രമരാഹിത്യത്തിന്റെ പാരമ്പര്യത്തില്‍ ആണ്ടുകിടന്നിരുന്ന ഒരു രാജ്യത്ത് അങ്ങോളമിങ്ങോളം ചോരത്തിരമാലകള്‍ ആഞ്ഞടിപ്പിച്ച രാഷ്ട്രീയ കൗശല’ മാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കലില്‍ സംഭവിച്ചത്.

ആ കൗശലം കാട്ടിയത് മോദിയുടെ മുന്‍ഗാമി കല്ല്യാണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറായിരുന്നു. തര്‍ക്കവിഷയമായ ബാബ്‌റി മസ്ജിദിന് പോറല്‍പോലും ഏല്‍പ്പിക്കരുതെന്നും അക്രമം തടയാന്‍ കേന്ദ്രവും സംസ്ഥാനവും പൊലീസിനെ ഉപയോഗിക്കണമെന്നും സുപ്രിംകോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടും അദ്വാനിയടക്കമുള്ള ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ പള്ളി തകര്‍ത്തു.

അല്ലാഹുവില്‍ വിശ്വസിച്ചിരുന്ന, ധാര്‍മ്മികതയിലും ആത്മീയതയിലും അടിത്തറയിട്ട ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്ന, വിഭജനം നടന്നിട്ടും ഇന്ത്യയുടെ മണ്ണില്‍ തുടരാന്‍ തീരുമാനിച്ച, ഒരു ജനവിഭാഗത്തെ രാജ്യമാകെ വേട്ടയാടി കൊല്ലുന്നതാണ് പള്ളി തകര്‍ത്തതിനെതുടര്‍ന്ന് ഉണ്ടായത്. തുടര്‍ന്ന് രൂപംകൊണ്ട മുസ്ലിം തീവ്രവാദത്തിന്റെ ഭീഷണി. അതിന്റെയൊക്കെ പാപം ചരിത്രത്തില്‍ ഇപ്പോഴും ചോരക്കണ്ണുരുട്ടി തുറിച്ചുനോക്കുന്നത് പ്രധാനമന്ത്രി കാണാതെപോകുന്നു.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയുടെ ഭരണത്തിലാണ് ഒരു വര്‍ഷം തികയുംമുമ്പ് ഗോദ്രാ സംഭവവും തുടര്‍ന്ന് സംസ്ഥാനത്താകെ രണ്ടായിരത്തിലേറെ മുസ്ലിംങ്ങളെ ആക്രമിച്ചു കൊലയും കൊള്ളയും തീവെപ്പും നടത്തിയത്. ‘മതപരമായ തുല്യതയുടെ കാര്യത്തില്‍ ഇന്ത്യയുടെ പ്രശസ്തിക്കുമേല്‍ ഏറ്റ കറുത്ത പാടാണെ’ന്നായിരുന്നു ഭരണകൂട പിന്തുണയോടെ നടന്ന ഈ കൂട്ടക്കൊലകളെ അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സ്ഥാപനം വിശേഷിപ്പിച്ചത്. ഈ മനുഷ്യക്കുരുതിയുടെ പേരില്‍ മുഖ്യമന്ത്രി മോദിക്ക് അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള വീസ അമേരിക്ക അന്ന് നിരസിച്ചു. അതെങ്കിലും പ്രധാനമന്ത്രിക്ക് മറക്കാനാകില്ല.

മോദിയുടെ ഭരണത്തിന്‍കീഴില്‍ പൊലീസ് മനുഷ്യ കശാപ്പുകാര്‍ക്കൊപ്പം ചേര്‍ന്നു. സുപ്രിംകോടതിയുടെ ഉത്തരവുകള്‍പോലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഒടുവില്‍ മനുഷ്യാവകാശ പോരാളികളും ഉന്നത നീതിപീഠവും ഇരകളും ഹതഭാഗ്യരായ മുസ്ലിം പൗരന്മാര്‍ക്ക് നീതിവാങ്ങിക്കൊടുക്കാനുള്ള കൂട്ടായ പോരാട്ടം നടത്തേണ്ടിവന്നു. ഇന്നും അതു തുടരുന്നു.

കേരളത്തിലെ ആദ്യ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടേതായിരുന്നെന്നും കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ് കേരളത്തില്‍ ഇതുവരെ തുടര്‍ന്നുവന്നതെന്ന ചരിത്രവും പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തേണ്ടിവരുന്നു. ശബരിമലയും ശ്രീ അയ്യപ്പനും ശരണമന്ത്രവും വിശ്വാസികളും അവരുടെ ശബരിമല ദര്‍ശനവും ഇവിടെ അന്യൂനം തുടര്‍ന്നുവന്നതാണ്.

ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് എന്നുകണ്ട് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശം നിഷേധിക്കുന്ന 92-ലെ കേരള ഹൈക്കോടതിവിധി റദ്ദാക്കിയത് സുപ്രിംകോടതിയാണ്. ഭരണഘടനയിലെ 17-ാം അനുച്ഛേദത്തില്‍ വിവരിക്കുന്ന അയിത്തത്തിന്റെ പരിധിയില്‍ വരുന്നതാണ് ആര്‍ത്തവത്തിന്റെ പേരില്‍ യുവതികളെ നികൃഷ്ടമായി മാറ്റിനിര്‍ത്തുന്നത് എന്നതുകൊണ്ട്. വിധിക്കെതിരെ സുപ്രിംകോടതിയില്‍തന്നെ വന്ന ഹര്‍ജികളില്‍ ഇനിയും വാദം കേള്‍ക്കാനിരിക്കുന്നു. തീരുമാനം വരുംവരെ നിയമം കയ്യിലെടുക്കാന്‍ ബി.ജെ.പിക്കോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ല.

ഈ അവസരം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് ഭരണവും കേരളവും മോചിപ്പിച്ച് സ്വന്തമാക്കാന്‍ ബി.ജെ.പി ഇറങ്ങിത്തിരിച്ചതാണ് കേരളത്തെ സംഘര്‍ഷഭരിതമാക്കിയത്. അതിനെ ന്യായീകരിക്കാന്‍ ബി.ജെ.പി നേതാവെന്ന നിലയില്‍ മോദിക്ക് മനസ് ദാഹിക്കാം. സത്യപ്രതിജ്ഞയോടും ഭരണഘടനയോടും കൂറു പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്ന നിലയില്‍ അങ്ങനെ ചെയ്തുകൂട.

കേരളീയരുടെ രാഷ്ട്രീയ മന:ശാസ്ത്രം 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീടും ജനങ്ങള്‍ പലവട്ടം തെളിയിച്ചുപോന്നതാണ്. 2019ലെ ലോകസഭാ ജനവിധി വരുംവരെ പ്രധാനമന്ത്രി മോദിയും എന്‍.ഡി.എയും സഹിഷ്ണുതയും ജനാധിപത്യ മര്യാദയും പുലര്‍ത്തുന്നതാണ് നല്ലത്. സംസ്ഥാനം ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും ഇത് ബാധകവുമാണ്. കേരളം എന്നും ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് എന്നതുതന്നെ കാരണം.

കോണ്‍ഗ്രസില്‍നിന്നും ഇടത് പാര്‍ട്ടികളില്‍നിന്നും രാജ്യത്തിന് ലഭിച്ചിട്ടില്ലാത്ത വികസനമാതൃകയാണ് തന്റെ ഒറ്റമൂലി എന്നും അതിന്റെ ആകര്‍ഷണത്തില്‍ ശൂന്യതയില്‍ നിന്ന് കേരളത്തിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞുപോയത്. മൂന്നു പതിറ്റാണ്ടായി അധികാരത്തിലിരുന്ന കോട്ടകൊത്തളങ്ങള്‍ ബി.ജെ.പിയില്‍നിന്നുതന്നെ ജനങ്ങള്‍ തിരിച്ചുപിടിച്ച അനുഭവത്തിന്റെ ചൂട് മാറുംമുമ്പാണ് മോദിജി കേരളത്തില്‍വന്നത്. പുതുക്കം മാറി ജനങ്ങള്‍ വലിച്ചെറിഞ്ഞുതുടങ്ങിയ ആ വികസന മാതൃക കേരളത്തില്‍ ചെലവാകുമെന്നാണോ.

ആരാധനാ സ്വാതന്ത്ര്യം എന്നതുപോലെയോ അതിലും എത്രയോ മടങ്ങോ പ്രധാനമാണ് വികസന സ്വാതന്ത്ര്യം. അമര്‍ത്യാസെന്‍ ആവര്‍ത്തിക്കുന്നതുപോലെ, എല്ലാ വിഭാഗം മനുഷ്യരുടെയും നിലവിലുള്ള സ്വാതന്ത്ര്യത്തെ കൂടുതല്‍ വിപുലീകരിക്കുന്നതായിരിക്കണം വികസനം.

മുന്‍കാല ഭരണങ്ങളില്‍നിന്നു വ്യത്യസ്തമായി മോദി ഭരണത്തില്‍ വിവിധവിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയുന്നതും ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി തടങ്കലില്‍ തള്ളുന്നതുമാണ് രാജ്യം കണ്ടത്. അത്തരമൊരു ഭരണം കേരളം കൈനീട്ടി സ്വീകരിക്കുമെന്ന് ദയവായി ആരും തെറ്റിദ്ധരിക്കരുത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top