മെക്സിക്കോ മതിലില്‍ പിടിമുറുക്കി ട്രം‌പ്; പിടികൊടുക്കാതെ ഡെമോക്രാറ്റുകള്‍; വഴിയാധാരമായി എട്ട് ലക്ഷത്തോളം ജീവനക്കാര്‍

GETTY Pelosi Trump 110618_1541571639139.jpg_6350273_ver1.0_640_360വാഷിംഗ്ടണ്‍: രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ വേതനമില്ലാതെ കഷ്ടപ്പെടുന്നതൊന്നും കണക്കിലെടുക്കാതെ മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടിയേ അടങ്ങൂ എന്ന വാശിയില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് ഒരു വശത്തും ട്രം‌പിന്റെ ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ മനസ്സില്ലെന്ന വാശിയുമായി ഡെമോക്രാറ്റുകളും നിലകൊള്ളുകയാണ്.

ട്രഷറി സ്തംഭനം ഒഴിവാക്കണമെങ്കില്‍ തന്റെ ആവശ്യം നിറവേറ്റിയേ അടങ്ങൂ എന്ന വാശിയിലാണ് ട്രംപ്. ട്രം‌പ് മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകള്‍ക്കെത്തിരെയാണ് ട്രം‌പിന്റെ കലി മുഴുവന്‍. താന്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പേ വാഗ്ദാനങ്ങള്‍ തള്ളിയ ഡെമോക്രാറ്റുകള്‍ക്കു നേരെയാണ് ട്രം‌പ് പൊട്ടിത്തെറിച്ചത്. തീര്‍ത്തും തെറ്റായ നടപടിയാണിതെന്നും, ഡെമോക്രാറ്റുകള്‍ക്ക് അവര്‍ ഒരിക്കലും ജയിക്കില്ലെന്നു ഉറപ്പുള്ള 2020ലെ തെരഞ്ഞെടുപ്പിനേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അഭയാര്‍ത്ഥികളായി രാജ്യത്തേക്ക് പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കെല്ലാം മാപ്പ് നല്‍കുമെന്നല്ല തന്‍റെ വാക്കുകളുടെ അര്‍ത്ഥമെന്നും, മൂന്ന് വര്‍ഷത്തേക്ക് സംരക്ഷണം നീട്ടി നല്‍കാമെന്നു മാത്രമാണ് അറിയിച്ചതെന്നും ട്രംപ് പറഞ്ഞു. തന്‍റെ വാഗ്ദാനങ്ങളെ പാടെ നിരസിച്ച ഡെമോക്രാറ്റിക് നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയോട് കരുതിയിരുന്നോളൂ എന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. നേരത്തെ, രേഖകളില്ലാത്ത ഏഴ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലികമായി സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നായിരുന്നു ട്രംപിന്‍റെ വാഗ്ദാനം. ഇത് നടക്കണമെങ്കില്‍ മതില്‍ കെട്ടാനുള്ള ഫണ്ടിലേക്ക് 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ട് വെച്ചിരുന്നു.

വൈറ്റ്ഹൗസില്‍ നടത്തിയ അഭിമുഖത്തിലാണ് ട്രംപ് വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചത്. അതേസമയം, പ്രസിഡന്‍റ് സംസാരിക്കുന്നതിനു മുന്‍പു തന്നെ വാഗ്ദാനങ്ങളൊന്നും സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കുകയായിരുന്നു. വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ലെന്നും അഭയാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇനിയും ശ്രമിക്കുമെന്നും ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ചക് ഷൂമറും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും ഈ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment