Flash News

ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍

January 21, 2019

babri-masjid-PTIബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രമൊന്നുമുണ്ടായിരുന്നില്ലെന്ന് ചരിത്രാദ്ധ്യാപകന്‍. ക്ഷേത്രം നിലനിന്നിരുന്നില്ലെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നശിപ്പിച്ചുവെന്ന് പര്യവേഷണസമയത്ത് നിരീക്ഷകനായിരുന്ന അലിഗഢ് സര്‍വ്വകലാശാലയിലെ മധ്യകാല ഇന്ത്യന്‍ ചരിത്ര അദ്ധ്യാപകനും സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചെയര്‍മാനുമായ സയീദ് അലി നദീം റെസാവി വെളിപ്പെടുത്തി.

2003-ലാണ് അലഹാബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സര്‍വ്വേ നടത്തിയത്. അന്ന് സംഘത്തിന് ലഭിച്ചത് മൃഗങ്ങളുടെ എല്ലുകളും അവശിഷ്ടങ്ങളുമായിരുന്നുവെന്നാണ് നദീം റെസാവി പറയുന്നത്. മുമ്പ് അവിടെ ക്ഷേത്രം ഇല്ലായിരുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പാകം ചെയ്ത ഈ എല്ലിന്‍ കഷ്ണങ്ങളെന്നും, തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് അവര്‍ കുട്ടക്കണക്കിന് എല്ലുകള്‍ എറിഞ്ഞു കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തെളിവുകള്‍ ലഭിച്ചതില്‍ അസ്വസ്ഥരായതിനാലാണ് അവര്‍ അവ എറിഞ്ഞു കളഞ്ഞത്. ചരിത്ര അവശിഷ്ടങ്ങളേക്കുറിച്ച് പഠനം നടത്തുകയോ അവ ലഭിച്ചത് രേഖപ്പെടുത്തുകയോ പോലും ചെയ്തില്ലെന്നും റെസാവി വ്യക്തമാക്കി.

“ഉല്‍ഖനനം നടത്തുന്നതിനിടെ ഓരോ അടുക്കില്‍ നിന്നും മൃഗങ്ങളെ പാകം ചെയ്തതിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ചു. ഒമ്പതാം നൂറ്റാണ്ട് മുതല്‍ ഇപ്പോള്‍ വരെയുള്ള കാലഘട്ടങ്ങളിലേതായിരുന്നു അത്. ഹിന്ദു കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിന് തകര്‍ത്തു കളഞ്ഞ ബാബ്‌റി മസ്ജിദ് പ്രദേശത്ത് ഒരു കാലത്തും ക്ഷേത്രം ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവാണ് ഇല്ലാതാക്കിയത്.”

ആട്, പോത്ത്, പശു എന്നിവ പാകം ചെയ്ത് കഴിച്ചതിന്റെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. അത് രേഖപ്പെടുത്തിയില്ല. രേഖപ്പെടുത്താത്തതിനെതിരെ ഞങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരുന്നെങ്കിലും വിശദമായ റിപ്പോര്‍ട്ടില്‍ അതിനേക്കുറിച്ചുള്ള അദ്ധ്യായം പോലും ഉണ്ടായില്ല. ഹിന്ദു ദൈവമായ രാമന്റെ പേരിലുള്ള വൈഷ്ണവ ക്ഷേത്രത്തില്‍ ഒരിക്കലും എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്താനാകില്ലെന്ന് റെസാവി ചൂണ്ടിക്കാട്ടി.

“മോസ്‌കിന് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നാണ് ഇന്ത്യന്‍ ആര്‍ക്കിയോളജി വകുപ്പ് പറഞ്ഞത്. പക്ഷെ പോത്തിന്റെ എല്ലുകളാണ് ഞങ്ങള്‍ കണ്ടത്. ബ്രാഹ്മണന്‍മാര്‍ ഇറച്ചി കഴിക്കുന്നവര്‍ ആയിരുന്നോ? അവര്‍ ക്ഷേത്രത്തില്‍ ഇരുന്ന് ബീഫ് കഴിക്കുകയായിരുന്നോ?” റെസാവി ചോദിക്കുന്നു.

s200_syed_ali.nadeem_rezavi

സയീദ് അലി നദീം റെസാവി

സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് അലഹാബാദ് ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ ഉല്‍ഖനനം ഏല്‍പിച്ചത്. ഒന്നോ അധിലധികമോ ക്ഷേത്രങ്ങള്‍ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് തീര്‍പ്പ് കല്‍പിച്ചാണ് എഎസ്‌ഐ റിപ്പോര്‍ട്ട് നല്‍കിയത്. ഈ ക്ഷേത്രങ്ങള്‍ പത്താം നൂറ്റാണ്ടുമുതലുളള സമയത്താണ് നിര്‍മ്മിക്കപ്പെട്ടതെന്നും 16-ാം നൂറ്റാണ്ടില്‍ ബാബ്‌റി മസ്ജിദ് നിര്‍മ്മിക്കുന്നതുവരെ ഇവ നിലനിന്നിരുന്നെന്നും എഎസ്‌ഐ റിപ്പോര്‍ട്ടില്‍ കണ്ടെത്തലായി അവതരിപ്പിച്ചു. രൂക്ഷ വിമര്‍ശനങ്ങളുണ്ടായെങ്കിലും റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ബിജെപി അധികാരത്തിലിരുന്ന സമയത്ത് പക്ഷപാതികളായ ഉദ്യോഗസ്ഥരെ വെച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു അജണ്ട നടപ്പാക്കുക മാത്രമാണുണ്ടായതെന്നും ക്ഷേത്രത്തിന് തെളിവുണ്ടെന്ന് സ്ഥാപിക്കാനാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ആദ്യം മുതല്‍ക്കേ ശ്രമിച്ചതെന്നും ഒരു വിഭാഗം ചരിത്രഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് 10 മാസം മുമ്പുതന്നെ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കള്‍ ഇതിന് ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ മലോയ് കൃഷ്ണധര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി. വി. നരസിംഹറാവു പ്രശ്നം കൈകാര്യം ചെയ്ത രീതിയെ കുറിച്ച് പുസ്തകം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. “ഓപ്പണ്‍ സീക്രട്ട്സ് – ഇന്ത്യാസ് ഇന്റലിജന്‍സ് അണ്‍വീല്‍ഡ്” എന്ന പുസ്തകത്തില്‍ വിവാദം ഉയര്‍ത്തിയേക്കാവുന്ന പല വെളിപ്പെടുത്തലുകളുമുണ്ട്.

മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്ര പരാജയപ്പെട്ടതിന് ശേഷം സംഘ്പരിവാറിലെ ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന ഒരു സുപ്രധാന യോഗത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ താന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തിന് തൊട്ടുപിന്നാലെ തീവ്രഹിന്ദുത്വ പരിപാടി നടപ്പിലാക്കുന്നതിന് ഉന്നത പുരോഹിതരുമായി ചേര്‍ന്ന് സംഘ്പരിവാര്‍ തീരുമാനിച്ചിരുന്നുവെന്ന് 1992 ഫെബ്രുവരിയില്‍ നടന്ന ആ യോഗത്തിന്റെ ഓഡിയോ, വീഡിയോ ടേപ്പുകള്‍ വ്യക്തമാക്കുന്നുണ്ട് – പുസ്തകത്തില്‍ പറയുന്നു.

രാജീവ് ഭരണക്കാലത്ത് സംഘ്പരിവാറിന് തീവ്രഹിന്ദുത്വ പരിപാടി ഫലപ്രദമായി നടപ്പിലാക്കാനായില്ലെങ്കിലും ഹിന്ദുശക്തികള്‍ക്ക് രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി മാറാനുള്ള അവസരം എത്തിയിരിക്കുകയാണെന്ന് സംഘ്പരിവാറിന് ബോധ്യമുണ്ടായിരുന്നു.

12351381992 ഡിസംബറില്‍ ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് ഫെബ്രുവരിയില്‍ നടന്ന യോഗം പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഈ പദ്ധതി സുസംഘടിതമായി നടപ്പിലാക്കുന്നതിന് യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്, ബിജെപി, വിഎച്ച്പി നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.

അതേ സമയം പ്രകോപിതരായ ചില കര്‍സേവകരാണ് ബാബ്റി മസ്ജിദ് പൊളിച്ചതെന്നും നേതാക്കള്‍ അവരെ തടയാന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ള പ്രചാരണമാണ് സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയത്.

യോഗത്തിന്റെ ടേപ്പുകള്‍ ഐബി മേധാവിക്ക് കൈമാറുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും ആഭ്യന്തരമന്ത്രിയായിരുന്ന എസ്. ബി. ചവാനും അതേ കുറിച്ച് വിവരം ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ എല്‍. കെ. അദ്വാനിയുടെയും സംഘത്തിന്റെയും ആസൂത്രണം തടയാന്‍ സര്‍ക്കാരില്‍ നിന്നും ഫലപ്രദമായ നടപടികളൊന്നുമുണ്ടായില്ല.

അയോധ്യ പ്രശ്നമുന്നയിച്ച് ഹിന്ദുത്വ തരംഗമുണര്‍ത്താനും അതുവഴി രാഷ്ട്രീയനേട്ടമുണ്ടാക്കാനും പറ്റിയ സമയമാണിതെന്ന് ഫെബ്രുവരിയിലെ സംഘ്പരിവാര്‍ നേതാക്കളുടെ യോഗം വിലയിരുത്തിയിരുന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറിന് മാധ്യമപ്രവര്‍ത്തകനായി നടിച്ച് താന്‍ കര്‍സേവകരോടൊപ്പം കൂടിയതിനെ കുറിച്ച് ധര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ലിബര്‍ഹാന്‍ കമ്മിഷന് മുന്നില്‍ ഹാജരാവാന്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് സമന്‍സ് ലഭിക്കുകയും ചെയ്തതിന് ശേഷം എല്‍. കെ. അദ്വാനി തന്നെ രണ്ടു തവണ വിളിപ്പിച്ചിരുന്നുവെന്ന് ധര്‍ പറയുന്നു. വീഡിയോ ടേപ്പിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയാനായി അത് ഹാജരാക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടെങ്കിലും ടേപ്പിന്റെ കോപ്പി തന്റെ കൈയിലില്ലായിരുന്നു. ഐബിയുടെ ആര്‍ക്കൈവിലാണ് ടേപ്പുണ്ടായിരുന്നത്. ടേപ്പിന്റെ ഉള്ളടക്കത്തെ കുറിച്ച് താന്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ടേപ്പ് കിട്ടാനായി ഐബി ഡയറക്ടറെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അദ്വാനിയെ രക്ഷിക്കാനായി ടേപ്പ് തെളിവെന്ന നിലയില്‍ ഹാജരാക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഐബി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് താന്‍ പിന്നീടറിഞ്ഞത്. ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ രചനയില്‍ താന്‍ ഏര്‍പ്പെട്ടത് ഏറെ ആലോചിച്ചതിന് ശേഷമാണെന്നും ധര്‍ വ്യക്തമാക്കുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top