ഇന്ത്യയിലെ വോട്ടിംഗ് മെഷീന്‍ ഹാക്കിംഗ്; അമേരിക്കന്‍ ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസില്‍ പരാതി നല്‍കി

vote2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ( ഇ വി എം) അട്ടിമറി നടന്നെന്ന സയ്യിദ് ഷൂജ എന്നയാളുടെ ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ദല്‍ഹി പോലീസില്‍ പരാതി നല്‍കി. ഇ വി എമ്മുകള്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പോലീസിനെ സമീപിച്ചത്. ഹാക്കത്തോണ്‍ നടന്ന സാഹചര്യം കണ്ടെത്തണമെന്നും ഷൂജയുടെ മൊഴികള്‍ പരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനിൽ സംഘടിപ്പിച്ച ‘ഹാക്കത്തോണ്‍’ എന്ന പരിപാടിക്കിടെയാണ് യുഎസ് ഹാക്കർ എന്നവകാശപ്പെട്ട സയീദ് ഷൂജ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വന്‍സി സിഗ്നലുകള്‍ റിലയന്‍സിന്റെ ജിയോയാണ് നല്‍കിയതെന്നും ഹാക്കിങ്ങിനെ കുറിച്ച് അറിയാവുന്നതിനാല്‍ ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയെന്നും സയ്യിദ് ഷൂജ പറഞ്ഞിരുന്നു. മുണ്ടെയുടെ അപകടമരണം അന്വേഷിച്ച എന്‍ ഐ എ ഉദ്യോഗസ്ഥന്‍, അത് കൊലപാതമാണെന്ന റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സയ്യിദ് ഷൂജ ആരോപിച്ചിരുന്നു.

അതേസമയം, ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇതേ പേരുള്ള ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാൻ സ്ഥാപനം തയാറായിട്ടില്ല. 2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലുള്ളത്. ഇതിൽ 80 ശതമാനം പേരും എൻജിനീയർമാരാണ്. തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രം നിർമിച്ചത് ഒരു കൂട്ടം യുവ എൻജിനീയർമാരാണ്. വോട്ടിങ് യന്ത്ര നിർമാണത്തിൽ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എൻജിനീയർ ഇല്ലെന്നാണു ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട്. ഇതൊരു തെറ്റായ കഥ മാത്രമാണെന്ന് സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

eco_0ഷൂജയുടെ അവകാശ വാദങ്ങളിൽ സാങ്കേതിക പരിശോധന തന്നെ നടത്തിയതായി ഫ്രീ സോഫ്റ്റ്‍വെയർ മൂവ്മെന്റ് ജനറൽ സെക്രട്ടറിയും ഹൈദരാബാദിലെ ഐടി വിദഗ്ധനുമായ കിരൺ ചന്ദ്ര വ്യക്തമാക്കി. ഏത് വൈദ്യുത ഉപകരണവും ഹാക്ക് ചെയ്യാൻ സാധിക്കും. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നത് ഇതിൽനിന്ന് വ്യത്യസ്തമാണ്. ഷൂജയുടെ അവകാശവാദങ്ങൾ സാങ്കേതികമായി അപര്യാപ്തമാണ്. ഷൂജ പറയുന്നതുപോലെയാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങളുമായി ഇടപെടാന്‍ കഴിയുന്ന മിലിറ്ററി റേഡിയോ ഫ്രീക്വൻസി ആന്റിനയാണ് ഇതിനു വേണ്ടത്. കിലോമീറ്ററുകൾ താണ്ടിപോകാനുള്ള ശേഷിയും ഇവയ്ക്ക് ആവശ്യമാണ്. തിരിമറിക്കായി സെക്കന്റിൽ 100 ബിറ്റ്സ് ഡാറ്റയാണ് അയച്ചിരിക്കുക. അതനുസരിച്ചാണെങ്കിൽ 1.1 മില്യൻ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യണമെങ്കിൽ തലമുറകളെടുക്കുമെന്നും കിരൺ ചന്ദ്ര വ്യക്തമാക്കി. 2015-ലെ ദൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഷൂജയുടെ അവകാശവാദങ്ങൾ വിഢ്ഡിത്തമാണെന്നും കിരൺ ചന്ദ്ര പറഞ്ഞു. ബിജെപിയുടെ സിഗ്നലുകൾ താൻ തടസ്സപ്പെടുത്തിയാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിയതെന്നാണ് ഷൂജ അവകാശപ്പെട്ടത്. സാങ്കേതികമായി ഇതെങ്ങനെയാണു നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

2014-ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം തനിക്കെതിരെ ആക്രമണമുണ്ടായതിനാല്‍ യു.എസിൽ അഭയം പ്രാപിച്ചുവെന്ന് സയീദ് ഷൂജ പറഞ്ഞിരുന്നു.ഹൈദരാബാദിലെ വ്യാജ വർഗീയ ലഹളകളുടെ പേരിൽ തന്റെ സുഹൃത്തുക്കളെ കൊന്നുകളഞ്ഞെന്നും ഷൂജ പറഞ്ഞു. എന്നാൽ 2014 മുതൽ ഇതുവരെ നിരവധി പേർ മരിച്ച വർഗീയ ലഹളകൾ ഉണ്ടായിട്ടില്ലെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്. തനിക്കു വെടിയേറ്റതുകൊണ്ടാണ്‌ രാജ്യം വിട്ടതെന്നും ഷൂജ പറഞ്ഞിരുന്നു . എന്നാൽ ഇതിനും സ്ഥിരീകരണമൊന്നുമില്ല.

ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ഇയാളാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് ബന്ധമുളള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പരിപാടിയില്‍ കപില്‍ സിബല്‍ ആകസ്മികമായി പങ്കെടുത്തതല്ലെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സിബലിനെ അയച്ചതാണെന്നും ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന് നിരവധി ഫ്രീലാന്‍സര്‍മാരുണ്ടെന്നും മോദിയെ മാറ്റാനായി ഇവര്‍ പാക്കിസ്ഥാനില്‍ നിന്ന് വരെ സഹായം തേടാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ ഹാക്കിങ് ഭീതി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഖ്‌വി പറഞ്ഞു.

അതേ സമയം ആരോപണത്തില്‍ നിന്ന് കൃത്യമായ അകലം പാലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സംഘാടകര്‍ ക്ഷണിച്ചതുകൊണ്ടാണ് കപില്‍ സിബല്‍ പോയതെന്നും കോണ്‍ഗ്രസ് പ്രതിനിധിയായല്ല അദ്ദേഹം പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. അന്വേഷിക്കാത്ത സാഹചര്യത്തില്‍ അത് ശരിവയ്ക്കാനോ നിഷേധിക്കാനോ കഴിയില്ല. എന്നാല്‍ കൃത്യമായ അന്വേഷണം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുറന്ന മനസ്സോടെ ഇതിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും സിങ്‌വി വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment