ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

mathaമാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കര്‍മ്മ സമിതിയുടെ യോഗത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും അത് അവരെ ആരാധിക്കുന്നവര്‍ക്കും പോലും ഇഷ്ടമായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം നേരത്തെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമത്വത്തിന് വേണ്ടിയുള്ള സ്ത്രീ ഇടപെടലില്‍ ഏറ്റവും കരുത്തുറ്റതാണ് വനിതാമതില്‍. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയില്‍ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ച് സംശയം ഇല്ലായിരുന്നു. എതിര്‍പ്പുകള്‍ പോലും പ്രചാരണമാകുന്ന കാഴ്ചയാണ് കണ്ടത്. ഇനി വിപുലീകൃത രൂപത്തില്‍ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ അതേരീതിയില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം. തുടര്‍നടപടികളില്‍ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാന്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. വനിതാമതിലിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ അണിനിരന്നിരുന്നു.

തുടര്‍പ്രവര്‍ത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് ഏറ്റവും പ്രധാനം. നവോത്ഥാന സംഘടനകള്‍ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന തലമുറയ്ക്ക് നവോത്ഥാന മൂല്യങ്ങള്‍ വളര്‍ത്താന്‍ അക്കാദമിക ഇടപെടലുകള്‍ ഉണ്ടാകും. അധ്യാപകര്‍ക്കും വേണ്ട ബോധവത്കരണം നടത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ത്രീ ശാക്തീകരണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ബജറ്റിലും ഇതിന്റെ നല്ല പ്രതിഫലനമുണ്ടാകും. ജെന്‍ഡര്‍ ബജറ്റ് നല്ല രീതിയില്‍ അവതരിപ്പിക്കാനാകും. വകുപ്പുകളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നിന്റെ ഭാഗമാണ് ഫയര്‍ഫോഴ്‌സില്‍ വനിതകളെ നിയമിക്കാനുള്ള തീരുമാനവും പോലീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളും. എല്ലാരംഗത്തും പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്ക് ലഭ്യമാക്കണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment