നമ്പി നാരായണനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

rajeevഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ ബഹുമതി നല്‍കാന്‍ സര്‍ക്കാറിന് മുന്നില്‍ ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറെന്ന് റിപ്പോര്‍ട്ട്. നമ്പിനാരായണന്‍ നടത്തിയ നിയമപ്പോരാട്ടത്തിന് പത്മപുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കണമെന്നാവശ്യപ്പെട്ട് 2018 സെപ്തംബര്‍ 19നാണ് രാജീവ് ചന്ദ്രശേഖര്‍ ശുപാര്‍ശക്കത്തയച്ചത്. ജിഎസ്എല്‍വിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ‘വികാസ്’ എന്‍ജിന്റെ മുഖ്യശില്‍പിയായിരുന്നു. ചാന്ദ്രയാനും മംഗള്‍യാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്.

1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ പത്മജ വേണുഗോപാല്‍ തന്നെ വെളിപ്പെടുത്തി. റോക്കറ്റ് ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശ കത്തില്‍ പറയുന്നു. ഐ.എസ്.ആര്‍.ഒയിലെ എല്ലാവരെയും ഭീതിയിലാക്കുന്നതായിരുന്നു നമ്പി നാരായണനെതിരായുള്ള കേസ്. രാജ്യത്തെ ബഹിരാകാശ പദ്ധതികള്‍ക്ക് ഈ കേസ് വലിയ ആഘാതമേല്‍പിച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍ നമ്പി നാരായണനു നീതി ലഭിച്ചു.

കോടതി പ്രഖ്യാപിച്ച 50 ലക്ഷം നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരായണന്‍ അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാവില്ല. അദ്ദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മയോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി ആദരിക്കണം. പ്രധാനമന്ത്രിക്കയച്ച രണ്ടു പേജുള്ള കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച ചാരക്കേസില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍ രംഗത്തെത്തി. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയാണ്. അവാര്‍ഡ് നല്‍കിയവര്‍ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുല്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.

ഇതിനു പിന്നാലെ സെന്‍കുമാറിനു മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. സെന്‍കുമാറിന്റെ കൈശമുണ്ടെന്നു പറയുന്ന രേഖകള്‍ സമിതിയില്‍ ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്ത് സംഭവാനയാണ് ബഹിരാകാശ രംഗത്ത് നമ്പി നാരായണന്‍ നല്‍കിയത്? എന്തിനാണ് 1994ല്‍ ഇയാള്‍ വിരമിക്കാന്‍ കത്ത് നല്‍കിയത്? ചാരക്കേസില്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കും വരെ കാത്തിരിക്കാതെ ധൃതിപിടിച്ച് പുരസ്‌കാരം നല്‍കിയത് എന്തിനാണെന്നും സെന്‍കുമാര്‍ ചേദിച്ചു.

താന്‍ കൊടുത്ത നഷ്ടപരിഹാരക്കേസിലെ എതികക്ഷി പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് നമ്പി നാരായണന്‍ സെന്‍കുമാറിന് മറുപടി നല്‍കിയിരുന്നു. ചാരക്കേസ് അന്വേഷിക്കാനല്ല, കേസ് കെട്ടിച്ചമച്ചതിലെ അന്വേണ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താനാണ് സുപ്രീം കോടതിയുടെ സമിതിയെന്ന കാര്യം സെന്‍കുമാറിന് അറിയില്ലെ എന്ന് നമ്പി നാരായണന്‍ ചോദിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സമിതിക്ക് മുന്നിലോ താന്‍ കൊടുത്ത നഷ്ടപരിഹാര കേസില്‍ എതിര്‍കക്ഷി എന്ന നിലയില്‍ കോടതിയിലോ ആണ് പറയേണ്ടത്. താന്‍ വികസിപ്പിച്ച വികാസ് എഞ്ചിനാണ് ഇന്ത്യക്ക് ഒരുകാലത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കിയതെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് തനിക്ക് പുരസ്‌കാരം നല്‍കിയതില്‍ സെന്‍കുമാറിന് ഇത്ര വെപ്രാളമെന്ന് അറിയില്ലെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

imageimage (1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment