Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

അഴിമതിക്കാര്‍ക്കെതിരെ തൂലിക ചലിപ്പിച്ച ജോസി ജോസഫിനു ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരം സമ്മാനിച്ചു

January 28, 2019 , സുനില്‍ തൈമറ്റം

getNewsImages (4)കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം ജോസി ജോസഫിനു സമ്മാനിച്ചപ്പോള്‍ അത് അഴിമതിക്കും, അനീതിക്കും എതിരെ സധൈര്യം പോരാടിയ ഒരു മലയാളി മാധ്യമപ്രവര്‍ത്തകന് നല്‍കിയ ആദരവായി.

അമേരിക്കന്‍ മലയാളികളും, കേരളത്തിലെ സാമൂഹികരാഷ്ട്രീയമാധ്യമരംഗത്തെ പ്രമുഖരും പങ്കെടുത്ത ബോള്‍ഗാട്ടി പാലസിലെ നിറഞ്ഞ സദസ്സിന് മുമ്പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡ് സമ്മാനിച്ചത്.

രാജ്യം ഞെട്ടിത്തരിച്ച ഒട്ടനവധി അഴിമതിക്കഥകള്‍, ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലെ പ്രകമ്പനങ്ങള്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വഞ്ചനയുടെ മൂര്‍ത്തരൂപങ്ങള്‍ എല്ലാം ജോസി ജോസഫ് എന്ന പത്രപ്രവര്‍ത്തകന്റെ ഉളളംകൈയിലൂടെ താഴോട്ടിറങ്ങി. അധികാരക്കൊതിയുടെ കഴുകന്‍ കൈകള്‍ സാധാരണക്കാരനെ വലിച്ചുകീറാനൊരുങ്ങിയപ്പോള്‍ കൈയില്‍ പേനയുമായി കാവലായി ആ മലയാളിക്കരുത്ത്. അഴിമതിയുടെ ഇടനാഴികളില്‍ രാഷ്ട്രീയമേലാളന്‍മാരോടും കോര്‍പറേറ്റുകളോടും പടപൊരുതി തോല്‍ക്കാത്ത ആ മനസ് ഭരണവര്‍ഗത്തിനും ഉദ്യോഗസ്ഥപ്രഭുക്കന്‍മാര്‍ക്കും ഇന്നും പേടിസ്വപ്‌നമാണ്.

മുംബൈ ആദര്‍ശ് ഫ്‌ലാറ്റ് കുംഭകോണം, 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടുജി സ്‌പെക്ട്രം കേസിലെ ഉന്നതരുടെ ഇടപെടല്‍, ഒരിക്കലും കേള്‍ക്കാത്ത പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി തുടങ്ങി ഇന്ത്യ ഇതുവരെ കാണാത്ത അഴിമതിക്കഥകള്‍ വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ് ജോസി ജോസഫ്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു പുതിയൊരു വഴിവെട്ടിത്തെളിച്ച് അധികാര കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം ജോസി ജോസഫിനെ തേടിയെത്തിയത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ദുര്‍ബലമാകുന്നത് ബനാന റിപബ്ലിക്കിനു വഴിതെളിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സത്യം പുറത്തു കൊണ്ടുവരുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ ജനാധിപത്യമാണ് അപകടത്തിലാകുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രസിദ്ധീകരിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ തന്റെ ഇമെയില്‍ ഇന്‍ബോക്‌സിനകത്ത് ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുമ്പോഴാണ് മാധ്യമസമൂഹവും ചായാന്‍ മടിയില്ലാത്തവരാണെന്നു പൊതുസമൂഹം മനസിലാക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതിക്കഥകളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കഴുകന്‍മാരുടെ വിരുന്ന് എന്ന പുസ്തകം ജോസി ജോസഫിന്റെ കരുത്തുറ്റ രചനയാണ്.

ആലപ്പുഴ ചേര്‍ത്തലയില്‍ കരോണ്ടുകടവില്‍ ജോസഫിന്റെയും അന്നമ്മയുടേയും മൂന്നാമത്തെ മകനായി 1974ലാണ് ജോസിയുടെ ജനനം.

കഴക്കുട്ടത്തെ സൈനിക സ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസം. ചേര്‍ത്തല എന്‍എസ്എസ് കോളജിലും കേരള യൂണിവേഴ്‌സിറ്റിയിലും തുടര്‍പഠനം.

ഫ്‌ളെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്‌ളോമസി, ഡിഫന്‍സ് ആന്‍ഡ് സറ്റ്രാറ്റജിക് സ്റ്റഡീസ് സിംഗപ്പൂര്‍, കൊളംബോ റീജിയണല്‍ സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് സ്റ്റഡീസ് എന്നിവയില്‍ ഉപരിപഠനവും നടത്തി.

ടൈംസ് ഓഫ് ഇന്ത്യ, ഡിഎന്‍എ, റിഡിഫ്.കോം, ദ എഷ്യന്‍ ഏജ്, മിഡ് ഡെ, ബ്ലിറ്റ്‌സ് എന്നീ മാധ്യമങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ദ ഹിന്ദു ദിനപത്രത്തിന്റെ സെക്യൂരിറ്റി എഡിറ്റര്‍ എന്ന പദവി രാജിവച്ച് ഇപ്പോള്‍ സ്വതന്ത്രപത്രപ്രവര്‍ത്തകനാണ്.

പ്രേംഭാട്ടിയ അവാര്‍ഡ് , രാംനാഥ് ഗോയാങ്കേ അവാര്‍ഡ്, തുടങ്ങി വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പ്രിയ സോളമന്‍ ആണ് ഭാര്യ. സുപ്രിയ ആന്‍ ജോസഫ് ഏക മകളാണ്.

വര്‍ണാഭമായ പുരസ്‌കാരരാവില്‍ എം.എല്‍.എമാരായ പി.ടി തോമസ്, രാജു ഏബ്രഹാം , വി.ടി ബല്‍റാം, ഹൈബി ഈഡന്‍, റോജി ജോണ്‍, കെ.എസ് ശബരീനാഥ് തുടങ്ങിയവര്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോ: സെക്രട്ടറി അനില്‍ ആറന്മുള, മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, സ്‌റ്റെപ്പ് പ്രോഗ്രാം ചെയര്‍മാന്‍ റജി ജോര്‍ജ് , നിയുക്ത പ്രസിഡണ്ട് ജോര്‍ജ് കാക്കനാട്, ഷിജോ പൗലോസ്, ജിജു കുളങ്ങര എന്നിവര്‍ പുരസ്‌കാരരാവിന് നേതൃത്വം നല്‍കി.

getNewsImages (5) getNewsImages (6)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top