Flash News

മതിലിനും മലയ്ക്കുമിടയിലൂടെ അറിയാതെപോയ മനുഷ്യക്കടത്ത്

January 29, 2019 , ബ്ളസന്‍ ഹൂസ്റ്റന്‍

manushyakadath-1മതിലു പണിയാന്‍ പോകുന്ന തിരക്കിലും മലകയറ്റാന്‍ പോകുന്ന തിരക്കിലും പോലീസും രഹസ്യാന്വേഷണ വിഭാഗവും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് കേരളത്തിന്‍റെ സുരക്ഷാസംവിധാനം. കേരളത്തിലെ സുരക്ഷാസംവിധാനം പോയിട്ട് കേരളത്തില്‍ എന്ത് നടക്കുന്നുയെന്നുപോലും നോക്കാനുള്ള സമയമോ സാവകാശമോ കേരള പോലീസിനോ സുരക്ഷാവിഭാഗത്തിനോ ഇല്ലാത്ത അവസ്ഥയാണെന്ന് വേണം പറയാന്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ മുനമ്പത്തു വഴി നടത്തിയ മനുഷ്യക്കടത്ത്.

നാല്പതോളം ആളുകള്‍ കേരളത്തിലെ മുനമ്പം വഴി മത്സ്യബന്ധനബോട്ടില്‍ കയറിയാണ് രാജ്യാതിര്‍ത്തി വിട്ടത്. ശ്രീലങ്കക്കാരായവരാണ്. ഡല്‍ഹിയില്‍ എത്തി അവിടെ നിന്ന് കേരളം വഴി ഓസ്ട്രേലിയയിലേക്ക് കടന്നതെന്നാണ് പോലീസിന്‍റെയും മറ്റ് അന്വേഷണ ഏജന്‍സികളുടേയും കണ്ടെത്തല്‍. ഇതിന്‍റെ യഥാര്‍ത്ഥ വി വരം കണ്ടെത്താന്‍ ഇവര്‍ക്ക് ഇതുവരെ ആയിട്ടില്ലായെന്നതാണ് സത്യം. കേരളത്തില്‍ നിന്ന് പോയശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് കേരള പോലീസ് ഈ വിവരം അറിയുന്നതു തന്നെ.

കള്ളന്‍ കയറി ഏഴാം ദിവസം പട്ടി കുരച്ചതെന്ന പഴമൊഴിയാണ് ഈ സംഭവത്തില്‍ക്കൂടി ഓര്‍മ്മ വരുന്നത്. കേരളത്തിലെത്തി ഏതാനും ദിവസങ്ങള്‍ താമസിച്ച് ഒരുക്കങ്ങളെല്ലാം രഹസ്യമായി നടത്തിയാണ് ഇവര്‍ ദൗത്യം നിര്‍വ്വഹിച്ചതെന്ന് കണ്ടെത്തിയെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം പോലീസിന്‍റെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല. മലകയറാനും മലകയറ്റിപ്പിക്കാനും സര്‍ക്കാരും ഭക്തരും വാശിപിടിച്ചുകൊണ്ട് ഓരോ പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന വേളയില്‍ വാദിക്കും പ്രതിക്കും കാവലിരിക്കേണ്ട ഗതികെട്ട അവസ്ഥയാണ് കേരള പോലീസിനുള്ളത്. മലയില്‍ കയറ്റി സംസ്ഥാനത്ത് നവോത്ഥാന വിപ്ലവം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിന് സംരക്ഷണത്തിന്‍റെ മതിലുകള്‍ തീര്‍ക്കേണ്ടത് പോലീസിന്‍റെ ഗതികേട് പോലീസിനാണ്. അത് അവരുടെ ഉത്തര വാദിത്വമാണെന്നാണ് പുരോഗമന സര്‍ക്കാരിന്‍റെ ആജ്ഞയെങ്കില്‍ അത് അക്ഷരംപ്രതി പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പൊല്ലാപ്പെന്തെന്ന് അറിയാവുന്നതുകൊണ്ട് അവര്‍ അതില്‍ വീഴ്ച വരുത്താറില്ല. മലയില്‍ കയറ്റാതിരിക്കാന്‍ ഭക്തര്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അത് ക്രമസമാധാന നിലക്ക് മങ്ങലേല്‍പ്പിക്കാതെയായിരിക്കാനും നോക്കേണ്ട ചുമതലയും പോലീസിനുണ്ട്. അതിലും വീഴ്ച വരുത്തിയാലും പോലീസിനെ കുറ്റപ്പെടുത്തുകയുള്ളു.

ചുരുക്കത്തില്‍ നവോത്ഥാനം സൃഷ്ടിക്കാനും വിശ്വാസം കളങ്കപ്പെടുത്താതിരിക്കാനും ഒരുപോലെ നോക്കേണ്ട ബാദ്ധ്യതയാണ് കേരളാ പോ ലീസിനുള്ളത്. അതിനൊപ്പം ക്രമസമാധാനനിലയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതുമുണ്ട്. ഇതിനിടയില്‍ കുടുംബത്തെപോലും നോക്കാന്‍ സമയം കിട്ടാത്ത പോലീസുകാര്‍ക്ക് മനുഷ്യക്കടത്തു പോലെയുള്ള രാജ്യദ്രോഹ പ്രവര്‍ത്തികള്‍ നടന്നതെങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. പിടിപ്പുകെട്ട ഭരണക്കാരും മതം മത്തുപിടിപ്പിച്ച മതസ്ഥരുടേയും തമ്മിലടിക്ക് ഇടയില്‍ കിടന്ന് നട്ടംതിരിയുന്ന പോലീസ്സിന് ഈ നാട്ടില്‍ മറ്റെന്തു തന്നെ നടന്നാലും അതിന് ശ്രദ്ധകൊടുക്കാന്‍ കഴിയാത്തതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല.

അവരേക്കാള്‍ കുറ്റ പ്പെടുത്തേണ്ടത് മറ്റു പലരേയുമാണ് ഇക്കാര്യത്തില്‍. രഹസ്യാന്വേഷണവിഭാഗം പോലീസ് സേനയുടെ ഭാഗത്തുണ്ട്. ക്രമസമാധാന ചുമതലയുള്ള പോലീസിനെ സഹായിക്കുന്നതിനും സംസ്ഥാനത്ത് എവിടെയെങ്കിലും ഇത്തരം സംഭവങ്ങളുള്‍പ്പെടെയുള്ള കുറ്റകരമായ പ്രവര്‍ത്തികള്‍ നടക്കുന്നത് കണ്ടെത്താനുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ജോലി. സത്യത്തില്‍ ഇന്‍റലിജന്‍സ് ബ്യൂറോ കേരളത്തില്‍ നടന്ന മനുഷ്യക്കടത്ത് കാണാതെ പോയതെന്തെന്നുള്ളതാണ് ഒരു പ്രധാന ചോദ്യം. അവര്‍ കാര്യക്ഷമമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് ഇപ്പോഴുള്ള പൊതുജനത്തിന്‍റെ ചോദ്യം.

അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടന്ന മനുഷ്യക്കടത്ത് തടയാന്‍ അതിലുള്‍പ്പെട്ട കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയുമായിരുന്നുയെന്നതിന് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. കേരളത്തിലെ ഇന്‍റലിജന്‍സ് ബ്യൂറോ ഒരു കാലത്ത് ഏറെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുയെന്നു തന്നെ പറയാം. നക്സലിസം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ മദ്ധ്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞതില്‍ പോലീസ് സേനയിലെ രഹസ്യാന്വേഷണ വിഭാഗത്തിനുള്ള പങ്ക് വളരെ വലുതായിരുന്നു. അതിന് ചുക്കാന്‍ പിടിച്ച അന്നത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ജയറാം പടിക്കലിന്‍റെ ഏറ്റവും വലിയ വിജയം ഇന്‍റലിജന്‍സ് ബ്യൂറോയുടെ കാര്യക്ഷമവും കര്‍മ്മനിതരവുമായ പ്രവര്‍ത്തികളായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ അവര്‍ എത്ര ശക്തമായിരുന്നുയെന്നതിന് തെളിവാണ്. അങ്ങനെ ശക്തമായിരുന്നു ഇന്‍റലിജന്‍സ് ബ്യൂറോ കേരളത്തില്‍. അവര്‍ എന്തേ അറിയാതെ പോയി ഈ മനുഷ്യക്കടത്ത്. അവര്‍ കാര്യക്ഷമമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാത്തതാണോ ഇത് അറിയാതെ പോയതെന്ന് ചോദിക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ടത് അതിന് ഉത്തരവാദിത്വപ്പെട്ടവരാണ്. ഇന്‍റലിജന്‍സ് ബ്യൂറോയുടെ പോലും കണ്ണു വെട്ടിച്ച് ഇവര്‍ മനുഷ്യക്കടത്ത് നടത്തിയെങ്കില്‍ അത് ഗൗരവമായതു മാത്രമല്ല ഭയപ്പെടുത്തുന്ന കാര്യം കൂടിയാണ്.

ദിവസങ്ങളോളം താമസിച്ചുയെന്നു മാത്രമല്ല യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതെല്ലാം കേരളത്തില്‍ വച്ചു തന്നെയായിരുന്നു. പത്തു ലക്ഷം രൂപയ്ക്കുള്ള ഇന്ധനം വാങ്ങിക്കുകയും ഒരു മാസത്തേക്കുള്ള വെള്ളം മറ്റ് ഭക്ഷണ സാധനങ്ങള്‍ എന്നിവയും വാങ്ങിച്ചുയെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ കൂടി ലഭിച്ച വിവരമത്രെ. ഇത്രയും രൂപയ്ക്ക് ഇന്ധനം വാങ്ങിയപ്പോഴും മറ്റും യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നുവോ എന്നത് അതിശയിപ്പിക്കുന്നതു തന്നെ. യാതൊരു പരിചയവുമില്ലാത്തവര്‍ ഒരു നിശ്ചിത തുകയ്ക്കു മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അത് ശ്രദ്ധയില്‍പ്പെടാതെ പോയതെന്തു കൊണ്ടാണ്. ഒരേ സ്ഥലത്തു നിന്നല്ലെങ്കില്‍ കൂടി പതിവിനു വിപരീതമായി അപരിചിതര്‍ ഒരു പ്രവര്‍ത്തി ചെയ്താല്‍ അത് ശ്രദ്ധയില്‍പ്പെടുകയെന്നത് സാമാന്യ ബുദ്ധിക്കു യോജിക്കുന്ന കാര്യമാണ്. എന്നാല്‍ അത് ഇന്ന് മലയാളിയുടെ ബുദ്ധിയില്‍ നിന്ന് പോയിരിക്കുന്നുയെന്നതാണ് ഇതില്‍ അനുമാനിക്കേണ്ടത്. അല്ലെങ്കില്‍ തനിക്കു ചുറ്റും എന്ത് നടന്നാലും തനിക്ക് പ്രശ്നമല്ല തന്‍റെ കാര്യം നടക്കണമെന്ന സ്വന്തം കാര്യം സിന്ദാബാദ് എന്നതിലേക്ക് മലയാളി ചുരുങ്ങിപ്പോയി എന്നതുമാകാം. എന്തുതന്നെയായാലും അതില്‍ ഒരു ന്യായീകരണമില്ല. പത്ത് കിലോ മീറ്റര്‍ അപ്പുറത്ത് നടക്കുന്ന സംഭവം പോലും നൊടിയിടയില്‍ നമ്മുടെ കാതുകളില്‍ എത്തിയിരുന്ന കാലമുണ്ടായിരുന്നു. മുഖപരി ചയമില്ലാത്ത ഒരാളിനെ കണ്ടാല്‍ എവിടെ നിന്ന് എന്ന് ചോദിച്ച് അയാളുടെ എല്ലാ വിവരങ്ങളും തിരക്കിയിരുന്ന ഒരു സമ്പ്രദായം നമുക്കുണ്ടായിരുന്നു.

ഇന്ന് നഗരം ഗ്രാമങ്ങളെ കവര്‍ന്നെടുത്തതോടെയും സ്വന്തം വീടിനകത്ത് ലോകം സൃഷ്ടിച്ച് ടെക്നോളജി വിപ്ലവം നാം ആസ്വദിക്കുമ്പോള്‍ നമ്മുടെ അയല്‍വാസിപോലും അപരിചിതരായി മാറുന്നുയെന്നതാണ് കേരളമെന്നു തന്നെ പറയാം. പാശ്ചാത്യരുടെ എന്‍റെ ലോകം ഞാന്‍ മാത്രമെന്നത് നമ്മുടെ നാടും കടമെടുത്തതുകൊണ്ട് അടുത്ത വീട്ടുകാരു പോലും ആര്‍ക്കുമറിയാത്തവരായി മാറിയെന്നതാണ് സത്യം. ഇതൊക്കെ തന്നെയാണ് ഇന്ന് നമ്മുടെ അയല്‍വാസികളില്‍പോലും അകലം വെച്ചുകൊണ്ടുള്ള സംസ്കാരത്തിന് കേരളം മാറിയിരിക്കുന്നത്. അതിന്‍റെ പരിണിത ഫലമാണ് ഇതുപോലെയുള്ള സംഭവങ്ങള്‍ എന്നു തന്നെ പറയാം.

കടലില്‍ നങ്കൂരമിട്ട ബോട്ടിനെ കോസ്റ്റല്‍ ഗാര്‍ഡുള്‍പ്പെടെയുള്ള നാവിക സേന ശ്രദ്ധിക്കാതെ പോയതെന്തുകൊണ്ടാണ്. ഇങ്ങനെ പലരും ഇതിന്‍റെ ഉത്തരവാദിത്വത്തിന്‍റെ കാരണക്കാരാണ്. മനുഷ്യക്കടത്ത് ഒരു തുടക്കം മാത്രമാണ്. ഇന്നലെ വരെ സുരക്ഷിതത്വമെന്ന് കരുതിയ നമ്മുടെ കൊച്ചു കേരളത്തെ രാജ്യദ്രോഹപരമായ പ്രവര്‍ത്തി ചെയ്യാന്‍ കുറ്റവാളികള്‍ തിരഞ്ഞെടുത്തുയെങ്കില്‍ അതിന്‍റെ കാരണം ഈ ഉത്തരവാദിത്വമില്ലായ്മയായി കാണുക തന്നെ വേണം. തങ്ങള്‍ക്ക് പറ്റിയ വിളനിലമായി അവര്‍ കേരളത്തെ തിരഞ്ഞെടുക്കുന്നുയെന്നതിന്‍റെ സൂചനയാണ് മനുഷ്യക്കടത്ത് എന്നു വേണം കരുതാന്‍.

ഇന്ന് മനുഷ്യക്കടത്ത്. നാളെ അതിനപ്പുറമുള്ള രാജ്യദ്രോഹ പ്രവര്‍ത്തികള്‍ ആകാം. ഉത്തരവാദിത്വപ്പെട്ടവരുടെയും ജനങ്ങളുടെയും ശ്രദ്ധ മറ്റ് പലതിലേക്കും തിരിയുന്നുയെന്ന ബോദ്ധ്യവും തങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാമെന്ന സ്വാതന്ത്ര്യവും തോന്നലും അവരില്‍ നാമ്പെടുത്താല്‍ നാളെ കേരളം ഈ രാജ്യദ്രോഹികളുടെ കൂടാരമായി മാറും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top