കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പതിന്നാലാമത്‌ ടെലികോണ്‍ഫറന്‍സ്

phone-clipart-conference-call-2ഫെബ്രുവരി 13, 2019 (February 13, 2019) ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ 14-ാമത് ടെലികോണ്‍ഫറന്‍സിലെ മുഖ്യ പ്രഭാഷകന്‍ പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ സി ആര്‍ എം സംഘടനയുടെ പ്രസിഡന്റ് പ്രഫ. പി.സി. ദേവസ്യ സാറാണ്. പാലാ സെന്റ് തോമസ് കോളേജിലും, മൂലമറ്റം സെന്റ് ജോസഫ് കോളേജിലും മലയാളം പ്രഫസറായിരുന്ന അദ്ദേഹം ഇന്ന് വിശ്രമ ജീവിതം നയിക്കുന്നു. തൊടുപുഴയ്ക്കടുത്ത് മുട്ടത്താണ് അദ്ദേഹത്തിന്റെ കുടുംബം. കെ സി ആര്‍ എം സംഘടനയുടെ ആരംഭകാലം മുതല്‍ അതിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം അടിയുറച്ച ഒരു ദൈവവിശ്വാസിയും നിത്യേന ദിവ്യബലിയില്‍ സംബന്ധിക്കുന്ന ഒരു വ്യക്തിയുമാണ്. സഭയില്‍ അനീതി കണ്ടാല്‍ ശക്തമായി പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ പാലാ രൂപതയിലെ പ്രഗത്ഭനായ ഒരു വൈദികനും ഏക സഹോദരി ആരാധനാ മഠത്തിലെ ഒരു കന്ന്യാസ്ത്രിയുമാണ്. പാരമ്പര്യ ബലമുള്ള നസ്രാണി കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ദേവസ്യാ സാറ് ഒന്നാംതരം ഒരു കൃഷിക്കാരനും കൂടിയാണ്. അദ്ദേഹം അവതരിപ്പിക്കുന്ന വിഷയം: “27-ാമത്തെ സീറോ മലബാര്‍ മെത്രാന്‍ സിനഡും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനവും.”

2019 ജനുവരി 7 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ നടന്ന സിനഡ് സീറോ മലബാര്‍ സഭയുടെ 27-ാമത്തെ മെത്രാന്‍ സിനഡായിരുന്നു. (സീറോ മലബാര്‍ സഭയ്ക്ക് സ്വയം ഭരണാധികാരം ലഭിച്ചതിനുശേഷം സഭയിലെ മെത്രാന്മാരുടെ സിനഡല്ലാതെ മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൂര്‍വ പാരമ്പര്യവും പൈതൃകവുമായ സഭാ സിനഡ്-രൂപതാ പ്രതിനിധികളായ അല്‍മായരും കൂടി ഉള്‍പ്പെടുന്ന സഭയുടെ മഹായോഗം – ഇന്നുവരെ പുനഃസ്ഥാപിച്ചിട്ടില്ലായെന്ന കാര്യം നാമിവിടെ പ്രത്യേകം ഓര്‍മിക്കേണ്ടതാണ്). സീറോ മലബാര്‍ സഭയിലെ മെത്രാന്മാരും വൈദികരും വളരെ ഗുരുതരമായ സാമ്പത്തികവും ലൈംഗികവുമായ തെറ്റുകളില്‍ അകപ്പെട്ട് കോടതികളില്‍ കേസു നടക്കുന്ന ഈ അവസരത്തില്‍ നടന്ന 27-ാമത്തെ സിനഡും അതിനോടനുബന്ധമായി മാര്‍ ആലഞ്ചേരി ഇറക്കിയ സര്‍ക്കുലറും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സഭയാകുന്ന വന്‍ സംഘടനയ്ക്ക് സുവിശേഷ സാക്ഷ്യം പ്രത്യക്ഷത്തില്‍ ലക്ഷ്യമല്ലെങ്കിലും സമകാലിക ലൈംഗിക/സാമ്പത്തിക അച്ചടക്കരാഹിത്യം ആ സംഘടനയെ സമൂഹത്തിനു മുമ്പില്‍ അപഹാസ്യമാക്കിയിട്ടുണ്ട്. സഭാധികാരത്തിന് തിരുത്തലുകള്‍ ആവശ്യമായ ഇന്നത്തെ സാഹചര്യത്തില്‍ സന്ന്യസ്തരും അല്‍മായരും നവമാധ്യമങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളത് ആശ്വാസകരമാണ്.

‘വേലിതന്നെ വിളവു തിന്നുന്നു’ എന്ന തിരിച്ചറിവ് പഠിച്ച മഠയന്‍ വിശ്വാസികളുടെ ഇടയില്‍പോലും ഉണ്ടായിത്തുടങ്ങി. സഭയില്‍ കുറ്റകരമായ അരാജകത്വം സൃഷ്ടിക്കുന്ന മെത്രാന്മാരെയും വൈദികരെയും സന്ന്യസ്തരെയും മാതൃകാപരമായി ശിക്ഷിക്കേണ്ടതാണെന്നുള്ള നിലപാട് വ്യക്തമായിരിക്കെ മാര്‍ ആലഞ്ചേരിയുടെ ഉപരിപ്ലവകരമായ സര്‍ക്കുലര്‍ സാധാരണ വിശ്വാസികളെപ്പോലും ഇശ്ചാഭംഗപ്പെടുത്തുന്നതാണ്. സിനഡിലെ ‘ക്രിയാത്മകമായ തീരുമാനങ്ങളും നടപടികളും’ എന്തെന്നും മാര്‍ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി വില്‍പന, ഫ്രാങ്കോ-കന്യാസ്ത്രീ ലൈംഗിക വിഷയം, വൈദികരുടെയും സന്യസ്തരുടെയും സ്ത്രീകളോടും കുട്ടികളോടുമുള്ള ലൈംഗിക അതിക്രമങ്ങള്‍, പീലിയാനിക്കലിനെപ്പോലുള്ളവരുടെ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയ വിഷയത്തിലെ സിനഡിന്റെ നിലപാട് എന്തെന്ന് ഈ സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടേയില്ല. അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ച ‘ഫ്രാങ്കോയാണോ അതോ നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രീകളും അവരെ പിന്തുണച്ച വൈദികരും സന്യസ്തരും അല്‍മായ സംഘടനകളുമാണോ ‘അരാജകത്വത്തിന്റെ അരൂപി’ ഉള്ളവര്‍ എന്നും വ്യക്തമല്ല.

മാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വായിക്കുമ്പോള്‍ പൊന്തിവരുന്ന ചില ചോദ്യങ്ങള്‍:

• സഭയില്‍ സത്യസന്ധതയും സുതാര്യതയും നീതിയും ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ സഭാവിരുദ്ധമാകും?
• അധികാരത്തിന്റെ മുഷ്ക്കുകൊണ്ട് എല്ലാവരെയും അടിച്ചമര്‍ത്തി ഭരിക്കാമെന്നുള്ള നിലപാട് ക്രൈസ്തവമാണോ?
• സഭയിലെ രണ്ടു മെത്രാന്മാര്‍-മാര്‍ ആലഞ്ചേരിയും ഫ്രാങ്കോയും-വിശ്വാസികളുടെയും കോടതിയുടെയും മുമ്പില്‍ കുറ്റാരോപിതരായിരിക്കെ അച്ചടക്ക ലംഘനത്തെപ്പറ്റി ഇവര്‍ക്ക് എങ്ങനെ വാചാലരാകാന്‍ കഴിയും?
• നവമാധ്യമ വിരുദ്ധ നിലപാട് ഏകാധിപതികളുടെ നിലപാടല്ലേ?
• അധികാര ധാര്‍ഷ്ഠ്യവും സത്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നതും യേശുവിന്റെ സ്നേഹസന്ദേശത്തിന് കടകവിരുദ്ധവും എതിര്‍ സാക്ഷ്യവുമല്ലേ?
• മാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമോ?

ഏഴ് പതിറ്റാണ്ടിനുമേല്‍ ഈ സഭയുടെ വിശ്വാസത്തില്‍ ജീവിച്ച പ്രഫ. പി.സി. ദേവസ്യാ സാർ മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരവും, കൂടാതെ വിഷയത്തെ സംബന്ധിച്ച്‌ നമുക്ക് ഉള്‍കാഴ്ച്ചയും നല്‍കുമെന്നുള്ളത് തീര്‍ച്ചയാണ്. ‘നാമമാത്ര സംഘടന’കള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ സിനഡ് തീരുമാനിച്ചിട്ടുണ്ട്. അത്തരം ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന സാറിന്റെ പ്രതികരണം നമുക്ക് ശ്രവിക്കാനുള്ള സുവര്‍ണ അവസരമാണിത്.

ഫെബ്രുവരി 13, 2019 ബുധനാഴ് (Time 9 PM EST) നടക്കാന്‍ പോകുന്ന ടെലികോണ്‍ഫറന്‍സിലേക്ക് നിങ്ങളെ എല്ലാവരെയും സ്നേഹാദരപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു. അതില്‍ സംബന്ധിക്കുവാനുള്ള നമ്പര്‍: 1-605-472-5785, ആക്‌സസ് കോഡ്: 959248#

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment