വന്ധ്യതയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ‘പ്രജ്ഞാനം’ ഗവര്‍ണര്‍ അമൃതയില്‍ ഉത്ഘാടനം ചെയ്യും

Ayurveda Schoolഅമൃതപുരി: അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1, 2 തീയതികളില്‍ സംഘടിപ്പിക്കുന്ന വന്ധ്യതാ പ്രശ്നങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാര്‍ ‘പ്രജ്ഞാനം’ കേരള ഗവര്‍ണര്‍ പി സദാശിവം ഉത്ഘാടനം ചെയ്യും.

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്പതില്‍പരം ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നായി 1200 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ പ്രസ്തുത വിഷയത്തില്‍ ഭാരതത്തില്‍ ആയുര്‍വേദ മേഖലയില്‍ നടന്ന സെമിനാറുകളില്‍ ഏറ്റവും വലുതാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ ജനസംഖ്യാ വര്‍ധനവ് ഒരു ആഗോള പ്രതിഭാസമായി മാറിയതിനാല്‍ വന്ധ്യതാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ അപ്രസക്തമാണെന്ന് തോന്നിയേക്കാം. എന്നാല്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവാഹപ്രായം കൂടുകയും അണുകുടുംബങ്ങള്‍ വര്‍ധിച്ചും വരുന്നതിനാല്‍ തങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ച് ഹ്രസ്വകാലത്തിനുള്ളില്‍ ഗര്‍ഭധാരണം നടക്കേണ്ട അവസ്ഥയിലേയ്ക്ക് ഇന്നത്തെ സമൂഹം മാറിപ്പോയിരിക്കുന്നു.

വന്ധ്യതാ പ്രശ്നങ്ങളെ വിലയിരുത്തുമ്പോള്‍ ലഘുവായ വന്ധ്യതാ നിവാരണ ബോധവല്‍ക്കരണ രീതികള്‍ മുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രീതികള്‍വരെ പരീക്ഷിക്കേണ്ടി വന്നേക്കാം. ഇന്ത്യയില്‍ ഏകദേശം 28 മില്യണ്‍ കുടുംബങ്ങള്‍ വിവിധതരം വന്ധ്യതാപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഈ അവസ്ഥ അവരില്‍ ബഹുഭൂരിപക്ഷത്തിനും ശാരീരികവും വൈകാരികവും തുടര്‍ന്ന് മാനസിക പ്രശ്ങ്ങളിലേയ്ക്കും വഴി തെളിക്കുന്നുണ്ട്.

ആയുര്‍വേദ ശാസ്ത്രം അതിന്‍റെ സമഗ്രവും വ്യത്യസ്തമായതുമായ സമീപനത്തിലൂടെ വന്ധ്യതാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി ശാരീരികവും മാനസികവും അദ്ധ്യാത്മികവുമായ പരിവര്‍ത്തനങ്ങള്‍ ദമ്പതിമാരില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആയുര്‍‌വേദത്തിലെ രാസായന ചികിത്സ, വാജീകരണ ചികിത്സ എന്നിവയിലൂടെ വന്ധ്യതാ ചികിത്സയില്‍ ഒരു വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ചികിത്സകള്‍ ശരീരകോശങ്ങളിലെ അഗ്നിതത്വത്തെ ഉത്തേജിപ്പിച്ച് രാസാദി ധാതുക്കളുടെ രൂപീകരണവും പരിണാമവും സാദ്ധ്യമാക്കി മികച്ച ഗുണനിലവാരമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. ഈ മഹത്തായ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ് അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ ‘പ്രജ്ഞാനം 2019’ ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ പ്രേരകമായതെന്ന് ഇതിന്‍ റെസംഘാടകര്‍ അറിയിച്ചു.

ഈ സെമിനാറിനോടനുബന്ധിച്ച് രാസായന വിധി, വാജീകരണ വിധി അദ്ധ്യായങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തി ‘അഷ്ടാംഗഹൃദയപാരായണം’ എന്ന ശ്ലോകമത്സരവും ഒരുക്കിയിട്ടുണ്ട്. സെമിനാര്‍ പ്രതിനിധികളുടെ ഗവേഷണ പ്രബന്ധാവതരണങ്ങള്‍, പോസ്റ്റര്‍ പ്രസന്‍റേഷനുകള്‍ തുടങ്ങിയവ സെമിനാറിന്‍റെ ഭാഗമാണ്.

ആയുര്‍വേദത്തിന്‍റെ സാധ്യതകളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് വന്ധ്യതാ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ഭാരതത്തിലെതന്നെ ഏറ്റവും ബൃഹത്തായ ഗവേഷണോന്മുഖമായ സെമിനാറാണ് ‘പ്രജ്ഞാനം 2019’ എന്ന് അമൃത ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എം ആര്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

ഈ സെമിനാര്‍ ഗവേഷകര്‍ക്കും ആയുര്‍വേദ രംഗത്തുള്ള പരിശീലകര്‍ക്കും തങ്ങളുടെ ഗവേഷണ ഫലങ്ങളും അനുഭവങ്ങളും വിദഗ്ധരുടെ മുന്‍പാകെ പ്രദര്‍ശിപ്പിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ലഭിച്ച അതുല്യമായ അവസരമാണെന്ന് പ്രജ്ഞാനം 2019 മുഖ്യ സംഘാടകനും ഓര്‍ഗനൈസിംഗ് സെക്രട്ടറിയും അമൃത ആയുര്‍വേദ സ്കൂള്‍ പഞ്ചകര്‍മ വിഭാഗം പ്രൊഫസറുമായ ഡോ അനന്തരാമ ശര്‍മ വ്യക്തമാക്കി.

ആയുര്‍വേദത്തിന്റെ വിവിധ വശങ്ങളും, ചിന്താധരണികളും, ചികിത്സാസമ്പ്രദായങ്ങള്‍ കോര്‍ത്തിണക്കിയ ചര്‍ച്ചകളും പ്രഭാഷണങ്ങളും, ഗവേഷണ ഫലങ്ങളും പ്രഗത്ഭരും വിദഗ്ധരുമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രജ്ഞാനം സെമിനാറില്‍ ഉണ്ടായിരിക്കും.

ഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഡോ. സുജാതാ കദം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ബംഗ്ലൂരിലെ ആര്‍ എ വി ഗുരു പണ്ഡിറ്റ് ക്ലിനിക്കിലെ ഡോ സുചരിത എല്‍, സ്ത്രീ വന്ധ്യതയെക്കുറിച്ചും ആയുര്‍വേദത്തിലെ നിദാന പഞ്ചകത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സദസ്യരോടു വിശദീകരിക്കും. വന്ധ്യതയുടെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും ആയുര്‍വ്വേദം പ്രസ്തുത കാര്യത്തില്‍ അവലംബിച്ചിട്ടുള്ള ചികിത്സാരീതികളെയും കുറിച്ചുള്ള വിശദമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും സെമിനാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിലെ ഗവണ്‍മന്‍റ് ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ എം എ അസ്മാബി, ഉഡുപ്പിയിലെ എസ് ഡി എം ആയുര്‍വ്വേദ കോളേജിലെ സൂപ്രണ്ട് ഡോ മമത കെ വി, കൊച്ചിയിലെ അമൃത മെഡിക്കല്‍ സ്കൂളിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ ജ്യോതി ആര്‍ പിള്ള തുടങ്ങിയവര്‍ വന്ധ്യതാ കാരണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ഇക്കാര്യത്തില്‍ ആയുര്‍വ്വേദത്തിന്‍റെ പുരോഗതിയും പഠന സിദ്ധാന്തങ്ങളും സമഗ്രമായി സദസ്യരോടു പങ്കു വെയ്ക്കും.

ഒന്നാം ദിവസം വൈകിട്ട്, വന്ധ്യതാ നിവാരണവും ആയുര്‍വേദവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഡോ സുന്ദരന്‍ (ഡീന്‍, പി ജി സ്റ്റഡീസ് പങ്കജ കസ്തൂരി ആയുര്‍വേദ കോളേജ്), ഡോ ശ്യാമള ബി (പ്രൊഫസര്‍, വൈദ്യരത്നം ആയുര്‍വേദ കോളേജ്), ഡോ വിജയകുമാര്‍ (റിട്ട പ്രൊഫസര്‍, ഗവണ്മെന്റ് ആയുര്‍വേദ കോളേജ്, തിരുവനന്തപുരം), ഡോ ഗായത്രി ഭട്ട് (പ്രൊഫസര്‍, എസ് ഡി എം ആയുര്‍വേദ കോളേജ്, ഹാസ്സന്‍, കര്‍ണാടക), ഡോ എം ആര്‍ വി നമ്പൂതിരി (പ്രിന്‍സിപ്പാള്‍, അമൃത ആയുര്‍വേദ കോളേജ്) എന്നിവര്‍ സദസ്യരുമായി സംവദിച്ച് സംശയനിവാരണം നടത്തും.

സെമിനാറിന്‍റെ രണ്ടാം ദിനത്തില്‍ ആയുര്‍വേദ അമൃത സ്കൂളിന്‍റെ പ്രിന്‍സിപ്പാള്‍ ഡോ എം ആര്‍ വി നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് കര്‍ണാടകയിലെ ബെല്‍ഗാമിലെ ബി എം കെ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ബി എസ് പ്രസാദ് പുരുഷ വന്ധ്യതയെക്കുറിച്ചുള്ള ആയുര്‍വേദ കാഴ്ചപ്പാട് വിശദീകരിക്കും. പുരുഷ വന്ധ്യതയുടെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. കോട്ടയ്ക്കലിലെ വി പി എസ് വി ആയുര്‍വേദ കോളേജിലെ കായ ചികിത്സാ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ പ്രകാശ് മംഗലശ്ശേരി, കൊച്ചിയിലെ പ്രമോദൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ പ്രമോദ് കെ, കോട്ടയം മിതേര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ രാജു ആര്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News