മൂലമറ്റം: കായ്കനികള്‍ കഴിച്ച് കാടിനുള്ളില്‍ ഒളിച്ചുതാമസിച്ച കമിതാക്കളെ പോലീസ് പിടികൂടി. മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പു ജോര്‍ജിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയേയുമാണ് 23ദിവസത്തിനു ശേഷം ഇലവീഴാപൂഞ്ചിറയുടെ സമീപമുളള കാടിനുള്ളില്‍ വെച്ച് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി.
പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു വനമേഖലയില്‍ കഴിയുകയായിരുന്നു അപ്പു ജോർജ്ജെന്ന്പോലീസ് പറഞ്ഞു.
പോലീസും നാട്ടുകാരും ഇവര്‍ക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചത്. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂര്‍ മലയില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.
മരംകയറ്റത്തൊഴിലാളിയായ അപ്പു ഏതാനുംമാസം മുമ്പ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് സണ്‍ഡേ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി അപ്പുവിനോടൊപ്പം ഒളിച്ചോടി. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ കുമളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂര്‍ മലയില്‍ നിന്നു സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. പൊലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും. പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലെത്തി അഭയം തേടി. വീട്ടുകാര്‍ വെള്ളവും ആഹാരവും നല്‍കിയതിന് പിന്നാലെ നാട്ടുകാരെത്തി പെണ്‍കുട്ടിയെ തടഞ്ഞു വച്ചു പൊലീസില്‍ അറിയിച്ചു. കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പൊലീസും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. മൂന്നാഴ്ചയിലേറെ വനത്തില്‍ താമസിച്ച ഇരുവരും വനവിഭവങ്ങള്‍ കഴിച്ചാണ് വിശപ്പടക്കിയത്.
വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയിരുന്നതിനാല് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. കട്ടപ്പനയില്‍ നിന്നെത്തിയ പോലീസ് യുവാവിനെ പീരുമേട്ടിലേക്ക് കൊണ്ടുപോയി.
സ്ത്രീകളെ വലയില്‍ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വര്‍ഷം മുന്‍പ് ചിങ്ങവനത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു.
മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയില്‍ നിന്നു കാര്‍ഷികവിഭവങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply